പലായനം ചെയ്യുന്നു, പ്രതീക്ഷയെന്ന വാക്ക് പോലും

തെരുവിൽ എടുത്തു മാറ്റാനാരുമില്ലാതെ മൃതദേഹങ്ങൾ കിടക്കുന്നതു കുഞ്ഞുങ്ങൾ കാണാതിരിക്കാൻ കണ്ണുപൊത്തി പിടിക്കുകയാണെന്നൊരു അമ്മ പറ‍യുന്നു, സുഡാനിൽ ചിതറിപ്പോകുകയാണു ബാല്യങ്ങൾ
പലായനം ചെയ്യുന്നു, പ്രതീക്ഷയെന്ന വാക്ക് പോലും

ഇനിയൊരിക്കലും എന്‍റെ രാജ്യം കാണാൻ കഴിഞ്ഞെന്നു വരില്ല. ഒരിക്കൽ പോലും ഉറ്റവരുടെ അരികിലെത്താൻ സാധിച്ചെന്നും വരില്ല. സുഡാനിൽ നിന്നും നീളുന്ന പലായനപാതകളിൽ ഇത്തരം ചോര പൊടിയുന്ന വേദനകളുണ്ട്. സംഘർഷവും കലാപവുമൊക്കെ അതിസാധാരണമായ മനുഷ്യരുടെ കരളുലയ്ക്കുന്ന വേദനകളുടെ യുദ്ധഭൂമി കൂടിയാണ്. സ്വന്തം രാജ്യത്തെ പൗരന്മാരെ സുരക്ഷിതതീരത്തെത്തിക്കാനുള്ള ദൗത്യങ്ങളുടെ പെരുമകൾ തലക്കെട്ടാകുമ്പോൾ സുഡാനിൽ ഒടുങ്ങുന്നവരുണ്ട്, വേറെ വഴിയില്ലാതെ കുടുംബാംഗങ്ങളെ ഉപേക്ഷിച്ച്, തിരിഞ്ഞുനോക്കാതെ താൽക്കാലിക തുരുത്തുകളിലേക്ക് രക്ഷപ്പെടുന്നവരുണ്ട്. രക്ഷപെടാൻ മാർഗങ്ങളൊന്നുമില്ലാത്തവരുണ്ട്.

ഇതു ജനങ്ങൾക്കു വേണ്ടിയുള്ള യുദ്ധമല്ല. ജനാധിപത്യം ജയിക്കാനുമല്ല. അധികാരം കൈവശപ്പെടുത്താനുള്ള ന്യായീകരണമില്ലാത്ത പോരാട്ടം മാത്രം. നഷ്ടപ്പെടുന്നതു സാധാരണക്കാർക്കാണ്, വീടു വിട്ടിറങ്ങാനാവാത്ത സുഡാൻ സ്വദേശി ഇതു പറയുമ്പോൾ കലാപഭൂമിയിൽ കഴിയുന്നതിന്‍റെ ആശങ്കയുണ്ട് വാക്കുകളിൽ, സാധാരണക്കാരന്‍റെ നിസഹായതയുണ്ട്. ജീവൻ മാത്രം കൈയിലൊതുക്കിയാണ് പലരുടെയും യാത്ര. സുഡാനിൽ നിന്നും ഈജിപ്റ്റിലേക്ക് രക്ഷപെടുന്നവരുടെ എണ്ണം ഈ ആഴ്ച എഴുപതിനായിര ത്തിലധികം വന്നേക്കുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

സുഡാൻ ആഭ്യന്തര കലാപം പത്തു ദിവസം പിന്നിടുമ്പോൾ ലോകാരോഗ്യ സംഘനയുടെ കണക്കുപ്രകാരം 427 പേരാണു മരണമടഞ്ഞത്. നാലായിരത്തോളം പേർക്ക് പരുക്കും ഏറ്റിട്ടുണ്ട്. വെടിനിർത്തലെന്ന വ്യർഥപ്രഖ്യാപനത്തിന്‍റെ വേളയിൽ പോലും കലാപങ്ങളൊടുങ്ങിയിരുന്നില്ല സുഡാനിൽ. വെള്ളത്തിനും ഭക്ഷണത്തിനും മരുന്നിനും വൈദ്യുതിക്കും പോലും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വിലക്കയറ്റം അതിരൂക്ഷവും.

സുഡാനിലെ തെരുവുകളിൽ ഇപ്പോഴും കലാപത്തിന്‍റെ പുകയുയരുന്നുണ്ട്. ഏതു നിമിഷവും അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയിൽ ജീവിക്കുന്നവരാണേറെയും. പ്രതീക്ഷയെന്ന വാക്കിനു പര്യായങ്ങളില്ലാത്ത നാടായി മാറിയിരിക്കുന്നു സുഡാൻ. തെരുവിൽ എടുത്തു മാറ്റാനാരുമില്ലാതെ മൃതദേഹങ്ങൾ കിടക്കുന്നതു കുഞ്ഞുങ്ങൾ കാണാതിരിക്കാൻ കണ്ണുപൊത്തി പിടിക്കുകയാണെന്നൊരു അമ്മ പറ‍യുന്നു, സുഡാനിൽ ചിതറിപ്പോകുകയാണു ബാല്യങ്ങൾ. സ്വന്തം പൗരന്മാരെ രക്ഷപെടുത്തിയതിന്‍റെ കണക്കുകളും, രക്ഷാദൗത്യത്തിന്‍റെ ക്യാച്ചിങ് പേരുകളും തലക്കെട്ടുകളാകുമ്പോൾ ഒന്നോർക്കാം, എല്ലാ കലാപത്തിലും രക്ഷയുടെ മാർഗങ്ങളില്ലാത്തവരുണ്ട്. വിധി എന്ന രണ്ടക്ഷരത്തിൽ മാത്രം അഭയം തേടേണ്ടി വരുന്നവരുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com