
സ്വന്തം ലേഖകൻ
തൃശൂർ: കഥയറിയാതെ ആട്ടം കാണുന്നവർക്കു പോലും കഥകളി വേഷങ്ങൾ ആകർഷകമായി തോന്നും. മുദ്രകളും പദങ്ങളുമൊന്നും അറിയാതെ തന്നെ കണ്ടിരിക്കാൻ തോന്നുന്ന സൗന്ദര്യമാണ് ഈ ചുട്ടികുത്തലുകൾക്ക്. എന്നാൽ, ഈ മുഖത്തെഴുത്തിനു പിന്നിൽ ചില 'നീറുന്ന' യാഥാർഥ്യങ്ങളുണ്ടെന്നാണ് ഡോ. ഗായത്രി ശ്രീകുമാർ, ഡോ. അജിത്‌കുമാർ എന്നിവർ ചേർന്നു നടത്തിയ ഗവേഷണത്തിൽ വ്യക്തമാകുന്നത്.
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളെജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോ. ഗായത്രി ഒരു കഥകളി കലാകാരി കൂടിയാണ്. ചുട്ടി കുത്തിക്കഴിയുമ്പോൾ മുഖത്ത് അനുഭവപ്പെടുന്ന നീറ്റലാണ് ഇങ്ങനെയൊരു പഠനത്തിന്‍റെ സാധ്യതയിലേക്ക് ഗായത്രിയെ നയിക്കുന്നത്. കോട്ടയം ഗവൺമെന്‍റ് മെഡിക്കൽ കോളെജിലെ ഡെർമറ്റോളജി വിഭാഗം പ്രൊഫസർ ഡോ. അജിത്‌കുമാർ ആയിരുന്നു ഗവേഷണത്തിന്‍റെ ഗൈഡ്.
ചുട്ടി കുത്തൽ കാരണം മുഖത്ത് നീറ്റലുണ്ടാകുന്നത് പതിവാണെങ്കിലും ഇതെക്കുറിച്ച് ശാസ്ത്രീയമായൊരു പഠനം നടത്തുന്നത് ഇതാദ്യമാണ്. ഇതിലൂടെ, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഡെർമറ്റോളജി ഗവേഷണത്തിനുള്ള, ഡോ. പ്രേമലത മെമ്മോറിയൽ പുരസ്കാരത്തിനും ഗായത്രിയും അജിത്‌കുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സാണ് ഈ പുരസ്കാരം നൽകുന്നത്.
ചുണ്ണാമ്പ് പോലുള്ള രാസവസ്തുക്കളും റെഡ് ഓക്സൈഡും പശയുമെല്ലാം ചുട്ടി കുത്താൻ ഉപയോഗിച്ചു വരുന്നുണ്ട്. പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന മനയോലയും ചായില്യവും പോലും ത്വക്കിന് ഹാനിയുണ്ടാക്കിയിരുന്നു. ഇവയ്ക്കു പകരം മറ്റു രാസവസ്തുക്കൾ ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ചെലവ് കുറയ്ക്കാൻ വേണ്ടി മാത്രം വരുത്തിയ മാറ്റമായിരുന്നു അത്.
ചുട്ടികുത്തലിന്‍റെ ദൂഷ്യവശങ്ങൾ സംബന്ധിച്ച് 55 കഥകളിക്കാരിലാണ് പഠനം നടത്തിയത്. ഇതിൽ 42 പേർക്കും ഒരിക്കലെങ്കിലും ത്വക്കിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. 60 മുതൽ 80 ശതമാനം പേർക്കു വരെ ഇറിറ്റന്‍റ് ഡെർമിറ്റൈറ്റിസ് എന്ന ത്വക് രോഗമായി ഇതു മാറുകയും ചെയ്തിട്ടുണ്ട്.
കഥികളി അവതരിപ്പിക്കുന്നവരിൽ ഏറെയും പുരുഷൻമാരാണ്. തുടർച്ചയായി പ്രകടനങ്ങൾ നടത്തേണ്ടി വരുന്ന സമയത്ത്, ചുട്ടി അഴിച്ചതിനു പിന്നാലെ ഷേവ് ചെയ്യുന്നവരിലാണ് ത്വക്കിലെ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
പതിറ്റാണ്ടുകൾ കൊണ്ട് കഥകളി വേഷങ്ങളിൽ ക്രമാനുഗതമായും കാലാനുസൃതമായും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ചുട്ടി കുത്തലിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കാര്യത്തിൽ പിന്നെന്തുകൊണ്ട് ആരോഗ്യപരമായ മാറ്റങ്ങൾ പാടില്ലെന്നാണ് ഗവേഷകർ ചോദിക്കുന്നത്.