കൊഴിയുന്ന പ്രതിപക്ഷം...!!

പാർട്ടിയുടെ മുൻ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വരെ തങ്ങൾ പറഞ്ഞതൊക്കെ അന്നന്നത്തെ അധികാരത്തിനു വേണ്ടി മാത്രമാണെന്നു തെളിയിച്ചാൽ പിന്നെ ആരാണ് കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കുക.
കൊഴിയുന്ന പ്രതിപക്ഷം...!!
Updated on

ആദ്യ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്റു മാത്രമാണ് സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി മൂന്നു പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുള്ളത്. ആ റെക്കോഡിനൊപ്പം ഇക്കുറി നരേന്ദ്ര മോദിയെത്തിയാൽ അതോടെ ഇന്ത്യയിൽ പാർലമെന്‍ററി ജനാധിപത്യം അവസാനിക്കുമെന്നാണ് പ്രതിപക്ഷ കക്ഷികൾ (കോൺഗ്രസ് അടക്കം) പ്രചരിപ്പിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണല്ലോ അവരുടെ ആരോപണം. സമൂഹത്തിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്നതു ബിജെപിക്കെതിരായ മുഖ്യ ആക്ഷേപമാണ്. ഈ ആരോപണം എന്നും ബിജെപി നേരിടുന്നതുമാണ്. മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കുന്ന പാർട്ടിയാണു ബിജെപിയെന്ന് പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നേതാക്കൾക്കും സംശയമേയില്ല. എന്നാൽ, ഇപ്പറയുന്ന പല നേതാക്കൾക്കും ഒരു സുപ്രഭാതത്തിൽ ബിജെപി തികഞ്ഞ ജനാധിപത്യ കക്ഷിയാവുന്നു എന്നതാണു വിചിത്രം. അത്രയേയുള്ളൂ ആരോപണം ഉന്നയിക്കുന്നവരുടെ ആകുലത. ഇന്നലെ വരെ പറഞ്ഞതൊക്കെ ഒരു നിമിഷം കൊണ്ട് ആവിയായി പോകുന്നു!

പതിറ്റാണ്ടുകൾ ഈ രാജ്യം ഭരിച്ചതാണു കോൺഗ്രസ്. ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷിയായിരുന്നു. രാജ്യത്തിന്‍റെ ഏതു മുക്കിലും മൂലയിലും സാന്നിധ്യമുണ്ടായിരുന്ന ഏക പാർട്ടിയായിരുന്നു. അതിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഇത്രയും പരിതാപകരമായത് ഈ വിലയിടിഞ്ഞ രാഷ്‌ട്രീയത്തിന്‍റെ ഫലം കൂടിയാണ്. ഏതു പ്രതിസന്ധിയിലും അടിയുറച്ച കോൺഗ്രസുകാരനായി നിന്നു പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള നേതാക്കൾ എത്ര പേരുണ്ടെന്ന് അറിയാത്ത അവസ്ഥയാണിപ്പോൾ. പാർട്ടി നേതൃത്വം നല്ല രീതിയിൽ പരിഗണന നൽകിയവരാണു സമയം മോശമാകുമ്പോൾ ബിജെപിയെ പുകഴ്ത്തി ചാടിപ്പോകുന്നത്.

പാർട്ടിയുടെ മുൻ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വരെ തങ്ങൾ പറഞ്ഞതൊക്കെ അന്നന്നത്തെ അധികാരത്തിനു വേണ്ടി മാത്രമാണെന്നു തെളിയിച്ചാൽ പിന്നെ ആരാണ് കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കുക. നെഹ്റു കുടുംബത്തോടു കൂറുള്ള (ഈ കൂറ് തന്നെ മാറിമറിയുന്നുണ്ട്) കുറച്ചു നേതാക്കൾ ചുറ്റിപ്പറ്റി നിൽക്കുന്ന ഒരു പാർട്ടിയായി അതു മാറുകയാണോ? അടിക്കടി ദുർബലമായിക്കൊണ്ടിരിക്കുകയാണോ? ഇക്കണക്കിനു പോയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഷിയിട്ടു നോക്കിയാൽ കാണാത്ത പാർട്ടിയായി അതു മാറുമോ? പഞ്ചാബിലെ അധികാരം നഷ്ടപ്പെടുമെന്നായപ്പോൾ ക്യാപ്റ്റൻ അമരീന്ദർ സിങ് ബിജെപിയിലേക്കു വഴി തുറന്നതു നാം കണ്ടതാണ്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിക്കും ബിജെപി നേതാവെന്ന് അറിയപ്പെടുന്നതായി ഇഷ്ടം. ഇപ്പോൾ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും ബിജെപിയുടെ പാളയത്തിലെത്തി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥും വൈകാതെ ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹങ്ങൾ.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നപ്പോൾ മുൻ കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്റയ്ക്കും ബിജെപി "വർഗീയ പാർട്ടി'യാണെന്ന ധാരണ ഇല്ലാതായി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസം കടന്നുവന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനുള്ളിൽ തന്നെ അസമിലെ രണ്ടു കോൺഗ്രസ് എംഎൽഎമാർ സംസ്ഥാനത്തെ ബിജെപി സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു! അതിലൊരു നേതാവ് പിസിസി വർക്കിങ് പ്രസിഡന്‍റു കൂടിയാണ്! മറ്റൊരു നേതാവ് മുൻ മന്ത്രിയും! ബിജെപി സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചതിനു നേരത്തേ മറ്റു രണ്ട് കോൺഗ്രസ് എംഎൽഎമാരെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.

ബിജെപി അപകടമല്ലെന്നു ബോധ്യപ്പെട്ടുവരുന്നത് കോൺഗ്രസ് നേതാക്കൾക്കു മാത്രമല്ല. ബിജെപിയുടെ മുന്നണിയിൽ ചേരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് എന്‍സിപി നേതാവും മഹാരാഷ്‌ട്രയിൽ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെപ്പോലുള്ളവർക്കും എത്ര പെട്ടെന്നാണു മനസിലായത്. ബിഹാറിൽ അവസരത്തിനൊത്ത് രാഷ്‌ട്രീയം പയറ്റുന്ന നിതീഷ് കുമാറിനു മാത്രമല്ല, ഉത്തർപ്രദേശിൽ ജയന്ത് ചൗധരിയുടെ ആർഎൽഡിക്കും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സമാജ് വാദി പാർട്ടിയെക്കാൾ മികച്ചത് ബിജെപിയാണെന്നു ബോധ്യമായല്ലോ. ലിസ്റ്റെടുത്തു നോക്കിയാൽ പ്രതിപക്ഷത്തുനിന്നു ബിജെപിയിലും എൻഡിഎയിലുമെത്തിയ നേതാക്കളുടെ നീണ്ട നിര തന്നെ കാണാൻ കഴിയും. ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദയും ആർ.പി.എൻ സിങ്ങും സുനിൽ ഝാക്കറും ഹാർദിക് പട്ടേലും കുൽദീപ് ബിഷ്ണോയിയും അനിൽ ആന്‍റണിയും അടക്കം നേതാക്കൾ സമീപവർഷങ്ങളിൽ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയതാണ്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇനിയും ആരൊക്കെയെന്നു കണ്ടറിയുകയും വേണം.

കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തിയേക്കുമെന്നാണ് മഹാരാഷ്‌ട്രയിൽ നിന്നു കേൾക്കുന്നത്. മധ്യപ്രദേശിലെ മുന്നൂറോളം കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. രാജ്യത്തിന് അപകടമാണ് ബിജെപിയെന്ന് ഇവർക്കാർക്കും ഇപ്പോൾ തോന്നുന്നില്ല! സീനിയർ, ജൂണിയർ വ്യത്യാസമില്ലാതെ നേതാക്കൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഈ തിരിച്ചറിവ് ബിജെപിയുടെ ജനപിന്തുണ വർധിപ്പിക്കുന്നതിൽ നല്ല പങ്കു തന്നെ വഹിക്കുന്നുണ്ട്. മഹാരാഷ്‌ട്രയിൽ ആദ്യം ശിവസേനയെയും പിന്നീട് എൻസിപിയെയും പിളർത്തിയ ശേഷമാണ് ബിജെപി ചവാനിലൂടെ കോൺഗ്രസിലും ചോർച്ചയുണ്ടാക്കാൻ ശ്രമിക്കുന്നത്. ചവാനുമായുള്ള ബിജെപിയുടെ ചർച്ചകൾ തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമായെന്നും റിപ്പോർട്ടുകളുണ്ട്. ഇതു സംബന്ധിച്ച അഭ്യൂഹങ്ങളും പലപ്പോഴായി ഉയർന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ എൻഡിഎയുടെ നില ഭദ്രമാക്കാൻ സമീപകാല രാഷ്‌ട്രീയ കാലുമാറ്റങ്ങൾ സഹായിക്കുമെന്നു ബിജെപി ഉറപ്പിക്കുന്നുണ്ട്.

ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഗുജറാത്ത്- ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷ വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റ് നീളുകയാണ്. പശ്ചിമ ബംഗാളിൽ തൃണമുൽ കോൺഗ്രസും ഡൽഹിയിലും പഞ്ചാബിലും എഎപിയും കോൺഗ്രസിനെ അടുപ്പിക്കാത്തതിലും ബിജെപിക്ക് ആഹ്ലാദമുണ്ട്. ഡൽഹിയിൽ അരവിന്ദ് കെജരിവാളിനെതിരേയും ഝാർഖണ്ഡിൽ ഹേമന്ത് സോറനെതിരേയുമുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കേസുകൾ പ്രതിപക്ഷ നേതാക്കളുടെ അഴിമതികൾ ഉയർത്തിപ്പിടിക്കുന്നതിനു ബിജെപി ഉപയോഗിക്കുമെന്നും ഉറപ്പാണ്. രാഹുൽ ഗാന്ധിയുടെ കൊട്ടിഘോഷിച്ചു തുടങ്ങിയ ഭാരത് ജോഡ് ന്യായ് യാത്ര പാതിവഴിയിൽ നിൽക്കെ അതിന്‍റെ സമയം പിഴച്ചോ എന്ന സംശയം കോൺഗ്രസിൽ തന്നെ ഉയരുന്നുണ്ട്. പ്രതിപക്ഷ മുന്നണിയെ കരുത്തുറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ട സമയത്താണ് പാർട്ടി യാത്രയുമായി ഒതുങ്ങിപ്പോവുന്നതെന്നാണ് ആരോപണം. മുന്നണിയിൽ നിന്നു പാർട്ടികളും പാർട്ടിയിൽ നിന്നു നേതാക്കളും കൊഴിയുമ്പോൾ പ്രതിപക്ഷ നിരയിൽ താഴെത്തട്ടിലെ ആത്മവിശ്വാസത്തെയാണു ബാധിക്കുന്നത്. എൻഡിഎയ്ക്ക് 400ൽ ഏറെ സീറ്റെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം ഇന്നത്തെ നിലയിൽ സാധ്യമാണെന്ന ഒമർ അബ്ദുള്ളയുടെ പ്രസ്താവന പ്രതിപക്ഷ നിരയിലെ നിരാശയാണു കാണിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com