ആകാശത്തുണ്ട് രാധാംബികയുടെ കൈയ്യൊപ്പ്

വിജയത്തിന്‍റെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ തന്നെപോലെയുള്ള പരിമിതികളുള്ളവരെ കൈപിടിച്ച് കയറ്റാനും രാധാംബിക മറന്നില്ല
ആകാശത്തുണ്ട് രാധാംബികയുടെ കൈയ്യൊപ്പ്

#അജീന പി. എ

ഇച്ഛാശക്തിയുടെ കരുത്തില്‍ കുതിക്കാവുന്ന ദൂരങ്ങള്‍ക്ക് പരിധിയില്ലെന്നു തെളിയിച്ച പെണ്‍കരുത്ത്. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ചു താണ്ടിയ ഉയരങ്ങള്‍ ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. ആരെയും ആശ്രയിക്കാതെ സ്വന്തമായി നിലനില്‍ക്കണമെന്ന മോഹം മാത്രമായിരുന്നു കരുത്തായത്. ഇതു രാധാംബികയുടെ ( Radhambika) ജീവിതകഥ.

തടസമല്ല പരിമിതികള്‍

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) വിക്ഷേപിക്കുന്ന എല്ലാ ബഹിരാകാശ ഉപഗ്രഹങ്ങളിലും രാധാംബികയുടെ സ്ഥാപനത്തിന്‍റെ കരസ്പര്‍ശമുണ്ട്. ഉപഗ്രഹങ്ങള്‍ക്കു വേണ്ടിയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നല്‍കുന്ന ശിവവാസു ഇലക്ട്രോണിക്‌സിന്‍റെ (Sivavasu Electronics) സാരഥിയാണ് രാധാംബിക.സ്വന്തം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സംസ്ഥാന- ദേശീയ അവാര്‍ഡുകളും അവരെ തേടിയെത്തിയിരുന്നു.

രണ്ടാമത്തെ വയസില്‍ പോളിയോ ബാധിച്ച് അംഗപരിമിതി സംഭവിച്ചെങ്കിലും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടരുന്നതില്‍ അതൊന്നും തടസമായില്ല. വൊക്കേഷണല്‍ റീഹാബിലിറ്റേക്ഷന്‍ സെന്‍ററിവല്‍ ഇലക്ട്രോണിക്‌സിലെ പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡ് വയറിംഗ് കോഴ്‌സ് ചെയ്തിരുന്നു. അച്ഛനമ്മമ്മാരുടെ കാലശേഷം ഇനിയെന്ത് ചെയ്യുമെന്നു ചിന്തിച്ചിരുന്ന സമയത്താണു ഈ കോഴ്‌സ് ചെയ്തത്. പഠനം പൂര്‍ത്തികരിച്ച ശേഷം ജന്മസ്ഥലമായ തിരുവനന്തപുരം അമ്പലമുക്കില്‍ ശിവവാസു ഇലക്ട്രോണിക്‌സ് (Sivavasu Electronics) എന്ന സ്ഥാപനമിട്ടു. 1981 ലെ ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ഐഎസ്ആര്‍ഒയില്‍ (ISRO) നിന്നും ലഭിച്ച പരിശീലനമാണു രാധാംബികയുടെ ജീവിതം മാറ്റിമറിച്ചത്. ഇന്നു കാണുന്ന ഉയരത്തിലേക്കുള്ള പ്രയാണവും അവിടെ നിന്നായിരുന്നു.

ഉപഗ്രഹങ്ങളിലുണ്ട് രാധാംബികയുടെ കൈയ്യൊപ്പ്

83 ല്‍ വിഎസ്എസ്‌സിയുടെ (VSSC) ആദ്യ പുറംകരാര്‍ ഒപ്പിട്ടു. ജീവിതത്തെ മറ്റൊരു തലത്തിലെത്തിച്ച കരാര്‍. പീന്നീട് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന എല്ലാ ഉപഗ്രഹങ്ങളിലും ശിവവാസു ഇലക്ട്രോണിക്‌സിലെ പിസിബി വയറിംഗ് (Printed Circuit Board) ഇടംപിടിച്ചു. എഎസ്എല്‍വി മുതല്‍ 2018ലെ പിഎസ്എല്‍വി സി 42, പിഎസ്എല്‍വി സി 43, മംഗള്‍യാന്‍, ഉള്‍പ്പടെ ഏറ്റവും പുതുതായി വിക്ഷേപിച്ച  sslv-d2 വരെ ഐഎസ്ആര്‍ഒ നേടിയ നേട്ടങ്ങള്‍ക്ക് പിന്നില്‍ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്താന്‍ രാധാംബികയ്ക്ക് സാധിച്ചു.

വിജയത്തിന്‍റെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ തന്നെപോലെയുള്ള പരിമിതികളുള്ളവരെ കൈപിടിച്ച് കയറ്റാനും രാധാംബിക മറന്നില്ല. ഭിന്നശേഷിക്കാരായ 7 പേരുമായി തുടങ്ങിയ സ്ഥാപനത്തില്‍ 300 ഓളം പേര്‍ ജോലി ചെയ്യുന്നു. തരുന്ന ജോലികള്‍ കൃത്യനിഷ്ഠയോടെ ആത്മാര്‍ഥമായി പൂര്‍ത്തികരിക്കുന്നതിനാലാണ് ഇന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ സാധിക്കുന്നതെന്ന് അവര്‍ പറയുന്നു.  

പുരസ്‌കാരങ്ങളും

മികച്ച ഭിന്നശേഷി തൊഴില്‍ദാതാവിനുള്ള പുരസ്‌കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നും ഏറ്റുവാങ്ങി. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു അവാര്‍ഡ് ലഭിക്കുന്നത്.

ഇതിനു പുറമേ സംസ്ഥാന അവാര്‍ഡും തേടിയെത്തി. ഇന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഏറ്റവും വലിയ നിധിയായി കാത്തുസൂക്ഷിക്കുന്നത് വനിതാദിനത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒയില്‍ നിന്നു ലഭിച്ച മൊമന്‍റോയാണ്. ജീവിതം തന്നെ നല്‍കിയ ഐഎസ്ആര്‍ഒയില്‍ നിന്നും ലഭിച്ച ഈ പുരസ്‌കാരം ഏറെ വിലമതിക്കുന്നുവെന്ന് രാധാംബിക പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com