അഡ്വ. പി.എസ്. ശ്രീകുമാര്‍
രണ്ടു വര്‍ഷമായി തുടരുന്ന പ്രതിസന്ധികള്‍ക്കു താത്ക്കാലിക വിരാമമിട്ടുകൊണ്ട് ശ്രീലങ്ക പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള തയാറെടുപ്പിലാണ്. ഇന്നാണ് അവിടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 2019ലായിരുന്നു. 2019 ഏപ്രില്‍ 21ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ്.
ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) സ്ഥാനാർഥിയും മഹിന്ദ രാജപക്‌സെയുടെ സഹോദരനുമായ ഗോതബയ്യ രാജപക്‌സെയും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയില്‍ (യുഎൻപി) നിന്നും തെറ്റിപ്പിരിഞ്ഞ സജിത് പ്രേമദാസയുമായിരുന്നു പ്രധാന എതിരാളികള്‍. ഇടതുപക്ഷ പാര്‍ട്ടിയായ ജനത വിമുക്തി പെരമുനയുടെ (ജെവിപി) സ്ഥാനാർഥിയായി അനുര കുമാര ദിസനായകെ മത്സരിച്ചെങ്കിലും വളരെ നിസാര വോട്ടുകള്‍ മാത്രമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ. വമ്പിച്ച ഭൂരിപക്ഷത്തില്‍ ഗോതബയ്യ വിജയിച്ചു പ്രസിഡന്‍റായെങ്കിലും, ഭരണത്തില്‍ ഉടനീളം രാജപക്സെ കുടുംബം നടത്തിയ അഴിമതിയും ധൂര്‍ത്തും അതിനൊക്കെ മകുടം ചാര്‍ത്തുന്ന രീതിയില്‍ അഭൂതപൂര്‍വമായ വിലക്കയറ്റവും, ഭക്ഷ്യക്ഷാമവും ഉണ്ടായതോടെ 2022 ജൂലൈയില്‍ ജനങ്ങള്‍ ഒന്നാകെ പസിഡന്‍റിന്‍റെ കൊട്ടാരം കൈയേറുകയും പ്രസിഡന്‍റ് ഗോതബയ്യ രാജ്യം വിടുകയും ചെയ്തു. തുടന്ന്, രജപക്‌സെയുടെ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് റെനില്‍ വിക്രമസിംഗെ പാര്‍ലമെന്‍റിലെ വോട്ടിലൂടെ പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്.
മത്സര രംഗത്ത് ആരൊക്കെ?
നിലവിലെ പ്രസിഡന്‍റായ റെനില്‍ വിക്രമസിംഗെ വീണ്ടും മത്സരരംഗത്തുണ്ട്. പ്രസിഡന്‍ററായിരുന്ന മഹീന്ദ രാജപക്‌സെ 2015ല്‍ മത്സരിച്ചതിനുശേഷം, ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ വീണ്ടും മത്സരത്തിറങ്ങുന്നത് കുറെ വർഷങ്ങൾക്കു ശേഷം ആദ്യമാണ്. മൊത്തം 39 സ്ഥാനാർഥികള്‍ മത്സരിക്കുന്നുണ്ടെങ്കിലും, സ്വതന്ത്രനായി മത്സരിക്കുന്ന 75കാരനായ റെനില്‍ വിക്രമസിംഗെക്കു പുറമേ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും സമാഗി ജനബല വെഗയ (എസ്ജെവി) സ്ഥാനാര്‍ഥിയുമായ സജിത് പ്രേമദാസയും ജെവിപി സ്ഥാനാർഥിയായി മത്സരിക്കുന്ന അനുര കുമാര ദിസ നായകെയുമാണ് പ്രബലരായ സ്ഥാനാർഥികള്‍. അറിയപ്പെടുന്ന മറ്റൊരു സ്ഥാനാര്‍ഥി മുന്‍ മന്ത്രിയും, മഹിന്ദ രാജപക്സെയുടെ മകനുമായ നമല്‍ രാജപക്സെയാണ്.
സ്വാധീനം നഷ്ടപ്പെട്ട രാജപക്‌സെ കുടുംബം
ഈ തെരഞ്ഞെടുപ്പിന്‍റെ ഒരു പ്രത്യേകത, കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ രാജപക്‌സെ കുടുംബത്തിന് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത ഒരു തെരഞ്ഞെടുപ്പാണെന്നതാണ്. നമല്‍ രാജപക്‌സെ സ്ഥാനാർഥിയാണെങ്കിലും, ഒരു ചലനവും ഉണ്ടാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. റെനില്‍ വിക്രമസിംഗെക്ക് പിന്തുണ നല്‍കുന്നത് രാജപക്സെയുടെ പാര്‍ട്ടിയായ എസ്എൽപിപിയുടെ ഒരു വിഭാഗം ആളുകളും യുഎൻപിയുമാണ്. തകര്‍ന്നു തരിപ്പണമായ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ ലോക ബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കുറച്ചെങ്കിലും മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു എന്നത് തനിക്കു അനുകൂലമായി മാറും എന്നാണ് വിക്രമസിംഗെ കരുതുന്നത്.
ലോക ബാങ്കിന്‍റെ സഹായത്തോടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ സാധാരണക്കാര്‍ക്കു കൂടി പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ മാറ്റുമെന്നും, വികസനത്തിന്‍റെ ഫലം സമൂഹത്തിനു മൊത്തം ലഭ്യമാക്കുമെന്നുമാണ് 57കാരനായ സജിത് പ്രേമദാസ ജനങ്ങളോട് പറയുന്നത്.
ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ സംവിധാനവും, വിദ്യാഭ്യാസ രംഗവും പരിഷ്‌കരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നു. രജപക്‌സെ കുടുംബത്തിന്‍റെ സംരക്ഷനാണ് വിക്രമസിംഗെയെന്ന ശക്തമായ ആരോപണവും പ്രേമദാസ തെരഞ്ഞെടുപ്പ് വേദികളില്‍ ഉന്നയിക്കുന്നുണ്ട്.
മാര്‍ക്‌സിസ്റ്റ് ചായ്‌വുള്ള ദിസ നായകെ
ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സ്ഥാനാർഥിയാണ് കൂട്ടത്തില്‍ ചെറുപ്പമായ 55കാരനായ ദിസ നായകെ. മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് കാഴ്ച്ചപ്പാടുള്ള അദ്ദേഹം, ശ്രീലങ്കന്‍ രാഷ്‌ട്രീയത്തില്‍ കൊടികുത്തി വാഴുന്ന അഴിമതി തുടച്ചുനീക്കുമെന്നു വാഗ്ദാനം നല്‍കുന്നു. ഗോതബയ്യയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ 2022ലെ പ്രക്ഷോഭത്തില്‍ സജീവമായി അദ്ദേഹവും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ജെവിപിയും പങ്കെടുത്തിരുന്നു. അതിനാല്‍ വിദ്യാർഥി, യുവജന വിഭാഗങ്ങളില്‍ ദിസ നായകെയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. ലോക ബാങ്കുമായി വിക്രമസിംഗെ ഒപ്പുവച്ച വായ്പാ ഉടമ്പടി സാധാരണ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നു. നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്‍റേ പേരിലാണ് അദ്ദേഹം മത്സരിക്കുന്നത്.
വിഭജിച്ചു പോകുന്ന സിംഹള വോട്ടുകള്‍
1.7 കോടി വരുന്ന വോട്ടര്‍മാരില്‍ 75 ശതമാനം പേർ സിംഹള വിഭാഗക്കാരാണ്. ജനസംഖ്യയില്‍ 11 ശതമാനം തമിഴ് വംശജരും 9 ശതമാനം പേര്‍ ഇസ്‌ലാം മത വിഭാഗക്കാരുമാണ്.
സിംഹളര്‍ക്കു വേണ്ടി ശക്തമായി നിന്നിട്ടുള്ള രാജപക്‌സെയുടെ സ്വാധീനം കുറഞ്ഞതിന് പുറമേ , പ്രധാന സ്ഥാനാർഥികള്‍ എല്ലാവരും സിംഹള വംശജരായതിനാല്‍ സിംഹളരുടെ വോട്ട് വീതം വച്ച് പോകും. പിന്നീട് നിർണായകമാകുന്നത് തമിഴ്, ഇസ്‌ലാം വിഭാഗങ്ങളുടേതാണ്. തമിഴ് വംശജരുടെ പാര്‍ട്ടികള്‍ വ്യത്യസ്ത ധ്രുവങ്ങളിലാണ് നില്‍ക്കുന്നത്. നിലവിലുള്ള പാര്‍ട്ടികളില്‍ അല്പം
സ്വാധീനമുള്ള തമിഴ് അരസു കക്ഷി പ്രേമദാസയ്ക്ക് പിന്തുണ നല്‍കുന്നു. എന്നാല്‍ മലയ- തമിഴ് വിഭാഗങ്ങള്‍ വിക്രമസിംഗെക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്ലാന്‍റേഷന്‍ മേഖലയിലെ തൊഴിലാളികളായ തമിഴ് വംശജരില്‍ കുറേപ്പേര്‍ ദിസനായകെക്ക് വേണ്ടി പ്രചാരണം നടത്തുന്നു. എന്നാല്‍, ഇസ്‌ലാം വിഭാഗത്തില്‍ സ്വാധീനമുള്ള നേതാക്കള്‍ പ്രേമദാസയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
ശ്രീലങ്കയിലെ നിലവിലെ ഭരണഘടനാ പ്രകാരം വോട്ടര്‍മാര്‍ മുൻഗണനാ ക്രമത്തിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ജയിക്കുന്ന സ്ഥാനാര്‍ഥിക്കു 50 ശതമാനത്തിനു മേല്‍ വോട്ട് ലഭിക്കണം. ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍, ഒഴിവാക്കപ്പെടുന്ന സ്ഥാനാർഥികളുടെ രണ്ടാം മുൻഗണനാ വോട്ടും, മൂന്നാം മുൻഗണനാ വോട്ടും ബാക്കിയുള്ളവര്‍ക്ക് വീതിച്ചു നല്‍കും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന രണ്ടു സ്ഥാനാര്‍ഥികളുടെ വോട്ട് പരിഗണിച്ച് അതില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിക്കും.
പ്രവചനാതീതം
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് വിക്രമ സിംഗെക്ക് മുന്‍തുക്കം ഉണ്ടായിരുന്നെങ്കിലും, വോട്ടെടുപ്പ് അടുക്കും തോറും അദ്ദേഹത്തിന്‍റെ ജനസമ്മതിയില്‍ കാര്യമായ കുറവ് ഉണ്ടായി. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വെകളില്‍ ദിസനായകെയും പ്രേമദാസയുമാണ് മുന്നില്‍ നില്‍ക്കുന്ന സ്ഥാനാർഥികള്‍. രാഷ്‌ട്രീയത്തിലെ അഴിമതി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഉയര്‍ന്ന നികുതി, ഉയര്‍ന്ന ജീവിത ചെലവ് എന്നിവയെല്ലാം വോട്ടിങ്ങില്‍ പ്രതിഫലിക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.
(ലേഖകന്‍റെ ഫോൺ: 9495577700)