തെരുവ് നായ്ക്കളേക്കാൾ മനുഷ്യന് വില നൽകണം

തെരുവുനായ ശല്യം സമാനതകളില്ലാത്ത ഒരു പൊതുപ്രശ്നമായി മാറിയിട്ടുണ്ട്
stray dog attack in india

തെരുവ് നായ്ക്കളേക്കാൾ മനുഷ്യന് വില നൽകണം

file image

Updated on

അഡ്വ. ചാർളി പോൾ

തെരുവുകൾ അടക്കിവാഴുന്ന നായകളെ കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. അവയുടെ ആക്രമണവും പേവിഷബാധ മൂലമുള്ള മരണങ്ങളും സംസ്ഥാനത്ത് അനുദിനം വർധിക്കുന്നു. ആ വാർത്തകൾ നാടിന്‍റെ ഉറക്കം കെടുത്തുന്നു. വീട്ടുമുറ്റത്തോ അകത്തോ വഴിയിലോ നിൽക്കാനാകാത്ത അവസ്ഥ.

ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള മൗലികാവകാശം നായ്പ്പല്ലിൽ ബലി കഴിക്കപ്പെടുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ജീവനു മീതെ മറ്റൊന്നിനും പ്രാധാന്യം ഉണ്ടാവരുത്. ഭരണാധികാരികൾ നിഷ്ക്രിയത്വം വെടിഞ്ഞ് രംഗത്തിറങ്ങിയേ മതിയാവൂ. അല്ലെങ്കിൽ തെലങ്കാനയിലെ 7 ഗ്രാമമുഖ്യരുടെ നേതൃത്വത്തിൽ ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലെ 500 നായ്ക്കളെ കൊന്നൊടുക്കിയതു പോലെ ജനം ഇവിടെയും നിയമം കൈയിലെടുത്തേക്കും.

ഭീതിതമായ കണക്കുകൾ

തെരുവുനായ ശല്യം സമാനതകളില്ലാത്ത ഒരു പൊതുപ്രശ്നമായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം 9 ലക്ഷം എത്തിയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. 2019-20ൽ നടത്തിയ സെൻസസിൽ 7 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ 10 വർഷത്തിനിടെ നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവാണുള്ളത്. 2014ൽ 1.19 ലക്ഷം പേർക്ക് കടിയേറ്റു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. എന്നാൽ 2024ൽ 3,16,793 പേർക്കാണ് തെരുവുനായകളുടെ കടിയേറ്റത്.

2014 മുതൽ 2025 ഏപ്രിൽ വരെ സംസ്ഥാനത്ത് 22.52 ലക്ഷം പേർക്കാണ് നായയുടെ കടിയേറ്റത്. ഇക്കാലയളവിൽ പേ വിഷബാധയേറ്റു മരിച്ചത് 160 പേരാണ്. 2021 മുതൽ സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവർ 2 ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞവർഷം അത് 3 ലക്ഷം കടന്നു. തെരുവു നായ്ക്കളുടെയും വളർത്തു നായ്ക്കളുടെയും ചേർത്തുള്ള കണക്കാണിത്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും മരിച്ച സംഭവങ്ങളുണ്ട്. കുത്തിവയ്പിനു ശേഷം വൈറസ് ബാധിച്ച് കഴിഞ്ഞവർഷം 3 കുട്ടികൾ മരിച്ചു. കുഞ്ഞുങ്ങളെ അങ്കണവാടികളിൽ കയറിപ്പോലും തെരുവ് നായ്ക്കൾ കടിച്ചുകീറുകയാണ്. കടിയേൽക്കുന്നവരിൽ 35% കുട്ടികൾ ആണെന്നാണ് വിലയിരുത്തൽ. മുഖത്തും കൈകളിലുമാണ് കൂടുതൽ കടിയേൽക്കുന്നത് എന്നതിനാൽ കുട്ടികളുടെ അപകട സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം തലയിൽ നായയുടെ കടിയേറ്റ വാർത്ത കണ്ടു. പേപ്പട്ടിയാണ് കടിച്ചെതെങ്കിൽ പേ വിഷം പെട്ടെന്ന് തലച്ചോറിൽ എത്താം. അതീവ ഭീതി ഉണർത്തുന്നതാണ് അവസ്ഥ.

പ്രതീക്ഷയേകി സുപ്രീം കോടതി

തെരുവ് നായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി 2025 നവംബർ 7ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്പോട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ, റെയ്‌ൽവേ സ്റ്റേഷനുകൾ തുടങ്ങി എല്ലാ പൊതു പരിസരങ്ങളിലുമുള്ള തെരുവ് നായ്ക്കളെ ഉടൻ പിടികൂടി ഷെൽറ്ററുകളിലേക്ക് മാറ്റണമെന്നും നായ്ക്കളെ വന്ധ്യംകരണവും വാക്സിനേഷനും നടത്തിയശേഷം തിരികെ വിടാൻ പാടില്ലെന്നും ആ ഉത്തരവിലുണ്ട്. പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിൻ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും സ്റ്റോക്ക് ചെയ്യണമെന്നും നിർദേശിച്ചു.

നായ്ക്കളുടെ ആക്രമണത്തിൽ പരിക്കോ മരണമോ സംഭവിച്ചാൽ സർക്കാരിനു മാത്രമല്ല, അവയ്ക്കു ഭക്ഷണം നൽകുന്നവർക്കും പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പു നൽകി. തെരുവുനായ്ക്കളുടെ അവസ്ഥയിൽ ആശങ്കയുള്ളവർ അവയെ അലഞ്ഞു തിരിയാനും പൊതുജനങ്ങളെ കടിക്കാനും അനുവദിക്കാതെ സ്വന്തം വീടുകളിലേക്കു കൊണ്ടുപോകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

രാജസ്ഥാനിൽ 20 ദിവസത്തിനിടെ ഉണ്ടായ വാഹനാപകടങ്ങളിൽ 2 ജഡ്ജിമാർക്കു പരിക്കേറ്റതു കോടതി ഓർമിപ്പിച്ചു. മൃഗ സ്നേഹികൾക്ക് കോഴി, ആട് തുടങ്ങിയവയെ കൊല്ലുന്നതു പ്രശ്നമല്ലേ എന്നും കോടതി ചോദിച്ചു. ദേശീയ- സംസ്ഥാന പാതകൾ, ദേശീയ എക്സ്പ്രസ് വേ എന്നിവിടങ്ങളിൽ അലയുന്ന കന്നുകാലികളെയും മറ്റു മൃഗങ്ങളെയും മാറ്റണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സുരക്ഷിത ജീവിതത്തിന് പൗരന്മാർക്കുള്ള മൗലികാവകാശം സംരക്ഷിക്കാനാണ് ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി.

നിയമത്തിലെ പരിമിതികൾ

1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11ാംവകുപ്പു പ്രകാരം തെരുവുനായ്ക്കളെ കൊല്ലാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ 2001ലെ മൃഗ പ്രജനന നിയന്ത്രണ (അനിമൽ ബർത്ത് കൺട്രോൾ- എബിസി) ചട്ടം നായ്ക്കളെ കൊല്ലുന്നതു വിലക്കി. 2023ൽ കേന്ദ്ര സർക്കാർ നിയമം പുതുക്കിയപ്പോൾ വന്ധ്യംകരണത്തിലൂടെ തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കണമെന്നാണു വ്യവസ്ഥ ചെയ്തത് .

ഈ ചട്ട പ്രകാരം പേ ബാധിച്ച നായ്ക്കളെപ്പോലും കൊല്ലാനാകില്ല, കൂട്ടിലിട്ട് നിരീക്ഷിക്കാനേ കഴിയൂ. എന്നാൽ 2023ൽ കേന്ദ്രം കൊണ്ടുവന്ന മൃഗങ്ങളോടുള്ള ക്രൂരത തടയൽ (മൃഗപരിപാലന രീതികളും നടപടിക്രമങ്ങളും) ചട്ടങ്ങളിലെ എട്ടാം വകുപ്പ് ദയാവധത്തിന് അനുമതി നൽകുന്നു. അതുപ്രകാരം ഏതു മൃഗത്തിനും ഗുരുതര രോഗമുണ്ടെന്നോ മറ്റു മൃഗങ്ങളിലേക്കു രോഗം പടരാൻ സാധ്യതയുണ്ടെന്നോ ബോധ്യപ്പെട്ടാൽ അതിനെ ദയാവധത്തിന് വിധേയമാക്കാം. പക്ഷേ, പേ പിടിച്ചതും മറ്റു രോഗബാധയുള്ളതുമായ തെരുവുനായ്ക്കളെ ദയാവധം നടത്താനുള്ള കേരള സർക്കാരിന്‍റെ തീരുമാനം ഹൈക്കോടതി ഈയിടെ മരവിപ്പിച്ചു. ദയാവധം എബിസി നിയമത്തിന് വിരുദ്ധമാണെന്നും ഇതു സംബന്ധിച്ച കോടതിയുത്തരവുകൾ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

കേരളത്തിന്‍റെ ഉദാസീനത

കേരളത്തിൽ എബിസി കേന്ദ്രങ്ങളുടെയും ഷെൽറ്ററുകളുടെയും കുറവുണ്ടെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ 2001ൽ എബിസി ചട്ടം നിലവിൽ വന്നതാണ്. എന്നാൽ സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ എബിസി പ്രോഗ്രാം നടപ്പാക്കിയില്ല. 2015-16 മുതലാണ് കേരളത്തിൽ എബിസി പ്രോഗ്രാം നടപ്പാക്കിത്തുടങ്ങിയത്. 2001 മുതൽ നടപ്പാക്കിയിരുന്നെങ്കിൽ പ്രശ്നം ഇത്ര രൂക്ഷമായിത്തീരില്ലായിരുന്നു. 2016 മുതൽ 2024 വരെ 8 വർഷം സംസ്ഥാനത്ത് വന്ധ്യംകരണം നടത്തിയത് 1.16 ലക്ഷം നായ്ക്കളെ മാത്രമാണ്. 2024 നവംബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെ 52,995 നായ്ക്കളെ വന്ധ്യംകരിച്ചു.

എല്ലാ തെരുവുനായ്ക്കളെയും വന്ധീകരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങളിൽ ഷെൽറ്ററുകൾ തുറക്കുമെന്നുമുള്ള പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. ഷെൽറ്റർ ഹോം തിരുവനന്തപുരം നഗരസഭയിലൊഴികെ ഒരിടത്തും ആരംഭിച്ചിട്ടുമില്ല. തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങൾ തുറക്കുന്നത് കേരളത്തിൽ പ്രായോഗികമല്ലെന്നാണ് വകുപ്പുമന്ത്രിയുടെ വാദം. കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ഷെൽറ്ററിനു സ്ഥലം കണ്ടെത്തുക വെല്ലുവിളിയാണെന്നു പറഞ്ഞിട്ടുമുണ്ട്. കോടികൾ അനുവദിക്കുന്നുണ്ടെങ്കിലും എബിസി ചട്ടം അനുവദിക്കുന്ന നിയന്ത്രണ നടപടികൾ കാര്യക്ഷമമായി കേരളത്തിൽ നടക്കുന്നില്ല.15 എബിസി കേന്ദ്രങ്ങൾ മാത്രമേ സംസ്ഥാനത്തുള്ളൂ. അവയിൽ പലതും പ്രവർത്തിക്കുന്നുമില്ല.

തെരുവുനായ്ക്കൾ വർധിക്കാൻ കാരണം

മാംസം, മത്സ്യം അടക്കമുള്ളവയുടെ മാലിന്യത്തിന്‍റെ ലഭ്യതയാണ് തെരുവിനായ്ക്കളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം. ചിലർ നായ്ക്കൾക്കായി പ്രത്യേകം ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നു. വഴിയോരക്കടകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഇഷ്ടം പോലെ നായ്ക്കൾക്ക് ലഭിക്കുന്നു. മത്സ്യ- മാംസ അവശിഷ്ടങ്ങൾ വേണ്ട വിധം സംസ്കരിക്കുന്നതിനു പകരം നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നതു പലേടത്തും പതിവാണ്. പ്രാകൃത രീതിയിലുള്ള അറവുശാലകളും വഴിയോരത്തെ മീൻകടകളും പരിസരങ്ങളും നായ്ക്കളുടെ വിഹാരരംഗമാണ്. പച്ചമാംസവും പച്ചമത്സ്യവും പച്ചച്ചോരയുമൊക്കെ കഴിക്കുന്ന നായകൾ വന്യമൃഗങ്ങളെപ്പോലെ പെരുമാറുകയാണിപ്പോൾ.

നായപ്രേമികളുടെ പിന്നിൽ

നായപ്രേമവുമായി രംഗത്തിറങ്ങുന്നവരുടെ പിന്നിൽ വമ്പൻ വാക്സിൻ ലോബികളാണെന്ന് പറയപ്പെടുന്നു. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതയാണ് പ്രശ്നമെങ്കിൽ എന്തുകൊണ്ടാണ് നായ്ക്കളുടെ കാര്യത്തിൽ മാത്രം ഇവർ ഇവർ താല്പര്യമെടുക്കുന്നത്. ഭക്ഷണത്തിനായി എത്രയോ മൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നു, കൊന്നു തിന്നുന്നു.

സുപ്രീം കോടതിയിലെ കേസിൽ തെരുവുനായ്ക്കളുടെ പക്ഷം പിടിച്ച് ഒട്ടേറെ ഹർജികളാണ് ലഭിച്ചത്. അവയുടെ കടി കൊള്ളുന്ന മനുഷ്യരുടെ പക്ഷം പിടിക്കാൻ ഇത്രയും ആളില്ലല്ലോ എന്ന് കോടതി ചോദിക്കുകയും ചെയ്തു. തെരുവുനായ്ക്കൾക്കായി സുപ്രീം കോടതിയിൽ ഹാജരായത് മണിക്കൂറിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന മുന്തിയ വക്കീലന്മാരാണ്!

രാജ്യത്തെ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പരമോന്നത കോടതി ശ്രമിക്കുമ്പോൾ അതിന് ഇടങ്കോലിടാൻ നോക്കുകയാണ് മൃഗസ്നേഹികൾ എന്ന വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ചില വ്യക്തികളും സംഘടനകളും. ഇതാണ് കോടതിയെ അസ്വസ്ഥമാക്കിയത്. ആളുകളെ കടിക്കരുതെന്ന് നായകൾക്ക് കൗൺസിലിങ് കൊടുക്കാം എന്ന് കോടതി പരിഹാസപൂർവം പറഞ്ഞത് ഈ സാഹചര്യത്തിലാണ്. നായ്ക്കളെ ഷെൽറ്ററിൽ അടയ്ക്കുന്നതിന് മൃഗസ്നേഹികൾ എതിരാണ്. നായകളെ പിടികൂടി, വന്ധ്യംകരിച്ച്, വാക്സിൻ കൊടുത്ത് തെരുവിലേക്കു തന്നെ വിട്ടയക്കുക എന്നതാണ് അവരുടെ വാദം. ഇത് തന്നെയാണ് വാക്സിൻ ലോബിയും പറയുന്നത്. വന്ധീകരിച്ചാലും നായ്ക്കൾ കടിക്കും. അത് അവർക്കറിയാം. കടി നടന്നാലേ വാക്സിൻ വിൽപ്പന നടക്കൂ.

പേവിഷ പ്രതിരോധത്തിനായി കേരളത്തിൽ മാത്രം ഒരു വർഷം വാങ്ങുന്നത് 28 കോടി രൂപയുടെ വാക്സിനാണ്. കോടികളുടെ വ്യാപാരമാണ് ഇന്ത്യയിൽ വാക്സിൻ ലോബിയ്ക്കുള്ളത്. ഇവരുടെ പ്രേരണയാൽ നായപ്രേമികൾ കരുക്കൾ നീക്കുകയാണെന്നു പറയപ്പെടുന്നു.

പരിഹാര മാർഗങ്ങൾ

തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ട ഫലപ്രദമായ ഒരു മാർഗം വന്ധ്യംകരണമാണ്. പ്രജനനം കുറയ്ക്കാൻ ഉദ്ദേശിച്ചു കൊണ്ടുവന്ന പദ്ധതിയായ എബിസി (അനിമൽ ബർത്ത് കൺട്രോൾ)വേണ്ടവിധം മുന്നോട്ടു പോകാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണം.

കടുത്ത നായ പ്രേമികൾക്ക് പറ്റാവുന്നത്ര നായ്ക്കളെ അവരുടെ വീടുകളിലേക്കു കൊണ്ടുപോകാം. (പക്ഷേ, അതിന് നായപ്രേമികൾ തയ്യാറായി കാണുന്നില്ല). പൊതുജനത്തിന് ശല്യമുണ്ടാക്കാതെ വളർത്തണം. ബാക്കിയുള്ളവയ്ക്ക് മൃഗശാലകളുടെ സ്ഥലമോ, മറ്റിടങ്ങളോ കണ്ടെത്തി ഷെൽറ്ററുകൾ ഒരുക്കണം. അത് ആണിനും പെണ്ണിനും വെവ്വേറെ വേണം. വനാതിർത്തിക്കുള്ളിൽ ഉയരവും കരുത്തുമുള്ള താത്കാലിക നിർമിതിയിലൂടെ ഷെൽറ്ററുകൾ ഒരുക്കാം. മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ അതിക്രമിച്ചു കടക്കുന്നത് തടയാൻ ഒരു പരിധിവരെ അത് ഉപകരിക്കും. മറ്റു രാജ്യങ്ങളിലെ ഫലപ്രദ മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കണം.

പേ വിഷബാധയുണ്ടെന്ന് വെറ്റിനറി സർജൻ സ്ഥിരീകരിച്ച നായ്ക്കളെ നടപടിക്രമങ്ങൾ പാലിച്ചു കൊന്നുകളയണം. സർവകക്ഷി യോഗം വിളിച്ച് മറ്റ് മാർഗങ്ങളും കണ്ടെത്തണം. തെരുവുനായ്ക്കളുടെ കടിയേറ്റ് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും പരുക്കു പറ്റിയവർക്കും ഉടനെ നഷ്ടപരിഹാരം നൽകണം.

പാൽ - പത്രം ജീവനക്കാർ, മത്സ്യ കച്ചവടക്കാർ, ബൈക്ക്- സൈക്കിൾ യാത്രക്കാർ, കാൽനടക്കാർ, പുലർകാല സവാരിക്കാർ എന്നിങ്ങനെ സാധാരണക്കാരും അവരുടെ മക്കളുമാണ് തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നത്. നിയമം പറയുന്നവരും നടപ്പാക്കുന്നവരും അവരുടെ മക്കളും കാറിൽ സഞ്ചരിക്കുന്നതിനാൽ അവർക്കു നായ്ക്കളെ പേടിക്കേണ്ടി വരുന്നില്ല. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ അനുമതിയുണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുന്ന നായ്ക്കളെ തൊടാൻ പറ്റാത്ത അവസ്ഥയാണ്.

തെരുവിലല്ല നായ്ക്കളെ വളർത്തേണ്ടത്. ലോകത്തൊരിടത്തും തെരുവിൽ നായ്ക്കളെ വളർത്തുന്നുമില്ല. ഉത്തരേന്ത്യയിലെ ഗോശാലകൾ പോലെ നമുക്ക് ശ്വാനാലയങ്ങൾ തുറക്കാം. അത്തരം ഷെൽറ്ററുകൾ ജനവാസ മേഖലയിൽ നിന്ന് അകലെയാവണം. പേ പിടിച്ചുള്ള ദാരുണ മരണത്തിലേക്ക് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളെ ഇനിയും തള്ളിവിടരുത്. മനുഷ്യന്‍റെ ജീവനും ആരോഗ്യത്തിനും രക്ഷ വേണം. നായ്ക്കളെ പ്രതിയുള്ള മനുഷ്യരുടെ മനഃസമാധാനമില്ലായ്മക്ക് അറുതി വേണം. തെരുവുനായ്ക്കളേക്കാൾ വിലയും നിലയുമർഹിക്കുന്നത് മനുഷ്യരാണ്. അതു മറക്കരുത്.

(അഭിഭാഷകനും ട്രെയ്നറും മെന്‍ററുമായ ലേഖകൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്. 8075789768)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com