കെ. നട്‌വർ സിങ്: അസ്തമിച്ച നെഹ്റുവിയൻ ലെഗസി

2008 ഫെബ്രുവരിയിൽ കോൺഗ്രസ് പാർട്ടിയുമായുള്ള കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ചു.
special story k. natwar singh
കെ. നട്‌വർ സിങ്: അസ്തമിച്ച നെഹ്റുവിയൻ ലെഗസി
Updated on

ഇന്ത്യൻ ഫോറിൻ സർവീസ് പഠിച്ചിറങ്ങി ബ്യൂറോക്രാറ്റായി കരിയറിന്‍റെ ആരംഭം. പ്രവർത്തന മികവും നിരന്തര പ്രയത്നവും കൊണ്ട് നയതന്ത്ര മേഖലയിൽ അധികാരത്തിന്‍റെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്ക‍യറി ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമടക്കമുള്ള ഭരണനേതൃത്വ‌ത്തിന്‍റെ പ്രിയങ്കരനായതോടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. രാഷ്ട്രീയത്തിന്‍റെ അത്യുന്നതങ്ങളിൽ ഉന്നത പദവികളിൽ ഏറെ കാലം വിരാജിച്ച ശേഷം നരസിംഹ റാവുവിനോട് കലഹിച്ച് കോൺഗ്രസിൽ നിന്ന് ആദ്യപടിയിറക്കം. പിന്നീട് ഡോ. മൻമോഹൻസിങ്ങിന്‍റെ കാലത്ത് തിരിച്ചു വരവ്. വലിയൊരു കാലയളവിനൊടുവിൽ ഡോ. മൻമോഹൻസിങ്ങ് മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരിക്കെ അഴിമതി ആരോപണങ്ങളിൽ പ്രതിച്ഛായ നഷ്ടപ്പെട്ട് രാഷ്ട്രീയത്തിൽ നിന്ന് പടിയിറക്കം. ഇന്നലെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ. നട്‌വർ സിങ്ങ് ഒരു കാലത്ത് കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തനായും പിൽക്കാലത്ത് വിമതനായ വിവാദപുരുഷനായും ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.

സ്‌കൂളിൽ ജവഹർലാൽ നെഹ്‌റുവിന്‍റെ സഹോദരി കൃഷ്ണ ഹുതീസിംഗിന്‍റെ രണ്ട് ആൺമക്കൾ നട്‌വർ സിങ്ങിന്‍റെ സഹപാഠികളായി ഉണ്ടായിരുന്നു. ആ സൗഹൃദമാണ് നെഹ്‌റു സർക്കിളിലേക്ക് അദ്ദേഹത്തിന് പ്രവേശനം സാധ്യമാക്കിയത്. പിന്നീട് ഐഎഫ്എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ, ്ന നെഹ്‌റുവിന്‍റെ മതിപ്പു പിടിച്ചു പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. തീൻ മൂർത്തി ഹൗസിലേക്കും ഇന്ദിരാഗാന്ധിയിലേക്കും കുടുംബത്തിലെ മറ്റ് കുടുംബങ്ങളിലേക്കും ഉള്ള ടിക്കറ്റ് ലഭിച്ച നട്‌വറിന് നാല് തലമുറകളിലെ നെഹ്‌റുമാരോടൊപ്പം അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ബൗദ്ധികമികവും ആത്മവിശ്വാസവുമുണ്ടായിരുന്നു. കോൺഗ്രസിലെ നെഹ്റുവിസ്റ്റായിരുന്നു എക്കാലത്തും നട്‌വർ സിങ്ങ്.

ഡൽഹിയിലെ സെന്‍റ് സ്റ്റീഫൻസ് കോളേജിലും പിന്നീട് യുകെയിലെ കേംബ്രിഡ്ജിലെയും ചൈനയിലെ പീക്കിംഗിലെയും പ്രശസ്ത സർവകലാശാലകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കൻവാർ നട്‌‌വർ സിങ്ങ് 1953-ൽ വെറും 22-ആം വയസ്സിൽ ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് ചുവടുവെച്ചു. മികച്ച നയതന്ത്ര കരിയർ ആരംഭിച്ച നട്‌വർ 1973 മുതൽ 1977 വരെ യുകെയിൽ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു. അതേ വർഷം സാംബിയയിൽ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു.

1980 മുതൽ 1982 വരെ പാകിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ പദവിയും അദ്ദേഹം വഹിച്ചു. ചൈന, പാകിസ്ഥാൻ, അമേരിക്ക,യുകെ അടക്കമുള്ള രാജ്യങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം 1983 ലെ കോമൺവെൽത്ത് ഗവൺമെന്‍റ് തലവന്മാരുടെ യോഗത്തിന്‍റെ ചീഫ് കോർഡിനേറ്ററായും സുപ്രധാന ചുമതല വഹിച്ചു. 1984ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു.

1984ലാണ് നട്‌വർസിങ്ങ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ഇന്ത്യൻ ഫോറിൻ സർവീസസിൽ നിന്ന് മാറിയതിന് ശേഷം 1984 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ 1985-86 കാലഘട്ടത്തിൽ സ്റ്റീൽ, മൈൻസ്, കൽക്കരി, കൃഷി എന്നിവയുടെ കേന്ദ്ര സഹമന്ത്രിയായും 1986-89 കാലത്ത് വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു. 1991-ൽ അധികാരമേറ്റ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവുമായുള്ള ഭിന്നതയെത്തുടർന്ന് സിംഗ് തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറാൻ തീരുമാനമെടുത്തു. 2002-ൽ രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ അദ്ദേഹം രാജ്യസഭാംഗമായി. ഡോ. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൽ 2004-05 കാലയളവിൽ വിദേശകാര്യ മന്ത്രിയായി. യുപിഎ സംവിധാനത്തിൽ വിദേശമന്ത്രിയായിരിക്കുന്നതിന്‍റെ പരിമിതികൾ അദ്ദേഹത്തെ അതൃപ്തനാക്കിയിരുന്നു.

2005ൽ, ഇറാഖ് എണ്ണ കുംഭകോണത്തിൽ ആരോപണ വിധേയനായതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവയ്‌ക്കേണ്ടി വന്നു. 2006ൽ എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് "ഓയിൽ ഫോർ ഫുഡ്' അഴിമതിയുമായി ബന്ധപ്പെട്ടുള്ള എട്ട് കോടി രൂപയുടെ ഇടപാടിനെപ്പറ്റി അന്വേഷണം നടത്തി. ലണ്ടൻ ആസ്ഥാനമായുള്ള എൻആർഐ വ്യവസായി ആദിത്യ ഖന്നയുടെ ഡൽഹി അക്കൗണ്ടിൽ നിന്ന് പണം കണ്ടെത്തുകയും നട്‌വർ സിംഗ് ഉൾപ്പെടെയുള്ളവർക്ക് പങ്കുള്ളതായും കണ്ടെത്തി. സ്വന്തം മകൻ ഉൾപ്പെടെയുള്ള അടുത്ത പരിചയക്കാർ അഴിമതിക്കാരായ പണമിടപാടുകളിൽ നിന്ന് ലാഭം നേടിയതായി കണ്ടെത്തലുകൾ വന്നെങ്കിലും അഴിമതിയിൽ നിന്ന് തനിക്ക് വ്യക്തിപരമായി നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സിങ്ങ്. എണ്ണ കുംഭകോണത്തിന്‍റെ ഗുണഭോക്താക്കളായി യുഎൻ വോൾക്കർ കമ്മിറ്റി സിംഗിനെയും കോൺഗ്രസ് പാർട്ടിയെയും പ്രതിക്കൂട്ടിൽ നിർത്തി.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും അഴിമതിയുടെ പേരിൽ സോണിയ ഗാന്ധിയുമായി കലഹിച്ചു. ഒടുവിൽ 2008 ഫെബ്രുവരിയിൽ കോൺഗ്രസ് പാർട്ടിയുമായുള്ള കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ചു. രാജിയെ തുടർന്ന് സിംഗ് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിൽ ചേർന്നെങ്കിലും മാസങ്ങൾക്കകം അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പുറത്താക്കപ്പെട്ടു.

നെഹ്റുവി‌സ്റ്റായിരുന്നതു കൊണ്ടു തന്നെ അമേരിക്കൻ നയങ്ങളുടെ കടുത്ത വിമർശകനായിരുന്നു നട്‌വർ സിംഗ്. 2003ൽ ഇന്ത്യൻ പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. മൻമോഹൻ സിങ്ങ് സർക്കാരിൽ നട്‌വറിന് വിദേശകാര്യ വകുപ്പ് നൽകുന്നതിനെ യുഎസ് എതിർത്തിരുന്നതാണ്. എന്നാൽ ഈ സമ്മർദത്തെ അതിജീവിച്ചാണ് കോൺഗ്രസ് നേത‌ത്വത്തിന്‍റെ നിർദേശ പ്രകാരം മൻമോഹൻ സിംങ്ങ് അദ്ദേഹത്തെ വിദേശകാര്യ വകുപ്പ് ഏൽപിച്ചത്. അമേരിക്ക ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ഏതറ്റം വരെയും പോകുമെന്ന് മൻമോഹൻ സിങ്ങ് ആശ‌ങ്കപ്പെട്ടിരുന്നുവെന്ന് നട്‌വർ സിങ്ങ് പറയുകയുണ്ടായി.

കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചു പുറത്തായ ശേഷം വിവാദങ്ങളുടെ കളിത്തോഴനായി മാറി നട്‌വർ സിങ്ങ്. "വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് ആന്‍ ഓട്ടോബയോഗ്രഫി'യാണ് വിവാദത്തിന് തിരികൊളുത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ്ങിന്‍റെ പുസ്തകം വാർത്തകളിൽ നിറഞ്ഞു. മൻമോഹൻ സിങ്ങിനെ നട്ടെല്ലില്ലാത്ത ഒരു മാന്യനെന്നും തന്‍റെ സഹപ്രവർത്തകർക്ക് വേണ്ടി ഒരിക്കലും നിലകൊള്ളാത്ത മനുഷ്യനെന്നുമാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചത്. പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നട്‌വർ സിങ്ങ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദമായി. സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ രാഹുല്‍ ഗാന്ധി എതിര്‍ത്തിരുന്നതായി ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ നട്‌വര്‍ സിംഗ് വെളിപ്പെടുത്തി. അച്ഛന്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതുപോലെ തന്‍റെ അമ്മയും വധിക്കപ്പെടരുതെന്ന് രാഹുല്‍ ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്ക്കാന്‍ രാഹുല്‍ സോണിയയ്ക്ക് 24 മണിക്കൂര്‍ സമയ പരിധി നല്‍കിയിരുന്നു. സോണിയയുടെ പ്രധാനമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ താനും മന്‍മോഹന്‍ സിങ്ങും ഗാന്ധി കുടുംബ സുഹൃത്ത് സുമന്‍ ദുബെയും പ്രിയങ്കാ ഗാന്ധിയുമാണ് പങ്കെടുത്തത്. രാഹുലിന്‍റെ തീരുമാനത്തെപ്പറ്റി തങ്ങളെയറിയിച്ചത് പ്രിയങ്കയാണെന്നും നട്‌വര്‍ സിംഗ് പറഞ്ഞു.

ഉള്‍വിളി ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്ക്കുന്നതെന്നാണ് സോണിയ ഗാന്ധി പറഞ്ഞിരുന്നത്. പ്രധാനമന്ത്രിയാകാൻ തയ്യാറായില്ലെങ്കിലും ഭരണം നിയന്ത്രിച്ചത് സോണിയ തന്നെയാണെന്ന് നട്‌വർ സിങ്ങ് വ്യക്തമാക്കുകയുണ്ടായി. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ പുലോക് ചാറ്റര്‍ജി പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ സോണിയയുടെ അടുത്തെത്തിച്ചിരുന്നു. സോണിയയ്ക്ക് കോണ്‍ഗ്രസിനുമേല്‍ നെഹ്റുവിനും ഇന്ദിര ഗാന്ധിക്കുമുണ്ടായിരുന്നതിനേക്കാള്‍ സ്വാധീനമുണ്ടെന്നും പാര്‍ട്ടിയിലെ അവസാന വാക്കാണ് സോണിയ ഗാന്ധിയെന്നും നട്‌വര്‍ സിംഗ് പറയുകയുണ്ടായി.

പിൽക്കാലത്ത് രാഹുൽ ഗാന്ധി നേതൃത്വത്തിൽ നിന്ന് മാറി നിന്നപ്പോൾ പ്രിയങ്ക വരണമെന്ന് ശക്തമായി ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ നട്‌വർ സിങ്ങുമുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരുമെന്നായിരുന്നു നട്‌വര്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്. നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തരുതെന്നാണു രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നതെന്നും ഈ തീരുമാനം മാറ്റാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറയുകയുണ്ടായി.

"ദി ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്', "മൈ ചൈന ഡയറി 1956-88', ഉൾപ്പെടെ വേറെയും പുസ്തകങ്ങൾ നട്‌വർ സിങ്ങ് രചിച്ചിട്ടുണ്ട്. തന്‍റെ ആത്മകഥയുടെ അവസാന വരികളിൽ അദ്ദേഹം തന്‍റെ ജീവിത യാത്രയെ സംഗ്രഹിച്ചത് ഇങ്ങനെയാണ്: "കാലത്തിന്‍റെ താളത്തിനപ്പുറമുള്ള നിശബ്ദമായ വേലിയേറ്റത്തിൽ ഞാൻ ഈ തുറമുഖത്ത് നിന്ന് ഒഴുകിപ്പോകും.'

"നയതന്ത്ര ലോകത്തിനും വിദേശ നയത്തിനും അദ്ദേഹം മികച്ച സംഭാവനകൾ നൽകി. ബുദ്ധികൂർമതയ്ക്കും സമൃദ്ധമായ എഴുത്തിനും പ്രശസ്തനായിരുന്നു. ദുഃഖത്തിന്‍റെ ഈ വേളയിൽ എന്‍റെ ചിന്തകൾ അദ്ദേഹത്തിന്‍റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി.-നട്‌വർ സിങ്ങിന്‍റെ വിയോഗ വാർത്തയറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.