
വൈശാഖ മാസം... വിഷു, ബിഹു, പുത്താണ്ടും
പുതുവത്സരം എല്ലാവര്ക്കും ആവേശം ഉണ്ടാക്കുന്ന ഒന്നാണ്. ഇംഗ്ലീഷ് മാസത്തിലെ ജനുവരി ഒന്നാം തീയതി എല്ലാവരും പുതുവത്സരമായി ആഘോഷിക്കുന്നുണ്ട്. ഹാപ്പി ന്യൂ ഇയര്‍ എന്ന സന്ദേശം ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് ജനുവരി ഒന്നിനാണല്ലോ. പുതുവത്സരത്തിന്റെ ഭാഗമായി അതിവിപുലമായ ആഘോഷങ്ങളാണ് ലോകത്തെമ്പാടും നടക്കുന്നത്.
എന്നാല്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും, ലോകത്തു പല രാജ്യങ്ങളും, പ്രദേശങ്ങളും പുതുവര്‍ഷം പ്രാദേശികമായ കലണ്ടർ പ്രകാരം സംഘടിപ്പിക്കുന്നു എന്നതു നാം ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. രാജ്യത്തെ പല പ്രദേശങ്ങളിലും പല പേരുകളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. കേരളത്തിന്റെ പുതുവത്സരമാണ് വിഷു. മേടം ഒന്ന് വിഷു ദിനം പുതുവത്സരമായി മലയാളികള്‍ ആഘോഷിക്കുന്നു. അതുകൊണ്ടാണ് ആ ദിനത്തില്‍ കണി കാണുകയും എല്ലാ പ്രവൃത്തികൾക്കും പുതിയ തുടക്കം കുറിക്കുകയും ചെയ്യുന്നതിന് മലയാളികള്‍ എപ്പോഴും വളരെ താത്പര്യം കാണിക്കുന്നത്.
മലയാളികള്‍ വിഷു ആഘോഷിക്കുന്ന അതേ സമയം തന്നെ ഇന്ത്യയുടെ മറ്റു സ്ഥലങ്ങളില്‍ പല തരത്തിലുള്ള കാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നു. വൈശാഖി, ബിഹു, പൊയില ബോയിഷക്, പുത്താണ്ട് തുടങ്ങിയ ഉത്സവങ്ങള്‍ പലയിടത്ത് പല പേരില്‍ കൊണ്ടാടപ്പെടുന്നു. തമിഴ്നാട്ടില്‍ പുത്താണ്ട് എന്ന പേരിലാണ് വലിയ ആഘോഷം നടക്കുന്നത്. പുത്താണ്ട് എന്നാൽ പുതിയ ആണ്ട് എന്നു തന്നെ. പുതുവര്‍ഷാഘോഷം തന്നെയാണ് അസമില്‍ നടക്കുന്ന ബിഹു, വടക്കേ ഇന്ത്യയിലെ വൈശാഖി എന്നിവയും. ബംഗാളില്‍ പൊയില ബോയിഷക് എന്നാണ് പറയുന്നത്. ഈ ആഘോഷങ്ങളെല്ലാം തന്നെ ഏപ്രില്‍ 14, 15 തീയതി അടുപ്പിച്ചാണ് വരുന്നത് എന്നുള്ളത് കൗതുകകരമായി കാണണം.
ഹൈന്ദവ വിശ്വാസ പ്രകാരം വൈശാഖ മാസത്തിലെ ആദ്യ ദിവസമാണ് പുതുവര്‍ഷമായി ആഘോഷിക്കുന്നത്. അതുകൊണ്ടാണ് അസാം, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരളം, ഒഡ്ഷ, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഭാഗങ്ങളില്‍ പ്രാദേശികമായി പുതുവര്‍ഷം ആഘോഷിക്കുന്നത്. വൈശാഖ മാസം ആദ്യ ദിവസമാണ് ഗംഗാ നദി ഭൂമിയില്‍ ആദ്യമായി പതിച്ചതെന്ന് ഹിന്ദു വിശ്വാസം. അതിനാല്‍ എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ആദ്യ ദിവസം പുണ്യ നദിയില്‍ മുങ്ങിക്കുളിക്കുക വഴി പുണ്യം ലഭിക്കും എന്ന വിശ്വാസവുമുണ്ട്.
സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിങ് 1699ല്‍ സിഖ് മതത്തെ പിന്തുടരാന് ആളുകളോട് ആവശ്യപ്പെട്ട ദിവസമാണ് അവർ വൈശാഖിയായി ആഘോഷിക്കുന്നത്. അതേ ദിവസം തന്നെയാണ് ഖല്‍സ സമൂഹം രൂപീകരക്കപ്പെടുന്നതും. പഞ്ചാബ്, ഹരിയാന, ഡല്‍ഹിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ദിനം വൈശാഖിയായി ആഘോഷിക്കുന്നു.
ഗുജറാത്തില്‍ ദീപാവലി നാളിലാണ് പുതുവര്‍ഷം എന്ന് വിശ്വസിക്കുന്നു. അവര്‍ അന്ന് പുതുവര്‍ഷമായി പ്രാദേശികമായി വലിയ രീതിയില്‍ ആഘോഷിക്കുന്നു. ഹിന്ദു മതത്തിലെ സിന്ദി വിഭാഗം ചേത്രി ചന്ദ്ര എന്ന ആഘോഷമാണ് പുതുവത്സരമായി ആഘോഷിക്കുന്നത്. ചൈത്രമാസത്തിലെ ആദ്യ ദിവസം ഉഗാദി എന്ന ആഘോഷം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക ഗോവ എന്നീ പ്രദേശങ്ങളിലാണ് ഉഗാദി പുതുവത്സരമായി ആഘോഷിക്കുന്നത്. യുഗ- ആദി ആണ് ഉഗാദി. അർഥം പുതുവര്‍ഷം എന്നു തന്നെയാണ്. ഇത് മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യ വാരമോ ആണ് നടക്കുന്നത്. വൈശാഖ മാസം വിശേഷപ്പെട്ടതാണെന്ന് പക്ഷേ എല്ലാ പ്രദേശങ്ങളിലുള്ളവരും വിശ്വസിക്കുന്നു എന്നുള്ളതും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
അസമിന്റെ ദേശീയോത്സവമാണ് ബിഹു. വര്‍ഷത്തില്‍ 3 തവണയായി ബിഹു അസമികൾ ആഘോഷിക്കുന്നു. കാര്‍ഷികവൃത്തി ആരംഭിക്കുന്നതിന്റെ ആഘോഷമാണ് രൊംഗാളി ബിഹു. ആസാം ജനതയുടെ പുതുവത്സര ദിനമാണ് ഏപ്രില്‍ മാസത്തിന്റെ മധ്യത്തില്‍ വരുന്ന രൊംഗാളി ബിഹു. ക്യഷിക്കുള്ള വിത്തുകള്‍ വിതയ്ക്കാനുള്ള സമയം വന്നെന്ന് ഓര്‍മപ്പെടുത്തുന്നതാണ് രൊംഗാളി ബിഹു. ഒക്ടോബര്‍ മാസത്തിന്റെ മധ്യത്തില്‍ വരുന്ന കാതി ബിഹു ഞാറ് പറിച്ചുനടാന്‍ കാലമായെന്ന് ഓര്‍മപ്പെടുത്തുന്നതാണ്. ജനുവരി മധ്യത്തില്‍ വരുന്ന മാഗ് ബിഹു കൊയ്ത്തുകാലത്തെ വിളിച്ചോതും. 3 ബിഹുവും അസമുകാര്‍ ഒരേ മനസോടെയാണ് ആഘോഷിക്കുക. അസമിലെ ഈ ആഘോഷ സമയത്ത് അരങ്ങേറുന്ന ബിഹു നൃത്തം അതിമനോഹരമാണ്. ഈ നൃത്തം പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള ഉണര്‍ത്തുപാട്ടാണ്. ബിഹുവിന് പാടുന്ന ഗീതങ്ങള്‍ ഭൂമീദേവിയെ ഉത്തേജിതയാക്കുകയും അങ്ങനെ നല്ല വിളവ് ലഭിക്കുമെന്നുമാണ് കര്‍ഷകരുടെ വിശ്വാസം. മണിപ്പുരിലെയും ബംഗാളിലെയും ചില ഭാഗങ്ങളില്‍ ബിഹു കൊണ്ടാടാറുണ്ട്.
പുത്താണ്ട് എന്നു പറയുന്നത് തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ ആഘോഷിക്കുന്ന പുതുവത്സരാഘോഷമാണ്. ഇന്ത്യന്‍ ഭൂഖണ്ഡത്തിലെ തമിഴ് ജനങ്ങള്‍ ഉപയോഗിക്കുന്ന തമിഴ് കലണ്ടര്‍ പ്രകാരമാണ് അവര്‍ പുത്താണ്ട് ആഘോഷിക്കുന്നത്. പുതുച്ചേരി, ശ്രീലങ്ക, മലേഷ്യ, സിംഗപ്പുര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലെ തമിഴ് ജനതയും ഇതേ കലണ്ടര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. തമിഴ് ഹിന്ദുക്കള്‍ ആചരിക്കുന്ന ഒരു പരമ്പരാഗത ഉത്സവമാണ് തമിഴ് പുതുവത്സരം. ഇത് തമിഴ് മാസമായ ചിത്തിരൈയുടെ ആദ്യ ദിവസമാണ്. ഗ്രിഗോറിയന്‍ കലണ്ടറില്‍ സാധാരണ ഏപ്രില്‍ 14ന് വരുന്ന ഈ ദിവസം പുത്താണ്ട് അല്ലെങ്കില്‍ പുതുവരുദം എന്നും അറിയപ്പെടുന്നു. ഈ ദിവസമാണ് ബ്രഹ്മാവ് പ്രപഞ്ചം സൃഷ്ടിച്ചതെന്ന് തമിഴ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. മറുവശത്ത്, ചില തമിഴര്‍ വിശ്വസിക്കുന്നത്, ഇന്ദ്രന് ഈ ദിവസം ഭൂമിയില്‍ വന്നത് സമാധാനവും ഐക്യവും നല്‍കാനാണ് എന്നാണ്. അതിനാല്‍, തമിഴരുടെ ജീവിതത്തില്‍, ഒരു പുതുവര്‍ഷത്തോടെ പുതിയ തുടക്കങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇത് ഏറ്റവും പ്രധാനപ്പെട്ടതും ശുഭകരവുമായ ദിവസങ്ങളിലൊന്നാണ്.
ഒരു വര്‍ഷത്തില്‍ ദക്ഷിണായനം, ഉത്തരായനം എന്നീ രണ്ടു ഘട്ടങ്ങളുണ്ട്. ഒന്നില്‍ സൂര്യന് മധ്യരേഖയുടെ ദക്ഷിണ ഭാഗത്ത് ഉദിക്കും. മറ്റേതില്‍ ഉത്തര ദിക്കിലായിരിക്കും സൂര്യന് ഉദിക്കുക. ഒരു ഭാഗത്ത് പകല്‍സമയം കൂടുതലും രാത്രി സമയം കുറച്ചും ഉണ്ടാവുക പതിവാണ്. അതേപോലെ മറ്റൊരു ഭാഗത്ത് പകല്‍ കുറവും രാത്രി കൂടുതലും ആയിരിക്കും. എന്നാല്‍ ഒരു വര്‍ഷം സൂര്യന് മധ്യരേഖയില്‍ വന്ന് ഉദിക്കുന്നത് ഒരു വര്‍ഷത്തില്‍ രണ്ടു തവണയാണ്. അതാണ് തുലാ വിഷുവും, മേട വിഷുവും. ഈ സമയം പകല്‍സമയവും രാത്രി സമയവും തുല്യമാകും. ഇതാണ് വിഷുവിന്റെ ശാസ്ത്രീയമായ വിശകലനം എന്നാണ് പറയുന്നത്.
പണ്ട് മലയാളികളുടെ വര്‍ഷാരംഭം മേടം ഒന്നാം തീയതിയായിരുന്നു. വിഷു രണ്ടുണ്ട്. തുലാ വിഷുവും, മേട വിഷുവും. മേടമാസമാണ് വര്‍ഷാരംഭമായി മലയാളികള്‍ ഇപ്പോഴും കണക്കാക്കുന്നത് എന്നതിനാൽ മേട വിഷുവാണ് പുതുവത്സരമായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന് നരകാസുരനെ വധിച്ച ദിവസമാണിത് എന്നാണ് ഒരു ഐതിഹ്യം. രാവണ വധവുമായാണ് മറ്റൊന്നിന് ബന്ധം. രാവണവധം കഴിഞ്ഞ് സൂര്യന് നേരെ കിഴക്കുദിച്ച ദിവസമാണ് വിഷു എന്ന വിശ്വാസവും ഉണ്ട്.
മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ള ഒരു ദിനമാണ് വിഷു. ജാതിമത വ്യത്യാസമില്ലാതെ കേരളത്തിലുള്ളവരും, കേരളീയരായ ലോകമെമ്പാടുമുള്ള പ്രവാസികളും ഇത് വിപുലമായി ആഘോഷിക്കുന്നു. പുതുവര്‍ഷാഘോഷമായി മലയാളികള്‍ വിഷുവിനെ കാണുന്നു. മലയാളികള്‍ പല രീതിയിലാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി, വിഷുക്കൈനീട്ടം, പടക്കം പൊട്ടിക്കല്‍, വിഷുക്കഞ്ഞി വിഷുകട്ട തുടങ്ങിയവയാണ് വിഷുവിനെപ്പറ്റി ചിന്തിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്നത്.
വിഷുവിന് പുലര്‍ച്ചെ കാണുന്ന കണിയുടെ ഫലം ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കും എന്നാണ് വിശ്വാസം. വിഷുവിന്റെ തലേദിവസം രാത്രി തന്നെ കണിക്കുള്ള വസ്തുക്കള്‍ ഒരുക്കിവയ്ക്കും. വെള്ളരിക്ക, പുണ്യഗ്രന്ഥം, സ്വര്‍ണം, അലക്കിത്തേച്ച വൃത്തിയുള്ള ഒരു വസ്ത്രം, പണം, വാല്‍ക്കണ്ണാടി, നാളികേരം, പഴുത്ത മാങ്ങ, മഞ്ഞ നിറത്തിലുള്ള കൊന്നപ്പൂക്കള്‍, ശ്രീകൃഷ്ണ വിഗ്രഹം, നെയ്ത്തിരിയിട്ട നിലവിളക്ക് തുടങ്ങിയവയാണ് കണി കാണാൻ സാധാരണ ഒരുക്കുക. വെളിച്ചമാകും മുമ്പ് തറവാട്ടിലെ ഓരോ അംഗങ്ങള്‍ കണ്ണു തുറക്കാതെ മുന്‍പ് സൂചിപ്പിച്ച വസ്തുക്കള്‍ നിലവിളത്തിന്റെ വെളിച്ചത്തില്‍ കണി കാണുന്നു. വീട്ടിലെ കന്നുകാലികളെ കണി കാണുന്ന ചടങ്ങും പലേടത്തും നിലനില്ക്കുന്നു. വീട്ടില്‍ കണി കാണുന്നത് കൂടാതെ ക്ഷേത്രങ്ങളിലും കണി കാണാന്‍ മലയാളികള്‍ താത്പര്യം കാട്ടാറുണ്ട്. ഗുരുവായൂർ അടക്കം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം.
വിഷു നാളില്‍ ഏറ്റവും പ്രധാനമായി കാണുന്നത് വിഷുക്കൈനീട്ടമാണ്. വീട്ടിലെ കാരണവര്‍ അവരവരുടെ വീടുകളിലും പരിസരങ്ങളിലുമുള്ള തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ക്ക് കൈനീട്ടമായി നാണയങ്ങള്‍ കൊടുക്കും. ഇപ്പോള്‍ അത് നോട്ടുകളായി മായെന്നുള്ള വ്യത്യാസം മാത്രം. വിഷുക്കൈനീട്ടം ലഭിക്കുക എന്നത് ഇന്നും കുട്ടികള്‍ക്ക് ആവേശമാണ്.
വിഷുവിന് ഓണസദ്യ പോലെ തന്നെ വിഷു സദ്യയും പ്രധാനം. വിഷു സദ്യയില്‍ ചക്ക എരിശേരി ഒരു പ്രധാന വിഭവവുമായി ചിലര്‍ കാണുന്നു. മാമ്പഴക്കാലം ആയതുകൊണ്ട് മാമ്പഴക്കൂട്ടാനും ഉണ്ടാകും. വിഷുക്കഞ്ഞി വളരെ പ്രശസ്തമാണ്. ശര്‍ക്കരയും തേങ്ങയും ചിരകിയിട്ട പായസമാണ് വിഷുക്കഞ്ഞി എന്ന് പറയുന്നത്. ഇത് ചൂടുകാലത്തു ക്ഷീണമകറ്റാൻ വളരെ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്.
വിഷു കാര്ഷികാഘോഷം കൂടിയാണ് എന്നതു കൊണ്ട് വിഷുപ്പക്ഷി വിത്തും കൈക്കോട്ടും എന്ന് ശബ്ദിക്കുന്നു എന്നാണ് വിശ്വാസം. എന്തായാലും വിഷു ഒരു നല്ല നാളെയുടെ തുടക്കമായി തന്നെയാണ് മലയാളികള്‍ കാണുന്നത്.