അഭിമാനത്തോടെ പറയാം, 'യെസ്, ഐ ആം എ മാപ്ര..'!

കേവലമൊരു പ്രാദേശിക തിരോധാനത്തിന്‍റെ പരിമിതമായ വാര്‍ത്താക്കോളത്തില്‍ നിന്നും കേരളത്തിന്‍റെ വേദനയായി വളര്‍ത്തിയതില്‍ ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.
അബിഗേൽ സാറയോടൊപ്പം മാതാപിതാക്കളായ റെജി, സിജി, സഹോദരൻ ജോനാഥൻ എന്നിവർ കൊല്ലം പൊലീസ് ക്യാംപിൽ. ഡിഐജി ആർ. നിശാന്തിനി, എഡിജിപി എം.ആർ. അജിത് കുമാർ തുടങ്ങിയവർ സമീപം.
അബിഗേൽ സാറയോടൊപ്പം മാതാപിതാക്കളായ റെജി, സിജി, സഹോദരൻ ജോനാഥൻ എന്നിവർ കൊല്ലം പൊലീസ് ക്യാംപിൽ. ഡിഐജി ആർ. നിശാന്തിനി, എഡിജിപി എം.ആർ. അജിത് കുമാർ തുടങ്ങിയവർ സമീപം.

##അനൂപ് കെ. മോഹൻ

വെറും ഒറ്റക്കോളത്തില്‍ ഒതുങ്ങാവുന്ന വാര്‍ത്ത. കാണാന്മാനില്ല എന്ന ചിരപരിചിതമായ തലക്കെട്ടിനു താഴെ, അബിഗേല്‍ സാറ റെജി എന്നൊരു പേരും വിവരണങ്ങളും മാത്രം പ്രത്യക്ഷപ്പെടാവുന്ന വാര്‍ത്തയ്ക്കു കീഴിലേക്ക് ഒതുങ്ങാവുന്ന വാര്‍ത്തയായിരുന്നു. അവിടെ നിന്നും കേരളം മുഴുവന്‍ കാതോര്‍ക്കുന്ന വാര്‍ത്തയിലേക്കുള്ള വളര്‍ച്ച ചെറുതായിരുന്നില്ല. മാപ്രയെന്ന വിഖ്യാതമായ വിശേഷണത്തിന്‍റെ കീഴില്‍ നിന്ന് കുഞ്ഞിന്‍റെ തിരോധാനത്തെ വളര്‍ത്തി വലുതാക്കിയെടുത്തവരുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്തയില്‍ നിന്ന് കേരളത്തിന്‍റെ മുഴുവന്‍ പ്രശ്‌നമാക്കിയെടുത്ത മാധ്യമപ്രവര്‍ത്തനത്തെ സല്യൂട്ട് ചെയ്യേണ്ടതുണ്ട്. ഒരു പക്ഷേ കേവലമൊരു തിരോധാനവാര്‍ത്തയുടെ തണലിലേക്ക് ഒതുങ്ങിയിരുന്നെങ്കില്‍, കുഞ്ഞിന്‍റെ കാണാതാകലിന്‍റെ ക്ലൈമാക്‌സ് ഇങ്ങനെയാവുമായിരുന്നോ എന്നു ചിന്തിച്ചു നോക്കൂ...ഉറപ്പാണ് ഇങ്ങനെയാകുമായിരുന്നില്ല.

കുഞ്ഞിനെ കാണാതായതിന്‍റെ മണിക്കൂര്‍ കണക്കുകള്‍. കാണാതായ കുഞ്ഞിന്‍റെ ഉറ്റവരുടെ അണ്ണാക്ക് വരെ നീളുന്ന മൈക്കുകള്‍. സാധ്യതയുടെ പുതിയ പ്ലാറ്റ്‌ഫോമുകള്‍. സ്ഥിരീകരിക്കുന്നതും അല്ലാത്തതുമായ ഡവലപ്‌മെന്‍റുകള്‍. തെറ്റും ശരിയുമായ വാര്‍ത്തകള്‍. ഇക്കഴിഞ്ഞ ഇരുപതു മണിക്കൂറുകള്‍ മലയാളി ടെലിവിഷനിലൂടെ അറിഞ്ഞതിനൊക്കെയും അതിനാടകീയതയുടെ സ്പര്‍ശമുണ്ടായിരുന്നു. അപ്പോഴൊക്കെയും പഴി കേട്ടതൊക്കെയും മാധ്യമങ്ങളായിരുന്നു, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍. എന്നാല്‍ കുഞ്ഞിനെയൊരു മൈതാനത്തില്‍ ഉപേക്ഷിച്ചു കടന്നു കളയാനുള്ള സാധ്യതയുടെ വാതില്‍ തുറന്നത് ഇതേ മാധ്യങ്ങള്‍ തന്നെയാണെന്ന് ഉറപ്പിച്ചു പറയേണ്ടി വരും. കേവലമൊരു പ്രാദേശിക തിരോധാനത്തിന്‍റെ പരിമിതമായ വാര്‍ത്താക്കോളത്തില്‍ നിന്നും കേരളത്തിന്‍റെ വേദനയായി വളര്‍ത്തിയതില്‍ ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. അവഗണിക്കാവുന്നതല്ല. വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന്‍റെ എല്ലാ എത്തിക്‌സും മാറ്റിനിര്‍ത്തിയാല്‍, ഇത്തരമൊരു സമര്‍ദതന്ത്രത്തിന്‍റെ അനിവാര്യമായ ഫലം തന്നെയാണ് കുഞ്ഞിനെ തിരികെ കിട്ടുന്നതിലൂടെ കേരളത്തിനു ബോധ്യപ്പെടുന്നത്്. അതിനു ചുക്കാന്‍ പിടിച്ചതു മാധ്യമങ്ങളും.

ഒന്നോര്‍ത്തൂ നോക്കൂ, കേരളം മുഴുവന്‍ ഏറ്റെടുത്ത പ്രശ്‌നമല്ലായിരുന്നെങ്കില്‍ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ആ കുഞ്ഞിനെ തിരികെ കുടുംബത്തിന്‍റെ കരങ്ങളില്‍ എത്തിക്കാനാകുമായിരുന്നോ. ഇപ്പോഴും അജ്ഞാതരായി തുടരുന്ന ആ തട്ടിക്കൊണ്ടു പോകല്‍ സംഘം ആ കുഞ്ഞിനെ ഏറെ വിസിബിലിറ്റിയുള്ള ആ ഇടത്ത് ഉപേക്ഷിക്കുമായിരുന്നു. മലയാളി ആഗ്രഹിച്ചിരുന്ന ക്ലൈമാക്‌സ് ഇങ്ങനെ ആയിരുന്നിരിക്കുമോ. അത്ര ശക്തമായ നിരീക്ഷണം നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകാനുള്ള കാരണ മാപ്രകളല്ലാതെ മറ്റെന്താണ്. ഒരു കുടുംബത്തിന്‍റെ സന്തോഷത്തിലേക്കു മലയാളിക്കും പങ്കുചേരാന്‍ കഴിയുന്നതും അതുകൊണ്ടു തന്നെയാണ്. ആ കാരണത്തിന് മാപ്ര എന്ന ചുരുക്കപ്പേരിലൊതുങ്ങുന്ന വിശേഷണം മാത്രമേയുള്ളൂ. ആക്ഷേപിക്കുമ്പോഴും അധിക്ഷേപിക്കുമ്പോഴും സ്വന്തം കര്‍മപഥത്തില്‍ നിന്ന് അണുവിട തെറ്റാതെയുള്ള പ്രവര്‍ത്തനം.

ഒരു രാത്രിയുറക്കത്തിന്‍റെ ദൈര്‍ഘ്യത്തിനപ്പുറത്തേക്കു വളരാത്ത വാര്‍ത്തയുടെ പരിമിതിയില്‍ നിന്ന് കേരളം ഒന്നാകെ ഏറ്റെടുത്തതായിരുന്നു ആയൂരിലെ കുഞ്ഞിന്‍റെ തിരോധാനം. അടുത്ത വാര്‍ത്തയുടെ പുതുമയിലേക്ക് സ്വിച്ച് ചെയ്യാതെ ആ തിരോധാന വാര്‍ത്ത കേരളം മുഴുവന്‍ നിറഞ്ഞു നിര്‍ത്തിയതില്‍ ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. റിപ്പോര്‍ട്ടിങ്ങിന്‍റെ ഓരോ ഇടവേളയില്‍ പഴികളേറെ കേട്ടുവെങ്കലും ആ ഒന്നാം ക്ലാസുകാരിയുടെ തിരോധാനം നിറഞ്ഞു തന്നെ നിന്നു. ഇത്രയേറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച വാര്‍ത്ത, സമര്‍ദം, ഓരോ മലയാളിയുടെ തേടുന്നത് ഈ കുഞ്ഞിനെ എന്ന തിരിച്ചറിവില്‍ നിന്നു തന്നെയാകണം അശ്രാമം മൈതാനത്തില്‍ ആ കുഞ്ഞ് ഉപേക്ഷിപ്പെടുന്നത്. അതിസുരക്ഷയുടെ ക്യാമറാക്കണ്ണുകള്‍ കേരളത്തെ വലയം ചെയ്യുന്നുവെന്ന ഊറ്റം കൊള്ളലിലും പതറിപ്പോയ ഇരപതു മണിക്കൂറുകള്‍ ചോദ്യം ചിഹ്നമായുണ്ട്. അതു മറക്കരുത്, മറന്നു പോകരുത്.

ഉറക്കത്തിന്‍റെ ഓരോ ഇടവേളകളിലും മൊബൈല്‍ ഫോണെടുത്ത് ലൈവ് വാര്‍ത്തയറിഞ്ഞ് ആ കുഞ്ഞിനെ തിരിച്ചു കിട്ടിയോ എന്ന് ഓരോ അച്ഛന്നമ്മമാരും പരിശോധിച്ച രാത്രിയാണ് കഴിഞ്ഞദിവസം കടന്നു പോയത്. എത്ര പൈസ വേണമെങ്കിലും തരാം കുഞ്ഞിനെ ഇപ്പോള്‍ തിരിച്ചു തരാന്‍ പറ്റുമോ എന്നൊരു നിസഹായനായ അച്ഛന്‍ ചോദിക്കുന്നതിന്‍റെ വോയ്‌സ് ക്ലിപ്പും കേരളം കേട്ടു. ആ അച്ഛന്‍റെയും അമ്മയുടെയും നിസഹായാവസ്ഥ തന്നെയായിരുന്നു ഓരോ മലയാളിക്കും. ചികഞ്ഞറിഞ്ഞതും ഊഹാപോഹങ്ങളില്‍ ഉരുത്തിരിഞ്ഞതും സാധ്യതകളുമൊക്കെ അറിയിച്ചു കൊണ്ട് ഉറക്കമില്ലാതെ റിപ്പോര്‍ട്ട് ചെയ്തതു കൊണ്ടാണ് കുഞ്ഞിനെ ഉപേക്ഷിക്കേണ്ട സ്ഥിതിയില്‍ എത്തിയത്. കേരളം മുഴുവന്‍ ഈ കുഞ്ഞിനെ തേടുകയാണെന്ന തിരിച്ചറിവ് തന്നെയാണ് ആ കുഞ്ഞിനെ തിരികെ കിട്ടാനുള്ള വാതില്‍ തുറന്നതെന്നു നിസംശയം പറയാം.

ഒന്ന് മറക്കരുത്, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മാതൃഭൂമി, മനോരമ ന്യൂസ്, 24 ന്യൂസ് എന്നിങ്ങനെയുള്ള നിരവധി ന്യൂസ് ചാനലുകള്‍ക്കും കമലേഷ്, ശരത് കെ. ശശി, കണ്ണന്‍, വിജയലക്ഷ്മി എന്നിങ്ങനെ അസംഖ്യം മാപ്രകളും ഉറക്കമിളച്ചതു കൊണ്ടും, നിരന്തര വാര്‍ത്തയുടെ സിഗ്നലുകള്‍ മലയാളികളില്‍ എത്തിച്ചതു കൊണ്ടു തന്നെയാണ് ഈ തിരോധാനത്തിന് ശുഭപര്യവസാനിയായ ക്ലൈമാക്‌സുണ്ടാകുന്നത്. കേരളം ഏറെ കാത്തിരുന്ന വാര്‍ത്തയ്ക്ക് കാതോര്‍ക്കാനാകുന്നത്. ഇവര്‍ക്കൊക്കെ അഭിമാനത്തോടെ തന്നെ പറയാന്‍ കഴിയും, യെസ്, ഐ ആം എ മാപ്ര..!

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com