
അനൂപ് മോഹൻ
''അന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഞാനും വി.എസ്. അച്യുതാനന്ദനും മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്'' - രണ്ടു വര്‍ഷം മുമ്പ്, സിപിഎമ്മിന്‍റെ രൂപീകരണത്തിനു വഴിവച്ച ആ ഇറങ്ങിപ്പോകലിന്‍റെ ഓര്‍മ പങ്കുവച്ചപ്പോള്‍ എന്‍. ശങ്കരയ്യ പറഞ്ഞ വാചകം. പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലത്തിന്‍റെ പ്ലാറ്റ്‌ഫോമില്‍ നിന്നൊരു പുതിയ പാര്‍ട്ടിയെ രൂപപ്പെടുത്താനുള്ള തിരിച്ചിറക്കം. 1964ല്‍ സിപിഐയുടെ ഏഴാം ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്നു പാര്‍ട്ടി ചെയര്‍മാന്‍ എസ്.എ. ഡാംഗെയുടെ നിലപാടുകളില്‍ വിയോജിച്ചുകൊണ്ടായിരുന്നു ആ ഇറങ്ങിപ്പോകല്‍. പിന്നെയങ്ങോട്ട് ചരിത്രമാണ്. സിപിഐ എം രൂപീകരിക്കപ്പെട്ടു.
അതിനൊക്കെ എത്രയോ മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1931ല്‍ കണ്ണീരണിഞ്ഞ് മുദ്രാവാക്യം വിളിച്ചു നിന്ന ഒരു ഒമ്പതു വയസുകാരനുണ്ട്. പില്‍ക്കാലം എന്‍. ശങ്കരയ്യ എന്ന ചുരുക്കപ്പേരിലേക്കൊതുക്കിയ നരസിംഹലു ശങ്കരയ്യ. 1931ല്‍ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയപ്പോഴാണ് കരഞ്ഞുകൊണ്ട് പ്രക്ഷോഭത്തിന്‍റെ ഭാഗമാകുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറെ വൈകാരികമായൊരു വഴിത്തിരിവ് തന്നെയായിരുന്നു ഭഗത് സിങ്ങിന്‍റെ മരണം. ശങ്കരയ്യയില്‍ സ്വാതന്ത്ര സമരത്തില്‍ പങ്കാളിയാവാനുള്ള വിത്ത് പാകിയതിനും, ആ വിത്ത് വേരുറച്ചതിനും കാരണമായതു ഭഗത് സിങ്ങിന്‍റെ ജീവിതത്യാഗമാണ്.
പിന്നീട് മധുരയിലെ അമെരിക്കന്‍ കോളെജിലെ പഠനകാലത്ത് കൃത്യമായ ആശയങ്ങള്‍ അടിത്തറ പാകിയിരുന്നു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. ബ്രിട്ടിഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത അണ്ണാമലൈ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടന്ന പ്രക്ഷോഭത്തിലും പങ്കാളിയായി. ലഘുലേഖകളും ബ്രിട്ടിഷ് വിരുദ്ധ നോട്ടിസുകളുമൊക്കെ വിതരണം ചെയ്തു. അങ്ങനെ 1941 ഫെബ്രുവരി 28ന് ശങ്കരയ്യ അറസ്റ്റിലായി. അറസ്റ്റിലാവുമ്പോള്‍ ബിഎ ഫൈനല്‍ പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പിന്നീട് ശങ്കരയ്യ ജയിലില്‍ നിന്നു പുറത്തിറങ്ങുന്നത് ഒന്നര വര്‍ഷം കഴിഞ്ഞും.
ആ കാലത്തെക്കുറിച്ച് ശങ്കരയ്യ ഓര്‍ക്കുന്നതിലുമുണ്ട് അലയടങ്ങാത്ത സമരവീര്യം. ജന്മനാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി, സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ജയിലില്‍ പോകുന്നതില്‍ ഏറെ സന്തോഷിച്ചിരുന്നു. കരിയറിനെക്കുറിച്ച് ആലോചിച്ചില്ല. ജീവിതം നഷ്ടമാകുന്നുവെന്നു തോന്നിയതു പോലുമില്ല. വലിയൊരു ലക്ഷ്യം മുന്നിലുണ്ടായിരുന്നു. സ്വാതന്ത്ര്യം മാത്രമായിരുന്നു ഉള്ളിൽ. പഠനം ശേഷം തൊഴിലന്വേഷകരാവണമെന്നല്ല, സ്വാതന്ത്ര്യ സേനാനികളായി മാറണമെന്ന ബോധം യുവാക്കളുടെ മനസില്‍ അരക്കിട്ടുറപ്പിച്ചിരുന്ന കാലം. ആദ്യം ട്രിച്ചി ജയിലിലും പിന്നീട് വെല്ലൂര്‍ ജയിലിലുമാണ് ശങ്കരയ്യ പാര്‍പ്പിച്ചിരുന്നത്. ജയിലിൽ എകെജിയും ഇമ്പിച്ചിബാവയുമൊക്കെ ഉണ്ടായിരുന്നു. പിന്നീട് പല കാലങ്ങളിലായി എട്ടു വര്‍ഷത്തോളം മധുര, വെല്ലൂര്‍, കണ്ണൂര്‍, തഞ്ചാവൂര്‍ ജയിലുകളില്‍ തടവില്‍ കഴിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ കർഷക സംഘടന ഓൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഴു കൊല്ലത്തോളം സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും, രണ്ട് പതിറ്റാണ്ടോളം സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. മൂന്നു വട്ടമാണ് തമിഴ്നാട് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്‌ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവർ പോലും അംഗീകരിക്കുന്ന വ്യക്തിത്വമായിരുന്നു ശങ്കരയ്യയുടേത്. ഡിഎംകെ നേതാവ് കരുണാനിധി മാക്സിം ഗോർക്കിയുടെ അമ്മ എന്ന കൃതി കവിതാരൂപത്തിൽ തമിഴിലേക്കു പരിഭാഷപ്പെടുത്തിയപ്പോൾ, പുസ്തകത്തിന്‍റെ ആമുഖമെഴുതിയതു ശങ്കരയ്യയ്യാണ്. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ഉള്ളവരുമായി പരന്ന സൗഹൃദം കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ആവശ്യങ്ങൾ എല്ലാകാലത്തും ജനങ്ങൾക്കു വേണ്ടി മാത്രമുളളതായിരിക്കുമെന്നു കാലം തെളിയിച്ചു.
1977 മുതൽ 1980 വരെ, എംജിആറിന്‍റെ ഭരണകാലത്തിൽ തമിഴ്നാട്ടിലെ എല്ലാ ഗ്രാമങ്ങളിലും റേഷൻ കടകൾ ആരംഭിക്കണമെന്ന നിർദേശം ശങ്കരയ്യ മുന്നോട്ടുവച്ചു. നിർദേശം എംജിആർ അംഗീകരിച്ചു. അപ്പോഴേക്കും ബജറ്റ് പ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രതിസന്ധിയെ മറികടക്കാനും ശങ്കരയ്യ തന്നെ ഒരു നിർദേശം മുന്നോട്ടുവച്ചു. ബജറ്റ് പ്രസംഗത്തിന്‍റെ ഏറ്റവുമൊടുവിൽ ഈ നിർദേശം ഒട്ടിച്ചുവയ്ക്കുക. ഒടുവിൽ ആ മാർഗം തന്നെ സ്വീകരിക്കുകയും ചെയ്തു.
രാഷ്‌ട്രീയ പ്രവർത്തനത്തിലെന്നും ശങ്കരയ്യ മുറുകെ പിടിച്ച ഒരു കാര്യമുണ്ട്. പോരാട്ടത്തിന്‍റെ കനൽക്കാലം കടന്നു നല്ല കാലത്തിന്‍റെ നടവഴികളിൽ എത്തുമ്പോഴും കമ്യൂണിസ്റ്റുകാരൻ ചേർത്തു തന്നെ പിടിക്കേണ്ട ഒന്ന്. ""കമ്യൂണിസ്റ്റുകാരൻ എല്ലാകാലത്തും ജനങ്ങളുമായി ബന്ധമുള്ളവനായിരിക്കണം. ഓരോ വീടുകളിലുമെത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മനസുണ്ടാവണം.'' ഒരു നൂറ്റാണ്ടിനപ്പുറം നീണ്ട ജീവിതത്തിലുടനീളം അദ്ദേഹം കൈമോശം വരുത്താത്ത കമ്യൂണിസ്റ്റ് ആശയവും ഇതു തന്നെയായിരുന്നു. ആരോഗ്യം അനുവദിച്ച കാലം വരെ ജനങ്ങൾക്കിടയിൽ, ജനങ്ങൾക്കു വേണ്ടി, ജനങ്ങളിലൊരാളായിത്തന്നെ അദ്ദേഹം തുടർന്നു.
ഭഗത് സിങ്ങിന്‍റെ ജീവത്യാഗത്തില്‍ രോഷം പൂണ്ട്, കണ്ണീരണിഞ്ഞ്, തൊണ്ടു പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് തഞ്ചാവൂരിന്‍റെ തെരുവുകളിലൂടെ പ്രതിഷേധിച്ച ആ ഒമ്പതു വയസുകാരന്‍റെ സമരവീര്യം എല്ലാ കാലത്തും ആ സിരകളിൽ തിളച്ചുകൊണ്ടേയിരുന്നു. പോയകാലത്തിലെ പോരാട്ടങ്ങളുടെ സമരാങ്കണഭൂവിൽ അദ്ദേഹമെഴുതിയ ചരിത്രം ഇനിയും തുടിച്ചു കൊണ്ടേയിരിക്കും.