
ഡോ. എസ്. രാധാകൃഷ്ണൻ
അഡ്വ ചാർളി പോൾ
ഭാരതത്തെ ദർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ്. രാധാകൃഷ്ണൻ പറഞ്ഞു ; "ഓരോ അധ്യാപകനും ഓരോ നിർമാണ ശിലയാകണം".സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുമ്പോൾ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്‍റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാർഥിയിലും രൂപപ്പെടേണ്ട ഉത്തമ ഗുണങ്ങളുടെയും സത് സ്വഭാവങ്ങളുടെയും സകല നന്മകളുടെയും നിർമാണ ശിലയായി അധ്യാപകൻ മാറണം .
മറ്റൊരർത്ഥത്തിൽ "അധ്യാപകൻ തലമുറകളെ വാർത്തെടുക്കുന്ന ശില്പിയാണ്. " ശിലയിൽ നിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കുവാൻ അധ്യാപകന് കഴിയണം. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകണം. അവർക്ക് താത്പര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്കവും മനസും കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണു സർഗശേഷി ഉണരുക. സർഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തണം. അതിന് അധ്യാപകൻ കുട്ടികളെ സ്നേഹിക്കണം, മാർഗദർശനം നടത്തണം, പ്രേരിപ്പിക്കണം, ദിശാബോധം പകരണം, സൗഹൃദ പൂർണമായ ആശയവിനിമയം നടത്തണം. ബോധ്യാവബോധങ്ങൾ ഊട്ടി ഉറപ്പിക്കണം. വിദ്യാർഥികളുടെ സഹസഞ്ചാരിയാകണം. സുഹൃത്താകണം. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം.ഓരോ വിദ്യാർഥിയും ഓരോ നിധിയാണ്. അതു കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയണം.
വിദ്യാഭ്യാസ വിചക്ഷണനും ദാർശനികനുമായ മുൻ രാഷ്‌ട്രപതി ഡോ.എസ്. രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് നമ്മൾ അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകദിനം ഒരു ഓർമപ്പെടുത്തലാണ്. അധ്യാപകൻ അനുഷ്ഠിക്കേണ്ട ധർമങ്ങളെക്കുറിച്ചും വിദ്യാർഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. ഈ മഹത്തായ സാമൂഹ്യ ഉത്തരവാദിത്വവും കർത്തവ്യവും പുനരർപ്പണം ചെയ്യാൻ ഓരോ അധ്യാപകർക്കും കഴിയേണ്ടതുണ്ട്.ദേശീയതലത്തിൽ സ്കൂൾ വിദ്യാഭ്യാസ വിവരങ്ങൾ സൂക്ഷിക്കാനുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസിലെ കണക്കുകൾ അടിസ്ഥാനമാക്കി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്താകെ സ്കൂൾ അധ്യാപകരുടെ എണ്ണം 2024-25 വർഷത്തിൽ ഒരുകോടിയിലേറെയായി. 2023-24 ൽ അധ്യാപകരുടെ എണ്ണം 98, 07, 600 ആയിരുന്നത് 2024-25 ൽ 1,01, 22, 420 ആയി മാറി. അധ്യാപക -വിദ്യാർഥി അനുപാതം മെച്ചപ്പെടുന്നതിന്‍റെ സൂചനയാണിതെന്ന് കണക്കാക്കപ്പെടുന്നു. വനിതാ അധ്യാപകരുടെ എണ്ണം 52.3 ശതമാനത്തിൽ നിന്ന് 54. 2 ശതമാനമായി ഉയർന്നു. പഠനം നിർത്തി പോകുന്ന വിദ്യാർഥികളുടെ എണ്ണം ഹൈസ്കൂൾ തലത്തിൽ 13.8 ശതമാനത്തിൽ നിന്ന് 8.2 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. പെൺകുട്ടികൾ പഠനത്തിന് ചേരുന്നത് 48 ശതമാനത്തിൽ നിന്ന് 48.3% ഉയർന്നിട്ടുമുണ്ട്. അധ്യാപക ദൗത്യം കൂടുതൽ അർഥവത്തായി നിർവഹിക്കപ്പെടേണ്ട കാലഘട്ടമാണിത്.
"കാടുകൾ നശിപ്പിക്കുകയല്ല, മരുഭൂമിയിൽ ജലസേചനം നടത്തുകയാണ് "ആധുനിക അധ്യാപനത്തിന്‍റെ ദൗത്യം. പല തരം മാനസിക ഘടന ഉള്ളവരാണ് വിദ്യാർഥികൾ. നിരവധി പ്രശ്നങ്ങളെ അവർ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് 5.5 ലക്ഷം കുട്ടികൾ അരക്ഷിതരായ സാഹചര്യത്തിൽ വളരുന്നു എന്ന് വനിതാ- ശിശു വികസന വകുപ്പ്, വീടുകളിൽ നടത്തിയ വാൾനറബിലിറ്റി മാപ്പിങ്ങിലൂടെ കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങൾ, മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുന്ന കുടുംബങ്ങൾ, സ്ഥിരമായ കലഹങ്ങൾ, കുട്ടികളോടുള്ള സ്നേഹക്കുറവും അവഗണനയും, ക്രൂരമായ ശിക്ഷാ നടപടികൾ, മാതാപിതാക്കളുടെ പൊരുത്തക്കേടുകൾ, ടോക്സിക് പാരന്‍റിങ്, ധാർമിക അധഃപതനം, മാതാപിതാക്കളുടെ രണ്ടാം വിവാഹം, ഒളിച്ചോട്ടം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, സാമ്പത്തിക പ്രശ്നങ്ങൾ, പഠന വൈകല്യങ്ങൾ , മാനസിക പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ കുട്ടികളെ അരക്ഷിതരും പ്രശ്നക്കാരുമായി മാറ്റിയിട്ടുണ്ട്. സ്നേഹം കൊണ്ടും സഹാനുഭൂതികൊണ്ടും മാത്രം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എളുപ്പമല്ല. പല പ്രശ്നങ്ങൾക്കും കൗൺസലിങ്ങും സൈക്കോതെറാപ്പികളും സൈക്യാട്രിക് ചികിത്സകളും വേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓരോ അധ്യാപകരും കൗൺസിലർമാരായി മാറേണ്ടതുണ്ട്. കൗൺസലിങ്ങിന്‍റെ ബാലപാഠങ്ങൾ എങ്കിലും അധ്യാപകർ സ്വായത്തമാക്കിയെങ്കിലെ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് കണ്ടെത്താനാവു.
കുട്ടികളുടെ സമ്മർദം കുറയ്ക്കാൻ അധ്യാപകരുടെ മനസ് ശാന്തമാക്കണമെന്ന തിരിച്ചറിവിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ മൈൻഡ് ഫുൾനെസ് പരിശീലനം ഈയിടെ നടത്തിയിരുന്നു. ഹയർസെക്കൻഡറി സൗഹൃദ കോർഡിനേറ്റർമാർ, വിഎച്ച്എസ്ഇ കരിയർ മാസ്റ്റർമാർ ,സ്കൂൾ കൗൺസിലർമാർ എന്നിവരാണ് ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുത്തത്. മറ്റ് അധ്യാപകർക്കും പരിശീലന അവസരങ്ങൾ ഭാവിയിൽ നൽകും.
മൊബൈൽ ഫോൺ മാറ്റിവച്ച് രണ്ടു ദിവസം ഒന്നും സംസാരിക്കാതെ, വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് മൂന്നുദിവസത്തെ ധ്യാനമാണ് അധ്യാപകരെ പരിശീലിപ്പിക്കുന്നത്. ശ്വസന നിയന്ത്രണത്തിലൂടെയും മൗനത്തിലൂടെയും ഏകാഗ്രമായി തങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുകയാണ് മൈൻഡ് ഫുൾനെസിന്‍റെ വഴി. "മൊബൈൽ ഫോൺ മാറ്റി വച്ചപ്പോൾ തന്നെ സമ്മർദം പാതിയായി. മൂന്നാം ദിവസം മൗനം മുറിച്ചപ്പോഴെക്കും പുതുജന്മം പോലെ...." എന്നാണ് പങ്കെടുത്തവരുടെ അഭിപ്രായം. കുട്ടികൾക്ക് കൗൺസലിങ് നൽകണമെങ്കിൽ അവരോട് സഹാനുഭൂതിയുണ്ടാകണം. മാനസിക സമ്മർദം ഉണ്ടെങ്കിൽ അത് ഉണ്ടാവില്ല.
കുട്ടികളുടെ സമ്മർദങ്ങൾ കുറച്ച് ,അരുതുകളും ആജ്ഞകളും ഒഴിവാക്കി, കാർക്കശ്യങ്ങളുടെ ചൂരൽ ഭാഷയില്ലാതെ കുഞ്ഞുങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ അധ്യാപകർക്ക് കഴിയണം. ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കാത്തവിധം താക്കീതുകളോ തിരുത്തലുകളോ നൽകാൻ കഴിയണം. കുട്ടികളുടെ മാനസിക വ്യാപാരങ്ങളെ അടുത്തറിയാൻ മാതാപിതാക്കൾക്കും സഹരക്ഷിതാക്കളായ അധ്യാപകർക്കും സാധിക്കണം. എല്ലാം തുറന്നുപറഞ്ഞ് സംവദിക്കാനും കൂട്ടുകൂടാനും കഴിയുന്നിടങ്ങളാകണം വീടും വിദ്യാലയവും ' ഇവ കുഞ്ഞുങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളാകണം. 1990 കളിൽ ഉയർന്നു വന്ന പോസിറ്റിവ് സൈക്കോളജി പഠനത്തിലും ജീവിതത്തിലും പരമപ്രധാനം സന്തുഷ്ടയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.സർഗാത്മകത ,പരിശ്രമശീലം, സഹാനുഭൂതി, ജിജ്ഞാസ, പ്രേരണ, സംഘപ്രവർത്തനം തുടങ്ങിയവ സന്തുഷ്ടി വർദ്ധിപ്പിക്കും. മനഃശാസ്ത്രജ്ഞനായ ജൊഹാൻ പെസ്റ്റലോസി സന്തോഷവും പഠനവും തമ്മിൽ പരസ്പരബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.