അപ്രതീക്ഷിത അടവുകളിൽ പാലക്കാട്

Palakkad in unexpected stops
അപ്രതീക്ഷിത അടവുകളിൽ പാലക്കാട്
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: അപ്രതീക്ഷിത അടവുകളിൽ നിറഞ്ഞ് പാലക്കാട്. സ്ഥാനാർഥി നിർണയം മുതൽ പ്രചരണ തന്ത്രങ്ങളിൽ വരെ ഇത് പ്രകടം. യുഡിഎഫിന്‍റെ സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ വരുമെന്ന് സിറ്റിംഗ് എംഎൽഎ ഷാഫി പറമ്പിൽ വടകര എംപിയായപ്പോൾ തന്നെ ഏറെക്കുറെ വ്യക്തമായിരുന്നു. അപ്പോൾ തന്നെ പാലക്കാട് ഡിസിസിയും വി.ടി. ബൽറാമും ഡോ. പി. സരിനും അതിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, രാഹുൽ സ്ഥാനാർഥിയായതോടെ പരസ്യവിമർശനവുമായി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന ഡോ. സരിൻ പരസ്യമായി രംഗത്തെത്തി. അപ്പോഴേയ്ക്കും എൽഡിഎഫ് സ്ഥാനാർഥിയായി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോളെ സിപിഎം നിശ്ചയിച്ചിരുന്നു.

സരിൻ കലാപമുണ്ടാക്കി പുറത്തുവന്നതോടെ എൽഡിഎഫ് തന്ത്രങ്ങൾ ഉടൻ മാറ്റി. സരിനെ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സരിൻ സ്വതന്ത്ര സ്ഥാനാർഥിയായി പാലക്കാട് ഡിസിസിയുടെ അപ്രഖ്യാപിത പിന്തുണയോടെ മത്സരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. നേരത്തേ, കഴക്കൂട്ടം മുസ്‌ലിം ലീഗിന് നൽകിയപ്പോൾ അതിനെതിരേ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എം.എ. വാഹീദ് സ്വതന്ത്രനായി മത്സരിച്ചു. വാഹിദിനായിരുന്നു അന്ന് ഡിസിസിയുടെ അപ്രഖ്യാപിത പിന്തുണ. ആ മാതൃകയായിരുന്നു പാലക്കാട്ടും ഉദ്ദേശിച്ചതെങ്കിലും എൽഡിഎഫ് സരിന് പിന്തുണ നൽകിയതോടെ അത് പ്രായോഗികമായില്ല. കോൺഗ്രസ് പുറത്താക്കിയ യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ. ഷാനിബിന്‍റെ സ്ഥാനാർഥിത്വവും തികച്ചും അപ്രതീക്ഷിതമായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച രാഹുൽ മാങ്കൂട്ടത്തിൽ ലീഡർ കെ. കരുണാകരന്‍റെ തൃശൂരിലെ മുരളീമന്ദിരം വഴി വന്നിട്ടും അവിടം സന്ദർശിക്കാത്തത് ചർച്ചയാക്കിയത് ബിജെപിയാണ്. കരുണാകരന്‍റെ മകൾ പദ്മജ ബിജെപിയിലേക്ക് പോയപ്പോൾ രാഹുൽ നടത്തിയ വിവാദ പരാമർശം ഉന്നയിച്ചതും അവർ തന്നെ. കെ.മുരളീധരൻ വയനാട്ടിലല്ലാതെ പാലക്കാട് ഉൾപ്പെടെയുള്ളിടങ്ങളിൽ പ്രചാരണം നടത്തില്ലെന്ന് പ്രഖ്യാപിച്ചത് അതേ തുടർന്നാണ്.

എന്നാൽ, നാമനിർദേശ പത്രിക സമർപ്പിക്കും മുമ്പ് ഇന്നലെ സരിൻ മുരളീമന്ദിരത്തിലെ കെ. കരുണാകരൻ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയതും അപ്രതീക്ഷിത തന്ത്രമായിരുന്നു.താൻ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറയിൽ ക്യാമറകളുടെ മുന്നിലല്ലാതെ എത്തി പ്രാർഥിച്ച കാര്യവും സരിൻ അവിടെ വെളിപ്പെടുത്താൻ മറന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com