
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയും അരവിന്ദ് കെജ്‌രിവാളും കനത്ത തിരിച്ചടി നേരിട്ടപ്പോൾ ചർച്ചയായി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിന്‍റെ സമൂഹമാധ്യമ പ്രതികരണം. കെജ്‌രിവാൾ പരാജയപ്പെട്ടതിനു പിന്നാലെ മഹാഭാരതത്തിലെ പാഞ്ചാലിയുടെ വസ്ത്രാക്ഷേപ രംഗത്തിന്‍റെ ചിത്രമാണു സ്വാതി 'എക്സിൽ' പങ്കുവച്ചത്. അവസാനം രാവണന് പോലും സ്വയം രക്ഷിക്കാനായില്ലെന്ന അടുത്ത ട്വീറ്റും വൈകാതെയെത്തി. ദ്രൗപദിയുടെ പകയിൽ എരിഞ്ഞടങ്ങിയ കൗരവരെപ്പോലെ സ്വാതി മലിവാളിന്‍റെ പ്രതികാരമാണ് എഎപിയെ തോൽവിയിലേക്ക് നയിച്ചതെന്ന കമന്‍റുമായി നിരവധി പേർ കെജ്‌രിവാളിനെതിരേ രംഗത്തെത്തുകയും ചെയ്തു.
ഒരു കാലത്ത് കെജ്‌രിവാളിന്‍റെ അടുത്ത അനുയായി ആയിരുന്നു. ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. കെജ്‌രിവാളിന്‍റെ വിശ്വസ്തൻ ബൈഭവ് കുമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തന്നെ മർദിച്ചുവെന്ന് കഴിഞ്ഞ മേയിൽ സ്വാതി ആരോപിച്ചതോടെയാണ് പാർട്ടിയുമായി അവർ അകലുന്നതിനു തുടക്കം. കെജ്‌രിവാളിനെ കാണാനെത്തിയ തന്നെ സ്വീകരണ മുറിയിൽ വച്ച് ബൈഭവ് കുമാർ അടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തെന്നും മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതിയുടെ ആരോപണം.
സ്വാതിക്ക് നീതി ഉറപ്പാക്കുമെന്ന് തുടക്കത്തിൽ പറഞ്ഞ എഎപി നേതാക്കൾ പിന്നീട് സ്വരം മാറ്റി. സ്വാതിയുടെ ആരോപണങ്ങൾ പത്രസമ്മേളനം നടത്തിയ അതിഷി തള്ളിക്കളഞ്ഞു.
പാർട്ടിയിൽ ഒറ്റപ്പെട്ടെന്നു തിരിച്ചറിഞ്ഞ സ്വാതി, ബൈഭവിനെതിരേ പൊലീസിൽ പരാതി നൽകി. ഇതോടെ, എഎപി ഒന്നടങ്കം അതിഷിക്കെതിരേ രംഗത്തെത്തി. പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട സ്വാതി തെരഞ്ഞെടുപ്പിൽ എഎപിക്കെതിരേ സജീവമായി രംഗത്തുണ്ടായിരുന്നു. ഡൽഹിയിലെ മാലിന്യ പ്രശ്നവും വെള്ളക്കെട്ടുമെല്ലാം അവർ ഉയർത്തിക്കാട്ടി. മാധ്യമങ്ങൾ സ്വാതിയുടെ ആരോപണങ്ങൾക്ക് പ്രാധാന്യം കൊടുത്തത് കെജ്‌രിവാളിന് തലവേദനയായിരുന്നു.
യമുനയിലെ ജലമലിനീകരണവും സ്വാതി തെരഞ്ഞെടുപ്പു പ്രശ്നമാക്കി. കുപ്പിയിൽ യമുനാജലവുമായി കെജ്‌രിവാളിന്‍റെ വീട്ടിലേക്കു പൂർവാഞ്ചലിൽ നിന്നുള്ള സ്ത്രീകൾക്കൊപ്പം അവർ മാർച്ച് നടത്തി. കെജ്‌രിവാളിന്‍റെ വീടിനു മുന്നിൽ മാലിന്യം തള്ളിയതും സ്വാതിയുടെ സമരമുറയായി. ഇതിന് അവർക്കെതിരേ കേസെടുത്തു. കെജ്‌രിവാളിന്‍റെ മനസിൽ വിദ്വേഷരാഷ്‌ട്രീയം മാത്രമാണുള്ളതെന്നായിരുന്നു ഹരിയാനയിൽ എഎപി മത്സരിച്ചപ്പോൾ സ്വാതിയുടെ ആരോപണം. കോൺഗ്രസിനെ തോൽപ്പിക്കാനാണ് കെജ്‌രിവാളിന്‍റെ ശ്രമം. എന്നെ ബിജെപി ഏജന്‍റ് എന്ന് ആരോപിക്കുന്ന കെജ്‌രിവാൾ, ഇന്ത്യ മുന്നണിക്ക് തുരങ്കം വയ്ക്കുകയാണെന്നും സ്വാതി ആരോപിച്ചു. ഇന്നലത്തെ എഎപിയുടെ പരാജയം സ്വാതിയുടെ രാഷ്‌ട്രീയ ഗ്രാഫ് ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഏതുപക്ഷത്താകും സ്വാതിയുടെ തുടർ പ്രവർത്തനങ്ങളെന്ന് അറിയാനിരിക്കുന്നു.