
ഭാവിയുടെ സ്വാദ് അറിയാം
ചിരാഗ് പാസ്വാൻ
കേന്ദ്രമന്ത്രിയായ ശേഷം 2024 സെപ്റ്റംബറിലെ എന്‍റെ ആദ്യ "വേൾഡ് ഫുഡ് ഇന്ത്യ' (ഡബ്ല്യുഎഫ്ഐ) വേറിട്ട അനുഭവമായിരുന്നു. ആ നാലു ദിവസങ്ങളില്‍ കൃഷിയിടം മുതൽ തീൻമേശ വരെ മുഴുവൻ ഭക്ഷ്യശൃംഖലയും ഒത്തുചേരുന്നതു നേരിൽ കണ്ടു. ആഗോള ഉപയോക്താക്കളെത്തുന്ന സംസ്ഥാന ഭക്ഷ്യശാലകളും കർഷക ഉത്പാദക - സ്വയം സഹായ സംഘങ്ങളുടെ സാങ്കേതികവിദ്യാ പ്രദർശനങ്ങളും നിക്ഷേപ പ്രഖ്യാപനങ്ങള്‍ക്കൊപ്പം നടന്ന നയപരമായ ചർച്ചകളും അതിന്‍റെ ഭാഗമായിരുന്നു. ഇന്ത്യയെ ലോകത്തിന്‍റെ ഭക്ഷ്യശാലയാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനോടു ചേര്‍ന്നുനില്‍ക്കുന്ന സുപ്രധാന വേദിയാണ് വേള്‍ഡ് ഫുഡ് ഇന്ത്യയെന്ന് അതു തെളിയിച്ചു.
ആ അനുഭവമാണ് 2025ലെ രൂപരേഖയായി മാറിയത്. ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും വ്യാവസായിക പ്രമുഖരുമായി നടത്തിയ ചര്‍ച്ചകളും ഗൾഫ് ഫുഡ്, ലോക സാമ്പത്തിക ഫോറം തുടങ്ങിയ ആഗോള വേദികളിലെ പങ്കാളിത്തവും എക്കാലത്തെക്കാളുമേറെ ഇന്ത്യയുടെ കാർഷിക ഭക്ഷ്യ വൈവിധ്യവും കഴിവുകളും ലോകം കാണേണ്ടതുണ്ടെന്ന എന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തി. ഇതോടെ അടുത്ത പതിപ്പ് കൂടുതൽ മികച്ചതും ഫലപ്രദവുമാക്കാനും അതുവഴി നൂതനാശയങ്ങളെ നിക്ഷേപങ്ങളാക്കി ഇന്ത്യയെ വിശ്വസ്ത ആഗോള ഭക്ഷ്യകേന്ദ്രമാക്കി മാറ്റാനും ലക്ഷ്യമിട്ടു.
വരുംതലമുറ ജിഎസ്ടി പരിഷ്കാരങ്ങളടക്കം നയപരമായ പിന്തുണയാണ് ഈ ലക്ഷ്യത്തിന് കൂടുതൽ കരുത്തേകുന്നത്. സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളില്‍ മിക്കതും 5 ശതമാനം നികുതി വിഭാഗത്തിലോ നികുതിരഹിത വിഭാഗത്തിലോ ഉൾപ്പെടുത്തിയ പരിഷ്കാരങ്ങൾ ഈ മേഖലയ്ക്ക് അനുകൂലവും മത്സരാധിഷ്ഠിതവുമായ സാഹചര്യമൊരുക്കി.
ഇത്തരം ഒരുക്കങ്ങളോടെ ഇന്നു മുതൽ 28 വരെ "വേൾഡ് ഫുഡ് ഇന്ത്യ'സംഘടിപ്പിക്കാൻ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നത് സർക്കാർ ഈ മേഖലയ്ക്ക് നൽകുന്ന ഉയര്‍ന്ന പ്രാധാന്യം അടിവരയിടുന്നു. ന്യൂസിലാൻഡും സൗദി അറേബ്യയും പങ്കാളിത്ത രാജ്യങ്ങളായും ജപ്പാൻ, യുഎഇ, വിയറ്റ്നാം, റഷ്യ എന്നിവ പ്രധാന രാജ്യങ്ങളായും ഈ പതിപ്പില്‍ പങ്കെടുക്കും. സഹകരണ ഫെഡറലിസത്തിന്‍റെ മികച്ച ഉദാഹരണമായി 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പ്രാദേശിക ശേഷി പ്രദര്‍ശിപ്പിക്കുന്ന പവലിയനുകളൊരുക്കും. പ്രധാന പ്രദർശനങ്ങള്‍ക്കും ബിസിനസ് -ടു- ബിസിനസ് യോഗങ്ങള്‍ക്കും പുറമെ ഭക്ഷ്യസുരക്ഷാ അഥാറിറ്റി നയിക്കുന്ന ആഗോള ഭക്ഷ്യ റെഗുലേറ്റര്‍മാരുടെ മൂന്നാം ഉച്ചകോടിയും എസ്ഇഎഐയുടെ 24ാമത് ഇന്ത്യ അന്താരാഷ്‌ട്ര കടല്‍ ഭക്ഷ്യവിഭവ പ്രദര്‍ശനവും സംഘടിപ്പിക്കും.
വേള്‍ഡ് ഫുഡ് ഇന്ത്യ സംരംഭം പൂര്‍ണമായും സർക്കാർ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യസംസ്കരണ മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നതെങ്കിലും മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, വാണിജ്യം, വ്യാവസായിക - ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, കാര്‍ഷിക- കർഷക ക്ഷേമം, ആരോഗ്യ കുടുംബക്ഷേമം, ആയുഷ്, വടക്കുകിഴക്കന്‍ മേഖല വികസന വകുപ്പ് തുടങ്ങി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി തോളോടുതോൾ ചേർന്നാണ് ഈ സംരംഭത്തിനായി പ്രവർത്തിക്കുന്നത്. ഉത്പാദനം, ഗുണനിലവാരം, വ്യാപാരം, നിക്ഷേപം എന്നിവ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ഇത് സഹായിക്കുന്നു.
സുസ്ഥിരതയിലൂന്നിയ കാര്‍ബണ്‍ ബഹിര്‍ഗമന രഹിത ഭക്ഷ്യസംസ്കരണം, ഇന്ത്യയെ ആഗോള ഭക്ഷ്യ സംസ്കരണ കേന്ദ്രമാക്കി ഉയര്‍ത്തല്‍, ഭക്ഷ്യ സംസ്കരണത്തിലെയും ഉത്പന്നങ്ങളിലെയും പാക്കേജിങിലെയും നവസാങ്കേതിക വിദ്യകള്‍, പോഷകാഹാരത്തിനും ആരോഗ്യത്തിനും സംസ്കരിച്ച ഭക്ഷണം ഉറപ്പാക്കല്‍, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ മൃഗസംരക്ഷണവും സമുദ്രോത്പന്നങ്ങളും എന്നിങ്ങനെ 5 സുപ്രധാന ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് വേള്‍ഡ് ഫുഡ് ഇന്ത്യ ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും പ്രത്യേക സെഷനുകളും ബി- ടു- ബി യോഗങ്ങളും പദ്ധതിനിര്‍വഹണ മാര്‍ഗങ്ങളും അവതരിപ്പിച്ച് പങ്കാളിത്തം കേവലം ചർച്ചകളിലൊതുങ്ങാതെ പ്രായോഗിക തലങ്ങളിലേക്ക് നീങ്ങാന്‍ വഴിയൊരുക്കും.
PMFME പദ്ധതിയിലെ ചെറുകിട സംരംഭകരുടെ ശ്രദ്ധേയമായ വിജയം വേള്‍ഡ് ഫുഡ് ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കുന്നു. പരിപാടിയിൽ അവർക്ക് സൗജന്യ സ്റ്റാളുകൾ നൽകുന്നത് ആഭ്യന്തര - ആഗോളതലത്തിലെ വന്‍കിട കമ്പനികളുമായി ബന്ധപ്പെടാൻ അവസരമൊരുക്കുന്നു. അവരുടെ സാന്നിധ്യം കോടിക്കണക്കിന് രൂപയുടെ വ്യാപാര കരാറുകൾക്കും ദീര്‍ഘകാലം നിലനിൽക്കുന്ന പങ്കാളിത്തത്തിനും വഴിയൊരുക്കി. രാജ്യത്തെ ചെറുകിട ഭക്ഷ്യ സംരംഭകർക്ക് തുല്യ അവസരം ഉറപ്പാക്കാൻ അഭിമാനപൂര്‍വം ശ്രമം തുടരുന്ന പശ്ചാത്തലത്തില്‍ അവരിൽ പലരും ഈ വർഷവും തിരിച്ചെത്തുന്നുണ്ട്.
സിഇഒ വട്ടമേശ സമ്മേളനമാണ് ഡബ്ല്യുഎഫ്ഐയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. അതിൽ, വ്യവസായ പ്രമുഖരും നിക്ഷേപകരും നയരൂപകർത്താക്കളും തന്ത്രപ്രധാന സംവാദങ്ങളിലൂടെ സഹകരണം പ്രോത്സാഹിപ്പിക്കുകയും മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. 2024ൽ ഇവിടെ ഉയർന്ന ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾക്കു കാരണമായി. ഇതു നമ്മുടെ ഗവണ്മെന്‍റിന്‍റെ കൂടിയാലോചനാ- പ്രതികരണാത്മക സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ഡബ്ല്യുഎഫ്ഐയുടെ സമഗ്രത ഉറപ്പാക്കാൻ HoReCa (ഹോട്ടൽ, റസ്റ്ററന്‍റ്, കാറ്ററിങ്), Alcobev (മദ്യം) മേഖലകൾ ഉൾപ്പെടെ, എല്ലാ വിഭാഗം പങ്കാളികളുമായും സഹകരിക്കുന്നു. ഇത് എല്ലാ ഉപമേഖലകളിലും നവീകരണത്തിനു പ്രചോദനമേകുന്നു. ജൈവ- സുസ്ഥിര ഉത്പന്നങ്ങളാൽ സമ്പന്നമായ വടക്കുകിഴക്കൻ മേഖലയ്ക്കും പ്രത്യേക പ്രാധാന്യമേകുന്നു. അസം തേയില മുതൽ മേഘാലയ മഞ്ഞൾ വരെ പ്രദർശിപ്പിക്കുന്ന പ്രത്യേക പവലിയൻ ഉണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ആഗോളതലത്തിൽ ഇന്ത്യൻ ജൈവ ബ്രാൻഡുകളുടെ കുതിപ്പിന്‍റെ കേന്ദ്രമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഇത് ഉയർത്തിക്കാട്ടുന്നത്.
ഫലപ്രദമായ പ്രവർത്തനങ്ങളിലാണ് ഡബ്ല്യുഎഫ്ഐയുടെ വിശ്വാസ്യത നിലകൊള്ളുന്നത്. 2017 മുതൽ ഇത് 38,000 കോടിയിലേറെ രൂപയുടെ നിക്ഷേപം യാഥാർഥ്യമാക്കി. 2024ലെ പതിപ്പിൽ 1,500ലധികം പ്രദർശകരും 20 രാജ്യങ്ങളുടെ പവലിയനുമുണ്ടായിരുന്നു. ഇത് 93 ദശലക്ഷം ഡോളറിന്‍റെ വ്യാപാര ഓർഡറുകൾ നേടി. 50ലധികം പുതിയ സംസ്കരണ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു. 25,000 സൂക്ഷ്മ സംരംഭങ്ങൾക്കു സബ്‌സിഡി ലഭിച്ചു. കൂടാതെ, സ്വയംസഹായ സംഘങ്ങളിലെ 70,000 വനിതകൾക്ക് 245 കോടി രൂപയുടെ സീഡ് മൂലധന സഹായം ലഭിച്ചു. 1,100ലധികം അച്ചാറുകൾ ക്യുആർ കോഡുകളോടെ പ്രദർശിപ്പിച്ച പ്രത്യേക ചുവര്, ചെറുകിട ഉത്പാദകർക്കു നേരിട്ടുള്ള വിപണിപ്രവേശം സാധ്യമാക്കി. ഈ നേട്ടങ്ങളെല്ലാം നിക്ഷേപം, നവീകരണം, സമഗ്ര വളർച്ച എന്നിവയുടെ തുടർച്ചയായ ചാലകശക്തിയായി ഡബ്ല്യുഎഫ്ഐയെ അടയാളപ്പെടുത്തുന്നു.
ഡബ്ല്യുഎഫ്ഐയ്ക്ക് ഏറ്റവും കരുത്തുറ്റ പിന്തുണ ലഭിക്കുന്നതു വ്യവസായത്തിൽ നിന്നാണ്. ഒരു വർഷത്തിനുള്ളിൽ പ്രദർശനത്തിനായി ബുക്ക് ചെയ്ത സ്ഥലം 43% വർധിച്ച് 70,000 ചതുരശ്രമീറ്ററിൽ നിന്ന് ഒരുലക്ഷം ചതുരശ്ര മീറ്ററായി. ഇതു വളർച്ചയ്ക്കും പങ്കാളിത്തത്തിനും ഈ വേദി പ്രയോജനപ്പെടുത്തുന്നതിൽ വിപണിക്കുള്ള ആത്മവിശ്വാസത്തിന്‍റെ പ്രതീകമാണ്.
"വേൾഡ് ഫുഡ് ഇന്ത്യ 2025' ലളിതമായ ആശയത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. നവീകരണവും നിക്ഷേപവും നിലവാരവും ഒന്നിക്കുമ്പോൾ, അവിടെ സമൃദ്ധിയുണ്ടാകും. സ്റ്റാർട്ടപ്പിന് ആഗോള നിക്ഷേപകനെ സമീപിക്കാൻ കഴിയുന്ന ഇടമാണിത്. സ്വയംസഹായ സംഘത്തിന് അവരുടെ ജൈവ അച്ചാറുകൾക്ക് ആവശ്യക്കാരെ കണ്ടെത്താനും സംസ്ഥാനങ്ങൾക്കു ബഹുരാഷ്‌ട്ര നിർമാണശാലകളെ ആകർഷിക്കാനും കഴിയുന്ന വേദി. പ്രധാനമന്ത്രി വ്യക്തമാക്കിയതു പോലെ, ഇന്ത്യയുടെ ഭക്ഷ്യവൈവിധ്യം ഓരോ ആഗോള നിക്ഷേപകന്‍റെയും സാധ്യതയാണ്. ഈ സാധ്യതകളെ തൊഴിലവസരങ്ങളിലേക്കും, കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിലേക്കും, മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിലേക്കും പരിവർത്തനം ചെയ്യുന്ന കണ്ണിയാണു ഭക്ഷ്യസംസ്കരണം.
എല്ലാ വായനക്കാരോടും പങ്കാളികളോടും അഭ്യുദയകാംക്ഷികളോടും പറയാനുള്ളത്:
സാങ്കേതിക വിദ്യ, നവീകരണം, പൂർണ മനസ് എന്നിവയാൽ 1.4 ശതകോടി ജനതയുള്ള രാഷ്‌ട്രം ""സമൃദ്ധിക്കായി സംസ്കരണം നടത്തുന്നത്'' എങ്ങനെയെന്നു കാണാൻ "വേൾഡ് ഫുഡ് ഇന്ത്യ-2025'ൽ ഞങ്ങൾക്കൊപ്പം അണിചേരൂ. സാധ്യതകളുടെ ലോകത്തിനു പ്രചോദനമേകാൻ, ധീരമായ കാഴ്ചപ്പാടുകളും ഊർജസ്വലമായ രുചിക്കൂട്ടുകളും സമന്വയിപ്പിക്കുന്ന അവിസ്മരണീയ പരിപാടിയിൽ പങ്കുചേരാൻ തയാറെടുക്കൂ.