
ലഡാക്കിലെ ഇന്ത‍്യയിലെ ആദ‍്യത്തെ ഭൂതാപ ഊർജ പദ്ധതി
ഹർദീപ് എസ്. പുരി (കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി)
ഏതാനും ദിവസം മുൻപ്, ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. 2014 മുതൽ, ഇന്ത്യയുടെ ജിഡിപിയിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2025ൽ അത് ഇരട്ടിയിലധികം വർധിച്ച് 4.3 ട്രില്യൺ അമെരിക്കൻ ഡോളറായി. പരിഷ്കരണങ്ങൾ, പുനരുജ്ജീവനശേഷി, സ്വയംപര്യാപ്തതയ്ക്കായുള്ള നിരന്തരമായ പരിശ്രമം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ദശാബ്ദക്കാലത്തെ തന്ത്രത്തിന്‍റെ ഫലമാണിത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാത്രമല്ല, തന്ത്രപരമായ ശക്തിയായും ഇന്ത്യ മാറിയിരിക്കുന്നു. ഈ വളർച്ചയുടെ അവിഭാജ്യഘടകമായ ഊർജമേഖല, ഒരു ദശാബ്ദകാലത്തെ പരിവർത്തനാത്മക അടിത്തറയിലൂന്നി മോദി 3.0 ന്‍റെ ആദ്യവർഷത്തിൽ ഘടനാപരമായ മാറ്റത്തിന് വിധേയമായിരിക്കുന്നു.
ഏറ്റവും പ്രധാനമായി, അവസാന പാദത്തിൽ ഇന്ത്യയുടെ 6.7% എന്ന വളർച്ചാനിരക്ക്, മറ്റ് രാജ്യങ്ങൾക്കൊന്നും വരും വർഷങ്ങളിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വേഗതയേറിയ പാതയിലേക്ക് ഇന്ത്യയെ എത്തിച്ചിരിക്കുന്നു.
ഇന്ത്യ ഇപ്പോൾ ആഗോള തലത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ- എണ്ണ ഉപഭോക്താവ്, നാലാമത്തെ വലിയ സംസ്കരണ കേന്ദ്രം, നാലാമത്തെ വലിയ എൽഎൻജി ഇറക്കുമതി രാജ്യം എന്നീ നിലകളിൽ തുടരുന്നു. 2047 ആകുമ്പോഴേക്കും ഊർജ ആവശ്യകത രണ്ടരമടങ്ങ് വർധിക്കുമെന്നും ആഗോള ആവശ്യകതയുടെ 25% ഇന്ത്യയിൽ നിന്നായിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്ന അവസരത്തിൽ നമ്മുടെ മാർഗരേഖ വ്യക്തമാണ്: ഊർജസുരക്ഷയാണ് വികസനത്തിനുള്ള സുരക്ഷ.
ലഭ്യത, താങ്ങാനാകുന്ന നിരക്ക്, സുസ്ഥിരത എന്നതാണ് മോദി ഗവണ്മെന്‍റിന്‍റെ ഊർജതന്ത്രം. സ്രോതസുകളുടെയും വിതരണക്കാരുടെയും വൈവിധ്യവൽക്കരണം, ആഭ്യന്തര ഉല്പാദനത്തിന്‍റെ വിപുലീകരണം, പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം, താങ്ങാനാകുന്ന നിരക്ക് എന്നീ നാല് തലങ്ങളിലുള്ള സമീപനത്തിലൂടെയാണ് ഇത് അഭിസംബോധന ചെയ്യുന്നത്.
എണ്ണ- വാതക മേഖലയിൽ, ഇന്ത്യയുടെ പര്യവേക്ഷണ വിസ്തൃതി 2021ൽ 8% ആയിരുന്നത് ഇരട്ടിയായി 2025-ൽ 16% എന്ന നിലയിലെത്തി. 2030ഓടെ ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, 42 ശതകോടി ടൺ എണ്ണയും എണ്ണയ്ക്കു സമാനമായ വാതകവും പര്യവേക്ഷണം ചെയ്യാനാണ് ഗവൺമെന്‍റ് ലക്ഷ്യമിടുന്നത്. 'നോ-ഗോ' മേഖലകൾ 99% കുറയ്ക്കൽ, ഒഎഎൽപി ഘട്ടങ്ങളിലൂടെ ലൈസൻസിങ് കാര്യക്ഷമമാക്കൽ, പുതിയ വാതക ക്കിണറുകൾക്ക് ആകർഷകമായ വില പ്രോത്സാഹനങ്ങൾ എന്നിവ പോലുള്ള നാഴികക്കല്ലായ പരിഷ്കാരങ്ങളിലൂടെ ഈ വികസനം സാധ്യമാക്കുന്നു.
ഇന്ത്യൻ അസംസ്കൃത വാതക ശേഖരത്തിന്‍റെ 10% പുതിയ വിലകളുമായി ബന്ധിപ്പിക്കുകയും പുതിയ വാതകക്കിണറുകൾക്ക് 20% പ്രീമിയം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന രീതിയിലുള്ള പുതുക്കിയ വാതക വില നിർണ്ണയ സംവിധാനം നഗര വാതക ശൃംഖലകൾക്കും വ്യാവസായിക ഉപയോഗത്തിനും വാതക ഇന്ധന ലഭ്യത വർധിപ്പിച്ചു. ചെലവ് കുറയ്ക്കുന്നതിനും വരുമാനം ത്വരിതപ്പെടുത്തുന്നതിനുമായി, പുതിയ വരുമാനം പങ്കിടൽ കരാറുകൾ പ്രകാരം ഇ&പി പങ്കാളികൾക്കിടയിൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നു.
സാങ്കേതിക-ഭൂഭൗതിക ശ്രമങ്ങൾ നയപരിഷ്കാരങ്ങളെ പൂരകമാക്കി. നാഷണൽ സീസ്മിക് പ്രോഗ്രാം, മിഷൻ അന്വേഷൺ, എജിജി സർവേകൾ, കോണ്ടിനെന്‍റൽ ഷെൽഫ് മാപ്പിങ് എന്നിവ ഡേറ്റയും ഒപ്പം പര്യവേക്ഷണത്തിനുള്ള ആത്മവിശ്വാസവും വർധിപ്പിച്ചു. പ്രത്യേകിച്ച് ആൻഡമാൻ, മഹാനദി, കാവേരി തുടങ്ങിയ അതിർത്തി നദീതടങ്ങളിൽ ഇത് സഹായകരമായി.
കഴിഞ്ഞ നാല് വർഷത്തിനിടെ ഒഎൻജിസിയും ഓയിൽ ഇന്ത്യയും ചേർന്ന് മുംബൈ തീരം, കാംബേ, മഹാനദി, അസം നദീതടങ്ങളിൽ 25-ലധികം ഹൈഡ്രോകാർബൺ ശേഖരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്ത് സൂര്യമണി, വജ്രമണി കിണറുകളും കിഴക്കൻ തീരത്ത് ആഴക്കടലിൽ ഉത്കൽ, കൊണാർക്ക് പാടങ്ങളുമാണ് ഇതിൽ ശ്രദ്ധേയം. ഈ കണ്ടെത്തലുകൾ ഇന്ത്യയുടെ കരുതൽ ശേഖരത്തിലേക്ക് 75 MMTOE, 2700 MMSCM- അളവിൽ വാതകം കൂട്ടി ചേർക്കുന്നു.
പ്രമുഖ ആഗോള കമ്പനികളുമായുള്ള സഹകരണവും ഫലപ്രദമാകുന്നു. ബിപിയുമായുള്ള ഒഎൻജിസിയുടെ പങ്കാളിത്തം മുംബൈ ഹൈയിൽ നിന്നുള്ള എണ്ണ ഉൽപ്പാദനം 44 ശതമാനവും വാതക ഉൽപ്പാദനം 89 ശതമാനവും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യൂസ്റ്റൺ സർവകലാശാലയിലെ ഡേറ്റാ സെന്‍റർ വഴി ഇപ്പോൾ അന്താരാഷ്‌ട്ര നിക്ഷേപകർക്ക് ഇന്ത്യയുടെ പര്യവേക്ഷണ ഡാറ്റാ സെറ്റുകളിലേക്ക് പ്രവേശനം സാധ്യമാണ്.
വിതരണ അടിസ്ഥാന സൗകര്യങ്ങളും സമാന്തരമായി വികസിച്ചു. ഇന്ത്യ ഇപ്പോൾ 24,000 കിലോമീറ്റർ ഉല്പന്ന പൈപ്പ്‌ലൈനുകളും ഏകദേശം 96,000 ചില്ലറ വിൽപ്പനശാലകളും പ്രവർത്തിപ്പിക്കുന്നു. കൂടാതെ രാജ്യത്തിന്‍റെ തന്ത്രപരമായ കരുതൽ ശേഖരവും എൽപിജി സംഭരണവും ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 67 ദശലക്ഷത്തിലധികം പേർ പെട്രോൾ പമ്പുകൾ സന്ദർശിക്കുന്നു എന്ന കണക്ക് ഇന്ത്യയുടെ ഇന്ധന വിതരണ ആവാസ വ്യവസ്ഥയുടെ വിപുലതയ്ക്കും കാര്യക്ഷമതയ്ക്കും തെളിവാണ്.
ഇന്ത്യയുടെ നഗര വാതക ശൃംഖല 2014-ലെ 55 ഭൗമ മേഖലകളിൽ നിന്ന് 2025ൽ 307 ആയി വളർന്നു. പിഎൻജി കണക്ഷനുകൾ 25 ലക്ഷത്തിൽ നിന്ന് 1.5 കോടിയായി ഉയർന്നു. ഇന്ന് 7,500ലധികം സിഎൻജി സ്റ്റേഷനുകൾ പ്രവർത്തിക്കുന്നു. ഏകീകൃത പൈപ്പ്‌ലൈൻ താരിഫുകളും നഗര വാതക ശൃംഖല വിപുലീകരണങ്ങളും വിദൂര സംസ്ഥാനങ്ങളിൽ പോലും താങ്ങാനാകുന്ന വിലയിൽ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ഹരിത തന്ത്രത്തിന്‍റെ പ്രധാന ഘടകമായി ജൈവ ഇന്ധനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പെട്രോളിൽ എഥനോൾ മിശ്രണം ചെയ്യുന്നത് 2013ൽ 1.5% ആയിരുന്നത് 2025ൽ 19.7% ആയി ഉയർന്നു. മിശ്രണ അളവ് 38 കോടി ലിറ്ററിൽ നിന്ന് 484 കോടി ലിറ്ററായി വർധിച്ചു. ഇത് 1.26 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കുകയും 643 ലക്ഷം മെട്രിക് ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്തു. ഇത് ഡിസ്റ്റിലറുകൾക്ക് 1.79 ലക്ഷം കോടി രൂപയുടെയും കർഷകർക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെയും വരുമാനം നൽകി.
മൊളാസസ് മുതൽ ചോളം വരെയുള്ള ഫീഡ്‌സ്റ്റോക്ക് വൈവിധ്യവൽക്കരണം ശക്തമായ എഥനോൾ സംരംഭവ്യവസ്ഥ സൃഷ്ടിച്ചു. സമാന്തരമായി, SATAT സംരംഭം വഴി 100ലധികം കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്‍റുകൾ കമ്മീഷൻ ചെയ്യുകയും 2028ഓടെ 5% കംപ്രസ്ഡ് ബയോഗ്യാസ് മിശ്രണം ലക്ഷ്യമിടുകയും ചെയ്യുന്നു. ബയോമാസ് സംഭരണത്തിനും സിബിജി - പൈപ്പ്‌ലൈൻ കണക്റ്റിവിറ്റിക്കുമുള്ള കേന്ദ്ര ഗവണ്മെന്‍റിന്‍റെ പിന്തുണ ചാക്രിക ഊർജ സ്വീകാര്യതയെ ത്വരിതപ്പെടുത്തുന്നു.
8.62 ലക്ഷം ടൺ ഉല്പാദനവും 3,000 മെഗാവാട്ട് ഇലക്‌ട്രോലൈസർ ടെൻഡറുകളും അനുവദിച്ച് ഹരിത ഹൈഡ്രജൻ പദ്ധതികൾക്ക് ഗണ്യമായ ഊന്നൽ നൽകിയിട്ടുണ്ട്. ഇതിൽ എണ്ണ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്; ഐഒസിഎൽ അടുത്തിടെ ലാർസൻ ആൻഡ് ടൂബ്രോയുടെ പാനിപ്പത്ത് എണ്ണശുദ്ധീകരണശാലയ്ക്കായി 10 KTPA ഹരിത ഹൈഡ്രജൻ ടെൻഡർ നൽകി. സമാനമായി ബിപിസിഎൽ, എച്ച്പിസിൽ, ഗെയിൽ എന്നിവയും വലിയ തോതിലുള്ള ഹൈഡ്രജൻ പദ്ധതികളുമായി മുന്നോട്ട് പോകുന്നു. വടക്കുകിഴക്കൻ മേഖലയിൽ ഇത്തരത്തിലുള്ള പ്രഥമ സംരംഭമായി എൻ ആർ എല്ലിന്‍റെ അസമിലെ ഹരിത ഹൈഡ്രജൻ യൂണിറ്റ് മാറാൻ ഒരുങ്ങുകയാണ്.
ഇന്ത്യയുടെ പ്രകൃതിവാതക പൈപ്പ്‌ലൈൻ ശൃംഖല ഇപ്പോൾ 25,000 കിലോമീറ്ററിലധികം വ്യാപിച്ചിരിക്കുന്നു. ഇത് 2030 ആകുമ്പോഴേക്കും 33,000 കിലോമീറ്റർ ആയി ലക്ഷ്യമിടുന്നു. തന്ത്രപരമായ വിലനിർണയ പരിഷ്കാരങ്ങളും ഗതാഗത- ആഭ്യന്തര വിഭാഗങ്ങൾക്കായി "നോ കട്ട്' വിഭാഗത്തിൽ വാതക ഉൾപ്പെടുത്തലും വിതരണ സ്ഥിരത ഉറപ്പാക്കുന്നു. 2020-21-ൽ 28.7 ബിസിഎമ്മിൽ നിന്ന് 2023-24ൽ 36.4 ബിസിഎമ്മായി വാതക ഉല്പാദനം ക്രമാനുഗതമായി വർധിച്ചു. മേഖലയിൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്.
2024-ലെ ഓയിൽ ഫീൽഡ്സ് (നിയന്ത്രണ - വികസനം) ഭേദഗതി നിയമം വഴി ഇന്ത്യ ഹൈബ്രിഡ് ലീസുകൾ പ്രാപ്തമാക്കിയതുപോലെ, മറ്റൊരു രാജ്യവും അതിന്‍റെ "ഭരണ സംവിധാനത്തിൽ' ഇത്രയധികം മാറ്റം വരുത്തിയിട്ടില്ല. ഇത് ഹൈഡ്രോ കാർബണുകൾക്കൊപ്പം പുനരുപയോഗിക്കാവുന്ന ഊർജവും അനുവദിക്കുന്നു. ഡിഎസ്എഫ് ഫീൽഡുകൾ ഇപ്പോൾ കുറഞ്ഞ നടപടിക്രമങ്ങളോടെ ലളിതമായ കരാറുകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ബേസിനുകളിലുടനീളം നാമമാത്ര പാടങ്ങൾ പോലും പര്യവേക്ഷണം ചെയ്യാൻ ഇത് സഹായിക്കുന്നു. ഇന്ത്യയുടെ എണ്ണ വാതക പര്യവേക്ഷണ മേഖലയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിനും മാറ്റങ്ങൾ വരുത്താനും കൂടുതൽ വിപുലമാക്കാനും തയ്യാറാണെന്ന് ഈ വിപുലമായ നയ പരിഷ്കാരങ്ങൾ കാണിക്കുന്നു.
പിഎം ഗതി ശക്തിയിലൂടെ, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഒരു ലക്ഷത്തിലധികം ആസ്തികളും പൈപ്പ്‌ലൈനുകളും ഡിജിറ്റൽ മാപ്പ് ചെയ്തിട്ടുണ്ട്. ദേശീയ ആസൂത്രണ പദ്ധതിയുമായുള്ള സംയോജനം മന്ത്രാലയങ്ങളിലുടനീളം പദ്ധതിയുടെ തത്സമയ ദൃശ്യപരതയും ഏകോപനവും ഉറപ്പാക്കുന്നു. ഇൻഡോ- നേപ്പാൾ പൈപ്പ്‌ലൈൻ, സമൃദ്ധി യൂട്ടിലിറ്റി ഇടനാഴി തുടങ്ങിയ പ്രധാന പദ്ധതികൾക്ക് പാത ഏകീകരണത്തിലൂടെ 169 കോടിയിലധികം രൂപ ചെലവ് ലാഭിക്കാനായി.
താങ്ങാനാകുന്ന വില എന്നത് ഇപ്പോഴും കേന്ദ്രഘടകമാണ്. ആഗോള എൽപിജി വില 58% വർധിച്ചിട്ടും, പിഎംയുവൈ ഗുണഭോക്താക്കൾക്ക് 553 രൂപയ്ക്ക് സിലിണ്ടർ നൽകുന്നു. സബ്‌സിഡിയും എണ്ണ കമ്പനികൾക്ക് നഷ്ടപരിഹാരവും നൽകി ഇതിന് പിന്തുണ നൽകുന്നു. എക്സൈസ് തീരുവ കുറയ്ക്കുക വഴി ഇന്ത്യയിലെ ഇന്ധന വില സ്ഥിരമായി നിലനിർത്തിയിരിക്കുന്നു. ഇത് അയൽരാജ്യങ്ങളിൽ കാണപ്പെടുന്ന അസ്ഥിരതയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിവർത്തനാത്മക നേതൃത്വത്തിന്‍റെ 11 വർഷം പിന്നിട്ടപ്പോൾ, ഇന്ത്യയുടെ ഊർജ മേഖലയിൽ ഇനി ഉത്കണ്ഠയ്ക്ക് ഇടമില്ല. ആത്മവിശ്വാസം, സ്വയംപര്യാപ്തത, തന്ത്രപരമായ ദീർഘവീക്ഷണം എന്നിവയാൽ ഇന്ത്യൻ ഊർജമേഖല അടയാളപ്പെടുത്തിയിരിക്കുന്നു. ഊർജം കേവലമൊരു ഉൽപ്പന്നം മാത്രമല്ല, പരമാധികാരം, സുരക്ഷ, സുസ്ഥിര വികസനം എന്നിവയ്ക്കുള്ള ഉത്തേജകവും കൂടിയാണ്.