മാലിന്യം: വേണ്ടത് 'ആമ' ഇഴയും വേഗമല്ല, ചടുലമായ 'രക്ഷാ' നീക്കം

ഒരു പ്രതിസന്ധിഘട്ടത്തിൽ മാത്രമാണോ ഇക്കാര്യങ്ങൾ ആലോചിക്കേണ്ടത്? മുൻകൂട്ടി നടപടികൾ സ്വീകരിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട്? അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ജോയിയുടെ ജീവൻ ബലി കൊടുക്കേണ്ടി വരുമായിരുന്നില്ല.
special story waste management
ശു​ചീ​ക​ര​ണ​ത്തി​നാ​യി ജോ​യി ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലി​റ​ങ്ങി​യ സ്ഥ​ല​ത്ത് നാ​വി​ക സേ​നാ ഡൈ​വി​ങ് സം​ഘ​വും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബാ ഡൈ​വി​ങ് അം​ഗ​ങ്ങ​ളും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ജോ​യി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി എ​ന്ന് മൊ​ബെ​ൽ ഫോ​ണി​ലൂ​ടെ ലൈ​വ് ടി​വി ഫ്ലാ​ഷ് വാ​ർ​ത്ത ക​ര​യി​ലി​രു​ന്ന് അ​റി​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ.file
Updated on

എംഎൽഎ ആയിരിക്കുമ്പോൾ നിയമസഭാ പരിസ്ഥിതി സമിതി അംഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള അവസരമുണ്ടായി. അതിലെ മേഘാലയ സന്ദർശനം മറക്കാവതല്ല. മാലിന്യ നിർമാർജനത്തിന്‍റെ മഹനീയ മാതൃകയാണ് കാരണം. രാജ്ഭവന് കുറച്ചകലെയായുള്ള മാലിന്യ സംസ്കരണ പ്ലാന്‍റ് കാണാനായി പോയി. മലപോലെ കുന്നുകൂടി മാലിന്യം. വൈകിട്ട് വീണ്ടും ഞങ്ങൾ അവിടം തന്നെ കാണാൻ ചെന്നപ്പോൾ ഒരു തരി പോലും ബാക്കിയില്ല. അന്നന്ന് ശേഖരിക്കുന്നത് അന്നന്നു തന്നെ സംസ്കരിക്കുന്ന രീതി.

6 മാസ ജനകീയ ക്യാംപെയിനിലൂടെ കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വാർത്തയാണ് എന്നെ പഴയ ഓർമയിലേക്ക് കൈപിടിച്ചത്. പ്രഥമ പരിഗണന നൽകി കേരളം നടപ്പാക്കേണ്ട പദ്ധതിയാണിത്. കാരണം, അത്രമാത്രം അതിന്‍റെ ദുരന്തഫലങ്ങൾ നാം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു നീക്കത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവേണ്ടതാണ്. ഇത് സംബന്ധിച്ച് സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഉൾപ്പെടെ എല്ലാ പാർട്ടികളും സർവാത്മനാ പിന്തുണ അറിയിച്ചത് ഇതിന്‍റെ തെളിവാണ്. കേരളത്തിന്‍റെ പൊതുപ്രശ്നമായ മാലിന്യ നിർമാർജനത്തിന് പ്രഥമ പരിഗണന നൽകി സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയത്.

ഗാന്ധിജയന്തി ദിനമായ ഒക്റ്റോബർ 2ന് ആരംഭിച്ച് അന്താരാഷ്‌ട്ര മാലിന്യമുക്ത ദിനമായ മാർച്ച് 30 വരെ നീളുന്നതാണ് മാലിന്യത്തിനെതിരായ ജനകീയ ക്യാംപെയ്ൻ. 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരളമായുള്ള പ്രഖ്യാപനം നടക്കും.

ഉണ്ടിരുന്നവന് ഉൾവിളി ഉണ്ടായതുപോലെ പെട്ടെന്നുണ്ടായ ഒരു വെളിപാടാണോ ഇത്? മാലിന്യ പ്രശ്നം ഒരു സാമൂഹ്യ വിപത്തായി ഇപ്പോൾ ഉയർന്നു പൊന്തിയ അടിയന്തര പ്രശ്നവുമായിരുന്നില്ല. എല്ലാത്തിനും ഒരു നിമിത്തം വേണം. അതാണ് ഇവിടെയും സംഭവിച്ചത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കൽ ജോലിക്കിറങ്ങിയ ജോയിയുടെ മരണം. മുങ്ങിപ്പോയ ജോയിയെ കണ്ടെത്താനാകാതെ ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനം. അതിനു തടസമായി മാലിന്യ കൂമ്പാരം. ഇതിന്‍റെ അനന്തരഫലമാണ് പെട്ടെന്നൊരു മാലിന്യമുക്ത കേരള സൃഷ്ടിക്കായുള്ള ആലോചന. ബെറ്റർ ലേറ്റ് ദാൻ നെവർ (Better late than never). അക്കാരണത്താൽ തന്നെ ഈ യജ്ഞത്തിന് പിന്തുണ നൽകി വിജയിപ്പിക്കണം.

എന്നാൽ ഇവിടെ ഒരു ആത്മപരിശോധന അനിവാര്യമാണ്. എങ്കിലേ യജ്ഞം വിജയിക്കൂ. ഒരു പ്രതിസന്ധിഘട്ടത്തിൽ മാത്രമാണോ ഇക്കാര്യങ്ങൾ ആലോചിക്കേണ്ടത്? മുൻകൂട്ടി നടപടികൾ സ്വീകരിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട്? അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ജോയിയുടെ ജീവൻ ബലി കൊടുക്കേണ്ടി വരുമായിരുന്നില്ല.

വിശാല അർഥത്തിലുള്ള മാലിന്യനിർമാർജനം എന്ന ആശയവും അതിന്‍റെ നടപടികളും അവിടെ നിൽക്കട്ടെ. നാം സർവസാധാരണമായി പറയുന്ന മഴക്കാലപൂർവ ശുചീകരണം എന്തുകൊണ്ട് ഉണ്ടായില്ല. അനാസ്ഥയും നടപടിവീഴ്ചയും പിടിപ്പുകേടുമല്ലേ കാരണം. ഇടവപ്പാതി ആരംഭിക്കുന്നതിനു മുമ്പ് നിർവഹിക്കേണ്ട ഇക്കാര്യത്തിൽ പൂർണ സ്തംഭനമല്ലേ ഉണ്ടായത്? സർക്കാരും തദ്ദേശ വകുപ്പും കോർപ്പറേഷനുമൊക്കെ നോക്കുകുത്തികളായി നിൽക്കുന്നതല്ലേ നാം കണ്ടത്. അടുപ്പിച്ച് നാലു മഴപെയ്താൽ വെള്ളക്കെട്ടായി മാറുന്ന തലസ്ഥാന നഗരിയിൽ അതുകൂടി കണക്കിലെടുത്തുള്ള നടപടികളല്ലേ ഉണ്ടാവേണ്ടിയിരുന്നത്. എന്നിട്ട് പ്രശ്നം കൈവിട്ടു പോയപ്പോൾ റെയ്‌ൽവേയും കോർപ്പറേഷനും തമ്മിൽ പഴിചാരി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിൽ എന്തു ന്യായീകരണം? അങ്ങനെ അനാസ്ഥ ഉണ്ടായാൽ അത് പരിഹരിക്കാനല്ലേ സർക്കാർ സംവിധാനം? പ്രശ്നം കൈവിട്ട് ജോയിയെ കാണാതായ സന്ദർഭത്തിൽ മാലിന്യ നീക്കത്തിനുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയില്ലേ? ഇത് നേരത്തേ ചെയ്തിരുന്നെങ്കിൽ ആ ജീവൻ ഹോമിക്കേണ്ടി വരുമായിരുന്നില്ല.

മാലിന്യ കൂമ്പാരം അടിഞ്ഞുകൂടി ഒഴുക്കുവരെ നിലച്ച് മൂക്കുപൊത്തി നിൽക്കേണ്ടിവരുന്ന ഒരു തോട്ടിൽ അത് വാരാൻ തൊഴിലാളികളെ ഇറക്കുന്നതിനു പകരം യന്ത്രങ്ങളല്ലേ ഉപയോഗിക്കേണ്ടിയിരുന്നത്. തൊഴിലാളി എന്ന നിലയിൽ ജോയി ഒരു റെയ്‌ൽവേ കോൺട്രാക്റ്ററുടെ നിർദേശമനുസരിച്ച് ജോലിക്ക് ഇറങ്ങുകയായിരുന്നു. ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ ഈ സാഹസത്തിന് തൊഴിലാളികൾ മുതിർന്നത്.

നെയ്യാറ്റിൻകര മാരായിമുട്ടം വടകരയിലുള്ള ജോയിയുടെ വസതി ഞാൻ സന്ദർശിച്ചതാണ്. ഒറ്റമുറി വീട്ടിലേക്ക് കയറാൻ മല ചവിട്ടുന്നതിനിടയിൽ വീണ് മൂന്നു തവണ കാലൊടിഞ്ഞ അമ്മ മെൽഹിക്ക് വഴിയോട് ചേർന്ന് ഒരു വീട് എന്നതായിരുന്നു ജോയിയുടെ സ്വപ്നം എന്നാണ് അമ്മയും ബന്ധുക്കളും എന്നോട് പറഞ്ഞത്. അതുകൊണ്ടല്ലേ സാധാരണപ്പെട്ട ആരും ചെയ്യാത്ത ഇത്തരമൊരു ജോലിയായിട്ടും ജോയി അതിനു മുതിർന്നത്. അവിടെ ജീവൻ പൊലിയേണ്ടി വരുമ്പോൾ ഉത്തരം പറയാൻ ബന്ധപ്പെട്ടവർക്ക് ബാധ്യതയുണ്ട്.

ഹൈക്കോടതിയും ഇക്കാര്യത്തിൽ രൂക്ഷ വിമർശനമാണ് നടത്തിയത്. തലസ്ഥാന നഗരി മാലിന്യക്കൂമ്പാരമായെന്നും മറ്റു തലസ്ഥാന നഗരങ്ങൾ കാഴ്ചയ്ക്ക് വിരുന്നാകുമ്പോൾ കേരള സർക്കാരിന്‍റെ മൂക്കിന് താഴെ ഇത്തരത്തിൽ മാലിന്യം അടിയുന്നത് എങ്ങനെയെന്നുമാണ് കോടതി ചോദിച്ചത്. ഇതിന് എന്ത് ഉത്തരം പറയും? സർക്കാർ സംവിധാനത്തിന്‍റെ വീഴ്ചയും നടപടികളുടെ പോരായ്മയും മാത്രമല്ല മാലിന്യ നീക്കത്തിന് കരാർ എടുത്തിട്ടുള്ള മാഫിയാ സംഘത്തിന് ഒത്താശ ചെയ്തത് കൂടിയാണ് ഈ വീഴ്ചയ്ക്ക് കാരണം. സ്ഥാപനങ്ങളിൽ നിന്നും മറ്റുമുള്ള വേസ്റ്റും മാലിന്യങ്ങളും നീക്കം ചെയ്യാൻ കരാർ എടുത്തിട്ടുള്ളവർ അത് നിബന്ധന പ്രകാരം സംസ്കരിക്കുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യേണ്ടതിന് പകരം തോട്ടിലും നീരുറവകളിലും മറ്റ് വന്യ സ്ഥലങ്ങളിലുമൊക്കെ കളയുകയാണ് ചെയ്യുന്നത്. കരാറുകാർ തങ്ങൾക്ക് വേണ്ടപ്പെട്ടവർ ആയതിനാൽ ഭരണതലത്തിൽ നിന്ന് ഒരു നടപടിയുമില്ല. ഈ ദൂഷിതവലയമാണ് ഹൈക്കോടതി പരാമർശിച്ച മാലിന്യക്കൂമ്പാരമായി നമ്മുടെ തലസ്ഥാനത്തെ മാറ്റിയത്.

"ആമയിഴഞ്ചാൻ തോട് തടസമില്ലാതെ ഒഴുകണം, അതിൽ മാലിന്യം എത്തരുത് ' എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ജോയിയുടെ മരണത്തെ തുടർന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പരിഗണിക്കവേ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം നൽകിയത്. അതെങ്കിലും പാലിക്കാനുള്ള നടപടി ഉണ്ടാകുമോ, അതോ തങ്ങളുടെ വേണ്ടപ്പെട്ട മാലിന്യ മാഫിയയ്ക്ക് കുട പിടിക്കുമോ!

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് എന്ന പ്രശ്ന പരിഹാരത്തിന് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ നേതൃത്വം നൽകിയ "ഓപ്പറേഷൻ അനന്ത' ഇടിച്ചുനിന്നത് എങ്ങനെയെന്ന് എല്ലാവർക്കുമറിയാം. ബിജു രമേശിന്‍റെ ഓട അടച്ചു കെട്ടിയ അനധികൃത കെട്ടിട ഭാഗം നീക്കം ചെയ്യാൻ എത്തിയപ്പോഴാണ് പണി സ്തംഭിച്ചത്. കോടതിയിൽ നിന്നുള്ള സ്റ്റേ ഉത്തരവ്. അതു മറികടക്കാനുള്ള നിയമനടപടികൾ സ്വീകരിച്ച് ഓപ്പറേഷൻ അനന്തയുമായി മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെട്ട് അന്ന് ഞാൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. പക്ഷേ, പിന്നീട് ഒരടി പോലും മുന്നോട്ടു പോയില്ല. ആ സ്റ്റേ നീക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. അപ്പോൾ തോടുകളിലെ ഒഴുക്കാണോ മാലിന്യ നിർമാർജമാണോ മുഖ്യ അജൻഡ, അതോ സ്വന്തക്കാർക്കും സ്വാധീന ശക്തികൾക്കുമുള്ള സംരക്ഷണമോ? ആ ഗതി തന്നെയാകുമോ സമ്പൂർണ ശുചിത്വ കേരളത്തിനും?

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ കേന്ദ്രത്തിലെ അഗ്നിബാധയുടെ ഘട്ടത്തിലും നാം ഇക്കാര്യം ചർച്ച ചെയ്തതാണ്. മാലിന്യ നിർമാർജനത്തിന് കോടികളുടെ കരാർ. അതിൽ കർശനമായ വ്യവസ്ഥകൾ. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. പണം പറ്റിയതു മാത്രം മിച്ചം. ഒടുവിൽ പരിശോധനാ ഘട്ടം എത്തുമെന്നായപ്പോൾ അഗ്നിബാധ. പിന്നെയെന്തു പരിശോധന! പൂഴിക്കടകൻ പ്രയോഗം! പൊടുന്നനേ നമ്മുടെ ആത്മവീര്യമുണർന്നു. കർശന നടപടിക്ക് മുറവിളി. ആരോപണ പ്രത്യാരോപണങ്ങൾ. പ്രശ്നം തണുപ്പിക്കാൻ മാലിന്യ നിർമാർജന സമയബന്ധിത പദ്ധതി പ്രഖ്യാപനം. അവിടെയും ഒന്നും നടന്നില്ല. വിഷയം കെട്ടടങ്ങിയതോടെ എല്ലാം മറന്നു.

പിന്നെ ജോയിയുടെ മരണം വേണ്ടിവന്നു സടകുടഞ്ഞ് എഴുന്നേൽക്കാൻ. അതും എത്ര നാളേക്ക്? ഇന്നലെകൾ സമ്മാനിച്ച അനുഭവങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളാണിത്. അതിനു മാറ്റമുണ്ടാവണമെങ്കിൽ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികൾ വേണം. പ്രശ്നം അത്രമേൽ ഗുരുതരമാണ്. അതിനു പരിഹാരം ഉണ്ടാവേണ്ടത് അനിവാര്യവും. എന്നാൽ വെല്ലുവിളികൾ ഏറെയും.

നമ്മുടെ മനോഭാവത്തിൽ ഉണ്ടാവേണ്ട മാറ്റമാണ് ഏറ്റവും പ്രധാനം. മലയാളി വ്യക്തി ശുദ്ധിയിൽ മുമ്പരാണ്. എന്നാൽ പരിസരശുദ്ധിയിൽ ആ മികവ് കാട്ടാറില്ല. മാലിന്യങ്ങൾ നമ്മുടെ അതിർത്തിക്കപ്പുറത്തേക്ക് തള്ളുക എന്നതാണ് നാം പരിചയിച്ചിരിക്കുന്ന രീതി. ""നോട്ട് ഇൻ മൈ ബാക്ക് യാർഡ് (NIMBY) സിൻഡ്രോം'' എന്നാണ് ഇതിനെ പറയുന്നത്. അങ്ങനെയാണ് തെരുവുകളും ജലാശയങ്ങളുമെല്ലാം മാലിന്യങ്ങൾ കൊണ്ട് നിറയുന്നത്. അതിനു മാറ്റം ഉണ്ടാവണം. അതിനു വാതിൽപ്പടി ശേഖരണം അടക്കം കൂടുതൽ ഫലപ്രദമാവണം. വീടുകളിലും സംഭരണ കേന്ദ്രങ്ങളിലും തരംതിരിക്കൽ ഉറപ്പാക്കണം. ഹരിത കർമ സേനയുടെ കുറവ് പരിഹരിച്ച് കൃത്യത ഉറപ്പാക്കണം.

കേരളത്തിൽ പ്രതിദിനം ഉണ്ടാവുന്നത് 12,000ത്തിലേറെ ടൺ ഖര മാലിന്യം. 2016ലെ മാലിന്യ സംസ്കരണ ചട്ട പ്രകാരം മാലിന്യ നിയന്ത്രണത്തിനുള്ള ബാധ്യത തദ്ദേശ സ്ഥാപനങ്ങൾക്കാണ്. എന്നാൽ അവർ ആ ഗൗരവത്തിൽ അത് കാണാത്തത് പ്രധാന വെല്ലുവിളിയാണ്. മാലിന്യ സംസ്കരണത്തിന് കൂടുതൽ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ ഉണ്ടാവണം. വൻകിട പ്ലാന്‍റുകൾക്കൊപ്പം പ്രാദേശികമായുള്ള ചെറുകിട പ്ലാന്‍റുകളും ഉണ്ടാവണം. അതത് ദിവസം ശേഖരിക്കുന്നവ അന്നുതന്നെ സംസ്കരിക്കപ്പെടണം. ആദ്യം സൂചിപ്പിച്ച മേഘാലയ മോഡൽ അതിന് ഉദാഹരണമാണ്. മാലിന്യം കെട്ടിക്കിടന്ന് അതിൽ നിന്നുള്ള വെള്ളമൊലിച്ചിറങ്ങി ദുർഗന്ധം വ്യാപിക്കുകയും രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതാണ് പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിരായ പ്രതിഷേധത്തിന് കാരണമാകുന്നത്. നാം പുതിയ യജ്ഞത്തിന് തുടക്കം കുറിക്കുമ്പോൾ അന്നന്നു തന്നെ മാലിന്യ സംസ്കരണം പൂർത്തിയാക്കാൻ കഴിയുന്ന കൂടുതൽ പ്ലാന്‍റുകൾ ഉണ്ടാവണം. അപ്പോൾ പ്രതിഷേധം ഒഴിവാക്കാം. ഇത് പറഞ്ഞാൽ പോരാ, ഫലപ്രദമാകണം - അനുഭവവേദ്യമാകണം. വൻതുക എസ്റ്റിമേറ്റ് തയാറാക്കിയിട്ട് ഗുണനിലവാരം ഇല്ലാത്ത മെഷീനറി സ്ഥാപിച്ചു നാലാം നാൾ അതു പ്രവർത്തനരഹിതമാകുന്ന നമ്മുടെ പതിവ് രീതി ഉപേക്ഷിച്ചേ തീരൂ.

കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന ഉറപ്പാക്കുമെന്നും അടക്കമുള്ള നിർദേശങ്ങൾ സ്വാഗതാർഹം തന്നെ. ഈ ഗണത്തിൽപ്പെട്ടവ നിയമം ലംഘിച്ച് നിർമിക്കുന്നതു കൊണ്ടാണല്ലോ പ്ലാസ്റ്റിക് അടക്കമുള്ളവ കടകളിലും മറ്റും എത്തുന്നത്. ഉത്ഭവ സ്ഥാനത്തു തന്നെ അത് തടയാൻ നടപടി ഉണ്ടാവണം.

മാലിന്യത്തിന്‍റെ അളവ് കുറയ്ക്കാനും തരംതിരിക്കാനും അജൈവ പാഴ് വസ്തുക്കൾ ഹരിത കർമ സേനയ്ക്ക് കൈമാറാനുള്ള പ്രവർത്തനം ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ കൈക്കൊണ്ടിരിക്കുന്ന തീരുമാനവും സ്വാഗതാർഹം തന്നെ. ആരംഭ ശൂരത്വം കഴിഞ്ഞും അത് ഫലപ്രദമായി മുന്നോട്ടുപോയാലേ ലക്ഷ്യം വിജയം കാണൂ.

ജനങ്ങളെ ബാധിക്കുന്ന ഒരു പൊതുപ്രശ്നത്തിന്‍റെ പരിഹാരമാണ് ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യന്‍റെ ആരോഗ്യത്തിനും നിലനിൽപ്പിനും കാരണമാകുന്ന കാര്യം. അതിൽ ഇച്ഛാശക്തിയും ആത്മാർഥതയും ഉണ്ടാവണം. ഇന്നലെകൾ പാഠമാവണം. പദ്ധതികളുടെ കുറവുകൊണ്ടല്ല പ്രശ്നപരിഹാരം അനന്തമായി നീണ്ടുപോകുന്നത്. ഓരോരോ അവസരങ്ങളിലായി നാം എന്തെല്ലാം പ്രഖ്യാപനങ്ങൾ നടത്തി. പ്രധാനമന്ത്രി തന്നെ ചൂലെടുത്ത് തൂത്ത് ശുചീകരണത്തിന് തുടക്കമിട്ട "സ്വച്ഛ് ഭാരത് ' പദ്ധതി വരെ ഉണ്ടായി. പക്ഷേ പ്രശ്നപരിഹാരം മാത്രം ഉണ്ടാകുന്നില്ല. വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.

അതിൽ നിന്നുള്ള സമൂലമായ മാറ്റമാണ് "സമ്പൂർണ മാലിന്യമുക്ത കേരള' പ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നത്. പ്രഖ്യാപനത്തിന്‍റെ കൊട്ടിഘോഷത്തിൽ തുടങ്ങി ഇഴഞ്ഞും മുടന്തിയും നീങ്ങി ഇടയ്ക്കുവച്ച് നിലയ്ക്കുന്ന പതിവ് കാഴ്ച ഇവിടെ ഉണ്ടാവില്ല എന്ന് ഉറപ്പാക്കണം. എല്ലാ വർഷവും മാർച്ച് 30ന് നടത്തുന്ന അന്താരാഷ്‌ട്ര മാലിന്യമുക്ത ദിനാചരണത്തിനായുള്ള "വൺഡേ പ്രോഗ്രാം' അല്ല, നിത്യജീവിതത്തിൽ അനുവർത്തിക്കുന്ന ശീലമായും സർക്കാർ നിരന്തരം പിന്തുടരുന്ന നടപടിയായും ഇത് മാറണം. അപ്പോഴേ മാലിന്യമുക്തി സാധ്യമാകൂ.

Trending

No stories found.

Latest News

No stories found.