കായിക സംഘടനകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്ര നിയമം

രാജ്യത്തെ മുഴുവന്‍ കായിക സംഘടനകളുടെയും സ്വയംഭരണാവകാശവും പരമാധികാരവും അപ്പാടെ കവര്‍ന്നെടുക്കുന്നതാണ് ദേശീയ കായിക ഭരണ ബില്ല്
special story on national sports governance bill

കായിക സംഘടനകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്ര നിയമം

representative image

Updated on

അഡ്വ. ജി. സുഗുണന്‍

പല രാജ്യങ്ങളും ഒളിംപിക്‌സിലും മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും വന്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നു. അവിടങ്ങളിലെല്ലാം സ്‌പോട്സ് പ്രൊമോഷന് സമഗ്രമായ നിയമങ്ങളുമുണ്ട്. ഒളിംപിക്‌സ് അടക്കമുള്ള അന്തര്‍ദേശീയ മത്സരങ്ങളിലെ ദയനീയ പരാജയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്പോട്സ് വികസനം ലക്ഷ്യമാക്കി സമഗ്രമായ ഒരു ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുകയും പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും അതു പാസാക്കുകയും ചെയ്തത്. നിര്‍ഭാഗ്യവശാല്‍, കായിക മേഖലാ വികസനത്തിനായി കൊണ്ടുവന്ന ഈ ബില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിലാണ് ഈ സുപ്രധാന നിയമം പാസാക്കിയത്. വിപുലമായ ചര്‍ച്ച കേന്ദ്രം ആഗ്രഹിക്കുന്നില്ല എന്നതിനു ദൃഷ്ടാന്തമാണിത്.

സംസ്ഥാന സ്പോട്സ് കൗണ്‍സിലുകള്‍ അടക്കം രാജ്യത്തെ മുഴുവന്‍ കായിക സംഘടകളുടെയും സ്വയംഭരണാവകാശവും പരമാധികാരവും അപ്പാടെ കവര്‍ന്നെടുക്കുന്നതാണ് ദേശീയ കായിക ഭരണ ബില്ല്. കായിക സംഘടനകളുടെ അംഗീകാരം, അവയിലെ തെരഞ്ഞെടുപ്പ്, ഫണ്ട് വിനിയോഗം, നയ രൂപീകരണം എന്നിവ സംബന്ധിച്ച എല്ലാ അധികാരങ്ങളും പുതുതായി രൂപീകരിക്കുന്ന നാഷണല്‍ സ്പോട്സ് ബോര്‍ഡില്‍ (എന്‍എസ്ബി) നിക്ഷിപ്തമാക്കി. കായിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാൻ പുതുതായി രൂപീകരിക്കുന്ന ദേശീയ സ്പോട്സ് ട്രിബ്യൂണലിന് (എന്‍എസ്ടി) അമിതാധികാരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഈ ട്രിബ്യൂണല്‍ വിധിയ്‌ക്കെതിരായ അപ്പീല്‍ സുപ്രീം കോടതിക്കു മാത്രമാണ് കേള്‍ക്കാന്‍ കഴിയുക. തികച്ചും ഭരണഘടനാവിരുദ്ധമായ നടപടി. ഫലത്തില്‍, വ്യാപകമായ നീതി നിഷേധത്തിന് ഇത് വഴിയൊരുക്കും.

ഭരണഘടന പ്രകാരം സംസ്ഥാന വിഷയമായ കായിക രംഗത്തെ പൂര്‍ണമായും ഈ ബില്ലില്‍ കൂടി കേന്ദ്രം കൈപ്പിടിയില്‍ ഒതുക്കുകയാണ്. ഫെഡറലിസത്തിന്മേലുള്ള നഗ്നമായ കൈയേറ്റമാണിത്. സംസ്ഥാന കായിക വകുപ്പുകളും സംസ്ഥാന സ്പോട്സ് കൗണ്‍സിലുകളും മറ്റ് സ്പോട്സ് ഫെഡറേഷനുകളുമെല്ലാം ഭാവിയില്‍ നോക്കുകുത്തികളായി മാറുന്ന സ്ഥിതി. അധികാരത്തിലിരിക്കുന്നവര്‍ക്കു വേണ്ടപ്പെട്ടവരെ കായിക സംഘടനകളുടെ തലപ്പത്തു പ്രതിഷ്ഠിക്കാനും, സമിതികളാകെ പിടിച്ചെടുക്കാനും വേണ്ട വിപുലമായ ജനാധിപത്യവിരുദ്ധ വ്യവസ്ഥകളാണ് ഈ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചത്.

തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാൻ ആഗോള കായിക തര്‍ക്കപരിഹാര കോടതിയുടെ മാതൃകയില്‍ സ്‌പോട്‌സ് ട്രൈബ്യൂണലും, വിവിധ ദേശീയ ഫെഡറേഷനുകള്‍ വര്‍ഷങ്ങളായി നിയമക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ഓരോ ദേശീയ കായിക സംഘടനകളിലും സുതാര്യവും സമയബന്ധിതവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന കായിക തെരഞ്ഞെടുപ്പ് സമിതിയും സ്ഥാപിക്കും. ഒരു കായിക ഇനത്തിന് ഒരു ദേശീയ ഭരണ സമിതി മാത്രമേ പാടുള്ളൂ. സംഘടനകള്‍ പേരിലും ലോഗോയിലും ഇന്ത്യ, ഇന്ത്യന്‍, നാഷണല്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാൻ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വാങ്ങണം.

എന്‍എസ്ബി ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍, ജ്യുഡീഷ്യല്‍ സ്വഭാവമുള്ള സ്‌പോട്‌സ് ട്രൈബ്യൂണലിന്‍റെ ചെയർപേഴ്സൺ, അംഗങ്ങള്‍ തുടങ്ങിയവരുടെ നിയമനവും നിയന്ത്രണവും കേന്ദ്ര സര്‍ക്കാരിനാകും. ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്‍കല്‍, റദ്ദാക്കല്‍, സസ്‌പെൻഡ് ചെയ്യല്‍ തുടങ്ങിയ അധികാരങ്ങളുള്ള എന്‍എസ്ബിയില്‍ കേന്ദ്രം രൂപീകരിക്കുന്ന സെര്‍ച്ച് കമ്മറ്റിയാണ് നിയമനങ്ങള്‍ നടത്തുക. കേന്ദ്ര സഹായധനം ലഭ്യമാക്കണമെങ്കില്‍ എല്ലാ ദേശീയ കായിക ഫെഡറേഷനുകള്‍ക്കും പുതുതായി രൂപീകരിക്കുന്ന ദേശീയ കായിക ബോര്‍ഡിന്‍റെ അംഗീകാരം നിര്‍ബന്ധമാക്കുന്നത് അവയെ സഹായിക്കാനല്ല, രാഷ്‌ട്രീയ ലാക്കോടെയാണ് ഈ നിബന്ധനയെന്ന കാര്യത്തിലും സംശയമില്ല.

എല്ലാ അംഗീകൃത കായിക സംഘടനകളും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും സഭയില്‍ അവതരിപ്പിച്ചതിനു ശേഷം വീണ്ടും അതില്‍ ഭേദഗതി വരുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് കൺട്രോള്‍ ബോര്‍ഡിന്‍റെ (ബിസിസിഐ) ശക്തമായ എതിര്‍പ്പു വന്നതോടെയാണ് ആ തീരുമാനം ഉണ്ടായത്. കേന്ദ്ര സഹായത്തെ ആശ്രയിക്കുന്ന കായിക സംഘടനകള്‍ മാത്രം വിവരാവകാശത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് പുതിയ ഭേദഗതി. ബിസിസിഐ കേന്ദ്ര സഹായത്തെ ആശ്രയിക്കുന്നില്ല. അതോടെ, രാജ്യത്തെ വലിയ പ്രമാണിമാരുടെ സംഘടനയെ വിവരാവകാശ പരിധിയില്‍ നിന്നും സര്‍ക്കാര്‍ പുറത്തുകൊണ്ടുവന്നു. അവര്‍ക്ക് ആരോടും ഒരു ബാധ്യതയുമില്ല എന്നര്‍ഥം. കായിക സംഘടനകളുടെ ഭരണ തലപ്പത്തേക്കു മത്സരിക്കാനുള്ള പ്രായപരിധി 70ല്‍ നിന്ന് 75 ആയി ഉയര്‍ത്തി. അതതു സംഘടനകളുടെ അന്താരാഷ്‌ട്ര സംഘടനകളുടെ സ്റ്റ്യാറ്റൂട്ടും ബൈലോകളും അനുവദിക്കുമെങ്കില്‍ മാത്രമായിരിക്കുമിത്.

കായിക ഫെഡറേഷനുകള്‍ക്കു വിശ്വാസ്യതയും നീതിയും മികച്ച ഭരണവും ഉറപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നു കായിക വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറയുന്നു. ബില്‍ കായിക മന്ത്രാലയത്തിന്‍റെ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടണമെന്നു നേരത്തേ സമിതി ചെയര്‍മാനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് നിര്‍ദേശിച്ചിരുന്നെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല.

ഏതെങ്കിലും കായിക സംഘടന എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ വീഴ്ച വരുത്തുകയോ തെരഞ്ഞെടുപ്പു നടപടിക്രമത്തില്‍ ഗുരുതര ക്രമക്കേട് കാട്ടുകയോ ചെയ്താല്‍ അതിന്‍റെ അംഗീകാരം റദ്ദാക്കാന്‍ നാഷ്ണല്‍ സ്‌പോട്‌സ് ബോര്‍ഡിന് അധികാരമുണ്ടായിരിക്കും. വാര്‍ഷിക ഓഡിറ്റ് കണക്കുകള്‍ പ്രസിദ്ധീകരിക്കാതിരിക്കല്‍, പൊതു ഫണ്ടിന്‍റെ ദുരുപയോഗം എന്നിവ കണ്ടെത്തിയാലും ബോര്‍ഡിന് നടപടി യെടുക്കാം. അതിന് മുമ്പ് ബന്ധപ്പെട്ട കായിക സംഘടനയുടെ അന്താരാഷ്‌ട്ര സംഘടനയുമായി കൂടിയാലോചിക്കണം.

കായിക സംഘടനകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ സംസ്ഥാനങ്ങളിലെ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. ബിസിസിഐ 1975ലെ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. സംഘടനകളെ ബുദ്ധിമുട്ടിലാക്കാനും അംഗീകാരം കൊടുക്കാതിരിക്കാനും വേണ്ടിയാണ് ഇത്തരം വ്യവസ്ഥകളെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ കായിക രംഗത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണ് ഈ കായിക ബില്ലെന്നാണ് കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറയുന്നത്. കായിക രംഗത്ത് ഉത്തരവാദിത്വവും നീതിയും സ്‌പോട്‌സ് ഫെഡറേഷനുകളില്‍ മികച്ച ഭരണവും ഉറപ്പാക്കാന്‍ ഇതു സഹായിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. 2036ലെ ഒളിംപിക്‌സ് വേദിക്കായി അരയും തലയും മുറുക്കി ശ്രമിക്കുന്ന ഇന്ത്യയില്‍ കായിക ലോകം ഉടച്ചുവാര്‍ക്കുക, സുതാര്യവും ഉത്തരവാദിത്വമുള്ളതും ലോകോത്തരവുമായ സ്‌പോട്‌സ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നിവയാണ് ഇതിന്‍റെ പരമമായ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

തിരക്കിട്ട് പാസാക്കിയ ബില്ലില്‍ പല കെണികളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും നിരവധി ഫെഡറേഷനുകളുമായി വികേന്ദ്രീകൃത സ്വഭാവമുള്ള കായിക ഭരണത്തെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കുക എന്ന അജൻഡയാണ് ഇതിനു പിന്നിലുള്ളതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പുതുതായി രൂപീകരിക്കുന്ന ദേശീയ കായിക ബോര്‍ഡ്, തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ എന്നിവ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്നതിൽ ഒരു തര്‍ക്കവുമില്ല.

സംസ്ഥാന കായിക വകുപ്പിന്‍റെ പ്രസക്തി തന്നെ ഇല്ലാതാകും. സ്പോട്സ് ഫെഡറേഷനുകളുടെ സ്വയം ഭരണാധികാരത്തിനും അന്ത്യമാകും. കേരളത്തില്‍ സ്‌പോട്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെ കായിക ഭരണ സംവിധാനങ്ങളും അപ്രസക്തമായേക്കും. ടീം തെരഞ്ഞെടുപ്പില്‍ പോലും ഇടപെടാനുള്ള അധികാരം കേന്ദ്രത്തിനു നല്‍കുന്ന ഈ ബില്‍ അങ്ങേയറ്റം കായിക വിരുദ്ധമാണെന്നതില്‍ ഒരു സംശയവുമില്ല.

രാജ്യത്തെ കായിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും താരങ്ങള്‍ക്ക് മതിയായ പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നില്ല. സ്റ്റേഡിയങ്ങളുടെയും നീന്തല്‍ക്കുളങ്ങളുടെയും വിവിധ കളിക്കളങ്ങളുടെയും വ്യാപകമായ അഭാവമുണ്ട്. പരിശീലകരുടെയും മറ്റു സഹായങ്ങളുടെയും കുറവ് വേറെ. രാജ്യത്ത് സ്‌പോട്‌സിനായി നീക്കിവച്ചിട്ടുള്ള ഫണ്ട് മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് പരിമിതമാണ്. ഇക്കാര്യത്തിലെല്ലാം യുദ്ധകാലാടിസ്ഥാനത്തിലുള്ള ശക്തമായ നടപടികളാണ് കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ കായിക മേഖലയെ കൈപ്പിടിയിലൊതുക്കാൻ തികച്ചും രാഷ്‌ട്രീയ ലക്ഷ്യത്തോടെ തയാറാക്കിയ ബില്ലാണു പാസാക്കിയെടുത്തിരിക്കുന്നത്.

അമിതാധികാരം നല്‍കപ്പെട്ടിട്ടുള്ള നാഷണല്‍ സ്‌പോട്‌സ് ബോര്‍ഡും ഭരണഘടനാ വിരുദ്ധമായ ദേശീയ സ്‌പോട്‌സ് ട്രിബ്യൂണലുമെല്ലാം കായിക വികസനത്തിനല്ല, കായിക മേഖലയുടെ പിന്നോട്ടടിക്കാനായിരിക്കും വഴിവയ്ക്കുക. അതിനാൽത്തന്നെ കേന്ദ്രവും കായിക വകുപ്പും പുതിയ ബില്ലിനെ സംബന്ധിച്ചും, രാജ്യത്തെ കായിക മേഖലയുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ചും ഗൗരവമായ പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്.

(ലേഖകന്‍ കേരള സ്‌പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനാണ്. ഫോണ്‍. 9847132428)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com