സ്വദേശാഭിമാനിയും കേസരിയും മാധ്യമ ലോകവും

സ്വന്തം കാലില്‍ നില്‍ക്കുന്നതിനായി കേരള ദര്‍പ്പണത്തോടൊപ്പം ഉപാദ്ധ്യായന്‍ എന്ന മാസികയുടെ പത്രാധിപത്യവും അദ്ദേഹം ഏറ്റെടുത്തു
story about deshabhimani and kesari

സ്വദേശാഭിമാനിയും കേസരിയും മാധ്യമ ലോകവും

Updated on

സ്വദേശാഭിമാനി, കേസരി എന്നിവ രണ്ടു പത്രങ്ങളുടെ പേരാണ്. ഇവയുടെ പത്രാധിപരായിരുന്നവര്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത് ആ പത്രത്തിന്‍റെ പേരിലാണ്. അത്തരത്തില്‍ അപൂര്‍വ ഭാഗ്യം ലഭിച്ചവരാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും. ഇന്നും മാധ്യമ ലോകം ഇവരെ ആദരപൂര്‍വം സ്മരിക്കുന്നു. മാധ്യമ രംഗത്ത കേരള സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി ഇരുവരുടേയും പേരിലാണ് നല്‍കുന്നത്. സ്വദേശാഭിമാനി- കേസരി മാധ്യമ പുരസ്ക്കാരം.

രാമകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള പോലുള്ള മാധ്യമ പ്രവര്‍ത്തകരുടെ സ്വരങ്ങള്‍ നീതിക്കായി പ്രവര്‍ത്തിക്കാന്‍ മാധ്യമ സമൂഹത്തിന് എന്നും ധൈര്യം പകര്‍ന്നു നല്‍കുന്നു. ജനാധിപത്യ ബോധത്തില്‍ അധിഷ്ഠിതമായ സേവനം നടത്തുന്ന ദൈനംദിന മാധ്യമപ്രവര്‍ത്തനമാണ് കേരള സമൂഹത്തെ വിജ്ഞാനപരമായി ഉണര്‍ത്തുകയും അവബോധമുള്ള പൗരന്മാരായി മാറ്റുകയും ചെയ്യുന്നത്. അതുകൊണ്ടാണ് മാധ്യമ രംഗത്തെ മികച്ച സംഭാവനകള്‍ക്കായി സര്‍ക്കാര്‍ സ്വദേശാഭിമാനി- കേസരി മാധ്യമ പുരസ്കാരം 2010 മുതൽ ഏര്‍പ്പെടുത്തിയത്.

ടി. വേണുഗോപാലൻ (2010), ശശികുമാര്‍ (2011), വി.പി. രാമചന്ദ്രന്‍ (2012), ബി.ആര്‍.പി. ഭാസ്കര്‍ (2013), കെ.എം. റോയ് (2014), തോമസ് ജേക്കബ് (2015), കെ. മോഹനന്‍ (2016), ടി.ജെ.എസ്. ജോര്‍ജ് (2017), എം.എസ്. മണി (2018), കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (2019), എസ്.ആര്‍. ശക്തിധരന്‍ (2020), കെ.ജി. പരമേശ്വരന്‍ നായര്‍ (2021), ഏഴാച്ചേരി രാമചന്ദ്രന്‍ (2022), എന്‍. അശോകന്‍ (2023) എന്നിവരാണ് ഇതിനോടകം ഈ അവാര്‍ഡുകള്‍ ലഭിച്ചവര്‍.

മാധ്യമ രംഗത്ത് വലിയ അപചയങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വദേശാഭിമാനി- കേസരി മാധ്യമ പുരസ്കാരം ഒരു ഉണര്‍വാണ്. അതുകൊണ്ടു തന്നെ ഈ പുരസ്ക്കാരത്തിന് മൂല്യമുണ്ട്. ധൈര്യസമേതം വിരല്‍ ചൂണ്ടി വിമര്‍ശനമുന്നയിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ടോ എന്നത് ആശങ്കയുളവാക്കുന്നു. മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ്‌വത്ക്കരിക്കപ്പെട്ടതോടെ അധികാര കേന്ദ്രങ്ങളോടു ചേര്‍ന്നു തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നവരും ഇപ്പോള്‍ പുകഴ്ത്തലുകള്‍ മാത്രമാണ് നടത്തുന്നത്.

ധീരമായി, നിർഭയമായി മാധ്യമപ്രവര്‍ത്തനം നടത്തി അഴിമതികളും മറ്റും പുറത്തുകൊണ്ടു വന്നവ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട പ്രതികാരത്തിന്‍റെ കേരളത്തിലെ ആദ്യ ഇരയാണ് അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും ചിന്താ സ്വാതന്ത്ര്യത്തിന്‍റെയും ശക്തനായ വക്താവായിരുന്നു അദ്ദേഹം. 1878 മെയ് 25ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ നരസിംഹന്‍ പോറ്റിയുടേയും ചക്കിയമ്മയുടേയും മകനായി ജനിച്ചു. അച്ഛന്‍ നരസിംഹന്‍ പോറ്റി ക്ഷേത്ര പൂജാരിയായിരുന്നു. അഭിഭാഷകനായ അമ്മാവന്‍ കേശവപിള്ളയാണ് രാമകൃഷ്ണനെ പഠിപ്പിച്ചത്. 1887 മുതല്‍ നെയ്യാറ്റിന്‍കര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിനോട് ചേര്‍ന്ന ഹൈസ്കൂളിലും പഠിച്ചു. ഇന്നത്തെ യൂണിവേഴ്സിറ്റി കോളെജ് ആയ മഹാരാജാസ് കോളെജില്‍ പഠിക്കുന്ന സമയത്തു തന്നെ കേരള ദര്‍പ്പണം എന്ന പത്രത്തിന്‍റെ പത്രാധിപത്യം വഹിച്ചിരുന്നു. അമ്മാവന്‍ കേശവപിള്ള വക്കീലിന് തന്‍റെ അനന്തരവന്‍ പത്രാധിപത്യം ഏറ്റെടുത്തത് സ്വീകാര്യമായിരുന്നില്ല. അമ്മാവന്‍ തിരുവനന്തപുരത്തെത്തി. ഒന്നുങ്കില്‍ പത്രാധിപത്യം ഒഴിയണം അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്നു പറഞ്ഞു. രാമകൃഷ്ണപിള്ള വീട്ടില്‍ നിന്നിറങ്ങുകയും മാധ്യമ രംഗത്ത് തുടരുകയും ചെയ്തു.

സ്വന്തം കാലില്‍ നില്‍ക്കുന്നതിനായി കേരള ദര്‍പ്പണത്തോടൊപ്പം ഉപാദ്ധ്യായന്‍ എന്ന മാസികയുടെ പത്രാധിപത്യവും അദ്ദേഹം ഏറ്റെടുത്തു. തിരുവനന്തപുരത്തെ മറ്റൊരു പത്രമായ വഞ്ചി ഭൂപഞ്ചികയും കേരള ദര്‍പ്പണവും ലയിക്കാന്‍ തീരുമാനമായി. അങ്ങനെ 1901 ഏപ്രില്‍ 22ന് കേരള പഞ്ചിക എന്ന പത്രമുണ്ടായി. രാമകൃഷ്ണപിള്ള തന്നെയായിരുന്നു അവിടെയും പത്രാധിപര്‍. കേരള പഞ്ചികയിലെ രാജ്യകാര്യ വിമര്‍ശനങ്ങള്‍ ഉടമസ്ഥന് ഇഷ്ടപ്പെടാതെ തുടങ്ങി. രാമകൃഷ്ണപിള്ള നയം മാറ്റാന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ 1903 ഫെബ്രുവരിയില്‍ അദ്ദേഹം രാജിവച്ചു.

പിന്നീട് അക്കാലത്ത് പ്രശസ്തമായിരുന്ന മലയാളിയില്‍ കേരളന്‍ എന്ന തൂലികാനാമത്തില്‍ തുടര്‍ച്ചയായി രാഷ്‌ട്രീയ വിമര്‍ശന ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. മലയാളിയുടെ പ്രചാരം വർധിച്ചു. വിമര്‍ശനങ്ങള്‍ അധികാര കേന്ദ്രങ്ങളെ അലോസപ്പെടുത്തി. അന്നത്തെ ദിവാൻ ഉൾപ്പെടെയുള്ള വലിയ ഉദ്യോഗസ്ഥരാണ് രാമകൃഷ്ണപിള്ളയുടെ എഴുത്തിനാല്‍ കൂടുതല്‍ ആക്രമിക്കപ്പെട്ടത്. പത്രാധിപരും ഉടമസ്ഥരും തമ്മില്‍ ഈ കാരണത്താല്‍ ഇവിടേയും അഭിപ്രായ വ്യത്യാസം ഉണ്ടായി. 1904ല്‍ രാമകൃഷ്ണപിള്ള രാജിവച്ചു. 1905ല്‍ സ്വന്തമായി കേരളന്‍ എന്ന മാസിക തുടങ്ങി. ഇത് നടത്തിക്കൊണ്ടിരിക്കെയാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപിള്ളയെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17ന് അദ്ദേഹം സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനവും ഏറ്റെടുത്തു. അതേ കാലത്തു തന്നെയാണ് അദ്ദേഹം വിദ്യാർഥി എന്ന വിദ്യാഭ്യാസ മാസികയും ശാരദ എന്ന വനിതാ മാസികയും തുടങ്ങിയത്.

സ്വദേശാഭിമാനി പത്രത്തിലെ രാമകൃഷ്ണപിള്ളയുടെ രാജ്യകാര്യ വിമര്‍ശനം രൂക്ഷമായിരുന്നു. ഈശ്വരന്‍ തെറ്റ് ചെയ്താലും താന്‍ അതിനെതിരേ മുഖപ്രസംഗമെഴുതുമെന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. അങ്ങനെ അധികാരികളുടെ നോട്ടപ്പുള്ളിയായി. 1910 സെപ്റ്റംബര്‍ 26ന് രാജാവും ദിവാനും പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു. ഭരണത്തിന്‍റെ ഉന്നതതലങ്ങളില്‍ നിലനിന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ അദ്ദേഹം നാടുകടത്തപ്പെട്ടു. തുടർന്ന് മധുരയിലും പാലക്കാട്ടുമായി കഴിച്ചുകൂട്ടി. 1912 പാലക്കാട് വച്ച് രാമകൃഷ്ണപിള്ളയ്ക്ക് മലേഷ്യാ മലയാളികള്‍ സ്വദേശാഭിമാനി എന്ന ബിരുദം നല്‍കി ആദരിച്ചു. അക്കാലത്ത് അദ്ദേഹത്തിനു ക്ഷയരോഗം ബാധിച്ചിരുന്നു. 1913ല്‍ അദ്ദേഹം കുന്നംകുളത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ആത്മപോഷിണി മാസികയുടെ പത്രാധിപരായി മരണം വരെ തുടര്‍ന്നു. 1916 മാര്‍ച്ച് 28ന് കണ്ണൂരിലായിരുന്നു അന്ത്യം.

സ്വദേശാഭിമാനിയെ പോലെ മാധ്യമ രംഗത്തു മാതൃകയായ വ്യക്തിയാണ് കേസരി ബാലകൃഷ്ണപിള്ള. അംഗീകാരങ്ങളേക്കാള്‍ അവഗണന നേരിട്ട ഒരു പത്രാധിപർ. പാശ്ചാത്യ സാഹിത്യ ചിന്തകള്‍ ആദ്യമായി മലയാള ഭാഷയ്ക്ക് സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു കേസരി എ. ബാലകൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും ഒരു വിപ്ലവകാരി.

1889 ഏപ്രില്‍ 13ന് തിരുവനന്തപുരം തമ്പാനൂരിലെ പുളിക്കല്‍ മേലേവീട്ടില്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരന്‍ കര്‍ത്താവിന്‍റെയും പാര്‍വതി അമ്മയുടേയും മകനായാണ് ജനനം. കുടിപ്പള്ളിക്കൂടത്തിലും കൊല്ലം ഹൈസ്ക്കൂളിലുമായി സ്ക്കൂള്‍ വിദ്യാഭ്യാസം. 1908ല്‍ തിരുവനന്തപുരം മഹാരാജാസ് കോളെജില്‍ നിന്ന് ചരിത്രം ബിഎ ജയിച്ചു. ഗേള്‍സ് കോളെജിലും, കൊല്ലം മഹാരാജാസ് കോളെജിലും ചരിത്രാധ്യാപകനായി. സായാഹ്ന ക്ലാസില്‍ പഠിച്ച് 1913ല്‍ ബിഎല്‍. ജയിച്ചു. 1917ല്‍ അധ്യാപന ജോലി രാജിവച്ച് വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം കോടതിയില്‍ വക്കീൽ.

മലയാള സാഹിത്യത്തെ ഭൂമിയുടെ അറ്റത്തോളം വികസിപ്പിച്ച സാഹിത്യ നിരൂപകന്‍ എന്ന നിലയില്‍ കേസരി ബാലകൃഷ്ണപിള്ള അറിയപ്പെടുന്നു. ഒരു കാലത്ത് പാശ്ചാത്യ സാഹിത്യം മലയാളികള്‍ക്ക് ഇംഗ്ലീഷ് സാഹിത്യം മാത്രമായിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ മഹത്തായ കൃതികളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മലയാളികളെ ആദ്യമായി പരിചയപ്പെടുത്തുന്നത് കേസരിയാണ്. ജീവൽസാഹിത്യം എന്നറിയപ്പെടുന്ന പുരോഗമന സാഹിത്യത്തിന്‍റെ തുടക്കത്തിലെ തലതൊട്ടപ്പനും കേസരിയായിരുന്നു.

1922 മെയ് 14 നാണ് സമദര്‍ശിയുടെ പത്രാധിപത്യം ഏറ്റെടുത്താണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചത്. 1926 ജൂണ്‍ 19ന് അദ്ദേഹം അതു രാജിവച്ചു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കാൻ തിരുവിതാംകൂറിലും മലേഷ്യയിലും പര്യടനങ്ങള്‍ നടത്തി. 1930 ജൂണ്‍ 4ന് പ്രബോധകന്‍ ശാരദാ പ്രസില്‍ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബര്‍ 10ന് ലൈസന്‍സ് റദ്ദാക്കിയതു കൊണ്ട് പ്രബോധകന്‍ നിര്‍ത്തി.

അക്കൊല്ലം സെപ്തംബര്‍ 18നു തന്നെ കേസരി എന്ന പത്രം പ്രസിദ്ധീകരണമാരംഭിച്ചു. 1930കളില്‍ ശാരദ പ്രസില്‍ ഒത്തു കൂടിയിരുന്ന എഴുത്തുകാരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും കൂട്ടായ്മയാണ് കേസരി സദസ്. ഇത് മലയാള മാധ്യമ, സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. തകഴി, പട്ടം താണുപിള്ള, ഇ.വി. കൃഷ്ണപിള്ള, കെ.എ. ദാമോദരന്‍, എന്‍.എന്‍. ഇളയത്, ബോധേശ്വരന്‍, സി. നാരായണപിള്ള തുടങ്ങിയവരായിരുന്നു ആ സദസില്‍ ഒത്തുകൂടിയിരുന്നത്. അവരുടെ ചര്‍ച്ചകളായിരുന്നു കേരളത്തെ നയിച്ചിരുന്നത് എന്നുതന്നെ പറയാം.

കേസരി സദസില്‍ നടന്നിരുന്ന ചര്‍ച്ചകളുടെ വിഷയങ്ങളാണല്ലോ തൊട്ടടുത്ത ദിവസമുള്ള മാധ്യമങ്ങളില്‍ പല രീതികളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. അത് പലപ്പോഴും ഭരണപക്ഷത്തെ അലോസരപ്പെടുത്തി. അതൊക്കെ കൊണ്ടായിരിക്കണം 1931 ഫെബ്രുവരി 19ന് കോടതിയലക്ഷ്യത്തിന് 200 രൂപ പിഴ ചുമത്തിയത്. അന്നത് വലിയ തുകയാണ്. 1935 ഏപ്രില്‍ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാന്‍ കഴിയാതാവുകയും, 1936ല്‍ കടം താങ്ങാനാവാതെ ശാരദാ പ്രസും ഉപകരണങ്ങളും വില്‍ക്കുകയും ചെയ്തു. സാഹിത്യകാരനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു കേസരി ബാലകൃഷ്ണപിള്ള. 1942 സെപ്തംബര്‍ 3ന് വടക്കന്‍ പറവൂരിലേക്ക് താമസം മാറ്റി. 1960 ഡിസംബര്‍ 18ന് അന്തരിച്ചു.

മലയാള മാധ്യമ രംഗത്ത് ശക്തമായ നിലപാടുകളെടുത്ത ഇവരുടെ പേരിലുള്ള അവാര്‍ഡ് ഇന്ന് ഏറ്റവും വിലപ്പെട്ടതായി കണക്കാക്കാം. അത് ഏറ്റുവാങ്ങിയ എല്ലാവരും മലയാള മാധ്യമ ലോകത്തെ ഗുരുസ്ഥാനീയരാണ്. അവരില്‍ എല്ലാവരില്‍ നിന്നും മാധ്യമ പ്രവര്‍ത്തന രംഗത്തെ മൂല്യങ്ങള്‍ തലമുറക്കാര്‍ക്ക് ആർജിക്കാന്‍ സാധിക്കും. മാതൃകാപരമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഗുരുക്കന്മാര്‍ക്കുള്ള ആദരവായിത്തന്നെ സമൂഹവും ഈ പുരസ്കാരത്തെ പരിഗണിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com