
സുസ്ഥിര വിനോദ സഞ്ചാരവും പങ്കിട്ട സമൃദ്ധിയും
വിനോദ സഞ്ചാരം എന്നാൽ വെറും യാത്ര മാത്രമല്ല; ജനങ്ങൾക്കിടയിലുള്ള പാലമാണത്; ഉപജീവനമാർഗത്തിന്‍റെ ഉറവിടമാണത്; ഒപ്പം, ലോകവുമായി നമ്മുടെ സംസ്കാരം പങ്കുവയ്ക്കുന്ന മാർഗം കൂടിയാണത്. "വിനോദസഞ്ചാരവും സുസ്ഥിര പരിവർത്തനവും' എന്നതായിരുന്നു ഇത്തവണത്തെ ലോക വിനോദസഞ്ചാരദിന പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക നേതൃത്വത്തിൽ ഇന്ത്യയുടെ വിനോദസഞ്ചാര ഗാഥ എങ്ങനെ പുനർനിർമിക്കപ്പെട്ടുവെന്നു തിരിച്ചറിയേണ്ടത് അനിവാര്യമാണ്. വിനോദസഞ്ചാരം പ്രത്യേക കാലയളവിൽ മാത്രമായിരുന്നതും ക്രമമല്ലാത്ത പ്രവർത്തനമായിരുന്നു ഒരുകാലത്തെങ്കിൽ, ആസൂത്രിതവും ഏവരെയും ഉൾക്കൊള്ളുന്നതും, ദേശീയ വികസനത്തിന്‍റെ സുസ്ഥിര ചാലകശക്തിയുമായി ഇന്നതു മാറിയിരിക്കുന്നു.
ഈ മാറ്റം കണക്കുകളാലല്ല അളക്കപ്പെടുന്നത്; മറിച്ച്, അതു സ്പർശിച്ച ജീവിതങ്ങളിലാണ്. 2025 ജൂണിൽ, രാജ്യത്തെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 1.65 ദശലക്ഷമാണ്. വിദേശത്തേയ്ക്കു പോയത് 8.44 ദശലക്ഷം പേരും. വിനോദ സഞ്ചാരത്തിൽ നിന്നുള്ള വിദേശനാണ്യ വരുമാനം 51,532 കോടി രൂപയിലെത്തി. 2023–24ൽ മാത്രം, ഈ മേഖല ജിഡിപിയിലേക്കു സംഭാവന ചെയ്തത് 15.73 ലക്ഷം കോടി രൂപയാണ്; അതായത്, സമ്പദ്‌വ്യവസ്ഥയുടെ 5 ശതമാനത്തിലധികം. മാത്രമല്ല, 84 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തു. പുതിയ വിപണികൾ കണ്ടെത്തുന്ന കരകൗശല വിദഗ്ധർ, ഹോം സ്റ്റേകൾ തുറക്കുന്ന കുടുംബങ്ങൾ, സ്ഥിരമായ ആവശ്യകത ആസ്വദിക്കുന്ന ഗൈഡുകൾ, ഡ്രൈവർമാർ, ചെറുകിട വ്യവസായങ്ങൾ എന്നിവയാണ് ഉയരുന്ന ഈ കണക്കുകൾക്കു പിന്നിൽ.
വിനോദ സഞ്ചാരം മാറ്റിനിർത്തപ്പെടേണ്ട ഒന്നല്ല; പകരം, ദേശീയ മുൻഗണനയായി വർത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ബോധ്യമാണ് ഈ പുരോഗതിയുടെ കാതൽ. പുതിയ വിമാനത്താവളങ്ങൾ, ആധുനികവൽക്കരിച്ച റെയ്‌ൽവേ, പുതുതായി നിർമിച്ച ഹൈവേകൾ, ഉൾനാടൻ ജലപാതകൾ എന്നിവയിലൂടെ അടിസ്ഥാനസൗകര്യങ്ങളും സഞ്ചാരക്ഷമതയും വികസിപ്പിച്ചു. ഉഡാൻ പദ്ധതി വിമാന യാത്രയെ ചെറുപട്ടണങ്ങളിലെ ജനങ്ങൾക്കും പ്രാപ്യമാക്കി.
പൈതൃകകേന്ദ്രങ്ങളിലേക്കും തീർഥാടന സർക്യൂട്ടുകളിലേക്കും എത്താൻ സഹായിക്കുന്ന ഏതു കോണിലേക്കുമുള്ള സമ്പർക്ക സൗകര്യം, ഒരുകാലത്തു ചെലവ് അല്ലെങ്കിൽ ദൂരം എന്നിവയാൽ യാത്ര ഒഴിവാക്കിയിരുന്ന ദശലക്ഷക്കണക്കിനു പേർക്ക് അതു സാധ്യമാക്കി. അതുവഴി, വിനോദ സഞ്ചാരം നഗരങ്ങളിലെ ആഢംബരമല്ലാതാകുകയും, സന്തുലിതമായ പ്രാദേശിക വികസനത്തിനുള്ള ഉപാധിയായി മാറുകയും ചെയ്തു.
യാത്രികരുടെ ഇഷ്ടകേന്ദ്രങ്ങളുടെ വികസനം നയിക്കപ്പെടുന്നതും ഈ കാഴ്ചപ്പാടിനാലാണ്. സ്വദേശ് ദർശൻ 2.0, പ്രസാദ് തുടങ്ങിയ പദ്ധതികൾ സുസ്ഥിരതയ്ക്കും സാംസ്കാരിക സമഗ്രതയ്ക്കും പ്രാധാന്യം നൽകുന്നു. ഇഷ്ട കേന്ദ്രങ്ങൾ പരിപാലിക്കുന്ന സ്ഥാപനങ്ങൾ ആവിഷ്കരിച്ചത്, ഗവണ്മെന്‍റിനെയും സ്വകാര്യ പങ്കാളികളെയും പ്രാദേശിക സമൂഹങ്ങളെയും ഒരുമിപ്പിക്കുന്നു. വിഭവങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യുന്നുണ്ടെന്നും ആനുകൂല്യങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ഇതുറപ്പാക്കുന്നു.
ലോകത്തിനു മുന്നിൽ ഇന്ത്യ എങ്ങനെ സ്വയം അവതരിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പുനർവിചിന്തനം ചെയ്തിട്ടുണ്ട്. നവീകരിച്ച ഇൻക്രെഡിബിൾ ഇന്ത്യ പോർട്ടൽ, ആഗോള യാത്ര പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തം, ഡിജിറ്റൽ കഥപറച്ചിലിന്‍റെ പുതിയ രൂപങ്ങൾ എന്നിവ ഏറ്റവും ചെറിയ ഓപ്പറേറ്റർമാരായ ഗ്രാമീണ ആതിഥേയർ, ഹോം സ്റ്റേകൾ, സാംസ്കാരിക സംരംഭകർ എന്നിവർക്ക് ആഗോള പ്രേക്ഷകരിലേക്ക് എത്താൻ അവസരം നൽകി. സാങ്കേതിക വിദ്യ എന്നതു വിപണി പിടിക്കുന്നതിനുള്ള ഉപകരണം മാത്രമല്ല, ഡേറ്റാ അധിഷ്ഠിത പരിപാലനത്തിലൂടെ ദുർബലമായ ഇടങ്ങളെ സംരക്ഷിക്കാനുള്ള ഉപാധി കൂടിയായി മാറി.
എങ്കിലും, ഈ പരിവർത്തനത്തിന്‍റെ ഏറ്റവും സവിശേഷമായ മുഖമുദ്ര സുസ്ഥിരതയാണ്. വിശാലമായ "ലൈഫ്' (പരിസ്ഥിതി സൗഹൃദ ജീവിത ശൈലി) പ്രസ്ഥാനത്തിന്‍റെ ചുവടുപിടിച്ച്, ""Travel for LiFE'' ("ലൈഫി'നായി യാത്ര) എന്ന പദ്ധതിക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇതു വിനോദ സഞ്ചാരത്തിൽ തന്നെ പരിപാലനം എന്ന ആശയം ഉൾപ്പെടുത്തി. കുറഞ്ഞ ആഘാതമുണ്ടാക്കുന്ന ഗ്രാമീണാനുഭവങ്ങൾ മുതൽ പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാനസൗകര്യങ്ങളും ഉത്തരവാദിത്വമുള്ള തീർഥാടന പരിപാലനവും വരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, യാത്ര പ്രകൃതിയെയും സമൂഹങ്ങളെയും ക്ഷയിപ്പിക്കുന്നതല്ല, പോഷിപ്പിക്കുന്നതാണെന്ന് ഉറപ്പാക്കാനാണ്. ഇന്ത്യയുടെ ജി-20 അധ്യക്ഷതയ്ക്കു കീഴിൽ, ആഗോള വിനോദസഞ്ചാരത്തെ സുസ്ഥിരവികസനലക്ഷ്യങ്ങളുമായി യോജിപ്പിക്കുന്നതിനായി ഗോവ മാർഗരേഖ വികസിപ്പിച്ചെടുത്തു. ഹരിത വളർച്ച, കഴിവുകൾ, ഡിജിറ്റലൈസേഷൻ, MSMEകൾക്കുള്ള പിന്തുണ എന്നിവയെ ആഗോള ചർച്ചകളുടെ കേന്ദ്രത്തിൽ എത്തിച്ചു.
സാമ്പത്തിക പരിഷ്കാരങ്ങൾ ഈ ഘടനാപരമായ മാറ്റങ്ങൾക്കു കരുത്തേകി. ഏറ്റവും പുതുതായി നടപ്പാക്കിയ പരിഷ്കാരം (1,000 രൂപയ്ക്കും 7,500 രൂപയ്ക്കുമിടയിൽ വിലയുള്ള ഹോട്ടൽ മുറികളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചത്) തീർഥാടനങ്ങൾ, വാരാന്ത്യയാത്രകൾ, ഗ്രാമ പ്രദേശങ്ങളിലെ താമസം എന്നിവയിലൂടെ ഈ മേഖലയെ നിലനിർത്തുന്ന ഇടത്തരം വരുമാനക്കാരായ യാത്രക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ബോധപൂർവമായ നടപടിയായിരുന്നു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുമ്പോൾ, അതിന്‍റെ വലിയ സ്വാധീനം വ്യക്തമാണ്; ചെലവുകുറഞ്ഞതു പ്രവേശനക്ഷമത വർധിപ്പിച്ചു. കൂടുതൽ സഞ്ചാരികൾ എന്നാൽ കൂടുതൽ ഹോട്ടലുകൾ, പ്രാദേശിക സേവനങ്ങൾക്കുള്ള കൂടുതൽ ആവശ്യകത, കരകൗശല വിദഗ്ധർക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ എന്നിങ്ങനെയാണ് അർഥമാക്കുന്നത്. പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ, ചെലവു കുറയുക എന്നതു കേവലം സാമ്പത്തിക ഉപാധി മാത്രമല്ല, ജനാധിപത്യപരമായ തത്വം കൂടിയാണ്. ഇതു യാത്രയെ ചുരുക്കം ചിലരുടെ കുത്തകയാക്കാതെ പലരുടെയും അവകാശമാക്കി മാറ്റുന്നു.
എങ്കിലും നയം മാത്രം പോര എന്നു പ്രധാനമന്ത്രി നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു. പരിവർത്തനം സമൂഹത്തിന്‍റെ ആവശ്യകതയാണ്. അതുകൊണ്ടാണു പദ്ധതികൾ പ്രാദേശിക യുവാക്കളെ ഗൈഡുകളായി പരിശീലിപ്പിക്കുന്നത്; പരിസ്ഥിതിസൗഹൃദ ആതിഥ്യമര്യാദയെ പ്രോത്സാഹിപ്പിക്കുന്നത്; കരകൗശല വിദഗ്ധരെ വിശാലമായ വിപണികളിൽ എത്താൻ പിന്തുണയ്ക്കുന്നത്; തീർഥാടന സർക്യൂട്ടുകളുടെ പവിത്രത സംരക്ഷിക്കുന്നത്. ഈ കാഴ്ചപ്പാടിൽ വിനോദ സഞ്ചാരം മുകളിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുന്നതല്ല; മറിച്ച്, ആരുടെ ജീവിതത്തെയാണോ അതു പ്രത്യക്ഷത്തിൽ രൂപപ്പെടുത്തുന്നത്, അവരുമായി ചേർന്നു നിർമിക്കപ്പെടുന്നതാണ്.
അടിസ്ഥാന സൗകര്യ തടസങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൗർബല്യങ്ങൾ, ആധുനിക സഞ്ചാരികളുടെ വർധിച്ച പ്രതീക്ഷകൾ തുടങ്ങിയ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വെല്ലുവിളികളോടു പ്രതികരിക്കാനുള്ള ഉപകരണങ്ങൾ ഇന്ന് ഇന്ത്യയുടെ പക്കലുണ്ട്. മോദിയുടെ നേതൃത്വത്തിൽ, ഈ പരീക്ഷണങ്ങൾ നേരിടാൻ ഞങ്ങൾ സ്ഥാപനങ്ങളും ധനകാര്യ മാതൃകകളും ഭരണ നിർവഹണ ചട്ടക്കൂടുകളും രൂപപ്പെടുത്തിയിട്ടുണ്ട്.
മുന്നോട്ടു നോക്കുമ്പോൾ, മൂന്നു മുൻഗണനകളാണു നമ്മെ നയിക്കുക. സുസ്ഥിരത നാം ആഴത്തിലാക്കണം, വളർച്ച എല്ലായ്പ്പോഴും പാരിസ്ഥിതിക ലാഭവിഹിതം നൽകുന്നു എന്ന് ഉറപ്പാക്കണം. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന MSMEകളിലും ഇടത്തരം വിപണി സംരംഭങ്ങളിലും നിക്ഷേപിച്ച്, നാം നേട്ടങ്ങൾ ജനാധിപത്യവത്കരിക്കണം. സഞ്ചാര-സാമ്പത്തിക പ്രവാഹം വിവേകപൂർവം കൈകാര്യം ചെയ്യുന്നതിനും ആസ്തികൾ സംരക്ഷിക്കുന്നതിനും നാം ഭരണ നിർവഹണവും ഡേറ്റയും ശക്തിപ്പെടുത്തണം.
സുസംഘടിതമായ നയം, ധനപരമായ വിവേകം, സാമൂഹ്യ ഇടപെടൽ എന്നിവ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ ഒത്തുചേരുമ്പോൾ പരിവർത്തനം യാഥാർഥ്യമാകുന്നു എന്ന് ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നു. ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യുമെന്നും പ്രാദേശിക ഉപജീവന മാർഗങ്ങളെ പിന്തുണയ്ക്കുമെന്നും ഓരോ യാത്രാ പദ്ധതിയിലും വികസിത ഇന്ത്യ എന്ന വാഗ്ദാനം സജീവമായി നിലനിർത്തുമെന്നും നമുക്കു പ്രതിജ്ഞയെടുക്കാം. ശരിയായ രീതിയിൽ പരിപോഷിപ്പിക്കപ്പെടുന്ന വിനോദ സഞ്ചാരം നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്തംഭം മാത്രമല്ല, തുറന്നതും അതിജീവന ശേഷിയുള്ളതും അതിഥി സൽക്കാര പ്രിയവുമായ ഇന്ത്യയുടെ പൈതൃകസത്തയുടെ ജീവസുറ്റ സാക്ഷ്യപത്രവുമായിരിക്കും. മുന്നോട്ടുള്ള പാത ഏറെ ദൈർഘ്യമേറിയതാണ്. പക്ഷേ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നാം അതിനായുള്ള വാഹനം നിർമിച്ചിരിക്കുന്നു. ശ്രദ്ധയോടെയും, ധൈര്യത്തോടെയും, പൊതുവായ ലക്ഷ്യബോധത്തോടെയും നാം അതു മുന്നോട്ടു നയിക്കണം.