"ഒരു രക്തഹാരം ഇങ്ങോട്ട്, ഒരു രക്തഹാരം ഇങ്ങോട്ട്"; ശ്രീനിവാസൻ സമ്മാനിച്ച ചെറു വാചകങ്ങൾ

നാടോടിക്കാറ്റിലെ ജോലിയില്ലാത്ത യുവത്വത്തിനെ കഥ പറയുമ്പോൾ തൊഴിൽരഹിതരായ യുവാക്കളുടെ ഐക്കണായി മാറുന്നു ശ്രീനിവാസൻ
sreenivasan famous dialogues

ശ്രീനിവാസൻ

Updated on

എത്ര ആവർത്തിച്ചു കണ്ടാലും മടുക്കാത്ത സിനിമകൾ മാത്രമല്ല ഓർത്തിരിക്കാൻ ഒരുപാട് മുഹൂർത്തങ്ങളും അതിലേറെ ആഴമുള്ള സംഭാഷണ ശകലങ്ങളും സമ്മാനിച്ചാണ് ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭ വിട വാങ്ങുന്നത്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെറിയ സംഭാഷണങ്ങൾ. ചിരിയുടെ കണിക പോലുമില്ലാതെ ശ്രീനിവാസൻ പറഞ്ഞു വെച്ച വാക്കുകളോരോന്നും പൊട്ടിച്ചിരിയോടെയാണ് മലയാളികൾ ഏറ്റു വാങ്ങിയത്.

നാടോടിക്കാറ്റിലെ ജോലിയില്ലാത്ത യുവത്വത്തിനെ കഥ പറയുമ്പോൾ തൊഴിൽരഹിതരായ യുവാക്കളുടെ ഐക്കണായി മാറുന്നു ശ്രീനിവാസൻ. ഇല്ലായ്മയിൽ നിന്ന് ഒരായിരം പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്ളിൽ നിറച്ചു കൊണ്ട് "എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ" എന്നു പറയുമ്പോൾ ആ പ്രതീക്ഷ ജീവിതകാലത്തിലേക്കെന്ന പോലെയാണ് മലയാളികൾ എടുത്തണിഞ്ഞത്. എന്തെങ്കിലും നല്ലത് നടക്കുമ്പോൾ അല്ലെങ്കിൽ ഒന്നും ശരിയാകാതെ വരുമ്പോൾ ഈ ഡയലോഗ് പറയാതിരിക്കുന്ന ഏതു സൗഹൃദക്കൂട്ടമാണ് നമുക്ക് ഇടയിലുള്ളത്. എന്തെങ്കിലും ഒക്കെ ചെയ്ത് പാളി കുളമായിരിക്കുമ്പോൾ തലയണമന്ത്രത്തിലെ "ഞാൻ പോളിടെക്നിക് ഒക്കെ പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും താനെന്നെ പഠിപ്പിക്കണ്ട' എന്ന ഡയലോഗില്ലായിരുന്നെങ്കിൽ നമ്മൾ എന്തു ചെയ്യുമായിരുന്നേനെ...

ഉത്തരം മുട്ടുമ്പോഴെല്ലാം അങ്ങു ദൂരെ പോളണ്ടിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയതും ശ്രീനിവാസനായിരുന്നു.. സന്ദേശത്തിൽ ക്ഷോഭത്തോടെയാണ് ശ്രീനിവാസൻ "പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്" പറയുന്നതെങ്കിൽ മലയാളികൾ അത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് പൊട്ടിച്ചിരിക്കും, പെണ്ണുകാണാൻ ചെന്നിരിക്കുമ്പോൾ കല്യാണത്തെക്കുറിച്ച് "ഒരു രക്തഹാരം ഇങ്ങോട്ട്, ഒരു രക്തഹാരം ഇങ്ങോട്ട്" അണിയിച്ചാൽ മതിയെന്നും ശ്രീനിവാസൻ പറയുന്നതും ഇന്നും നമ്മളിൽ ചിരിവിരിയിക്കുന്ന നിമിഷങ്ങളാണ്. വെളുത്ത ടീ ഷർട്ടിൽ ചുവന്ന അക്ഷരങ്ങളിൽ അഭിമാനത്തോടെ എഴുതി പ്രദർശിപ്പിച്ച് നഗരങ്ങളിലൂടെ നടക്കും. ചിലപ്പോഴൊക്കെ കടം കഥപോലെ തോന്നുന്ന ഡയലോഗുകൾ... പല സന്ദർഭങ്ങളിൽ പല ഭാവങ്ങളിൽ എത്തുന്നവ.. അഴകിയ രാവണനിലെ "അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ" എന്ന ഒറ്റ ഡയലോഗ് മതി മലയാളിക്ക് മറ്റൊരാളോട് സാഹചര്യത്തെക്കുറിച്ചോ സന്ദർഭത്തെക്കുറിച്ചോ പറഞ്ഞു മനസിലാക്കാൻ.

കിളിച്ചുണ്ടൻ മാമ്പഴത്തിൽ ശ്രീനിവാസൻ ഏറെ പ്രതീക്ഷയോടെ സൗന്ദര്യയോട് ചോദിക്കുന്ന "ഒരുമ്മ തരാൻ പാടില്ലാന്നൊന്നും അന്‍റെ ഉപ്പാപ്പ പറഞ്ഞിട്ടില്ലല്ലോ" എന്ന ഡയലോഗ് ജെൻ സി പിള്ളേരുടെ ഇൻസ്റ്റ റീലുകളിൽ പോലും നിറഞ്ഞു നിൽക്കുന്നു.

കാലങ്ങൾ കടന്നു പോയി...യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ അപ്രതീക്ഷിതിമായി കടന്നു വരുന്ന ശ്രീനിവാസൻ പറയുന്നു ..."ഈശ്വരാ ഭഗവാനെ, എന്‍റെ അച്ഛന് നല്ലത് മാത്രം വരുത്തണേ" എന്ന്.. നന്മ നിറഞ്ഞവനിൽ നിന്ന് ദുഷ്ടനായ ഒരു വ്യക്തിയിലേക്കുള്ള പരകായ പ്രവേശം. "സാധനം കൈയിലുണ്ടോ" എന്ന ചോദ്യം പലപ്പോഴും തമാശയായി മലയാളികളുടെ നാവിലെത്തുന്ന ഡ‍യലോഗാണ്.

"സത്യം പറയാലോ ഒരു മാസം ഒന്ന് തട്ടി മുട്ടി ജീവിക്കാൻ ഒന്നരകോടി രൂപ വേണം" എന്നത് സിനിമയിൽ പറയുന്ന അതേ പൊങ്ങച്ചതോടെ നമ്മളും ഉപയോഗിക്കുന്നുണ്ട്. പുച്ഛവും പരിഹാസവും സ്വയം വിമർശനവുമെല്ലാം ആവും വിധം വാരി വിതറുന്നതിനിടയിൽ ശ്രീനിവാസൻ വലിയ ആർഭാടങ്ങളൊന്നുമില്ലാതെ പറയുന്നു...

"മറക്കണം മറന്നേ പറ്റൂ, ഓർമിക്കാൻ വേണ്ടി ഞാനിപ്പോൾ ആർക്കുമൊന്നും ചെയ്തുകൊടുക്കാറില്ല..". പക്ഷേ കാലമെത്ര കഴിഞ്ഞാലും മലയാളികൾ ഉള്ളിടത്തോളം കാലം ഈ സംഭാഷണങ്ങളെല്ലാം മറവിയുടെ പാട പുരളാതെ അതേ തീവ്രതയോടെ അതേ ഊർജസ്വലതയോടെ നില നിൽക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com