കെയർ എക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്‍റെ അടിത്തറ

ഇന്ന് അന്താരാഷ്‌ട്ര വനിതാദിനം
Annapurna Devi

Union Minister for Women and Child Development

അന്നപൂർണാ ദേവി

കേന്ദ്ര വനിതാ- ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി

file photo

Updated on

അന്നപൂർണാ ദേവി

കേന്ദ്ര വനിതാ- ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി

അന്താരാഷ്‌ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ നേട്ടങ്ങളെ മാത്രമല്ല നാം ആദരിക്കുന്നത്, മറിച്ച് ഇന്ത്യൻ സ്ത്രീസമൂഹത്തിന്‍റെ അജയ്യമായ കരുത്തിനെയുമാണ്. രാജ്യചരിത്രം രൂപപ്പെടുത്തിയത് നിയമസഭകളിലെയും ബോർഡ് റൂമുകളിലെയും സ്ത്രീസാന്നിധ്യത്തിലൂടെ മാത്രമല്ല; വീടുകളിലും പാടങ്ങളിലും ക്ലാസ് മുറികളിലും അറിയപ്പെടാത്ത എണ്ണമറ്റ ഇടങ്ങളിലും സമൂഹത്തിന്‍റെ നിശബ്ദ സ്തംഭങ്ങളായി നിലകൊണ്ട സ്ത്രീകളിലൂടെയുമാണ്.

ഇന്ന് രാഷ്‌ട്ര പരിവർത്തനത്തിന്‍റെ മുൻനിരയിൽ സ്ത്രീകളുണ്ട്. വിദ്യാഭ്യാസം, ശാസ്ത്ര- സാങ്കേതിക- എന്‍ജിനീയറിങ്- ഗണിതശാസ്ത്ര മേഖലകള്‍, പ്രതിരോധം, ഭരണനിര്‍വഹണം തുടങ്ങിയ രംഗങ്ങളില്‍ അവർ മുന്നേറുന്നു. യുദ്ധവിമാന പൈലറ്റുമാർ മുതൽ തദ്ദേശീയ നേതാക്കളെ വരെ ഉള്‍ക്കൊള്ളുന്ന സ്ത്രീസമൂഹം രാജ്യത്തിന്‍റെ സന്തുലിതവും സുസ്ഥിരവുമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ സാവിത്രി ഭായ് ഫൂലെ മുതൽ കരുണാര്‍ദ്ര ഭരണം കാഴ്ചവച്ച അഹല്യാ ഭായ് ഹോൾക്കർ വരെ ആഴമേറിയതും ചരിത്രപരവുമായ പാരമ്പര്യമാണ് ഈ സ്ത്രീശക്തിയിലൂടെ പ്രതിഫലിക്കുന്നത്. "ശക്തി'യെ ആരാധിക്കുന്ന രാജ്യത്തിന്‍റെ സംസ്കാരം പരിപോഷണത്തിന്‍റെയും നേതൃത്വപാടവത്തിന്‍റെയും കരുത്ത് ഓരോ സ്ത്രീയിലും കാണുന്നു. സ്ത്രീകളെ കേവലം ഗുണഭോക്താക്കളായി കാണുന്ന മനോഭാവത്തില്‍ നിന്ന് മാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ അവരെ വികസനത്തിന്‍റെ നേതൃശക്തിയായും സാരഥികളായും രാജ്യം ഇന്ന് അംഗീകരിക്കുന്നു. സ്ത്രീശക്തിയാല്‍ നയിക്കപ്പെടുന്ന വികസനം ഇന്ന് കേവലം അഭിലാഷമല്ല, മറിച്ച് നയങ്ങളിലും ഭരണനിര്‍വഹണത്തിലും ദേശീയ മുൻഗണനകളിലും അത് പ്രതിഫലിക്കുന്നു.

പ്രകടമായ ഏതൊരു നേട്ടത്തിന് പിന്നിലും "കെയർ എക്കോണമി' തീര്‍ക്കുന്ന ഒരു നിശബ്ദ ശക്തിയുണ്ട്. തൊഴിലിടങ്ങളിലേക്ക് ഇറങ്ങും മുൻപ് സൂര്യോദയത്തിന് മുന്നേ ഉണർന്ന് കുടുംബത്തെ പരിപാലിക്കുന്ന അമ്മയും പ്രതിസന്ധികളില്‍ തളരാതെ കുടുംബത്തെ ചേർത്തുപിടിക്കുന്ന ഭാര്യയും പകൽ മുഴുവൻ ജോലി ചെയ്ത് രാത്രിയിൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്ന മകളും കരുതലിന്‍റെ ഈ നിശബ്ദ ശക്തിയാണ്. ഈ അധ്വാനത്തിൽ ഭൂരിഭാഗവും അറിയപ്പെടാതെ പോകുന്നുവെങ്കിലും അതാണ് നമ്മുടെ വീടകങ്ങളെയും സമൂഹങ്ങളെയും രാജ്യത്തെയും നിശബ്ദമായി താങ്ങിനിർത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെ അടിത്തറയെന്ന നിലയിൽ കരുതലിലൂന്നിയ പരിചരണ പ്രവർത്തനങ്ങളെ വിലമതിക്കാനും പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്തെ വനിതാ തൊഴില്‍ പങ്കാളിത്ത നിരക്ക് 2017-18 ലെ 23.3 ശതമാനത്തിൽ നിന്ന് 2023-24 ൽ 41.7 ആയി ഉയർന്നത് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ ശേഷി മെച്ചപ്പെടുന്നതിന്‍റെ പ്രതിഫലനമാണ്. സാമ്പത്തിക സർവെയിൽ എടുത്തുപറഞ്ഞതു പോലെ മികച്ച തൊഴിൽ പങ്കാളിത്തവും ശക്തമായ പരിചരണ സേവനങ്ങളും സ്ത്രീകൾക്ക് ദശലക്ഷക്കണക്കിന് അവസരങ്ങൾ തുറന്നുനൽകുന്നു.

ഈ കാഴ്ചപ്പാടിനനുസൃതമായി പരിചരണ മേഖലയെ ശക്തിപ്പെടുത്താന്‍ 2026-27 ലെ കേന്ദ്ര ബജറ്റ് ചരിത്രപരമായ നിക്ഷേപങ്ങളാണ് നടത്തിയത്. "ജെൻഡർ ബജറ്റ്' ആദ്യമായി 5 ലക്ഷം കോടി രൂപ പിന്നിട്ടത് സ്ത്രീകള്‍ നയിക്കുന്ന വികസനത്തോട് മോദി സർക്കാര്‍ പുലര്‍ത്തുന്ന അചഞ്ചല പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. "സമഗ്ര സര്‍ക്കാര്‍ ഏകോപനം' എന്ന സമീപനത്തിലൂന്നി പരിചരണ മേഖലയിലെ 1.5 ലക്ഷം പ്രവര്‍ത്തകര്‍ക്ക് നൈപുണ്യ പരിശീലനം നൽകാനും ജോലി ചെയ്യുന്ന വനിതകള്‍ക്ക് ഹോസ്റ്റലുകൾ വ്യാപിപ്പിക്കാനും അങ്കണവാടികൾ നവീകരിക്കാനും ആരോഗ്യ- പോഷകാഹാര സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനും നടപടികൾ പുരോഗമിക്കുകയാണ്. സ്ത്രീകൾക്ക് പിന്തുണ ലഭിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന രാജ്യത്തിന്‍റെ വ്യക്തമായ നിശ്ചയദാര്‍ഢ്യമാണ് ഈ നടപടികളിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുന്നത്.

ശിശുപരിചരണത്തെ സാമ്പത്തിക നീതിയുടെയും തൊഴിൽ പങ്കാളിത്തത്തിന്‍റെയും ഭാഗമായി കാണുന്ന സാമൂഹ്യസുരക്ഷാ നിയമവും തൊഴിൽ സുരക്ഷ- ആരോഗ്യ- തൊഴില്‍ സാഹചര്യ നിയമവും ഉള്‍പ്പെടെ നിയമ പരിഷ്കാരങ്ങൾ രാജ്യത്ത് ശിശുപരിപാലന സൗകര്യങ്ങളും തൊഴിലാളി ക്ഷേമവും ശക്തിപ്പെടുത്തുന്നു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമായതിനാല്‍ ഗുണമേന്മയാര്‍ന്നതും എല്ലാവര്‍ക്കും ലഭ്യവുമായ ശിശുപരിചരണ മേഖലയിലെ നിക്ഷേപം കുട്ടികളുടെ ആദ്യകാല വളര്‍ച്ചയെ സഹായിക്കുകയും അമ്മമാരുടെ ആഗ്രഹങ്ങളെ സഫലീകരിക്കുകയും ശക്തമായ ദേശീയ അടിത്തറ പണിയുകയും ചെയ്യുന്നു.

അതിവേഗ നഗരവത്കരണവും കുടിയേറ്റങ്ങളും അണുകുടുംബങ്ങളുടെ വർധനയും പരമ്പരാഗത ശിശുപരിചരണ സഹായക സംവിധാനങ്ങളെ മാറ്റിമറിക്കുകയാണ്. അനൗദ്യോഗിക സംവിധാനങ്ങൾ സമ്മർദത്തിലാകുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ഗുണമേന്മയാര്‍ന്ന ശിശുപരിചരണ- കുടുംബ സേവനങ്ങളുടെ പ്രാധാന്യം കൂടിവരികയാണ്.

പരിചരണ സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപം ഒരേസമയം ഒന്നിലേറെ ദേശീയ മുൻഗണനകളെ മുന്നോട്ടുനയിക്കുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയര്‍ത്താനും ശിശു വികസനം ശക്തിപ്പെടുത്താനും വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കുന്നു. പരിചരണ സംവിധാനങ്ങൾ ഔദ്യോഗികമാകുമ്പോൾ സ്ത്രീകൾക്ക് സ്വയം തീരുമാനമെടുക്കാന്‍ ശേഷി കൈവരുന്നു. ഒപ്പം കുടുംബങ്ങൾ സ്ഥിരതയിലേക്കും രാജ്യം പുരോഗതിയിലേക്കും മുന്നേറുന്നു.

2047ഓടെ "വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്ക് നാം നീങ്ങുമ്പോള്‍ സുസ്ഥിര വളർച്ച ശക്തമായ സാമൂഹ്യ അടിത്തറയിലായിരിക്കണമെന്ന മൗലിക സത്യം നാം തിരിച്ചറിയുന്നു. അത്തരമൊരു അടിത്തറയാണ് പരിചരണ സമ്പദ്‌വ്യവസ്ഥ. ഈ അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ കരുതലിന്‍റെ നിശബ്ദ അധ്വാനമായ പരിചരണ പ്രവര്‍ത്തനങ്ങളെ വിലമതിക്കുമെന്നും പിന്തുണയ്ക്കുമെന്നും ശക്തിപ്പെടുത്തുമെന്നും ഒരിക്കൽ കൂടി പ്രതിജ്ഞയെടുക്കാം. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസിത ഇന്ത്യ എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. വികസനത്തിൽ കേവലം പങ്കാളികളാകുക എന്നതിലുപരി വികസനത്തെ മുന്നില്‍ നിന്ന് നയിക്കാനും കഴിവുകൾ പൂര്‍ണമായി പുറത്തെടുക്കാനും ആവശ്യമായ അവസരവും അന്തസും സ്ഥാപനപരമായ പിന്തുണയും ഓരോ സ്ത്രീക്കും ഉറപ്പാക്കുന്ന വികസിത ഇന്ത്യയാണത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com