സ്വരാജ് പോള്‍: അതുല്യനായ വ്യവസായ പ്രതിഭ

ബ്രിട്ടനിലെ പ്രഭു സഭയില്‍ അംഗത്വം, ഗ്രേറ്റ് ബ്രിട്ടന്‍റെ ഉലകം ചുറ്റും സ്ഥാനപതി സ്ഥാനം
Swaraj Paul is a unique industrial genius

സ്വരാജ് പോള്‍

Updated on

ജോഷി ജോർജ്

ജീവിതം തന്നെ അദ്ഭുതമാക്കിയ സ്വരാജ് പോള്‍ വാർധക്യകാലത്തു സ്വാഭാവികമായ മരണത്തിനു കീഴടങ്ങിയിരിക്കുയാണ്. ബ്രിട്ടനില്‍ അവിടത്തെ രാജ്ഞിയേക്കാള്‍ ധനവാനായിരുന്ന സ്വരാജ് പോള്‍ എന്ന ഇന്ത്യക്കാരന്‍റെ കഥ ആരേയും അമ്പരപ്പിക്കുക തന്നെ ചെയ്യും. നാലു വയസുള്ള മകളും അവളുടെ അസുഖവുമാണ് സ്വരാജ് പോളിനെ പ്രഭുത്വത്തിലേക്ക് ഉയര്‍ത്തിയത് എന്നതാണു മറ്റൊരു കൗതുകം.

തീര്‍ച്ചയായും ഒരു മനുഷ്യന്‍ ജനിച്ച സാഹചര്യങ്ങളെ ആശ്രയിച്ചല്ല, മറിച്ച് അവനിലെ മനോഭാവത്തെ ആശ്രയിച്ചാണ് വിജയവും പരാജയവും കുടികൊള്ളുന്നത്. ഒരാള്‍ ഏതു സാഹചര്യത്തില്‍ ജനിക്കുന്നു എന്നല്ല, ആ സാഹചര്യത്തില്‍ കേവലം നാലു വയസുള്ള മകളും അവളുടെ ദീനവുമാണ് സ്വരാജ് പോളിനെ പ്രഭുത്വത്തിലേക്കു വളര്‍ത്തിയത്.

കാലം 1966. ലൂക്കീമിയ (രക്താര്‍ബുദം) പിടിപെട്ട മകള്‍ അംബികയുടെ ചികിത്സയ്ക്കായി ലണ്ടനില്‍ പോയതായിരുന്നു. അന്നു കുട്ടികളിലെ ലൂക്കേമിയ ഇന്നത്തെപ്പോലെ ചികിത്സിച്ച് ഭേദമാക്കാനാകുമായിരുന്നില്ല. ചികിത്സയ്ക്കൊടുവില്‍ കുഞ്ഞു മരിച്ചു. യുകെയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് ദുഃഖം പെയ്തൊഴിഞ്ഞപ്പോള്‍ എങ്ങിനേയും ജീവിക്കണമെന്നൊരു വാശി കയറി.

പല വഴികൾ ചിന്തിച്ചു. ഒടുവില്‍ ലണ്ടനിലെ വില്യം ആന്‍ഡ് ഗ്ലെന്‍ ബാങ്കില്‍ നിന്ന് 500 പൗണ്ട് (ഇന്നത്തെ മൂന്നരലക്ഷം രൂപ) സ്വരാജ് പോള്‍ കടം വാങ്ങാന്‍ നിശ്ചയിച്ചു. ആ പണവുമായി അയാള്‍ക്ക് ആകെ അറിയാവുന്ന സ്റ്റീല്‍ ബിസിനസിലേക്കിറങ്ങി. ആദ്യമൊക്കെ കടുത്ത വെല്ലുവിളികളെ നേരിടേണ്ടി വന്നു. നിരാശപ്പെടാതെ ശുഭപ്രതീക്ഷയോടെ മുന്നോട്ടു നീങ്ങിയപ്പോള്‍ ഭാഗ്യദേവത കടാക്ഷിക്കാന്‍ തുടങ്ങി. പിന്നീട് ബിസിനസ് കോടികള്‍ കടന്നു കുതിക്കാന്‍ തുടങ്ങി. അവിടത്തെ രാജ്ഞിയേയും കടന്ന് ബ്രിട്ടണിലെ 25 അതിസമ്പന്നന്‍മാരുടെ നിരയിലെത്താന്‍ ഏറെക്കാലമൊന്നും വേണ്ടി വന്നില്ല.

ബ്രിട്ടനിലെ പ്രഭു സഭയില്‍ അംഗത്വം, ഗ്രേറ്റ് ബ്രിട്ടന്‍റെ ഉലകം ചുറ്റും സ്ഥാനപതി സ്ഥാനം. ലോര്‍ഡ് സ്വരാജ് പോള്‍ നയിച്ച ഇംഗ്ലണ്ടിലെ കപാറോ ഗ്രൂപ്പ് ഇന്ത്യാക്കാരന്‍റെ ഏറ്റവും പ്രശസ്തമായ വ്യവസായ പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു. നഷ്ടത്തിലോടിയ പല കമ്പനികളേയും വിലയ്ക്കുവാങ്ങി മെച്ചപ്പെട്ട മാനെജ്മെന്‍റ് തന്ത്രങ്ങളിലൂടെ ലാഭത്തിലാക്കിയെടുത്തു, സ്വരാജ് പോള്‍.

പഞ്ചാബിലെ ജലന്ധറില്‍ പ്യാരേലാലിന്‍റേയും മങ്കാവതിയുടേയും പുത്രനായി ജനിച്ച സ്വരാജിന് ഏഴാം വയസില്‍ മാതാവിനേയും 13ാം വയസില്‍ പിതാവിനേയും നഷ്ടമായി. ഷീറ്റ് മെറ്റല്‍ കൊണ്ട് ബക്കറ്റും ട്യൂബും ഉണ്ടാക്കി വില്‍ക്കുന്ന ബിസിനസായിരുന്നു പ്യാരേലാലിന്. പിതാവ് മരിക്കുമ്പോള്‍ മൂത്ത സഹോദരന്‍ സത്യപാലിന് സ്വരാജിന്‍റെ ഇരട്ടി വയസുണ്ടായിരുന്നു. സത്യപാലും സഹോദരന്‍ ജിതും ചേര്‍ന്നു ബിസിനസ് നടത്തി.

ബിസിനസ് പച്ചപിടിച്ചതുകൊണ്ട് സ്വരാജിന് അമെരിക്കയിലെ മസച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനീയര്‍ ബിരുദം നേടാനായി. പഠനാവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താൻ വെയ്റ്ററായും മററും ജോലി നോക്കേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ അവിടെ നിന്നു തിരികെ നാട്ടിലെത്തി. സഹോദരന്മാര്‍ നടത്തുന്ന എ.പി.ജെ ഗ്രൂപ്പിന്‍റെ കാര്യങ്ങളുമായി കഴിയുമ്പോഴാണ് മകള്‍ അംബികയുടെ രോഗവും ലണ്ടന്‍ യാത്രയും. ലണ്ടനിലെ ചികിത്സക്ക് ധാരാളം പണം ആവശ്യമായിരുന്നു. ഇന്നത്തെപ്പോലെ ഉദാരമായി അന്നു വിദേശനാണ്യം ലഭിക്കില്ല. സ്വരാജ് ഇന്ദിര ഗാന്ധിക്ക് കത്തെഴുതി. ഒരു പിതാവിന്‍റെ ഹൃദയം മുറിഞ്ഞ് ചോര പൊടിഞ്ഞ കത്ത് മറ്റനേകം കത്തുകള്‍ക്കിടയില്‍ നിന്ന് ഇന്ദിരയുടെ ശ്രദ്ധയില്‍പ്പെട്ടു. ആവശ്യമുള്ള വിദേശനാണ്യം അനുവദിക്കാന്‍ റിസര്‍വ് ബാങ്കിന് ഉത്തരവ് നല്‍കി. അംബികയുടെ മരണശേഷം സ്വരാജ് പോള്‍ ലണ്ടന്‍ വിട്ടില്ല.

അവിടെ തുടര്‍ന്ന അദ്ദേഹത്തിന്‍റെ ആദ്യ ബിസിനസ് സ്റ്റീല്‍ വാങ്ങി മറിച്ചു വില്‍ക്കുന്നതായിരുന്നു. സ്റ്റീല്‍ ട്യൂബ് നിര്‍മാണ ഫാക്റ്ററി വെയില്‍സില്‍ 1978ല്‍ തുടങ്ങിയപ്പോള്‍ സാക്ഷാല്‍ വെയില്‍സ് രാജകുമാരന്‍ തന്നെ ഉദ്ഘാടനം ചെയ്യാനെത്തി. ഇതിനിടെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പണമിറക്കി സ്വരാജ് പോള്‍ പണമുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. മകളുടെ ചികിത്സയ്ക്കു സഹായിച്ചതിന്‍റെ നന്ദിസൂചകം എന്നോണം ഒരു പതിറ്റാണ്ടിനു ശേഷം ഇന്ദിര ഗാന്ധിയെ ജനതാ പാര്‍ട്ടിയുടെ ഭരണകാലത്ത് ലണ്ടനിലേക്ക് ക്ഷണിച്ചുവരുത്തി. അവരോടുള്ള ബഹുമാനാർഥം നല്‍കിയ അത്താഴവിരുന്നില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍, സ്ഥാനപതിമാര്‍, പ്രഭുക്കന്മാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. രാജ്യാന്തര രംഗത്ത് ഇന്ദിരയുടെ തിരിച്ചുവരവിന്‍റെ തുടക്കമായി അത്. അധികാരത്തില്‍ തിരിച്ചു വന്നശേഷം ഇന്ദിര സ്വരാജ് പോളിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പദം വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിച്ചില്ല. പിന്നീട് ഇന്ദിര സർക്കാർ അദ്ദേഹത്തിനു പദ്മഭൂഷന്‍ നല്‍കി ബഹുമാനിച്ചു.

ഒരുകാലത്ത് ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടി നേതാവായിരുന്നു സ്വരാജ് പോള്‍. പ്രഭു സഭയില്‍ സജീവമായതിനാല്‍ പീര്‍ സ്ഥാനവുമലങ്കരിച്ചിരുന്നു. പോര്‍ട്ട്ലാന്‍ഡ് പ്ലേസില്‍ ബിബിസി റേഡിയോ ആസ്ഥാനമായ ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് ഹൗസിനു മുന്നിലെ ഫ്ലാറ്റിലാണ് സ്വരാജ് പോള്‍ ലണ്ടനില്‍ വരുമ്പോള്‍ താമസം തുടങ്ങിയത്. പിന്നീട് ആ ഫ്ലാറ്റ് ഉള്‍പ്പെട്ട ബ്ലോക്ക് മുഴുവന്‍ സ്വരാജ് സ്വന്തമാക്കി. അംബിക ഹൗസ് എന്നാണ് ആ ബ്ലോക്കിനു പേരിട്ടിരിക്കുന്നത്. പോള്‍ സഹോദരന്മാര്‍ നടത്തുന്ന ഇന്ത്യയിലെ എ.പി.ജെ ഗ്രൂപ്പ് 1989ല്‍ വേര്‍പിരിഞ്ഞിരുന്നു.

ഓരോ സഹോദരനും 200 കോടിയുടെ ആസ്തിയാണ് വഴക്കൊന്നുമില്ലാതെ അന്നു പങ്കുവച്ചത്. സ്വരാജ് പോള്‍ വിവാഹം കഴിച്ചിരിക്കുന്നത് കൊല്‍ക്കത്തക്കാരി അരുണയെയാണ്. ആ ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. അംബര്‍, ആകാശ്, അങ്കദ്, അഞ്ജലി.

ബ്രിട്ടണിലെ അറിയപ്പെടുന്ന ദാനശീലനുമാണ് സ്വരാജ്. ബേക്കര്‍ തെരുവിലെ കപാറോ ഹൗസില്‍ ആര്‍ക്കും കയറിച്ചെല്ലാം. സഹായാഭ്യർഥന യഥാർഥ്യമാണെന്ന് തോന്നിയാല്‍ പണം ഉറപ്പ്. മരിക്കും മുന്‍പ് അംബിക സ്ഥിരമായി പോകാന്‍ ഇഷ്ടപ്പെട്ടിരുന്ന ലണ്ടന്‍ മൃഗശാല 1991ല്‍ പൂട്ടാനൊരുങ്ങിയപ്പോള്‍ 10 ലക്ഷം പൗണ്ടാണ് (ഏഴു കോടി രൂപ) സ്വരാജ് പോള്‍ സഹായം നല്‍കിയത്. ലണ്ടന്‍ മൃഗശാല ഇന്നും നിലനില്‍ക്കുന്നത് ആ സഹായം കൊണ്ടാണ്. ഇവിടെ സ്വരാജ് പോളിന്‍റെ മനോഭാവം ഒന്നു കൊണ്ടു മാത്രമാണ് ഇത്തരത്തിലൊരു വിജയം നേടാനായത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. അലസത വെടിഞ്ഞ് വലിയ രീതിയിലുള്ള സ്വപ്നം നെയ്യുന്നതില്‍ ഒട്ടും പിശുക്കു കാണിച്ചതുമില്ല.

നമുക്ക് ഒരു കാര്യം കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അങ്ങനെ ചെയ്തു വിജയം വരിച്ച വ്യക്തികളെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുക എന്നാതായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം. ഒട്ടേറെ ദുരന്തങ്ങള്‍ അദ്ദേഹത്തെ വേട്ടയിടിയിരുന്നു എങ്കിലും അതിലൊന്നും തെല്ലാം പതറതെ നിലകൊണ്ട വ്യവസായ പ്രതിഭയായിരുന്നു അദ്ദേഹം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com