നമ്മുടെ സൈനിക വിഭാഗങ്ങൾ

രാജ്യത്തിന്‍റെ പ്രധാന സൈനിക സേനയാണ് ഇന്ത്യന്‍ സായുധ സേന. അതില്‍ മൂന്ന് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു
special story by sudheernath about indian security forces

നമ്മുടെ സൈനിക വിഭാഗങ്ങൾ

Updated on: 

വിജയ് ചൗക്ക് |സുധീര്‍ നാഥ്

നമ്മുടെ രാജ്യ സുരക്ഷയ്ക്കായി സൈനിക വിഭാഗങ്ങളെയും അർധ സൈനികരെയും പൊലീസിനെയും പല രീതിയിലാണ് തിരിച്ചിരിക്കുന്നത്. സമീപകാലത്ത് ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ തടയാനും നിയന്ത്രിക്കാനും പൊലീസിനു പുറമെ അർധ സൈനികരുടെ പല വിഭാഗക്കാരെയും വിളിച്ചുവരുത്തിയ സാഹചര്യം നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നല്ലോ. ഇത്തരം വിവിധ സുരക്ഷാ വിഭാഗങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകുന്നത് ഒരു പൗരന്‍ എന്ന നിലയില്‍ ആവശ്യമാണ്.

രാജ്യത്തിന്‍റെ പ്രധാന സൈനിക സേനയാണ് ഇന്ത്യന്‍ സായുധ സേന. അതില്‍ മൂന്ന് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ആര്‍മി, നേവി, എയര്‍ഫോഴ്സ്. ഇത് രൂപവല്‍കരിച്ചിരിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കും അതിര്‍ത്തി സംരക്ഷണത്തിനുമായാണ്. ഇന്ത്യന്‍ സൈന്യത്തിന്‍റെ സര്‍വ സേനാപതി രാഷ്‌ട്രപതി ആണ്. സായുധ സേനകളുടെ ഭരണ നിയന്ത്രണം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിക്ഷിപ്തമായിരിക്കുന്നു.

കരസേന രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ കരമാര്‍ഗം സംരക്ഷിക്കുന്ന സൈനിക വിഭാഗമാണ്. രാജ്യത്തിന്‍റെ ഭൂതല സൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാ വിഭാഗമാണ് കരസേന. 12 ലക്ഷത്തോളം സ്ഥിരം അംഗങ്ങളും 10 ലക്ഷത്തോളം റിസര്‍വ് അംഗങ്ങളും ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ കരസേനയാണ് ഇന്ത്യന്‍ കരസേന. 1748ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള സേനകളുടെ കമാൻഡര്‍ - ഇന്‍ - ചീഫ് ആയി ചുമതലയേറ്റ മേജര്‍ സ്ട്രിങ്ങര്‍ ലോറന്‍സ് ആണ് ഇന്ത്യന്‍ ആര്‍മിയുടെ പിതാവ് എന്നറിയപ്പെടുന്നത്. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കരസേനാ മേധാവി ജനറല്‍ സര്‍ റോബര്‍ട്ട് ലോക്ഹാര്‍ട്ട് ആയിരുന്നു.

കരസേനയെ റഗുലര്‍ ആര്‍മി, റിസര്‍വ്, ടെറിട്ടോറിയല്‍ ആര്‍മി, എന്‍സിസി തുടങ്ങി പ്രത്യേക വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. യുദ്ധരംഗത്തുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണിത്. റഗുലര്‍ ആര്‍മിയില്‍ പല വിഭാഗങ്ങളുണ്ട്. കവചിത സേനയും പീരങ്കിപ്പടയുമാണ് ഈ വിഭാഗത്തില്‍ വരുന്നത്. ടാങ്കുകള്‍, വന്‍ തോക്കുകള്‍, കവചിത വാഹനങ്ങള്‍, ചെറിയ യന്ത്രത്തോക്കുകള്‍ എന്നിവ ഉപയോഗിച്ച് യുദ്ധ മുന്നണിയില്‍ ശത്രുനിരയെ നേരിടുകയാണ് കവചിത സേനാ വിഭാഗത്തിന്‍റെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കും. പീരങ്കിപ്പട എന്നതാണ് മറ്റൊരു വിഭാഗം. പീരങ്കികള്‍, ഹെവി ഫീല്‍ഡ് ഗണ്ണുകള്‍, മോര്‍ട്ടാറുകള്‍, മിസൈലുകള്‍, വിമാനവേധ തോക്കുകള്‍, റോക്കറ്റുകള്‍ എന്നിവ ഉപയോഗിച്ച് ശത്രുനിരകളേയും ബങ്കറുകളെയും തകര്‍ക്കുക, ബോംബാക്രമണത്തിനും ആകാശ യുദ്ധത്തിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്ത്തുക, ശത്രുക്കളോടു യുദ്ധം ചെയ്യുന്ന കാലാള്‍പ്പടയ്ക്കും കവചിതസേനാ വിഭാഗത്തിനും ശത്രുനിരയിലേക്കു സെല്ലുകള്‍ വര്‍ഷിച്ച് സഹായങ്ങളും സുരക്ഷിതത്വവും നല്‍കുക, സര്‍വോപരി ശത്രുക്കളുടെ മനോവീര്യം തകര്‍ക്കുന്നതിന് അവരുടെ സങ്കേതങ്ങളിലേയ്ക്ക് തുളച്ചുകയറി ശത്രുമുന്നണിയെ ഛിന്നഭിന്നമാക്കുക തുടങ്ങിയ നിര്‍ണായക ജോലികളാണ് പീരങ്കിപ്പട നിര്‍വഹിക്കേണ്ടത്.

ഇത് കൂടാതെ വേറെയും വിഭാഗങ്ങള്‍ ഇന്ത്യന്‍ കരസേനയില്‍ ഉണ്ട്. യുദ്ധം ചെയ്യുന്നതിനുള്ള ഒരു അടിസ്ഥാന ഘടകമായ കാലാള്‍പ്പട അതില്‍ പ്രധാനപ്പെട്ടതാണ്. ശത്രുവിനോട് നേരിട്ടു യുദ്ധം ചെയ്യുക, ശത്രുസേനകളെ തടവുകാരാക്കുക, പിടിച്ചെടുത്ത സ്ഥലങ്ങള്‍ സംരക്ഷിക്കുക, ശത്രു സങ്കേതങ്ങളെ വളഞ്ഞു തകര്‍ക്കുക തുടങ്ങിയ ജോലികളാണ് ഈ വിഭാഗത്തിനുള്ളത്. കോര്‍ ഓഫ് എന്‍ജിനിയേഴ്സ് എന്ന വിഭാഗമാണ് പടനീക്കത്തിനുള്ള റോഡുകള്‍, ബങ്കറുകള്‍, പാലങ്ങള്‍ മുതലായവ നിർമിക്കുക. കോര്‍ ഒഫ് സിഗ്നല്‍സ് എന്ന വിഭാഗമാണ് സേനാ വിഭാഗങ്ങളുടെ വാര്‍ത്താ വിനിമയം കൈകാര്യം ചെയ്യുന്നത്. ആര്‍മി സര്‍വീസ് കോര്‍ വിഭാഗമാണ് യുദ്ധകാലത്തും സമാധാന കാലത്തും ഒരുപോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. സൈനികര്‍ക്കു വേണ്ട ഭക്ഷണം, വാഹനങ്ങള്‍, ഇന്ധനം തുടങ്ങി നിരവധി സാധനങ്ങളുടെ വിതരണം ഈ വിഭാഗത്തിന്‍റെ ചുമതലയില്‍ പെടുന്നു.

കരസേനയുടെയും, നേവി, എയര്‍ഫോഴ്സ് തുടങ്ങിയ സര്‍വീസുകളുടെ വെടിക്കോപ്പുകളുടെയും പടക്കോപ്പുകളുടെയും നിർമാണം, വസ്ത്രങ്ങള്‍ മുതലായവയുടെ വിതരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയാണ് ആര്‍മി ഓര്‍ഡ്നന്‍സ് കോര്‍ എന്ന വിഭാഗത്തിന്‍റെ ജോലി. സൈനിക ഘടകങ്ങളിലെ വിവിധതരത്തിലുള്ള സാങ്കേതിക ഉപകരണങ്ങള്‍, വാര്‍ത്താവിനിമയ യന്ത്രങ്ങള്‍, വൈദ്യുത ഉപകരണങ്ങള്‍, വെടിക്കോപ്പുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ സംഭരണം, പരിശോധന, സംരക്ഷണം മുതലായ സാങ്കേതിക പ്രവര്‍ത്തനങ്ങളും പരിപാലനവും നോക്കുക എന്നത് ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. സൈനികാവശ്യത്തിനുള്ള കന്നുകാലികളുടെ ഫാം, ഡയറി ഉത്പന്നങ്ങള്‍, കുതിരകളും, ഒട്ടകങ്ങളും തുടങ്ങിയവയുടെ സംരക്ഷണം റീമൗണ്ട് ആന്‍ഡ് വെറ്ററിനറി കോര്‍ വിഭാഗത്തിനാണ്. യുദ്ധപരിശീലനത്തോടൊപ്പം വിദ്യാഭ്യാസം നല്‍കി നല്ല മനുഷ്യന്‍, നല്ല പൗരന്‍, നല്ല യോദ്ധാവ് എന്ന നിലയിലേക്ക് സൈനികരെ ഉയര്‍ത്തുക എന്നതാണ് ആര്‍മി എജ്യൂക്കേഷന്‍ കോറിന്‍റെ ചുമതല.

സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സം രക്ഷണം, സായുധ സേനയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യ പരിശോധന, യുദ്ധ മുന്നണിയില്‍ അപായം സംഭവിക്കുന്നവരുടെ ശുശ്രൂഷ. തുടങ്ങിയ സേവനങ്ങള്‍ ആര്‍മി മെഡിക്കല്‍ കോര്‍ വിഭാഗം നിര്‍ വഹിക്കുന്നു. സൈനികരുടെയും കുടുംബാംഗങ്ങളുടെയും ദന്ത ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും ആര്‍മി ഡെന്‍റല്‍ കോര്‍ വിഭാഗത്തിന്‍റെ കര്‍ത്തവ്യമാണ്. മിലിറ്ററി ആശുപത്രികള്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ഉണ്ട്. അവിടെയാണ് ഇവരുടെ സേവനം കൂടുതലായുള്ളത്.

കോര്‍ ഒഫ് മിലിറ്ററി പൊലീസ് എന്ന വിഭാഗം പ്രശസ്തമാണ്. കരസേനയുടെ എല്ലാ വിഭാഗങ്ങളിലും നിയമ പരിപാലനം, സുരക്ഷയുടെ ഭാഗമായുള്ള അകമ്പടി പോകല്‍, ആവശ്യ സമയങ്ങളിലെ ഗതാഗത നിയന്ത്രണം, സേനയിലെ കുറ്റാന്വേഷണം തുടങ്ങിയവയാണ് മിലിറ്ററി പൊലീസിന്‍റെ ജോലി. സേനയുടെ അച്ചടക്കമാണ് പ്രധാമായും ഇവര്‍ നിര്‍വഹിക്കുന്നത്.

കരസേനയില്‍ ഒട്ടേറെ സ്ഥാപനങ്ങളും ഉണ്ട്. പല ലക്ഷ്യങ്ങളാണ് ഓരോ സ്ഥാപനങ്ങള്‍ക്കും ഉള്ളത്. ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ ട്രെയിനിങ് പട്ടാളക്കാരുടെ ശാരീരിക ക്ഷമത നിലനിര്‍ത്താനും അവര്‍ക്ക് ശാരീരികമായി പല തരത്തിലുള്ള പരിശീലനങ്ങളും കൊടുത്ത് യുദ്ധ സജ്ജമാക്കാനും വേണ്ടിയുള്ള സ്ഥാപനമാണ്. സായുധ സേനയുടെ തപാലാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ചുമതലപ്പെട്ട വിഭാഗമാണ് ആര്‍മി പോസ്റ്റല്‍ സര്‍വീസ്. പട്ടാളക്കാരുടെ വാസസ്ഥലവും അതിനോട് അനുബന്ധമായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളുടെയും സാമഗ്രികളുടെയും മേല്‍നോട്ടവും പരിപാലനവും മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസ് എന്ന വകുപ്പില്‍ നിക്ഷിപ്തമായിരിക്കുന്നു. കരസേനയടക്കമുള്ള എല്ലാ സായുധസേനാ വിഭാഗങ്ങളെയും പ്രധിനിധീകരിക്കുന്നതാണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് വിഭാഗം അഥവാ ഡിആര്‍ഡിഒ. നിരവധി ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം.

രാജ്യത്തിന്‍റെ വ്യോമാതിര്‍ത്തി സുരക്ഷിതമാക്കുകയും സായുധ സംഘട്ടനങ്ങളില്‍ വ്യോമയുദ്ധം നടത്തുകയും ചെയ്യുക എന്നതാണ് വ്യോമസേനയുടെപ്രാഥമിക ദൗത്യം. പ്രകൃതി ദുരന്തങ്ങളിലും ആഭ്യന്തര അസ്വസ്ഥതകളിലും സിവില്‍ അധികാരികളെ സഹായിക്കുക എന്നതും വ്യോമസേനയുടെ കര്‍ത്തവ്യമാണ്. യുദ്ധക്കളത്തില്‍ കര സൈനികര്‍ക്ക് വ്യോമ പിന്തുണ നല്‍കുന്നതിനൊപ്പം തന്ത്രപരമായ വ്യോമാക്രമണ ശേഷികളും വ്യോമസേന നല്‍കുന്നു.

ഇന്ത്യന്‍ സൈന്യത്തിനായി വ്യോമസേന തന്ത്രപരമായ എയര്‍ലിഫ്റ്റും നല്‍കുന്നു. ഇന്ത്യന്‍ സായുധ സേനയുടെ മറ്റ് രണ്ട് ശാഖകളായ ബഹിരാകാശ വകുപ്പ്, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) എന്നിവയുമായി ചേര്‍ന്ന് വ്യോമസേന ഇന്‍റഗ്രേറ്റഡ് സ്പേസ് സെല്ലും പ്രവര്‍ത്തിപ്പിക്കുന്നു. പ്രകൃതി ദുരന്തങ്ങളില്‍ സാധാരണക്കാരുടെ രക്ഷാപ്രവര്‍ത്തനത്തിലും, അസ്ഥിരതയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കല്‍ എന്നിവയിലും ഇന്ത്യന്‍ വ്യോമസേന സഹായവുമായി ഉണ്ടാകും.

നാവികസേന രാജ്യത്തിന്‍റെ സമുദ്ര അതിര്‍ത്തികളും കടല്‍ വഴിയുള്ള വ്യാപാര പാതകളും സംരക്ഷിക്കുന്ന വിഭാഗമാണ്. 5,000ത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഭാരതത്തിന്‍റെ നാവിക പാരമ്പര്യം. വലിപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ സായുധ സേനയുടെ സമുദ്ര ശാഖയാണ്. രാജ്യത്തിന്‍റെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുക എന്നതാണ് നാവികസേനയുടെ പ്രാഥമിക ലക്ഷ്യം. കൂടാതെ രാജ്യത്തിന്‍റെ മറ്റ് സായുധ സേനകളുമായി ചേര്‍ന്ന്, യുദ്ധത്തിലും സമാധാനത്തിലും ഇന്ത്യയുടെ പ്രദേശത്തിനോ, ജനങ്ങള്‍ക്കോ, സമുദ്ര താല്‍പ്പര്യങ്ങള്‍ക്കോ എതിരായ ഏതൊരു ഭീഷണിയെയും അല്ലെങ്കില്‍ ആക്രമണത്തെയും തടയുകയോ പരാജയപ്പെടുത്തുകയോ ചെയ്യുക എന്നതും നാവികസേനയുടെ ജോലിയാണ്. മൂന്ന് പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങള്‍ (റീജിയണല്‍ കമ്മാന്‍ഡുകള്‍) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈന്‍, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ മറൈന്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. പക്ഷെ ഇന്ന് പേരൊന്ന് മാറി ഒട്ടേറെ പരിഷ്കാരങ്ങളും വന്നു. മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് അറബിക്കടലിലെ പ്രവര്‍ത്തനങ്ങള്‍ നോക്കുന്നു. വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ബംഗാള്‍ ഉള്‍ക്കടലിലെ പ്രവര്‍ത്തനങ്ങള്‍ നോക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള സതേണ്‍ നേവല്‍ കമാന്‍ഡ് പരിശീലന കേന്ദ്രം നോക്കുന്നു.

ലോകത്തിലെ സൈനിക ശക്തിയെക്കുറിച്ചുള്ള പഠനം മിലിട്ടറി ഡയറക്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ചൈനയാണ് ഏറ്റവും വലിയ സൈനിക ശക്തിയെന്നാണ് വിലയിരുത്തുന്നത്. സൈനിക ബജറ്റില്‍ മുന്നില്‍ അമെരിക്കയാണ്. പക്ഷെ അവര്‍ 74 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് 69 പോയിന്‍റുമായി റഷ്യയാണ്. അതേമസയം 61 പോയിന്‍റുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. ഫ്രാന്‍സ് 58 പോയിന്‍റുമായി ഇന്ത്യയ്ക്ക് പുറകിലുണ്ട്. യുകെ 43 പോയിന്‍റുമായി ആദ്യ പത്തില്‍ സ്ഥാനം നേടി. ഒന്‍പതാം സ്ഥാനത്താണ് ബ്രിട്ടൻ.

ഇന്ത്യയ്ക്കകത്തും പുറത്തും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്‍റെ ഒരു നീണ്ട ചരിത്രമാണ് ഇന്ത്യന്‍ സായുധ സേനയ്ക്കുള്ളത്. കലാപം നേരിടാനും, പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനും, സൗഹൃദ രാഷ്‌ട്രങ്ങളെ സഹായിക്കാനും, അന്താരാഷ്‌ട്ര സമാധാന പരിപാലനത്തെ പിന്തുണയ്ക്കാനും ഇന്ത്യന്‍ സായുധ സേന നിലകൊള്ളുന്നു. അയല്‍ രാജ്യങ്ങളിലും ഐക്യരാഷ്‌ട്രസഭയുടെ പതാകയ്ക്ക് കീഴിലും സമാധാനവും നീതിയും നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ സൈന്യം നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈ മൂന്നു സൈനിക വിഭാഗങ്ങളും രാജ്യത്തിനകത്തെ ഒരു പ്രശ്നങ്ങളിലും ഇടപെടില്ല. അതിനാണ് പൊലീസും അർധ സൈനിക വിഭാഗങ്ങളുമുള്ളത്. പട്ടാളമിറങ്ങി സ്വന്തം നാട്ടുകാരെ നേരിടുക എന്ന രീതി ഇന്ത്യയിലില്ല. സിആർപിഎഫ്, ബിഎസ്എഫ്, ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ്, സിഐഎസ്എഫ്, വിവിധ സംസ്ഥാന പൊലീസുകൾ എന്നിവരൊക്കെയാണ് രാജ്യത്തെ പൗരന്മാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടാറുള്ളത്. തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ്.

logo
Metro Vaartha
www.metrovaartha.com