'കിളി'യിൽനിന്ന് കോടീശ്വരനിലേക്ക്; സന്ദേശ്ഖാലിയിലെ വിവാദ നായകൻ

ഷാജഹാൻ ഷെയ്ഖിനെ തൊടാൻ പൊലീസിനും തൃണമൂൽ നേതൃത്വത്തിനും ഭയമാണെന്നാണ് സ്ത്രീകളുടെ ആരോപണം
Shajahan Sheikh
Shajahan SheikhFile

കോൽക്കത്ത: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ പേരിൽ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ രാഷ്‌ട്രീയ വിവാദം കൊഴുക്കുമ്പോഴും ഒളിവിലാണ് ആരോപണങ്ങളുടെ കേന്ദ്രമായ ഷാജഹാൻ ഷെയ്ഖ്. അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ എണ്ണം 18ലേക്കെത്തി. എന്നാൽ, മേഖലയിലെ പ്രധാന നേതാവായ ഷാജഹാൻ ഷെയ്ഖിലേക്ക് ഇനിയും പൊലീസ് എത്തിയിട്ടില്ല. പൊലീസിന്‍റെ സംരക്ഷണയിലാണ് ഇയാളെന്ന് ബിജെപി ആരോപിക്കുമ്പോൾ ആർഎസ്എസ് നേതൃത്വമാണു വിവാദമുണ്ടാക്കുന്നതെന്നു തൃണമൂൽ നേതൃത്വം പറയുന്നു. ഷാജഹാൻ ഷെയ്ഖിനെ തൊടാൻ പൊലീസിനും തൃണമൂൽ നേതൃത്വത്തിനും ഭയമാണെന്നാണ് സ്ത്രീകളുടെ ആരോപണം.

മുൻ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് ഉൾപ്പെട്ട റേഷൻ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണം നേരിട്ടതോടെയാണു ഷാജഹാൻ ഷെയ്ഖ് എന്ന പ്രാദേശിക നേതാവ് മാധ്യമശ്രദ്ധ നേടുന്നത്. അന്ന് ഇയാളുടെ സംഘം ആക്രമിച്ചതോടെ ഇഡി ഉദ്യോഗസ്ഥർ പരുക്കേറ്റ് പിന്മാറി. ഇതിനുശേഷം ഷാജഹാൻ ഷെയ്ഖ് ഒളിവിൽപ്പോയി. പിന്നീട് ഇയാളെക്കുറിച്ചു വിവരമില്ല.

രണ്ടു പതിറ്റാണ്ട് മുൻപ് വരെ നാട്ടിൽ ടാക്സി കാറിൽ "കിളി'യുടെ ജോലി ചെയ്തിരുന്ന യുവാവാണ് ഇന്ന് പശ്ചിമ ബംഗാൾ സർക്കാരിനെയും തൃണമൂൽ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിയ ഷാജഹാൻ ഷെയ്ഖ് എന്ന നേതാവ്. സർബേരിയയിൽ നിന്നു സന്ദേശ് ഖാലിയിലേക്കുള്ള കാറിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റിയിരുന്ന ഷാജഹാൻ ഷെയ്ഖിനെ അന്നാട്ടുകാർക്ക് ഇപ്പോഴും ഓർമയുണ്ട്. ഇയാളുടെ അമ്മയുടെ സഹോദരൻ മുസ്‌ലം ഷെയ്ഖ് അന്നു സിപിഎമ്മിന്‍റെ നേതാവും പഞ്ചായത്തു പ്രസിഡന്‍റുമാണ്. അമ്മാവന്‍റെ തണലിൽ ഷാജഹാൻ മീൻ കച്ചവടത്തിലേക്കു ചുവടുമാറ്റി. പിന്നെ സിപിഎമ്മിൽ പ്രവർത്തനം. നാട്ടുകാരുടെ ഏത് ആവശ്യത്തിനും ഓടിയെത്തുന്ന ആൾ. ഇക്കാലത്തിനിടെ ഷാജഹാന്‍റെ സ്വത്തും പെട്ടെന്ന് ഉയർന്നു. 2010 ആയപ്പോഴേക്കും പശ്ചിമ ബംഗാളിൽ തൃണമൂലിന്‍റെ കാറ്റ് വീശിത്തുടങ്ങി. ഇതു മുൻപേ തിരിച്ചറിഞ്ഞ ഷാജഹാൻ തൃണമൂലിലേക്കു ചുവടുമാറ്റി. മുസ്‌ലം ഷെയ്ഖിനെതിരേ പ്രയോഗിക്കാൻ "ആയുധം' നോക്കിനടന്ന ജ്യോതിപ്രിയ മല്ലിക്കിന്‍റെ സഹായത്താൽ ഷാജഹാൻ പിന്നെയും വളർന്നു. എതിർചേരിയിലായിരുന്ന അമ്മാവൻ മുസ്‌ലം ഷെയ്ഖ് പിന്നീട് മരുമകനൊപ്പമെത്തിയെന്നതും ശ്രദ്ധേയം.

30 വയസ് വരെ ടാക്സി കാറിൽ "കിളി' ആയിരുന്ന ഷാജഹാൻ അമ്പതാം വയസിലെത്തുമ്പോൾ കൊട്ടാര സദൃശമായ മൂന്നു വീടുകളും 17 കാറുകളും 23 ഏക്കർ ഭൂമിയും രണ്ടു കോടിയുടെ ആഭരണവും രണ്ടു കോടിയുടെ ബാങ്ക് ബാലൻസും മാസം 20 ലക്ഷം രൂപ വരുമാനവുമുള്ള മുതലാളിയായി മാറി. അറിയപ്പെടാത്ത സ്വത്ത് വേറെയുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. മീൻ കച്ചവടം മാത്രമല്ല, ഗൂണ്ടാപ്പിരിവും ഇപ്പോൾ ഇയാൾക്കുണ്ടെന്നും ഷാജഹാനു കപ്പം കൊടുക്കാത്തവർക്ക് ഈ പ്രദേശത്ത് ജീവിക്കാനാവില്ലെന്നുമാണ് ആരോപണം. തോക്കുമായി നടക്കുന്ന ഗൂണ്ടകൾ ഒപ്പമുള്ളതിനാൽ ഒരാൾക്കും പരാതി പറയാൻ പോലും ധൈര്യമില്ല.

പത്തു വർഷത്തോളം മുൻപാണ് ഷാജഹാൻ ഷെയ്ഖ് ഭൂമിയിലേക്കു കണ്ണുവച്ചത്. ഭൂമി വിട്ടുകൊടുക്കാത്തവരെ ഭീഷണിപ്പെടുത്തി. ബണ്ട് തകർത്ത് കൃഷിഭൂമിയിൽ ഉപ്പുവെള്ളം കയറ്റി കൃഷിക്ക് യോഗ്യമല്ലാതാക്കി. ഭീഷണിയും സമ്മർദവും മൂലം നിരവധി പേർ കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റു നാടുവിട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്ന പണം പോലും ഷാജഹാനും കൂട്ടാളികളും തട്ടിയെടുക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ബാങ്കിൽ നിന്നു പണം പിൻവലിക്കുന്ന തൊഴിലാളികൾക്ക് 500 രൂപ മാത്രം നൽകി ബാക്കി പിടിച്ചെടുക്കുന്നതായി ഷാജഹാൻ ഷെയ്ഖിനും കൂട്ടാളികൾക്കുമെതിരേ നിരവധി പരാതികൾ ഉയർന്നു. എന്നാൽ, പൊലീസ് നടപടിയുണ്ടായില്ല. പരാതി കൊടുത്ത പലരും ഇയാളുടെ ഗൂണ്ടകളുടെ ആക്രമണത്തിനിരയായി. അതോടെ എതിർശബ്ദങ്ങൾ ഇല്ലാതായി.

ഇതിനിടെയാണ് ഏതാനും സ്ത്രീകൾ പരസ്യമായി രംഗത്തെത്തിയതും ഇവരുടെ പ്രക്ഷോഭം ബിജെപി ഏറ്റെടുക്കുന്നതും. തുടക്കത്തിൽ‌ പ്രക്ഷോഭത്തെ അവഗണിക്കുകയായിരുന്നു തൃണമൂൽ സർക്കാരും മുഖ്യമന്ത്രി മമത ബാനർജിയും. എന്നാൽ, ഗവർണർ സി.വി. ആനന്ദബോസ് സന്ദേശ്ഖാലിയിലെ സ്ത്രീകളെ സന്ദർശിച്ചതോടെ മമതയും രാഷ്‌ട്രീയ വിവാദത്തിന്‍റെ ചൂടറിഞ്ഞു. ഇതോടെയാണ് 10 അംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഷാജഹാൻ ഷെയ്ഖിന്‍റെ അടുത്ത കൂട്ടാളികളായ ഷിബു ഹസ്രയും ഉത്തം സർദാരുമുൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്യുന്നതിലേക്കുമെത്തി പൊലീസ് നടപടി. എന്നാൽ, എല്ലാത്തിന്‍റെയും കേന്ദ്രമായ ഷാജഹാൻ ഷെയ്ഖിലേക്ക് മാത്രം അന്വേഷണ സംഘം എത്തിയിട്ടില്ല. എന്നാണ് തൃണമൂൽ നേതാവിലേക്ക് അന്വേഷണം എത്തുന്നത് എന്നതും ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സന്ദേശ്ഖാലി അതിക്രമങ്ങൾ വോട്ടിങ് യന്ത്രത്തിൽ പ്രതിഫലിക്കുമോ എന്നതുമാണ് ഇനി അറിയാനിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com