കവിതകളുടെ കൈപിടിച്ച് റെക്കോഡുകളിലേക്ക്

ഈ നീണ്ട ഇരുപതോളം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 200- ഓളം ഇംഗ്ലീഷ് കവിതകളാണ് ആ തൂലികയില്‍ വിരിഞ്ഞത്.
കവിതകളുടെ കൈപിടിച്ച് റെക്കോഡുകളിലേക്ക്

ആർദ്ര ഗോപകുമാർ

കാണുന്ന സ്വപ്നങ്ങളത്രയും വാക്കുകളിലൂടെ വരച്ചെടുക്കാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്. പതിനൊന്നാം വയസുമുതല്‍ തന്‍റെ ഉള്ളിലെ മഹാലക്ഷ്മിയെ തൊട്ടറിഞ്ഞ മിടുക്കനാണ് പി.കെ. സിദ്ധാര്‍ഥ്. എംഎ രണ്ടാം വര്‍ഷ ചരിത്ര വിദ്യാർഥിയായ സിദ്ധാര്‍ഥ് ഇംഗ്ലീഷ് കവിതകളെഴുതി സ്വന്തമാക്കിയത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും. കുട്ടിക്കാലം മുതൽ അക്ഷരങ്ങളോട് കൂട്ടുകൂടിത്തുടങ്ങിയ സിദ്ധാർഥ് പതിയെ എഴുതിത്തുടങ്ങി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ജീവിതത്തിന്‍റെ വഴിത്താരയില്‍ ഈ യുവ കവിക്ക് എന്നതാണ് സത്യം. ഈ നീണ്ട ഇരുപതോളം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 200- ഓളം ഇംഗ്ലീഷ് കവിതകളാണ് ആ തൂലികയില്‍ വിരിഞ്ഞത്. എഴുതിയതെല്ലാം തന്നെ  പ്രണയത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും.

കുറിച്ചിട്ടത് നാല് വരികൾ

"പതിനൊന്നാമത്തെ വയസില്‍ ആണ് ഞാന്‍ ആദ്യമായി ഇംഗ്ലീഷ് കവിതകള്‍ എഴുതാന്‍ ശ്രമിക്കുന്നത്'. അത് വെറും നാല് വരികള്‍ മാത്രമായിരുന്നു. തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെയും പുസ്തക വായനയിലൂടെയും കൂടുതല്‍ ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. എഴുതാന്‍ എപ്പോഴും അമ്മയായിരുന്നു പ്രോത്സാഹനം തന്നു കൊണ്ടിരുന്നത്. എഴുത്തുകാരന്‍ കൂടിയായ എന്‍റെ അമ്മാവന്‍ വിജയന്‍ മണ്ണാര്‍ക്കാടാണ് കൂടുതൽ എഴുതാൻ പ്രേരിപ്പിച്ചതും വരികള്‍ക്കിടയിലെ ആശയങ്ങള്‍ മനസിലാക്കി തന്നതും. സാമുവല്‍ കോള്‍റിഡ്ജ്, വില്യം ഷേക്സ്പിയര്‍, ജോണ്‍ കീറ്റ്സ് തുടങ്ങിയ മഹാരന്മാരുടെ വരികളില്‍ നിന്ന് പഠിച്ച് പ്രചോദനം ഉള്‍ക്കൊണ്ട് സ്വന്തം ആശയങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു താന്‍ എന്ന് സിദ്ധാര്‍ഥ് പറയുന്നു.

പുസ്തകം എന്ന ആശയം

ഏതൊരു എഴുത്തുക്കാരനെ പോലെയും തന്‍റെ കവിതകള്‍ പ്രസിദ്ധീകരിച്ചു കാണാനായിരുന്നു സിദ്ധാര്‍ഥിന്‍റെയും ആഗ്രഹം. എന്നാല്‍ വെറും ആറാം ക്ലാസുകാരന്‍ എന്ന നിലയില്‍ പലപ്പോഴും തഴയപ്പെട്ടു. പിന്നീട് ഡിഗ്രി സെക്കന്‍റ് ഇയര്‍ പഠിക്കുന്ന സമയത്താണ് തന്‍റെ ആദ്യ ഇംഗ്ലീഷ് കവിത അപ്രതീക്ഷിതമായി കേരള ക്രോണിക്കിള്‍ എന്ന പത്രത്തില്‍ അച്ചടിച്ചു വരുന്നത് എന്ന് സിദ്ധാര്‍ഥ് സന്തോഷത്തോടെ ഓര്‍ത്തു പറയുന്നു. അങ്ങനെ കേരള ക്രോണിക്കിളില്‍ ആദ്യത്തെ ഇംഗ്ലീഷ് കവിത പ്രസിദ്ധീകരിച്ചു വരുകയും പിന്നീട് ഒരു ഭാഗ്യം പോലെ അതേ പത്രത്തില്‍ തനിക്ക് എഴുതാന്‍ ഒരു കോളവും ലഭിക്കുകയായിരുന്നു.

ഇങ്ങനെ സ്ഥിരമായി പത്രങ്ങളില്‍ എഴുതി തുടങ്ങിയതോടെ ആളുകള്‍ ശ്രദ്ധിക്കാനും പരാമര്‍ശിക്കാനും തുടങ്ങി. അതോടെ പുസ്തകം എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നൂ സിദ്ധാര്‍ഥ്. നിരവധി പ്രസാധകരെ നേരില്‍ കാണുകയും പിന്നീട് കോഴിക്കോട്ടെ ഇന്‍സൈറ്റ് പബ്ലിഷേര്‍സ് ആയി ടൈ-അപ്പ് ആവുകയും ചെയ്തു. അങ്ങനെ 2020 ഓഗസ്റ്റില്‍ 20 കവിതകള്‍ അടങ്ങിയ ആദ്യ ബുക്കായ 'ദി സോള്‍ഫുള്‍ മെലഡീസ്' പുറത്തിറങ്ങി.

കൊവിഡും കവിതകളും

തന്നെ സംബന്ധിച്ചിടത്തോളം കൊവിഡ് കാലമായിരുന്നു ഏറ്റവും സമൃദ്ധമായ കാലം എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. ഈ കാലഘട്ടത്തില്‍ 150 -ഓളം കവിതകള്‍ അടങ്ങിയ 12 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സിദ്ധാര്‍ഥിന് സാധിച്ചു. കൂടാതെ ഒന്ന് രണ്ടു പുസ്തകങ്ങള്‍ ഗോവ ഗവർണര്‍ ശ്രീധരന്‍ പിള്ളയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രകാശനം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വര്‍ഷം കൊണ്ട് 10 പുസ്തകങ്ങള്‍ പുറത്തിറക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും പിന്നീട് ഏഷ്യ ബുക്ക്സ് ഓഫ് റെക്കോഡ്സും കൈവരിക്കാന്‍ സാധിച്ചു. അടുത്തിടക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കാണാന്‍ ഇടവരുകയും ആദ്ദേഹം ആദരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് ഓഫ് റെക്കോഡ്സിനു വേണ്ടി അപേക്ഷിച്ച് കാത്തിരിക്കുകയാണ് സിദ്ധാര്‍ഥ്.

ദി സോള്‍ഫുള്‍ മെലഡീസ്, ബെനീത് തോസ് തൗസന്‍റ് സ്റ്റാര്‍സ്, സോള്‍സ് ഫോര്‍ സെയില്‍, എ ജേര്‍ണി ത്രൂ മൈ ഡ്രീംസ്, ദി പാര്‍ട്ടിങ് ഓഫ് ലവ്, ഫോളിങ് ഇന്‍ ലവ്, ഓ ഡോണ, മൈ ഏര്‍ലി പാഷന്‍സ്, ദി ഡോണ്‍, ടു ദി ബ്രൈഡ് ഓഫ് ആല്‍പൈന്‍, വെയറ്റിങ് എ 1000 ഇയേഴ്സ് ഫോര്‍ യു, മൈ സ്പിരിറ്റ് സിംഗ്സ് ഇന്‍ സോളിറ്റ്യൂട്; എന്നിവയാണ് സിദ്ധാര്‍ഥിന്‍റെ മറ്റ് പുസ്തകങ്ങള്‍.

തന്‍റെയീ സർഗവാസനയെ മുന്നോട്ടു കൊണ്ടുപോവാന്‍ ആഗ്രഹിക്കുന്ന സിദ്ധാര്‍ഥ്  ഇപ്പോള്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്. ഇന്ത്യയുടെ ചരിത്ര സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ട് ഒരു ഫിക്ഷന്‍ എഴുതുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഇപ്പോള്‍. പാലക്കാട് സ്വദേശികളായ പുല്ലാനൂര്‍ കരിമാമ്പുറം സേതുമാധവന്‍റെയും സ്മിതയുടെയും മകനാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com