പുനരുപയോഗ ഊര്‍ജ മേഖലയെ മാറ്റിമറിച്ച 11 വർഷങ്ങൾ

ലോകത്തെ ഏറ്റവും മികച്ച സംശുദ്ധ ഊര്‍ജ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ
special story on energy sector india

പുനരുപയോഗ ഊര്‍ജ മേഖലയെ മാറ്റിമറിച്ച 11 വർഷങ്ങൾ

Updated on

പ്രൾഹാദ് ജോഷി- കേന്ദ്ര നവ- പുനരുപയോഗ ഊര്‍ജ മന്ത്രി

ലോകത്തെ ഏറ്റവും മികച്ച സംശുദ്ധ ഊര്‍ജ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സൗരോര്‍ജത്തില്‍ മൂന്നാം സ്ഥാനം, കാറ്റില്‍ നിന്നുള്ള വൈദ്യുതിയിലും മൊത്തം പുനരുപയോഗ ഊര്‍ജശേഷിയിലും നാലാം സ്ഥാനം. 232 ജിഗാവാട്ടില്‍ കൂടുതല്‍ പുനരുപയോഗ ഊര്‍ജ സ്ഥാപിതശേഷിയും നിര്‍മാണത്തിലിരിക്കുന്ന 176 ജിഗാവാട്ടും ഉള്ളതിനാല്‍, നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, ഊര്‍ജ പരിവര്‍ത്തനത്തെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകളെ സജീവമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ പുരോഗതി യാദൃച്ഛികമല്ല, 11 വര്‍ഷമായി പിന്തുടരുന്ന ധീരമായ പരിഷ്‌കാരങ്ങളുടെയും സമയോചിത തീരുമാനങ്ങളുടെയും വ്യക്തമായ ദീര്‍ഘകാല കാഴ്ചപ്പാടിന്‍റെയും ഫലമാണ്.

ശക്തമായ പുനരുപയോഗ ഊര്‍ജ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. സംശുദ്ധ ഊര്‍ജം ആഗോള മുന്‍ഗണനയാകും മുമ്പു തന്നെ ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ വലിയ സൗരോര്‍ജ പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം, ആ കാഴ്ചപ്പാട് ദേശീയതലത്തില്‍ വികസിപ്പിച്ചു. അതോടെ ഇന്ന് ഇന്ത്യ സൗരോര്‍ജം, കാറ്റ്, സംശുദ്ധ ഊര്‍ജ നവീകരണം എന്നിവയില്‍ ആഗോളതലത്തിൽ മുൻനിരയിലെത്തി.

കഴിഞ്ഞ വര്‍ഷം മാത്രം 29 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം എന്ന റെക്കോഡ് ദേശീയ ഗ്രിഡിലേക്ക് ചേര്‍ത്തു. 2014ല്‍ 2.63 ജിഗാവാട്ട് ആയിരുന്ന സൗരോര്‍ജ ശേഷി 2025ല്‍ 108 ജിഗാവാട്ടില്‍ കൂടുതലായി 41 മടങ്ങ് എന്ന നിലയിൽ വർധിച്ചു. കാറ്റിന്‍റെ ശേഷി 51 ജിഗാവാട്ട് കവിഞ്ഞു.

2014ല്‍ ഇന്ത്യയുടെ വൈദ്യുതി മേഖല ആഴത്തിൽ പ്രതിസന്ധിയിലായിരുന്നു. വൈദ്യുതിക്ഷാമം സ്ഥിരമായിരുന്നു. 2012ലെ ഇരട്ട ഗ്രിഡ് പരാജയം ആദ്യം വടക്കന്‍ മേഖലയെ 36,000 മെഗാവാട്ട് ലോഡ് നഷ്ടത്തിലേക്ക് നയിച്ചു. തുടര്‍ന്ന് വടക്കന്‍, കിഴക്കന്‍, വടക്കുകിഴക്കന്‍ ഗ്രിഡുകളുടെ തകര്‍ച്ചയ്ക്കു കാരണമായി. പ്രസരണ അടിസ്ഥാന സൗകര്യങ്ങള്‍ അമിതഭാരമാണു വഹിച്ചിരുന്നത്. നിക്ഷേപകരുടെ ആത്മവിശ്വാസം കുറവായിരുന്നു.

ആഗോള സമൂഹം ഇന്ത്യയെ ഗൗരവമേറിയ സംശുദ്ധ ഊര്‍ജ പങ്കാളിയായി കണക്കാക്കിയില്ല. പൊതുജനങ്ങളുടെ പ്രതീക്ഷകളും കുറഞ്ഞ തോതിലായിരുന്നു. നയപരമായ അനിശ്ചിതത്വവും ഇന്ത്യയെ "ദുര്‍ബലമായ അഞ്ച്' സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി മുദ്രകുത്തുന്നതിന് കാരണമായി. ആ സാഹചര്യം നിര്‍ണായകമായി. ഇപ്പോൾ ഇന്ത്യ ഊര്‍ജ ദൗര്‍ലഭ്യത്തില്‍ നിന്ന് സ്വയം പര്യാപ്തതയിലേക്കു മാറിയിരിക്കുന്നു.

ഒന്നാമതായി, ഫീഡ്- ഇന്‍ നിരക്കുകളില്‍ നിന്ന് സുതാര്യവും വിപണി നിയന്ത്രിതവുമായ ലേല പ്രക്രിയയിലേക്കുള്ള മാറ്റം നിര്‍ണായകമായി. മത്സരാധിഷ്ഠിത ലേലവും നിരക്ക് യുക്തിസഹമാക്കലും സൗരോർജ നിരക്കുകള്‍ കുറയ്ക്കാനിടയാക്കി. 2010ല്‍ യൂണിറ്റിന് 10.95 രൂപയായിരുന്നത് 2021ഓടെ 1.99 രൂപയായി. ഇതിലൂടെ ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ സൗരോർജ വൈദ്യുതി നൽകുന്ന രാജ്യമായി ഇന്ത്യ മാറി.

രണ്ടാമതായി, അന്തർസംസ്ഥാന പ്രസരണ സംവിധാന നിരക്കുകൾ ഒഴിവാക്കി. ഈ നിരക്കുകള്‍ നീക്കം ചെയ്തതിലൂടെ പദ്ധതി വികസിപ്പിക്കുന്നവർക്കുള്ള പ്രധാന തടസങ്ങളിലൊന്ന് ഇല്ലാതാക്കി. തീരദേശ കാറ്റിന് 2032 വരെയും ഹരിത ഹൈഡ്രജന് 2030 വരെയും നീട്ടിയ ഈ നയം, പുനരുപയോഗ ഊര്‍ജവിന്യാസത്തെ ഭൂമിശാസ്ത്രപരമായ പരിമിതികളില്‍ നിന്ന് ഫലപ്രദമായി ഒഴിവാക്കുകയും ഇന്ത്യയിലുടനീളം ഊര്‍ജ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മൂന്നാമതായി, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സൗരോര്‍ജ ഉത്പാദനത്തിനായി ഗവണ്‍മെന്‍റ് ഉത്പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതി അവതരിപ്പിച്ച് 24,000 കോടി രൂപയുടെ പ്രോത്സാഹനം നല്‍കുന്നു. ഇത് ആഭ്യന്തര ഉത്പാദനത്തിൽ കുതിച്ചുചാട്ടത്തിന് കാരണമായി. ഇന്ത്യ ഇനി സൗരോർജം വിന്യസിക്കുക മാത്രമല്ല, ഉത്പാദിപ്പികയും ചെയ്യും. .

നാലാമതായി, സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കാനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും ഗവണ്‍മെന്‍റ് അംഗീകൃത മാതൃകകളുടെയും ഉത്പാദകരുടെയും പട്ടിക (എഎല്‍എംഎം), അംഗീകൃത ഘടകങ്ങളുടെയും ഉത്പാദകരുടെയും പട്ടിക (എഎല്‍സിഎം), ആഭ്യന്തര ഉള്ളടക്ക ആവശ്യകതകള്‍ (ഡിസിആര്‍) എന്നിവ നടപ്പാക്കി.

അഞ്ചാമതായി, പിഎം- സൂര്യ ഘര്‍: മുഫ്ത് ബിജ്‌ലി യോജന പരിവര്‍ത്തനാത്മക സംരംഭമായി. ഒരു കോടി വീടുകളില്‍ പുരപ്പുറ സൗരോര്‍ജ സംവിധാനം സ്ഥാപിക്കുന്നതിലൂടെ 30 ജിഗാവാട്ട് വികേന്ദ്രീകൃത ശേഷി സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഏകദേശം 13.75 ലക്ഷം കുടുംബങ്ങള്‍ ഇതില്‍ പങ്കാളികളാണ്. അതുപോലെ, പിഎം- കുസും പദ്ധതി കര്‍ഷകരെ വികേന്ദ്രീകൃത സൗരോര്‍ജ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ കൃഷിയെ സൗരോര്‍ജവത്കരിക്കുന്നു. 11 ലക്ഷത്തിലധികം പമ്പുകൾ സൗരോർജ സംവിധാനത്തിലേക്ക് മാറ്റി.

ഏഴാമതായി, സംശുദ്ധ ഊര്‍ജത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്തിനു നേതൃത്വം നല്‍കുന്നു. 2014ലെ വിദേശ നിക്ഷേപങ്ങളുടെ മിതമായ പ്രവാഹത്തെ അപേക്ഷിച്ച്, 2020 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ ഇന്ത്യ പുനരുപയോഗ ഊര്‍ജ മേഖലയില്‍ 19.98 ശതകോടി ഡോളര്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചു. ഇന്ന് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലകളില്‍ ഒന്നാണിത്. ഈ യാത്രയിലെ മറ്റൊരു പ്രധാന ഉത്തേജകമാണ് ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം. ഏകദേശം 20,000 കോടി രൂപ നിക്ഷേപത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

എട്ടാമതായി, പ്രസരണ അടിസ്ഥാന സൗകര്യങ്ങള്‍ പരിവര്‍ത്തനത്തിന്‍റെ കരുത്തുറ്റ ഘടകമായി തുടരുന്നു. ഹരിതോര്‍ജ ഇടനാഴികളിലെ ഇന്ത്യയുടെ നിക്ഷേപവും 2030ലെ പ്രസരണ രൂപരേഖയും പുനരുപയോഗ ഊര്‍ജ പദ്ധതികളും ഗ്രിഡുമായുള്ള കാര്യക്ഷമവും വിശ്വസനീയവുമായ ബന്ധം ഉറപ്പാക്കുന്നു.

ഒമ്പതാമതായി, തീരപ്രദേശത്തിന്‍റെ വിശാലമായ സാധ്യതകളും ഗവണ്‍മെന്‍റ് ഉപയോഗപ്പെടുത്തുന്നു. 2030 ഓടെ 37 ജിഗാവാട്ട് ടെന്‍ഡറുകള്‍ ആസൂത്രണം ചെയ്തിട്ടുള്ള തീരപ്രദേശ പവനോർജ സംരംഭങ്ങള്‍ക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടും കരുത്തുറ്റ സൈറ്റ് സര്‍വെകളും പിന്തുണ നല്‍കുന്നു. ഗുജറാത്തിലെയും തമിഴ്‌നാട്ടിലെയും പരീക്ഷണ പദ്ധതികള്‍ ഇതിനകം അടുത്ത പുനരുപയോഗ ഊര്‍ജ നയത്തിന് അടിത്തറ പാകിക്കഴിഞ്ഞു.

പത്താമതായി, ഇടവേളകളുള്ള വൈദ്യുതോത്പാദനത്തിന്‍റെ വെല്ലുവിളി തിരിച്ചറിഞ്ഞ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഊര്‍ജ നയവുമായി ഇന്ത്യ മുന്നേറി. 65 ജിഗാവാട്ടിനു മുകളിലുള്ള പദ്ധതി‌കൾ നടപ്പാക്കൽ ഘട്ടത്തിലാണ്.

പതിനൊന്നാമതായി, ഗോത്ര മേഖലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും മുമ്പ് വൈദ്യുതി എത്തിയിട്ടില്ലാത്ത വീടുകളിലേക്ക് അത് എത്തിച്ചേരുന്നു. പ്രത്യേക കരുതൽ വേണ്ട ഗോത്ര വിഭാഗങ്ങള്‍ക്കായുള്ള സൗരോര്‍ജ പദ്ധതികളിലൂടെയും പിഎം ജന്‍മന്‍ ദൗത്യത്തിലൂടെയും സിപിഎസ്‌യു പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി എത്തിച്ചു.

ഇന്ത്യ ആരംഭിച്ച അന്താരാഷ്‌ട്ര സൗര സഖ്യം 100ലധികം രാജ്യങ്ങളെ ഒരുമിച്ചുചേർത്തു. "ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഊർജ ശൃംഖല' എന്ന കാഴ്ചപ്പാട് സൗരോര്‍ജം രാജ്യങ്ങളെ എങ്ങനെ ഒന്നിപ്പിക്കുമെന്ന് ലോകത്തിന് കാണിച്ചുതരുന്നു. ഇന്ത്യയില്‍ ആസ്ഥാനമുള്ള ആദ്യ അന്താരാഷ്‌ട്ര, അന്തര്‍- ഗവണ്‍മെന്‍റ് സംഘടന കൂടിയാണിത്.

ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ഇന്ത്യയുടെ സംശുദ്ധ ഊര്‍ജ ഭാവിക്കായി 2030 ആകുമ്പോഴേക്കും 32.45 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് വാഗ്ദാനം ചെയ്തു. പുനരുപയോഗ ഊര്‍ജത്തിനായി ധനം സമാഹരിക്കുന്നതിനെക്കുറിച്ച് ദേശീയ ശില്‍പശാല എല്ലാ പ്രധാന ബാങ്കുകളിലെയും ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ചു. മുഖ്യമന്ത്രിമാരുമായും പതിവായി കൂടിക്കാഴ്ചകള്‍ നടക്കുന്നു.

2025 മെയ് 24ന് നിതി ആയോഗ് ഭരണസമിതി യോഗത്തില്‍ സംശുദ്ധ ഊര്‍ജമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മുഖ്യമന്ത്രിമാരുമായും വിശദ ചര്‍ച്ചകള്‍ നടത്തി. ഹരിത തൊഴില്‍ ശക്തിയെ തയാറാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാന നൈപുണ്യ പരിപാടികളായി സൂര്യമിത്ര, വായുമിത്ര, ജല്‍ ഊര്‍ജമിത്ര തുടങ്ങിയ സംരംഭങ്ങള്‍ എടുത്തുകാട്ടി.

2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് ഫോസില്‍ ഇതര ഇന്ധന വൈദ്യുതി ശേഷി എന്ന ലക്ഷ്യമാണു നാം നിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ 228 ജിഗാവാട്ട് എന്ന നിലയിലാണ്. മറ്റൊരു 176 ജിഗാവാട്ട് നിര്‍മാണഘട്ടത്തിലാണ്. 72 ജിഗാവാട്ട് ലേല ഘട്ടത്തിലാണ്.

2047 ആകുമ്പോഴേക്കും 1,800 ജിഗാവാട്ട് ഫോസില്‍ ഇതര ശേഷി കൈവരിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്ക് നാം സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നു.

ഈ പുതിയ ഇന്ത്യയില്‍ സൂര്യന്‍ തിളങ്ങുകയാണ്. ഒപ്പം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, ലോകത്തെ നയിക്കാന്‍ നാം സജ്ജവും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com