ന്യൂ ഇന്ത്യയ്ക്ക് അടിത്തറ പാകുന്ന 'വികസിത് കൃഷി സങ്കൽപ് അഭിയാൻ'

നവയുഗ സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട വിത്തിനങ്ങൾ, വളങ്ങൾ എന്നിവ വികസിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ കൃഷി ശാസ്ത്രജ്ഞർ കുറഞ്ഞ ചെലവിൽ വിള ഉത്പാദനം വർധിപ്പിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ്
special story on Indian agriculture sector

പരീക്ഷണ ശാലയിൽ നിന്ന് കൃഷി ഭൂമിയിലേക്ക്

Updated on

ശിവരാജ് സിങ് ചൗഹാൻ

ഇന്ത്യൻ കാർഷിക മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്രമാനുഗതമായ വളർച്ച കൈവരിക്കുകയാണ്. കർഷക ക്ഷേമത്തിനായി സമർപ്പിതമായ അദ്ദേഹത്തിന്‍റെ ദാർശനിക സമീപനവും ചരിത്രപരമായ തീരുമാനങ്ങളും കർഷകരായ നമ്മുടെ സഹോദരീ സഹോദരന്മാരെ ശാക്തീകരിക്കുകയും "വികസിത ഭാരതം' എന്ന മഹത്തായ ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയും ചെയുന്നു. ഇന്ന്, നമ്മുടെ ഭക്ഷ്യ ഉത്പാദകർ രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഒട്ടേറെ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുകയും ചെയ്യുന്നു. സംസ്ഥാനങ്ങളുമായി സഹകരിച്ച് "ഒരു രാജ്യം - ഒരു കൃഷി - ഒരു ടീം' എന്ന രീതിയിൽ പ്രവർത്തിക്കുക എന്ന ദൗത്യം, ലബോറട്ടറികളിലെ കാർഷിക ഗവേഷണ ഫലങ്ങൾ യഥാസമയം കൃഷിഭൂമിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും കൃഷിയുടെ ആധുനികവത്കരണത്തിലൂടെ കർഷകരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യും.

കൃഷിയും കർഷകരുമാണ് സമൃദ്ധിയുടെ അടിത്തറ. അനവധി ഗവേഷണങ്ങൾ നടത്തുകയും, നവയുഗ സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട വിത്തിനങ്ങൾ, വളങ്ങൾ എന്നിവ വികസിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ കൃഷി ശാസ്ത്രജ്ഞർ കുറഞ്ഞ ചെലവിൽ വിള ഉത്പാദനം വർധിപ്പിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ്. അവരുടെ ഗവേഷണം കർഷകരിലേക്ക് തത്സമയം എത്തിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം, മണ്ണിന്‍റെ പോഷകഗുണം, ശരിയായ വളം പ്രയോഗം തുടങ്ങിയ വശങ്ങൾ മനസിലാക്കാൻ അവരെ സഹായിക്കാനും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കൃഷി, കർഷകക്ഷേമ മന്ത്രാലയം 12 വരെ "വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' സംഘടിപ്പിക്കുകയാണ്.

രാജ്യവ്യാപകമായ ഈ പ്രചാരണത്തിലൂടെ 700ലധികം ജില്ലകളിലായി 65,000ത്തിലധികം ഗ്രാമങ്ങൾ സന്ദർശിക്കാൻ 2,170 ശാസ്ത്രജ്ഞരുടെ സംഘങ്ങൾ സജ്ജമായിട്ടുണ്ട്. 15 ദശലക്ഷം കർഷകർ ഈ സംരംഭത്തിൽ നേരിട്ട് പങ്കാളികളാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൃഷിയെ ആധുനികവത്കരിക്കുക, കർഷകരുടെ ജീവിതത്തിൽ പരിവർത്തനം സൃഷ്ടിക്കുകയും ചെയ്യുക എന്നതിനാണ് നാം മുൻ‌ഗണന നൽകുന്നത്. ഈ പ്രചാരണം കേവലം ഔപചാരികമായ ഒരു പ്രവർത്തനമല്ല, മറിച്ച് കർഷകരുടെ ജീവിതത്തിൽ അഭിവൃദ്ധി സാധ്യമാക്കുന്നതിനുള്ള മഹത്തായ ദൗത്യമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), സംസ്ഥാന കാർഷിക വകുപ്പുകൾ, കാർഷിക സർവകലാശാലകൾ, നൂതനാശയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലെ ശാസ്ത്രജ്ഞർ "വികസിത കൃഷിയും സമ്പന്നരായ കർഷകരും' എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ഒരു ടീമായി പ്രവർത്തിക്കും. ഈ പ്രചാരണം "ലാബ്- ടു- ലാൻഡ്' (പരീക്ഷണശാലയിൽ നിന്ന് കൃഷിഭൂമിയിലേക്ക്) എന്ന പ്രധാനമന്ത്രിയുടെ മന്ത്രം സാക്ഷാത്കരിച്ച് കർഷകരുടെ ഭാഗധേയത്തെയും കാർഷിക മേഖലയുടെ മുഖഛായയെയും മാറ്റിമറിക്കും.

ഗവേഷണം കൂടുതൽ പ്രായോഗികമാക്കാൻ ശാസ്ത്രജ്ഞർ ഗ്രാമങ്ങളിലെ കർഷകരുമായി നേരിട്ട് സംവദിക്കും. ഗവേഷണ ഫലങ്ങൾ പങ്കിടും. കർഷകരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളും. ഈ പ്രചാരണത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് നാം നടത്തുന്ന പരിശ്രമങ്ങളും കർഷകരുടെ അക്ഷീണ പ്രയത്നവും ഒത്തുചേരുന്നതിന്‍റെ ഫലമായി ഹെക്റ്ററിന് ഒരു ക്വിന്‍റലെങ്കിലും ഉത്പാദനക്ഷമത വർധിക്കുകയാണെങ്കിൽ, അത് രാജ്യത്തുടനീളമുള്ള ഭക്ഷ്യ ഉത്പാദനത്തിൽ 20 ദശലക്ഷം ടൺ വർധന സാധ്യമാക്കും.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. ജനസംഖ്യയുടെ ഏകദേശം 50% പേരും പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ആശ്രയിക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ഏകദേശം 18% കാർഷിക മേഖലയുടെ സംഭാവനയാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, വികസിത രാജ്യമായി മാറാനുള്ള പാതയിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. സമ്പന്നരായ കർഷകരെ സൃഷ്ടിക്കുന്ന ആധുനിക കൃഷി, ഈ പ്രയാണത്തിൽ നിർണായക പങ്ക് വഹിക്കും.

11 വർഷത്തിനിടെ, വിത്തു മുതൽ വിപണി വരെ, കർഷകരെ ശാക്തീകരിക്കുന്നതിന് എൻ‌ഡി‌എ സർക്കാർ ഒട്ടേറെ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഈ തീരുമാനങ്ങൾ കൃഷി സുഗമാക്കുന്നു. കുറഞ്ഞ താങ്ങുവില നൽകിയുള്ള (എംഎസ്പി) സംഭരണം, ഉള്ളി, അരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കൽ, കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ഉയർന്ന വിളവ് നൽകുന്നതുമായ ഇനങ്ങളുടെ വികസനം, കർഷക സൗഹൃദ പദ്ധതികളുടെ വിപുലീകരണം തുടങ്ങിയ സമീപകാല സംരംഭങ്ങളെല്ലാം കർഷക ക്ഷേമത്തിനായുള്ള മോദി സർക്കാരിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

സമീപകാലത്ത് ജപ്പാനെ മറികടന്ന് ആഗോള തലത്തിൽ നാലാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി ഇന്ത്യ മാറിയിട്ടുണ്ട്. കാർഷിക ഉത്പാദനം ചരിത്രപരമായ വളർച്ച കൈവരിച്ചു. 2024-25ൽ ഭക്ഷ്യധാന്യ ഉത്പാദനം 330.9 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഖാരിഫ് സീസണിൽ അരി ഉത്പാദനം 120.6 ദശലക്ഷം ടണ്ണും, ഗോതമ്പ് ഉത്പാദനം 115.4 ദശലക്ഷം ടണ്ണും, സോയാബീൻ ഉത്പാദനം 15.1 ദശലക്ഷം ടണ്ണും ആകുമെന്ന് കണക്കാക്കപ്പെടുന്നു. ഇവയുടെയെല്ലാം ഉത്പാദനം റെക്കോഡ് നിലവാരത്തിലാണ്. സോയാബീൻ ഉത്പാദനക്ഷമത ഹെക്റ്ററിന് 985 കിലോഗ്രാം എന്നതിൽ നിന്ന് ഹെക്റ്ററിന് 1,169 കിലോഗ്രാം ആയി വർധിച്ചു. ഹോർട്ടികൾച്ചർ മേഖലയിലെ ഉത്പാദനം 362.1 ദശലക്ഷം ടണ്ണിലെത്തും. കർഷകരുടെ കഠിനാധ്വാനം, ശാസ്ത്രീയ ഗവേഷണം, കർഷകർക്ക് അനുകൂലമായ സർക്കാരിന്‍റെ നയങ്ങൾ എന്നിവയുടെ സംയോജിത വിജയത്തെ ഈ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു.

സമഗ്രമായ ദർശനം, സംയോജിത സമീപനം, വ്യക്തമായ നയങ്ങൾ, ആത്മാർഥമായ ഉദ്ദേശ്യങ്ങൾ എന്നിവയാൽ കർഷകരുടെ വരുമാനം വർധിപ്പിക്കാനും അവരുടെ പ്രയത്നങ്ങൾക്ക് ന്യായമായ മൂല്യം ഉറപ്പാക്കാനും അവരെ സ്വാശ്രയരാക്കാനുമായി, 6 ബിന്ദുക്കളിലൂന്നിയ ഒരു തന്ത്രം കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഉത്പാദനം വർധിപ്പിക്കുക, ചെലവ് കുറയ്ക്കുക, ന്യായവില ഉറപ്പാക്കുക, ദുരന്ത നിവാരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വൈവിധ്യവത്ക്കരണവും പ്രകൃതിദത്ത കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മഹാപ്രസ്ഥാനമാണ് "വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ'. ഈ പ്രചാരണത്തിൽ പങ്കുചേരാനും, അതിൽ നിന്ന് നേട്ടങ്ങൾ കൊയ്യാനും, കർഷകരായ എന്‍റെ എല്ലാ സഹോദരീ സഹോദരന്മാരോടും ഞാൻ അഭ്യർഥിക്കുന്നു. ശാസ്ത്രജ്ഞർ നൽകുന്ന ഉപദേശങ്ങൾ പിന്തുടർന്ന് സ്വന്തം കൃഷി രീതികൾ നവീകരിക്കാനും ഉത്പാദനം വർധിപ്പിക്കാനും കഴിയും. കാർഷിക ഉത്പാദനം വർധിപ്പിക്കുക, ചെലവ് കുറയ്ക്കുക, കർഷകരുടെ നേട്ടങ്ങൾ പരമാവധിയാക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിലൂടെ, ഈ മഹത്തായ ദൗത്യം വികസിത ഇന്ത്യയുടെ അടിത്തറയായി മാറും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com