
ഇന്ത്യൻ ജനതയുടെ നിത്യജീവിതത്തോടു ചേർന്നുനിൽക്കുന്നതാണു തീവണ്ടിയാത്ര. ഏറ്റവും ജനകീയമായ യാത്രാമാർഗം. കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്തേക്കു പാളങ്ങളിലൂടെ പായുമ്പോൾ, ഈ തീവണ്ടിയുടെ പേരുകൾക്കു പിന്നിലെ കഥയെന്തെന്നു ചിന്തിച്ചിട്ടുണ്ടോ. സ്ഥിരംയാത്രക്കാർ പുഷ് പുള്ളിനെ പി പി എന്നും, ആലപ്പിയെന്നും പാലരുവിയെന്നുമൊക്കെ ചുരുക്കപ്പേരിലേക്കു ഒതുക്കാറുണ്ട്. എന്നാൽ പ്രസിദ്ധമായ ചില തീവണ്ടികളുടെ പേരിടലിനു പിന്നിൽ കഥയും കാര്യവുമൊക്കെയുണ്ട്.
1989-ലാണു ശതാബ്ദി എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണു തീവണ്ടി ഓടിത്തുടങ്ങിയത്. അങ്ങനെ നൂറു വർഷം എന്ന് അർഥം വരുന്ന ശതാബ്ദി എന്ന പേരു ലഭിക്കുകയായിരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത വരെ അവകാശപ്പെടുന്നവയാണു ശതാബ്ദി എക്സ്പ്രസുകൾ.
തീവണ്ടികളിലെ രാജാവ് തന്നെയായിരുന്നു അടുത്തകാലം വരെ രാജാധാനി. വന്ദേഭാരത് പാളത്തിൽ എത്തിത്തുടങ്ങിയതോടെ രാജധാനിയുടെ പേരിനൊരു ഇളക്കം സംഭവിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയുടെ ടോപ് ടയർ ട്രെയ്ൻ തന്നെയാണ് രാജധാനി എക്സ്പ്രസ്. രാജ്യതലസ്ഥാനത്തു നിന്നും വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനത്തേക്കു യാത്ര ചെയ്യുന്ന തീവണ്ടികളായതിനാലാണ് ഈ പേരു ലഭിച്ചത്. രാജധാനി എന്നാൽ തലസ്ഥാനമെന്നർഥം. ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഇതര സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണു രാജധാനിയുടെ സഞ്ചാരപാത. 1969-ൽ ഡൽഹി-ഹൗറ സർവീസായിരുന്നു രാജധാനിയുടെ ആദ്യയാത്ര. മണിക്കൂറിൽ 140 കിലോമീറ്ററാണു വേഗത. കൂടുതൽ ദൂരം, വളരെ കുറച്ചു സ്റ്റോപ്പുകളിൽ മാത്രം നിർത്തി, വേഗത്തിൽ സഞ്ചരിക്കുന്നതു കൊണ്ടാണു തുരന്തോ എക്സ്പ്രസ് എന്ന പേരു പിറന്നത്. മണിക്കൂറിൽ 130 കിലോമീറ്ററാണു ശരാശരി വേഗത.