മുത്തങ്ങ വനമേഖലയിൽ നിന്നുള്ള ചിത്രം (File photo)
മുത്തങ്ങ വനമേഖലയിൽ നിന്നുള്ള ചിത്രം (File photo)Metro Vaartha

കാട്ടുതീ, വീണ്ടും ഓർമിപ്പിക്കുന്നത്

വേനൽ കടുത്തതോടെ കാട്ടുതീയും പടർന്നു തുടങ്ങി. വലിയ വാർത്തകളാകാത്ത വിധം അവ സാധാരണവുമായിക്കഴിഞ്ഞു. മനുഷ്യജീവൻ നഷ്ടമായാൽ മാത്രം തത്കാലത്തേക്ക് ഉണരുന്ന മനഃസാക്ഷികൾക്കു വേണ്ടി ഒരു ഓർമപ്പെടുത്തൽ...

റീന വർഗീസ് കണ്ണിമല

തമിഴ്നാട്ടിലെ കമ്പം വരെ ഒന്നു പോയി വരുമ്പോഴാണ് ആ കാഴ്ച കണ്ടത്. അങ്ങു ദൂരെ, താഴ്വാരങ്ങൾക്കപ്പുറത്തെ മലനിരകളിൽ കാട്ടു തീ നിന്നു കത്തുന്നു. റോഡ് സൈഡിൽ വണ്ടി ഒതുക്കി വിവരശേഖരണത്തിനായി ഇറങ്ങി. നാട്ടുകാർക്ക് തെല്ലും ആശങ്കയില്ല. പതിവായി കാണുന്ന പല കാഴ്ചകളിൽ ഒന്ന് എന്ന ഭാവത്തിലാണ് അവരുടെ നിൽപ്പ്. ദൂരെ കത്തുന്നത് ചിന്നക്കനാൽ വില്ലേജിലെ റവന്യൂ ഭൂമിയാണ്; സൂര്യനെല്ലി മേഖല.

കാട് കത്തിക്കുന്നതാര്?

''ഏതാണ്ട് ഒന്നര കിലോമീറ്ററെങ്കിലും വരും തീ കത്തുന്ന ആ പ്രദേശം'', രാജാമണിക്കു നല്ല ഉറപ്പുണ്ട്.

''അതു പിന്നെ എല്ലാ വർഷവും കാട്ടുതീ ഇടും'', അതും അന്നാട്ടുകാർക്ക് ഉറപ്പ്.

ഒരു പത്തു നാൽപ്പത് ഏക്കർ സ്ഥലമെങ്കിലുമുണ്ട് ആ കാട്ടുതീയിലമരുന്നതെന്നും തദ്ദേശവാസികളായ അവർ ഉറപ്പിച്ചു പറയുന്നു. നിലവിൽ ആ പുൽമേടുകളിൽ ഉണങ്ങി നിൽക്കുന്ന പുല്ല് തീയിട്ടു കളഞ്ഞാലേ ആനയ്ക്ക് അടുത്ത മഴയ്ക്ക് പുല്ല് കിളിർക്കൂ എന്നാണ് നാട്ടുകാരുടെ പക്ഷം. അതിനാണത്രെ എല്ലാ വർഷവും വേനൽ കടുക്കുമ്പോൾ കാട്ടു തീയിടുന്നത്.

എന്നാലവർ ഒരു കാര്യം പലകുറി ആവർത്തിച്ചു:

''ആരാണ് കത്തിക്കുന്നതെന്ന് പറയാൻ പറ്റില്ല. അതിപ്പോ ആരുമാകാം. ടൂറിസ്റ്റുകളാകാം. ഫോറസ്റ്റുകാരാകാം. നാട്ടുകാരുമാകാം. അതിപ്പോ ആരെന്നൊന്നും പറയാൻ പറ്റില്ല. ആരോ കത്തിക്കുന്നു.''

പേരു വെളിപ്പെടുത്താത്ത ഒരു വൃദ്ധൻ പലതവണ അങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു.

പഠിക്കാത്ത പാഠങ്ങൾ

ചിന്നക്കനാൽ വില്ലേജിലെ റവന്യൂ ഭൂമിയിൽ കാട്ടുതീ പടർന്നപ്പോൾ. സൂര്യനെല്ലി മേഖലയിൽനിന്നുള്ള ദൃശ്യം.
ചിന്നക്കനാൽ വില്ലേജിലെ റവന്യൂ ഭൂമിയിൽ കാട്ടുതീ പടർന്നപ്പോൾ. സൂര്യനെല്ലി മേഖലയിൽനിന്നുള്ള ദൃശ്യം.

കുറച്ചു കൂടി ഞങ്ങൾ മുന്നോട്ടു വന്നപ്പോൾ കണ്ടു, നേര്യമംഗലം വനമേഖലയിലും കാട്ടുതീ. എത്രയായാലും പഠിക്കാത്ത മലയാളിയുടെ അത്യാർത്തിയെക്കുറിച്ച് അപ്പോളോർത്തു പോയി. കാരണം, കാട്ടുതീയുടെ ദുരന്ത വാർത്തകൾ നമ്മളെ ഞെട്ടിച്ച വർഷങ്ങളാണ് 2018 മുതലിങ്ങോട്ടുള്ളത്. എന്നിട്ടും ഈ മനുഷ്യർ എന്താണ് ചെയ്യുന്നത്?

2018 മാർച്ചിൽ തമിഴ്നാട്ടിലെ കൊരങ്ങിണി വനത്തിലൂടെ കൊളുക്കുമല ട്രക്കിങ്ങിനു പോയ ഇരുപതു പേരാണ് കാട്ടുതീയിൽ വെന്തെരിഞ്ഞത്. ഇടുക്കി ജില്ലയിലെ മൂന്നാറിനോടു ചേർന്നു കിടക്കുന്ന കൊളുക്കുമലയും തേനിയിലേക്ക് മറയൂരിൽ നിന്ന് കാട്ടിലൂടെയുള്ള എളുപ്പ വഴികളുമൊക്കെ ഉപയോഗിക്കുന്നത് വേനൽക്കാലത്ത് കാട്ടുതീയിൽ വെന്തു മരിക്കുന്നതിലേക്കു നയിക്കുകയാണിപ്പോൾ. കാട്ടിലൂടെ തമിഴ്നാട്ടിലേക്കു പോയ മൂന്നു പേർ 2020 മാർച്ചിൽ വെന്തു മരിച്ചതും അങ്ങനെയാണ്.

കൊറ്റമ്പത്തൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് പാട്ടത്തിനെടുത്ത പ്രദേശത്തുണ്ടായ കാട്ടുതീ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ആ കാട്ടുതീയിൽ മൂന്നു താത്കാലിക വാച്ചർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. സുഹൃത്ത് വെന്തു മരിച്ചതറിഞ്ഞ് മറ്റൊരാൾ ഹൃദയം പൊട്ടി മരിച്ചതും ആ ദുഃഖത്തെ വർധിപ്പിച്ചു. ആ കാട്ടുതീ മനുഷ്യ നിർമിതമാണെന്നു സംശയം പ്രകടിപ്പിച്ച അന്നത്തെ വനം വകുപ്പ് മന്ത്രി കെ. രാജു, അന്ന് കാട്ടുതീ പ്രതിരോധിക്കാൻ കൂടുതല്‍ കർക്കശമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപനങ്ങൾ പലതു നടത്തിയെങ്കിലും നാളിതു വരെ ഒന്നും ഫലപ്രദമായില്ല എന്നതാണ് വസ്തുത.

തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രൈബൽ വാച്ചർ ദിവാകരൻ, താത്കാലിക ജീവനക്കാരനായ വേലായുധൻ, കൊടുമ്പ് സ്വദേശി ശങ്കരൻ എന്നിവർ മരിച്ചത്. പൂങ്ങോട് ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരായിരുന്നു അവർ. തീ ചുറ്റും പടർന്നതോടെ ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റു. അക്കേഷ്യ മരങ്ങൾ ഏറെയുള്ള പ്രദേശമായതിനാലാണ് ഉണങ്ങിയ ഇലകളിൽ പെട്ടെന്ന് തീ പടർന്നത്.

പഞ്ഞമില്ലാത്ത മുട്ടാന്യായങ്ങൾ

വെള്ളം കൊണ്ട് കാട്ടു തീ അണയ്ക്കുക പ്രായോഗികമല്ല, അങ്ങനെ സാധിക്കുമെങ്കില്‍ തന്നെ ഫയര്‍ എഞ്ചിനുകള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ പാകത്തിനുള്ള റോഡുകള്‍ കാടിനുള്ളില്‍ ഉണ്ടാകണമെന്നില്ല. ചെറിയ വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ സാധിച്ചേക്കുമെങ്കിലും കത്തിപ്പടരുന്ന തീയണയ്ക്കാന്‍ അവ പര്യാപ്തമാകില്ല. ഈ സാഹചര്യത്തില്‍ കാട്ടു തീയുണ്ടാകുമ്പോള്‍ തന്നെ നിയന്ത്രിക്കുകയാണ് ബുദ്ധി എന്നൊക്കെയാണ് കൊറ്റമ്പത്തൂരിൽ ആളിയ കാട്ടുതീ അണയ്ക്കാൻ പോയ മൂന്നു മനുഷ്യ ജീവനുകൾ ചാമ്പലായപ്പോൾ അവിടുത്തെ ഡിഎഫ്ഒ വാദിച്ചത്.

കാട്ടു തീ കെടുത്താൻ ഫയര്‍ ബീറ്റേഴ്സ്, ഫയര്‍ ബ്ലോവേഴ്സ് പോലുള്ള ഉപകരണങ്ങളല്ലാതെ മറ്റൊന്നും ഇന്നും വനം വകുപ്പിന് അറിയില്ല. ഇത്തരം പഴഞ്ചൻ രീതികളിലൂടെയും ഇലച്ചപ്പു വച്ചു തല്ലിയടിച്ചും മറ്റും തീയണയ്ക്കാൻ ശ്രമിക്കുമ്പോൾ അത് ചിലപ്പോൾ കാറ്റിനനുസരിച്ച് മറുദിശയിലേക്കു വ്യാപിച്ചെന്നു വരും. അപ്പോൾ എതിർദിശയിൽ നിന്ന് കൗണ്ടർ ഫയറിങ് ചെയ്യുന്നതാണ് വനംവകുപ്പിന്‍റെ രീതി.

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തീയണയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് വനംവകുപ്പിന്‍റെ വാദം. അതിനവർ കൊണ്ടു വരുന്ന തെളിവ് 2018ൽ പറമ്പിക്കുളത്ത് ഉണ്ടായ തീയണയ്ക്കാന്‍ എയര്‍ഫോഴ്സിന്‍റെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചപ്പോൾ പരാജയപ്പെട്ടതാണ്. അതിനാലാണ് ഒരു സാഹചര്യത്തിലും ഹെലികോപ്റ്റര്‍ ഉപയോഗിക്കാത്തത് എന്നാണ് വനം വകുപ്പിന്‍റെ വാദം.

തീയില്‍ നിന്ന് നിശ്ചിത ഉയരത്തില്‍ പറന്ന് മാത്രമേ വെള്ളം സ്പ്രേ ചെയ്യാന്‍ ഹെലികോപ്റ്ററിനു സാധിക്കൂ എന്നും, ഹെലികോപ്റ്റർ പറന്നാൽ വന്യജീവികളും പക്ഷികളും ഭയന്നോടും എന്നുമൊക്കെയുള്ള മുട്ടാന്യായങ്ങൾ വേറെയുമുണ്ടവർക്ക്.

ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. തീ അണയ്ക്കാൻ നാളിതു വരെ കേരളത്തിനു വേണ്ടത്ര ആധുനിക സൗകര്യങ്ങളില്ല. അഥവാ കേന്ദ്രം നൽകിയേക്കാവുന്ന ഉള്ള സൗകര്യങ്ങൾ ആവശ്യ സമയത്ത് ഉപയോഗിക്കുന്നില്ല.

വനരോദനങ്ങളാകുന്ന മുറവിളികൾ

സൂര്യനെല്ലി മേഖലയിൽ കഴിഞ്ഞ ദിവസം പടർന്ന കാട്ടുതീ.
സൂര്യനെല്ലി മേഖലയിൽ കഴിഞ്ഞ ദിവസം പടർന്ന കാട്ടുതീ.

സാധുക്കളായ വനപാലകരുടെ സംഘടന തങ്ങളുടെ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ചില കാര്യങ്ങൾക്കായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ, അവയെല്ലാം വെറും വനരോദനങ്ങൾ മാത്രമായി. അഗ്നി പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രായോഗിക പരിശീലനം നൽകി എന്നു വനം വകുപ്പ് റിപ്പോർട്ടുകളിൽ എഴുതി വയ്ക്കുന്നതല്ലാതെ വേണ്ട പരിശീലനമോ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ വസ്ത്രമോ, ഹെൽമെറ്റ്, ഓക്‌സിജൻ മാസ്‌ക്, ഷൂസ് തുടങ്ങിയവയോ ഇന്നു വരെ കേരളത്തിലെ വനപാലകർക്ക് ലഭിച്ചിട്ടില്ല. അഗ്നി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന ജീവനക്കാർ മനുഷ്യരാണെന്നും അവരുടെ ജീവന് വിലയുണ്ടെന്നും മറന്നുപോകുകയാണ് ഉത്തരവാദപ്പെട്ടവർ.

കാട്ടുതീ പ്രതിരോധത്തിന് ഉൾവനത്തിൽ അതിവേഗം എത്താൻ കഴിയുന്ന ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫയർ റെസ്‌പോണ്ടർ വാഹനങ്ങളുണ്ട്. ഇവയ്ക്ക് വനത്തിനുള്ളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. വന്യജീവികളെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറൺ, പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ എന്നീ സൗകര്യങ്ങളുള്ള ഇത്തരം വാഹനങ്ങൾ ഫോറസ്റ്റ് ഡിവിഷനുകളിൽ പോലും ലഭ്യമാക്കാൻ വനം വകുപ്പിനു താത്പര്യമില്ല. പല ഫോറസ്റ്റ് സ്റ്റേഷനുകളിലും വാഹന സൗകര്യം പോലുമില്ല. തന്നെയല്ല, പതിനഞ്ചു വർഷം പിന്നിട്ട വാഹനങ്ങൾ പലതും കട്ടപ്പുറത്താണു താനും. ഇതെല്ലാം കാട്ടു തീ ഉണ്ടാകുന്ന ഇടങ്ങളിൽ ഓടിയെത്താൻ തടസമാകുന്നു.

വിദേശ യാത്രാപഠനങ്ങൾ മുറയ്ക്കു നടത്തുന്ന കേരള സർക്കാരിനു പക്ഷേ, ഇത്തരം ദുരന്തങ്ങളെ നേരിടാൻ വേണ്ട ആധുനിക മാർഗങ്ങളെക്കുറിച്ച് അറിയുകയേ വേണ്ട. മറിച്ച് ഏതു വിധേനയും കാട്ടു തീ വിതച്ച് കാടു കൈയേറാനുള്ള ശ്രമത്തിലാണ് ചില രാഷ്‌ട്രീയ നേതാക്കൾ. അതിന്‍റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം സൂര്യനെല്ലി-ചിന്നക്കനാൽ മേഖല നിന്നു കത്തിയത്, നേര്യമംഗലത്തെ കാട് തീ വിഴുങ്ങിയത്. ഇതൊന്നും ഇപ്പോൾ വാർത്തയേ അല്ല.

വിളവ് തിന്നുന്ന വേലികൾ

ആധുനിക എയർക്രാഫ്റ്റ് സംവിധാനങ്ങൾ കാട്ടു തീയണയ്ക്കാൻ കൊണ്ടു വരാതിരിക്കുന്നതിനായി ബന്ധപ്പെട്ടവർ നടത്തുന്ന ഈ വാദങ്ങൾ കേൾക്കുമ്പോൾ മനസിലാകും ആരെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന്.

എച്ച്എൻഎല്ലിനു പാട്ടത്തിനു നൽകിയ കൊറ്റമ്പത്തൂരിലെ കാട്ടുതീയെത്തുടർന്ന് എച്ച്എൻഎല്ലിനു പാട്ടത്തിനു നൽകിയ 3032 ഹെക്ടർ ഭൂമിയാണ് വനം വകുപ്പ് തിരിച്ചെടുത്തത്. അങ്ങനെയുള്ള വനം വകുപ്പ് എന്തു കൊണ്ടാണ് ഏറ്റവും കൂടുതൽ കൈയേറ്റം നടക്കുന്ന കോട്ടയം-ഇടുക്കി ജില്ലകളിലെ കൈയേറ്റ ഭൂമികൾ തിരിച്ചു പിടിക്കാത്തത്? മറയൂരിൽ മാത്രം നടന്ന കൈയേറ്റങ്ങളെക്കുറിച്ച് സർക്കാരിന്‍റെ വാർഷിക റിപ്പോർട്ട് പറയുന്നത്, മൂന്നാർ ഡിവിഷനിൽ മാത്രം ഏകദേശം 1099 ഹെക്‌ടർ ഭൂമിയാണ് കൈയേറ്റം ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ്.

ആനയ്ക്കു ഭക്ഷണം ഉണ്ടാകാൻ എന്ന പേരിൽ കാട്ടു തീയിട്ട് അതിന്‍റെ മറവിൽ നടത്തുന്ന വനം-റവന്യൂ ഭൂമികൾ കൈയേറ്റം ചെയ്യുന്നതിനെക്കുറിച്ച് ഇവർക്കൊന്നും ഒന്നും മിണ്ടാനില്ല. കാട്ടു തീ വലിയ പാരിസ്ഥിതികാഘാത ഹേതുവാണ്. കാട്ടുതീയിട്ടാൽ പിന്നീട് അവിടെ പുല്ലു കിളിർക്കണമെന്നില്ല. പകരം അധിനിവേശ സസ്യങ്ങളായ കൊങ്ങിണിയും മറ്റും അവിടെ വ്യാപിച്ചെന്നുമിരിക്കും. അപ്പോൾ കൈയേറ്റം എളുപ്പമാകും. ഈ തന്ത്രമാണ് കടുത്ത പാരിസ്ഥിതികാഘാത കാരണമായ കാട്ടു തീ നിയന്ത്രിതമായ രീതിയിൽ നടത്താൻ വനം വകുപ്പിനു പോലും അനുമതി ലഭിച്ചിരിക്കുന്നതിന്‍റെ കാരണം എന്നു സംശയിക്കണം. നിരവധി ഉരഗ വർഗങ്ങളും കാട്ടുതീയിലൂടെ വംശനാശ ഭീഷണി നേരിടുന്നുണ്ട്.

കേരളത്തിലാകെ 5024 ഹെക്‌ടർ വന ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിലധികവും സ്വകാര്യ വ്യക്തികളുടെ കൈയേറ്റങ്ങളാണ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി പടർന്നു കിടക്കുന്ന ഹൈറേഞ്ച് മേഖലയിലാണ് കൈയേറ്റം കൂടുതലെന്ന് 2021-22 ലെ വാർഷിക ഭരണ റിപ്പോർട്ടിൽ പറയുന്നു. കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെന്മാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കൈയേറ്റങ്ങളും.

മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ചിന്‍റെ പരിധിയിൽ വന്യജീവികളുടെ സാന്നിധ്യവും വനത്തിനുള്ളിൽ അനധികൃതമായി കടന്നു കയറി കാടിനു തീയിടുന്ന സംഭവങ്ങളും നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ അഞ്ച് കിലോ മീറ്ററിലധികം ദൂരപരിധിയിലുള്ള ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയപ്പോൾ ഇടുക്കി ജില്ലയിൽ നേര്യമംഗലം സൂര്യനെല്ലി ചിന്നക്കനാൽ മേഖലയിൽ ആനയ്ക്ക് അടുത്ത വർഷം ഭക്ഷണമുണ്ടാകാൻ ബന്ധപ്പെട്ടവർ കാട്ടു തീയെ അഴിച്ചു വിട്ടു പണിയെടുപ്പിക്കുന്നു!

പാവം കാട്ടാനകൾ... ചാരത്തിനിടയിൽ തീറ്റ തേടുന്ന മാനുകൾ... വെന്തെരിയുന്ന ജൈവവൈവിധ്യങ്ങൾ... അവർ വാ തുറന്നു പ്രതികരിക്കില്ലല്ലോ!

കെടുകാര്യസ്ഥതയുടെ കൂത്തരങ്ങ്

മുത്തങ്ങ വനമേഖലയിൽ കാട്ടുതീയിൽ കരിഞ്ഞ മരങ്ങൾ (ഫയൽ ഫോട്ടോ).
മുത്തങ്ങ വനമേഖലയിൽ കാട്ടുതീയിൽ കരിഞ്ഞ മരങ്ങൾ (ഫയൽ ഫോട്ടോ).Metro Vaartha

കാട്ടു തീ തടയാൻ ഇന്ത്യ ഉപയോഗിക്കുന്നത് ബാംബി ബക്കറ്റുകളാണ്. ഫയർ ഫൈറ്റർ ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കുന്ന ഇത്തരം ബാംബി ബക്കറ്റുകളിൽ 3000 ലിറ്റർ വെള്ളം കൊള്ളും. എന്നാൽ സി130 എന്ന ഫയർ ഫൈറ്ററിൽ 11,500 ലിറ്റർ കൊണ്ടു പോകാനാവും. ഇതൊന്നും വനം വകുപ്പ് അറിഞ്ഞ മട്ടില്ല.

എന്നു തന്നെയല്ല, കേന്ദ്ര ഫണ്ട് പലതും ലാപ്സാക്കി കളയുകയും ചെയ്തു. 200 കോടിയുടെ കേന്ദ്ര ഫണ്ടാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം കേരളം ഈയിനത്തിൽ ലാപ്സാക്കിയത്. ഇതൊക്കെ കൊണ്ട് 2021 ലെ ഭരണ റിപ്പോർട്ട് വനം വകുപ്പ് പുറത്തു വിട്ടതു തന്നെ വളരെ വൈകിയാണ്. 2022-23 ലെ വാർഷിക ഭരണ റിപ്പോർട്ടും വനം വകുപ്പ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുമില്ല.

ഇന്ത്യയുടെ ഈ ബാംബി ബക്കറ്റുകളും ഫയർ ഫൈറ്റർ ഹെലികോപ്റ്ററുകളും സി130 എന്ന ഫയർ ഫൈറ്ററും മറ്റും ആവശ്യാനുസരണം കേരള സർക്കാർ ലഭ്യമാക്കണം. അതിനിനി വൈകിക്കൂടാ. സർക്കാർ കാട്ടുന്ന അലംഭാവം രക്ഷകരായ ഭരണാധികാരികൾ ജനങ്ങളെ ചുട്ടു കൊല്ലുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത് എന്നത് ബന്ധപ്പെട്ടവർ മറക്കരുത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com