ലോകത്തെവിടെയും നിയമസമാധാനം പാലിക്കുന്നതിലും നീതിയും പൗരന്മാരുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിലും പൊലീസ് സേന നിർണായ പങ്കാണ് വഹിക്കുന്നത്. ഈ ദൗത്യ നിർവഹണത്തിൽ പഴക്കം കൊണ്ടും ചരിത്രം കൊണ്ടും എന്നും ലോകത്തിലെ പുകഴ് പെറ്റ പൊലീസ് ഫോഴ്സാണ് സ്കോട്ട്‌ലൻഡ് യാർഡ് പൊലീസ് അഥവാ മെത്രാപ്പൊലീത്തൻ പൊലീസ് സർവീസ് (എംപിഎസ്). സ്ഥാപിതമായ 1829 മുതൽ ഈ സ്ഥാനം ഉറപ്പിക്കുന്ന സ്കോട്ട്ലൻഡ് യാർഡ് 2024ലെ ലോകത്തിലെ ഏറ്റവും മുന്തിയ എട്ട് പൊലീസ് ഫോഴ്സുകളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തന്നെയാണ്. രണ്ടാമത് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) എന്ന കനേഡിയൻ പൊലീസും മൂന്നാമത് 1814-ൽ സ്ഥാപിതമായ നെതർലാൻഡ് പൊലീസും നാലാമത് പൊലീസ് ഫോഴ്സ് ഓഫ് ഫ്രാൻസും അഞ്ചാമത് ജാപ്പനീസ് നാഷണൽ പൊലീസുമാണുള്ളത്. ആറാമത് യു.എസ് പൊലീസ് ഫോഴ്സും ഏഴാമത് ആസ്ട്രേലിയൻ പൊലീസ് ഫോഴ്സും എട്ടാമത് ജർമനി പൊലീസ് ഫോഴ്സുമാണ്. പൊതുസുരക്ഷയും അന്വേഷണത്തിലെ മികവും പ്രവർത്തന ചാതുരിയും കണക്കിലെടുത്തുകൊണ്ടാണ് ഈ റാങ്കിങ്.
എല്ലാക്കാലത്തും കിടയറ്റ പൊലീസ് എന്ന ഖ്യാതി നിലനിർത്തുന്ന സ്കോട്ട് ലാൻഡ് യാർഡ് പൊലീസ് നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ് എന്ന തത്വം മുറുകെപ്പിടിച്ച് പ്രവർത്തിക്കുകയും അതനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബോറിസ് ജോൺസണ് നിയമലംഘനത്തിന് നോട്ടീസ് നൽകിയതും പിഴ ചുമത്തിയതും അതിന്‍റെ വർത്തമാനകാല ഉദാഹരണം.
2020 ജൂണിൽ ഡൗണിങ് സ്ട്രീറ്റിൽ നടന്ന സ്വന്തം ജന്മദിന പാർട്ടിയിൽ പങ്കെടുത്തതിനായിരുന്നു ആ നടപടി. കൊവിഡ് കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ഒത്തുചേരൽ നിയമം ലംഘിച്ചു എന്നതായിരുന്നു കുറ്റം. അതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അദ്ദേഹത്തിന് 100 യൂറോ ഫിക്സഡ് പെനാൽറ്റി ചുമത്തി നോട്ടീസ് നൽകി. പ്രധാനമന്ത്രിയും നിയമത്തിനതീതമല്ലാ എന്ന വ്യക്തമായ സന്ദേശവും ആർജവത്തോടെയുള്ള നടപടിയും.
ഈ പൊലീസ് സംവിധാനത്തെ മാതൃകയാക്കാനും അതനുസരിച്ച് വളർന്നു വികസിക്കാനും നമുക്കാവേണ്ടേ? അതിനു കഴിഞ്ഞില്ലെങ്കിലും അതിന്‍റെ ഏഴയലത്ത് എത്തണമെന്ന് ആഗ്രഹിക്കുകയെങ്കിലും വേണ്ടേ? അവിടെയാണ് പൊലീസ് തലപ്പത്ത് ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കൊടും ക്രിമിനൽ വിരാജിക്കുന്നുവെന്ന ഭരണപക്ഷ എംഎൽഎ യുടെ ആരോപണം പ്രസക്തമാകുന്നത്. കൊല്ലും കൊലയും സ്വർണക്കടത്തും സ്വർണം പൊട്ടിക്കലും കേസ് ഒതുക്കലും ലഹരി വിൽപ്പനക്കാർക്ക് ഉള്ള സംരക്ഷണവുമെല്ലാം ഈ എഡിജിപിയുടെ കാർമികത്വത്തിൽ നടക്കുന്നുവെന്നാണ് എംഎൽഎ ആരോപിച്ചത്. ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് പിടിച്ച അവസ്ഥ!
കേരള പൊലീസിന് ഇതെന്തുപറ്റി? ക്രമസമാധാന പാലനത്തിലും അന്വേഷണത്തിലുമെല്ലാം മികവ് പ്രകടിപ്പിച്ച ഒരു ഭൂതകാലം നമുക്കും ഉണ്ടായിരുന്നു. സമർഥരായ ഉദ്യോഗസ്ഥരും അവരുടെ സമർപ്പണത്തോടെയുള്ള പ്രവർത്തനവും. അതിൽ കരിനിഴൽ വീണത് എവിടെയാണ്?
സ്വർണക്കടത്ത് മുതൽ കൊലപാതകം വരെയുള്ള കൊടുംക്രൂരകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്ന അധോലോകസംഘം പൊലീസിന്‍റെ തലപ്പത്ത് പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ കേരളം കേൾക്കാത്ത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. പൊലീസ് എന്ന സ്ഥാപന രൂപത്തെ വികൃതവും ദുർബലവുമാക്കുന്ന, തീർത്താൽ തീരാത്ത കളങ്കവും പരിക്കുമേൽപ്പിച്ച ആക്ഷേപങ്ങൾ.
മന്ത്രിമാരുടെയും പല ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നു എന്ന ഗുരുതര ആരോപണവും എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ എംഎൽഎ ഉന്നയിക്കുകയുണ്ടായി. എസ്പി റാങ്കിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ പി.വി. അൻവർ എംഎൽഎ യുമായുള്ള ടെലഫോൺ സംഭാഷണത്തിൽ ഇക്കാര്യങ്ങളൊക്കെ സ്ഥിരീകരിക്കുന്നതിന്‍റെ ഓഡിയോയും എംഎൽഎ പുറത്തുവിട്ടു. അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ചേർന്ന് ഭരണം കൈയാളുകയാണെന്നും എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദു ഈ കോക്കസാണെന്നും അൻവർ ആരോപിച്ചു.
അൻവറുടെ ഈ ആരോപണത്തെ തള്ളിപ്പറയാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടി നേതാക്കളോ ഒന്നും ഇതുവരെ തയാറായിട്ടില്ലെന്ന് മാത്രമല്ല ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആരോപണങ്ങളുടെ അതീവ ഗുരുതരാവസ്ഥ കണക്കിലെടുത്ത അന്വേഷണ പ്രഖ്യാപനം ഗൗരവപൂർവമാണെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ ആരോപണ വിധേയനായ എഡിജിപിയെ ക്രമസമാധാനച്ചുമതല എന്ന മുഖ്യാസനത്തിൽ നിലനിർത്തി കൊണ്ടുതന്നെയാണ് അന്വേഷണമെന്നു വ്യക്തമായതോടെ അതിലെ പൊള്ളത്തരവും കാപട്യവും വ്യക്തമായി. അന്വേഷണസംഘത്തിലെ ഡിജിപി ഒഴിച്ചാൽ ബാക്കിയെല്ലാവരും അജിത് കുമാറിന്‍റെ കീഴുദ്യോഗസ്ഥർ. സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം എങ്ങനെ നടക്കും? വെള്ളപൂശി വെളുപ്പിച്ചെടുക്കാനുള്ള മറ്റൊരുപായം!
എഡിജിപിയെ സ്ഥാനത്തു നിന്നും മാറ്റി നിർത്തണമെങ്കിൽ ചില നടപടിക്രമങ്ങൾ ഉണ്ട് എന്ന സാങ്കേതികത്വം മറയാക്കിയാണ് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും അദ്ദേഹത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്. സിപിഐയും ആർജെഡിയും എൻസിപിയുമടക്കം ഘടക കക്ഷി നേതാക്കളെല്ലാം തന്നെ പുറത്തു പറഞ്ഞതു കൂടാതെ ഇടത് മുന്നണി യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി ഈ സാങ്കേതികത്വമാണ് അത് പ്രതിരോധിക്കാനുള്ള പരിചയാക്കിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആക്ഷേപം ഉയർന്ന സന്ദർഭത്തിൽ അന്ന് ഇന്‍റലിജൻസ് മേധാവിയായിരുന്ന ഇതേ എഡിജിപി അജിത് കുമാർ, ഷാജ് കിരൺ എന്ന വ്യക്തിയെ ഫോണിൽ വിളിച്ച കാര്യം പുറത്തുവന്നു വിവാദമായപ്പോൾ നിമിഷനേരം കൊണ്ട് അന്ന് അദ്ദേഹത്തെ മാറ്റിയത് സാങ്കേതികത്വമുരുവിടുന്ന മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും സൗകര്യപൂർവം വിസ്മരിക്കുന്നു. ഈ വസ്തുതയിലേക്ക് വിരൽചൂണ്ടാൻ അജിത് കുമാറിന്‍റെ മാറ്റം ആവശ്യപ്പെടുന്ന ഘടകകക്ഷി നേതാക്കൾക്ക് കഴിയുന്നുമില്ല. തിരുവായ്ക്ക് എതിർവായില്ലാത്ത അവസ്ഥ!
ഈ ആരോപണങ്ങളുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ട് നിൽക്കുമ്പോഴാണ് തൃശൂരിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ കണ്ടുവെന്ന ഗുരുതരമായ ആക്ഷേപം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉന്നയിച്ചത്. ഔദ്യോഗിക വാഹന ഉപേക്ഷിച്ച് മറ്റൊരു വ്യക്തിയുടെ സ്വകാര്യ വാഹനത്തിൽ പോയി നടത്തിയ രഹസ്യ കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവിന്‍റെ ആരോപണം നിഷേധിക്കാൻ ആരും ധൈര്യം കാണിച്ചില്ലെന്നു മാത്രമല്ല, പിന്നീടത് സംശയാതീതമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. അതുമാത്രമല്ല അതിന്‍റെ പതിനെട്ടാം നാൾ കോവളത്ത് മറ്റൊരു ആർഎസ്എസ് നേതാവ് റാം മാധവുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചാ വിവരവും പുറത്തുവന്നു. ഈ കൂടിക്കാഴ്ചയിൽ അജിത് കുമാറിനൊപ്പമുണ്ടായിരുന്നവരുടെ പേരുവിവരം കേട്ടാൽ കേരളം ഞെട്ടും എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം അതിലെ അപായ സൂചനയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. വൈദേഹി റിസോർട്ടിലെ ഇ.പി - രാജീവ് ചന്ദ്രശേഖരൻ ബിസിനസ് ബന്ധം വെളിപ്പെടുന്നതിന് വളരെ മുമ്പ് മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്ക് ബിജെപി നേതാക്കളുമായി ബിസിനസ് ഇടപാടുണ്ടെന്ന സതീശന്‍റെ ആരോപണം ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീടതു സമ്മതിക്കേണ്ടി വന്നു. അജിത് കുമാർ - ആർഎസ്എസ് രഹസ്യ കൂടിക്കാഴ്ചയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. അതുകൊണ്ടുതന്നെ പേരുകേട്ടാൽ ഞെട്ടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പ്രഹര ശേഷിയും ഏറെയായിരിക്കുമെന്ന കാര്യം തീർച്ച.
മുഖ്യമന്ത്രിയുടെ സ്വകാര്യ അജൻഡകളുടെ ഫലപ്രാപ്തിക്കായി അദ്ദേഹത്തിന്‍റെ ദൂതനായിട്ടാണ് അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന ആക്ഷേപം ശക്തം. അതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂർ പൂരം കലക്കിയതെന്ന ആക്ഷേപവും അതിനേക്കാളേറെ ഗൗരവത്തിൽ നിലനിൽക്കുന്നു. അജിത് കുമാറും മന്ത്രിമാരും സ്ഥലത്തുള്ളപ്പോൾ ഒരു പൊലീസ് കമ്മീഷണർക്ക് എങ്ങനെ അഴിഞ്ഞാടാനായി എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അരങ്ങേറ്റമായിരുന്നു അതെന്ന് വ്യക്തം. എന്നിട്ടോ അതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടതും ഇതേ അജിത്കുമാർ തന്നെ. കള്ളനെ കാവൽ ഏൽപ്പിക്കുന്ന സ്ഥിതി! ഒരു മാസത്തിനകം റിപ്പോർട്ടും നടപടിയും ഉണ്ടാകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ടുമില്ല, നടപടിയുമില്ല. എല്ലാം തിരക്കഥ അനുസരിച്ച് തന്നെയുള്ള ടേയ്ക്കുകൾ. പ്രത്യുൽപ്പന്നമായി ബിജെപി സ്ഥാനാർഥിയുടെ വിജയവും. നിശ്ചയിച്ചുറപ്പിച്ചതിൽ അണുവിട മാറ്റമില്ലാത്ത കണിശത. സിപിഐയും വി.എസ്. സുനിൽകുമാറുമൊക്കെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അന്വേഷണവും റിപ്പോർട്ടും ഉണ്ടായിട്ടു വേണ്ടേ കൊടുക്കാൻ!
ഫോൺ ചോർത്തൽ സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതാണ് ഒടുവിലത്തെ സംഭവവികാസം. നഗ്നമായ നിയമലംഘനമാണിതെന്ന കാര്യത്തിൽ ആർക്കാണ് പ്രതിരോധമുയർത്താനാവുക. സംസ്ഥാനത്ത് ഫോൺ ചോർത്തൽ എളുപ്പമല്ലെന്ന് മാത്രമല്ല അത് വേണമെങ്കിൽ പൊലീസും സർവീസ് പ്രൊവൈഡറും കർശന നടപടിക്രമം പാലിക്കണം. ഇവിടെ ഇതൊന്നും ഉണ്ടായിട്ടില്ല എന്ന് വ്യക്തം. എഡിജിപിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മറ്റു ചിലരുടെയും ഫോണുകൾ താൻ തന്നെ ചോർത്തി എന്നും അതിലെ ഞെട്ടിക്കുന്ന സംഭാഷണങ്ങൾ തന്‍റെ കൈവശമുണ്ടെന്നും അൻവർ തന്നെ പറയുകയും ചെയ്യുന്നു. അപ്പോൾ ആർക്കും എന്തും ചെയ്യാവുന്ന അവസ്ഥ. ഇങ്ങനെ ഒരു കൈവിട്ട അവസ്ഥ ഇതിന് മുമ്പ് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?
തെലങ്കാനയിൽ ഇങ്ങനെയൊരു ഫോൺ ചോർത്തൽ വിവാദം ഉണ്ടായപ്പോൾ കോടതി തന്നെ സ്വമേധയാ കേസെടുക്കുകയായിരുന്നു. കുറ്റകൃത്യത്തിന്‍റെ ഗൗരവം ഇതിൽനിന്ന് വ്യക്തം.
ഈ ആക്ഷേപങ്ങളുടെ എല്ലാം കുന്തമുന നീളുന്ന എഡിജിപി അവധി അപേക്ഷ പോലും പിൻവലിച്ച് മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുക ളോടെ ഒരു കുലുക്കവുമില്ലാതെ സർവപ്രതാപിയായി സ്വസ്ഥാനത്ത് തുടരുന്നു. ആക്ഷേപങ്ങളുടെ പെരുമഴ പെയ്തിറങ്ങിയിട്ടും സ്ഥാനമാറ്റ ആവശ്യം എവറസ്റ്റോളം ഉയർന്നിട്ടും നടപടിക്രമങ്ങളിലെ സാങ്കേതികത്വമെന്ന "ഇല്ലാമറ' സൃഷ്ടിച്ച് അവയെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ തകരുന്നത് വിശ്വാസ്യതയാണ്. ഒരു വലിയ സേനയുടെ കെട്ടുറപ്പും ആത്മാഭിമാനവുമാണ്. ഇതൊക്കെ അനുഭവിക്കാൻ വിധിക്കപ്പെട്ട ജനങ്ങൾ ഇളിഭ്യരാവുകയും ഇതിന്‍റെ ഗുണഭോക്താക്കളായ ക്രിമിനൽ - മാഫിയ സംഘങ്ങൾ വിജയഭേരി മുഴക്കി ആർത്തട്ടഹസിക്കുകയും ചെയ്യുന്നു.
ഇത് കുറ്റക്കാരായ ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ അവരെ സംരക്ഷിക്കുന്ന ഭരണാധികാരികളുടെയോ ഇഷ്ടാനിഷ്ടത്തിന്‍റെ പ്രശ്നമല്ല, ജനസാമാന്യത്തെ ആകെ ബാധിക്കുന്ന, അവരുടെ സുരക്ഷയുടെയും നിലനിൽപ്പിന്‍റെയും പ്രശ്നമാണ്. പൊലീസ് സംവിധാനം സമ്പൂർണമായി തകരുന്നതിന്‍റെ നിദർശനമാണ്. നാട് അരാജകത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും കൂപ്പു കുത്തുന്നതിന്‍റെ അപായ മണിമുഴക്കമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമുയർന്നേ തീരൂ.