സുരേഷ് ഗോപിയുടെ തൃശൂർ

വെടിക്കെട്ടിന്‍റെ പേരില്‍ ചരിത്രത്തിലാദ്യമായാണ് പൂരം പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ചത്
സുരേഷ് ഗോപിയുടെ തൃശൂർ
suresh gopi

കേരളത്തിൽ നിന്ന് ബിജെപിയുടെ ലോകസഭയിലേക്കുള്ള ആദ്യ എംപിയായി നടൻ സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം ആദ്യം നന്ദി പറയേണ്ടവരിലൊരാൾ തൃശൂർ സിറ്റി പോലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനാണ്. ചരിത്രത്തിലാദ്യമായി തൃശൂർ പൂരം അലങ്കോലമാക്കുകയും പൂരം പാതി വഴിയിൽ നിർത്തിവയ്പിക്കുകയും ചെയ്തപ്പോൾ ഇതിൽ ഇടപെട്ട് നായകന്‍റെ പങ്ക് പൊതുമധ്യത്തിൽ അവതരിപ്പിക്കാൻ സുരേഷ് ഗോപിക്ക് അവസരമുണ്ടാക്കിയത് മറ്റാരുമല്ല. കഴിഞ്ഞ വര്‍ഷത്തെ പൂരത്തിനിടെയും വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ അങ്കിത് അശോകന്‍ ലാത്തിച്ചാര്‍ജ് നടത്തിയിട്ടും അദ്ദേഹത്തെ അവിടെ തുടരാൻ അനുവദിച്ച സിപിഎമ്മിന്‍റെ രാഷ്‌ട്രീയ നേതൃത്വത്തിനെയും അഭിനന്ദിക്കണം! ഇനി ധൈര്യമായി പറയാമല്ലോ: 'പൊലീസ് ഭരണത്തിൽ പാർട്ടി ഇടപെടാറില്ല!'

വെടിക്കെട്ടിന്‍റെ പേരില്‍ ചരിത്രത്തിലാദ്യമായാണ് പൂരം പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ചത്. പുലര്‍ച്ചെ രണ്ടു വരെ ബാരിക്കേഡ് സ്ഥാപിച്ച് റോഡുകള്‍ അടയ്ക്കില്ലെന്നു പറഞ്ഞ പൊലീസ് സ്വരാജ് റൗണ്ടിലേക്കുള്ള 19 ഇടറോഡുകളും രാത്രി വളരെ നേരത്തെ അടച്ചുകെട്ടി. തൃശൂരുമായും പൂരവുമായും ബന്ധമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയില്‍നിന്ന് മാറ്റി നിര്‍ത്തി. പൂരത്തിന് ഏറെ വിയര്‍പ്പൊഴുക്കിയ പൊലീസുകാരും പഴി കേള്‍ക്കേണ്ടിവന്നു. പൂരം ദിവസം നടത്തിയ ലാത്തിച്ചാര്‍ജ് അകാരണമായിരുന്നെന്നും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നെന്നും പൊലീസിന്‍റെ തന്നെ റിപ്പോര്‍ട്ടിലുണ്ട്.

പൂരത്തിന് സേനാംഗങ്ങളില്‍ ഒരാള്‍ പോലും മോശമായി പെരുമാറിയില്ല എന്നയാരുന്നു പൊലീസിന്‍റെ വാദം. പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ തന്നെ മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൂരത്തിന് ആനകള്‍ക്കു നല്‍കാന്‍ കൊണ്ടുവന്ന പനമ്പട്ടയും കുടമാറ്റത്തിനുള്ള കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. 'എടുത്തോണ്ട് പോടാ പട്ട' എന്നു പറഞ്ഞ് കമ്മിഷണര്‍ കയര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കണ്ടു. കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകള്‍ കമ്മിഷണര്‍ തടഞ്ഞതും ദൃശ്യങ്ങളിലുണ്ട്. വിശ്വാസത്തിൽ തൊട്ടുകളിച്ചതിന് കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടത് വിലയിരുത്തിയിട്ടും തൃശൂർ പൂരത്തിന് കഴിഞ്ഞ വർഷം പ്രശ്നമുണ്ടാക്കിയ കമ്മിഷണറെ ഒരു നിയന്ത്രണവുമില്ലാതെ കയറൂരി വിട്ട 'പൊലീസ് ഭരണക്കാരെ' അഭിനന്ദിക്കാതെ വയ്യ!

തൃശൂരിൽ വിജയിച്ചത് സുരേഷ് ഗോപിയാണ്. അതിന് ബിജെപി നിമിത്തമായി എന്നേയുള്ളൂ. ബിജെപി ആദ്യമാണ് വിജയിച്ചതെങ്കിലും 2004ൽ ബിജെപി മുന്നണിയിലെ ഐഎഫ്ഡിപി സ്ഥാനാർഥി പി.സി. തോമസ് മൂവാറ്റുപുഴയിൽ നിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യ തെരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷം തൃശൂരിൽ തമ്പടിച്ച് വർഷങ്ങൾ നീണ്ട കഠിന പ്രയത്നം നടത്തിയതാണ് രാജ്യസഭാ മുൻ എംപി കൂടിയായ സുരേഷ് ഗോപിയുടെ ജയത്തിന് കാരണം. ബിജെപി മാത്രമല്ല, സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടിക്കാർ അത് കണ്ടുപഠിക്കേണ്ടതുണ്ട്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ തോറ്റശേഷം അവിടെ എപ്പോഴും എന്താവശ്യത്തിനും കിട്ടുന്ന പൊതുപ്രവർത്തകനായി മാറിയ സി.ആർ. മഹേഷ് സിപിഐയുടെ കുത്തക സീറ്റ് കഴിഞ്ഞ തവണ പിടിച്ചെടുത്തത് മറ്റൊരനുഭവം. ആത്മാർഥമായി ഒപ്പം നിൽക്കുന്ന പൊതുപ്രവർത്തകരെ ജനങ്ങൾ കൈവിടില്ലെന്ന് ഇതൊക്കെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുകയാണ്.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുമുമ്പ് 'തൃശൂർ ഞാനിങ്ങ് എടുക്കുവാ' എന്ന് സുരേഷ് ഗോപി പറഞ്ഞത് എത്ര കൊല്ലമാണ് ട്രോളായി ആഘോഷിച്ചത്! എന്തായാലും ഇത്തവണ അത് യാഥാർഥ്യമായി. ബിജെപിയുടെ പ്രമുഖ നേതാക്കൾക്കാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടം ഈ നടൻ സ്വന്തമാക്കിയിരിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായുമാണ് ഇന്നു കാണുന്ന രൂപത്തില്‍ തന്നെ ആക്കിയതെന്നും അതിന് എന്നും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും ആവർത്തിച്ച് വ്യക്തമാക്കുന്ന സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാവുമെന്ന് ഉറപ്പാണ്. ആ വിജയത്തിന് ആക്കം നൽകാൻ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ പദ്മജ വേണുഗോപാൽ ഗവർണറാവുമെന്ന് പ്രചരിക്കുന്നുണ്ട്. അതിലോ മറ്റേതെങ്കിലും പദവിയിലോ അവർ എത്താനും സാധ്യത ഏറെയാണ്.

കരുവന്നൂർ പോലെ സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ നടത്തിയ തട്ടിപ്പിനെതിരെ നടപടി എടുക്കാൻ പാർട്ടിയും സർക്കാരും മടിച്ചുനിന്നപ്പോൾ സുരേഷ് ഗോപി രംഗത്തിറങ്ങി. യഥാർഥത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തുവന്നപ്പോൾ തന്നെ അതിൽ കർശന നടപടി എടുത്തിരുന്നെങ്കിൽ സിപിഎമ്മിന് മുഖം രക്ഷിക്കാമായിരുന്നു. കരുവന്നൂർ തട്ടിപ്പിന്‍റെ ഇരകൾക്കു വേണ്ടി സുരേഷ് ഗോപി നടത്തിയ പദയാത്ര അദ്ദേഹത്തിന് വലിയ തോതിൽ ഗുണം ചെയ്തു. പൊതു പ്രശ്നങ്ങളിൽ ഇടപെടുന്ന സുരേഷ് ഗോപി വോട്ടർമാർക്ക് പുതിയ കാഴ്ചയായിരുന്നു.

രണ്ട് പതിറ്റാണ്ടു മുമ്പത്തെ കാര്യം:

എയ്ഡ്‌സ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെയാണ് അന്ന് കുരുന്നുകളായിരുന്ന ബെന്‍സണും ബെന്‍സിയും വാർത്തകളിൽ നിറഞ്ഞത്. കടുത്ത സാമൂഹിക വിവേചനത്തിന് ഇവർ ഇരകളായി. എയ്ഡ്‌സ് ബാധിതരായ ഇവര്‍ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയക്കില്ലെന്ന നിലപാടിലായിരുന്നു മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍. കൊല്ലം ആദിച്ചനല്ലൂരിലെ എയ്ഡ്‌സ് ബാധിത സഹോദരങ്ങളെ കുറിച്ച് കേരളം ഏറെ ചര്‍ച്ച ചെയ്തു. അന്ന് സാധാരണ നടൻ മാത്രമായിരുന്ന സുരേഷ് ഗോപി അവിടെ ഓടിയെത്തി ഇരുവരെയും വാരിപ്പുണർന്നത് വലിയതോതിൽ അംഗീകരിക്കപ്പെട്ടു. അതാണ്, കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജ് തിരുവനന്തപുരത്തെത്തിയപ്പോൾ ബെൻസണെയും ബെൻസിയേയും കാണാൻ താല്പര്യപ്പെടുന്നതിനിടയാക്കിയത്. പ്രസ് ക്ലബ്ബിൽ സുഷമ സ്വരാജ് ഇരുവരെയും ചേർത്തു നിർത്തുന്ന ചിത്രം അന്ന് ദേശീയ പ്രാധാന്യം നേടിയിരുന്നു. 'ഒരുപാട് നന്മകൾ ചെയ്യാൻ എനിക്ക് വഴികാട്ടിയായ നന്മമരം' എന്ന് ആ ചിത്രം സഹിതം സുഷമ സ്വരാജ് അന്തരിച്ചതിന്‍റെ പിറ്റേന്ന് സുരേഷ് ഗോപി ഫെയ്സ് ബുക്കിൽ കുറിച്ചു. സാധാരണ രാഷ്‌ട്രീയക്കാരുടെ പതിവു ചേരുവകൾക്കപ്പുറം പച്ചയായ മനുഷ്യൻ കൂടിയാണ് സുരേഷ് ഗോപി എന്നതിനുള്ള ഉദാഹരണമാണിത്.

തൃശൂരിൽ 4,12,338 വോട്ടു നേടി സുരേഷ് ഗോപി ജയിച്ചപ്പോൾ 3,37,652 വോട്ടാണ് രണ്ടാമതെത്തിയ മുൻമന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനിൽകുമാറിന് ലഭിച്ചത്. കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റിൽ മുൻ കെപിസിസി പ്രസിഡന്‍റും മുൻ മന്ത്രിയും മുൻ എംപിയുമായ കെ. മുരളീധരൻ 3,28,124 വോട്ടോടെ മൂന്നാമതായി. സഹോദരി പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതോടെ വടകരയിൽ സിറ്റിങ് എംപി എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ മുരളീധരനെ തൃശൂരിലേക്ക് മാറ്റുകയായിരുന്നു. സിറ്റിങ് എംപിയായിരുന്ന ടി.എൻ. പ്രതാപനെ മാറ്റിയതു കോൺഗ്രസിനു തിരിച്ചടിയായി.

തൃശൂരിലേക്ക് മാറ്റിയപ്പോൾ തോൽക്കുകയാണെങ്കിൽ വട്ടിയൂർക്കാവിൽ നിർത്തി നിയമസഭയിലേക്ക് മത്സരിപ്പിക്കാം എന്ന ധാരണയുണ്ടായിരുന്നു എന്ന് കേട്ടിരുന്നു. എന്നാൽ, ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്നും കുരുതി കൊടുക്കാൻ താൻ നിന്നു കൊടുക്കാൻ പാടില്ലായിരുന്നുവെന്നുമാണ് മുരളീധരന്‍റെ പ്രതികരണം. അത് സംസ്ഥാന കോൺഗ്രസിൽ ഉണ്ടാക്കാവുന്ന പ്രകമ്പനങ്ങൾ എന്തൊക്കെയാണോ, ആവോ!

ആറു കൊല്ലം രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പിലൂടെ എംപിയായിരിക്കുന്നു. നിലവിലുള്ള എംപിമാരുടെ വഴികളിലൂടെയാവില്ല അദ്ദേഹത്തിന്‍റെ സഞ്ചാരം എന്നാണ് തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. വ്യവസ്ഥാപിത രീതികളെ മറികടന്നു പോകാൻ ദേശീയ അവാർഡ് നേടിയ കലാകാരൻ കൂടിയായ സുരേഷ് ഗോപിക്ക് കഴിയുമെന്ന് കരുതാം. അതിലൂടെ കേരളം എന്നുമെന്നും ഓർക്കപ്പെടുന്ന മികവുകൾ അദ്ദേഹത്തിന്‍റെ പേരിൽ കുറിക്കപ്പെടട്ടെ.

Trending

No stories found.

Latest News

No stories found.