ടിജെഎസിന്‍റെ ഓർമകളിൽ

ഇന്ത്യൻ പത്രവപ്രവർത്തന രംഗത്തെ കുലപതികളിൽ ഒരാളായ ടി.ജെ.എസ്. ജോർജ് എന്ന ഇതിഹാസവുമായുള്ള ബന്ധം, അദ്ദേഹത്തിന്‍റെ നേതൃപാടവം, അവസാനത്തെ കൂടിക്കാഴ്ച... മുൻ സഹപ്രവർത്തകൻ അജയൻ അനുസ്മരിക്കുന്നു.
ഗുരുതുല്യനായ ടി.ജെ.എസ്. ജോർജ്: അജയന്‍റെ ഓർമകളിൽ | Remembering TJS George

ടി.ജെ.എസ്. ജോർജ്

File

Updated on
Summary

ഗുരുതുല്യനായ ടി.ജെ.എസ്. ജോർജ് എന്ന, ഐതിഹാസിക മാനങ്ങളുള്ള മാധ്യമ പ്രവർത്തകനെക്കുറിച്ച് മുൻ സഹപ്രവർത്തകൻ അജയൻ എഴുതിയ അനുസ്മരണക്കുറിപ്പ്. അദ്ദേഹവുമായുള്ള ആഴമേറിയ ബന്ധത്തെയും, അദ്ദേഹത്തിന്‍റെ സവിശേഷമായ വ്യക്തിത്വത്തെയും കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ്. 1989-ൽ ബാംഗ്ലൂരിലെ 'ഇന്ത്യൻ എക്സ്പ്രസ്' ഓഫീസിലാണ് ലേഖകൻ ടി.ജെ.എസ്. ജോർജിനെ അജയൻ ജോർജിനെ ആദ്യമായി കണ്ടുമുട്ടുന്നത്.

അജയൻ

ടി.ജെ.എസ്. ജോർജിനെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത് 1989 നവംബറിലാണ്. അന്നു ഞാൻ മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് (അന്നത്തെ ബാംഗ്ലൂർ) മാറാൻ ശ്രമിക്കുകയായിരുന്നു. 'ഇന്ത്യൻ എക്സ്പ്രസിലെ' അദ്ദേഹത്തിന്‍റെ ഓഫിസിൽ വച്ച്, ആ ആകർഷണീയത, ആ ഗാംഭീര്യം, ശാന്തമായ ആധികാരികത... ആദ്യ കാഴ്ചയിലുണ്ടായ മതിപ്പ് ഇന്നു നിലനിൽക്കുന്നു. അന്നു ഞങ്ങൾ അധികം സംസാരിച്ചില്ല, പക്ഷേ, സംസാരിച്ചിടത്തോളം മതിയായിരുന്നു; തൊട്ടടുത്ത മാസം അദ്ദേഹത്തോടൊപ്പം ചേരാമെന്ന ഉറപ്പോടെയാണു ഞാൻ അവിടെനിന്നിറങ്ങുന്നത്.

ഓരോ വൈകുന്നേരവും അദ്ദേഹം ഡെസ്കിലേക്ക് കടന്നുവരുന്നതും, അന്നത്തെ പ്രധാന വാർത്തകൾ വേഗത്തിൽ വായിക്കുന്നതും, പലപ്പോഴും ഒന്നാം പേജിന്‍റെ ഡമ്മി ആവശ്യപ്പെടുന്നതും പതിവായിരുന്നു. അന്ന് പുതുമുഖമായിരുന്ന ഞാൻ, ലേഔട്ടിലും ഡിസ്പ്ലേയിലുമുള്ള അദ്ദേഹഹത്തിന്‍റെ നിർബന്ധബുദ്ധ കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്കുശേഷമാണ് തിരിച്ചറിഞ്ഞത്, ഞാൻ കണ്ടുകൊണ്ടിരുന്നത് ഒരു ജീനിയസിന്‍റെ പ്രതിഭാവിലാസമായിരുന്നു എന്ന്-ഒരു പേജിനെ സുന്ദരമായി രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹം.

മാസങ്ങൾക്കുശേഷം, കാര്യങ്ങൾ മുന്നോട്ടു പോകുന്ന രീതിയിൽ തൃപ്തനല്ലാതിരുന്ന അദ്ദേഹം, ന്യൂസ് എഡിറ്ററോട് ഡെസ്ക് പുനഃസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ, ഒരു ഷിഫ്റ്റിന്‍റെ ചുമതല എനിക്കായി. പരിചയസമ്പന്നരായ പലരും പല കോണുകളിലേക്കു മാറിയപ്പോൾ എനിക്കത് ഭീതിജനകമായി തോന്നി. മുതിർന്നവർ പലരും ചുറ്റുമുള്ളപ്പോൾ അവരെ നയിക്കുന്നത് വിഷമമാവില്ലേ എന്നു ഞാൻ സങ്കോചത്തോടെ അദ്ദേഹത്തോടു തുറന്നു ചോദിച്ചു. ''നിനക്കതിനു കഴിയും'', അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കർക്കശമായിരുന്നു, ഒപ്പം ആശ്വാസകരവും- അതെനിക്കു ധൈര്യം പകർന്നു.

സദ്ദാം ഹുസൈൻ കുവൈറ്റിനെ ആക്രമിച്ച ദിവസമാണ് ആ മാസ്റ്റർ ക്രാഫ്റ്റ്സ്മാന്‍റെ മികവ് മുഴുവൻ ആദ്യമായി ഞാൻ നേരിൽ കാണുന്നത്. രണ്ടു മണിക്കൂർ മുൻപേ ഞാൻ ഓഫിസിലെത്തി. ആ സമയം ടെലിപ്രിന്‍റർ റിപ്പോർട്ടുകൾ കൈകൊണ്ട് തരംതിരിക്കുന്ന ടി.ജെ.എസ്. ജോർജിനെയാണ് ചീഫിന്‍റെ ഡെസ്കിൽ കണ്ടത്. എന്നെ കണ്ട് അമ്പരന്ന അദ്ദേഹം, എന്തിനാണ് ഇത്ര നേരത്തെ വന്നതെന്നു ചോദിച്ചു. "ഗൾഫ് യുദ്ധം തുടങ്ങി", ഞാൻ പറഞ്ഞു. കൂടുതലൊന്നും പറയാതെ, എന്നോട് ജോലി തുടങ്ങാൻ ആവശ്യപ്പെടുകയും അദ്ദേഹം ശാന്തനായി തന്‍റെ ക്യാബിനിലേക്കു പിൻവാങ്ങുകയും ചെയ്തു.

പത്തു മണിയോടെ രണ്ടു ട്രെയിനി സബ് എഡിറ്റർമാർ എത്തി. ഏകദേശം ഒരു മണിയായപ്പോൾ ഞാൻ ചോറു പാത്രം തുറന്നു. അപ്പോഴാണ് അദ്ദേഹം പെട്ടെന്നു കടന്നുവരുന്നത്. ഒരു മുഴുവൻ പേജിന് ആവശ്യമായ കോപ്പി എന്‍റെ കൈവശമുണ്ടോ എന്നു ചോദ്യം. ഒരു മണിക്കൂറിനുള്ളിൽ ഒരു ഗൾഫ് യുദ്ധ സ്പെഷ്യൽ പുറത്തിറക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ധാരാളം റിപ്പോർട്ടുകളുണ്ടെന്നും നല്ല ചിത്രങ്ങളുണ്ടെന്നും ഞാൻ ഉറപ്പുകൊടുത്തു. ചിത്രങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ തിളങ്ങി. ഞാൻ ചോറ്റുപാത്രമടച്ച്, കൈ കഴുകി, കോപ്പികൾ ശേഖരിച്ച് അദ്ദേഹത്തിനു മുന്നിൽ വച്ചു. അപ്പോഴും ഒരു കാര്യം എന്നെ അലട്ടുന്നുണ്ടായിരുന്നു: ഒരു പേജ് കൊണ്ട് എങ്ങനെ ഒരു എഡിഷൻ ഇറക്കും! ആകാംക്ഷയോടെ ഞാനതു ചോദിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മറുപടി പെട്ടെന്നായിരുന്നു, അതിൽ അൽപ്പം കുസൃതിയും കലർന്നിട്ടുണ്ടായിരുന്നു: ''മറു വശം കന്നഡയിലായിരിക്കും. ഒരു വശം ഇന്ത്യൻ എക്സ്പ്രസ്, മറ്റേത് കന്നഡ പ്രഭ''. അച്ചടിയിലെ ഒരു വിപ്ലവം; ഒരു നിമിഷം കൊണ്ട് മനസിൽ രൂപപ്പെട്ട പദ്ധതി!

അദ്ദേഹം എനിക്ക് അഭിമുഖമായി ഇരുന്നു. പെൻസിൽ കൈയിലെടുത്ത് അതിവേഗം ഒരു ഡമ്മി വരച്ചു. അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു, ''ഇത് ശരിയാണോ?''. ഞാൻ സ്തബ്ധനായി- ത്രയും പ്രാവീണ്യമുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻ എന്തിനാണ് എന്‍റെ അനുമതി ചോദിക്കുന്നത്! ഞങ്ങൾ ലേഔട്ട് വിഭാഗത്തിലേക്കു നീങ്ങി, മിനിറ്റുകൾക്കകം അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിൽ പേജ് രൂപപ്പെട്ടു. ഒരു വരയുടെ കനം, തലക്കെട്ടുകൾക്കിടയിലെ അകലം, ഒരു ചിത്രത്തിന്‍റെ സ്ഥാനം എന്നിവയിലെല്ലാം അദ്ദേഹത്തിന്‍റെ സൂക്ഷ്മദൃഷ്ടി പതിഞ്ഞു. സ്ട്രൈക്ക് കോപ്പി പ്രസിൽ നിന്നു പുറത്തുവന്നപ്പോൾ ആശങ്കകളെല്ലാം അപ്രത്യക്ഷമായി. ഞാൻ കൺമുന്നിൽ കണ്ടത് ഒരു പേജ് മാത്രമല്ല, പത്രക്കടലാസിൽ എങ്ങനെ സൗന്ദര്യം സൃഷ്ടിക്കാം എന്നതിനൊരു പാഠമായിരുന്നു. നിധി പോലെ സൂക്ഷിച്ച ആ കോപ്പി നിർഭാഗ്യവശാൽ എവിടെയോ വച്ച് എനിക്ക് നഷ്ടപ്പെട്ടു.

എഡിറ്റോറിയലിലുള്ള എല്ലാവരും ഇംഗ്ലീഷിൽ സംസാരിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചിരുന്നു. ഒരിക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ കെജികെയുമായി (കെ. ഗോവിന്ദൻകുട്ടി) ഞാൻ മലയാളത്തിൽ സംസാരിക്കുമ്പോൾ അതുവഴി പോയ ടിജെഎസ് പറഞ്ഞു, ''ഇതൊരു മലയാള പത്രമല്ല, ഇംഗ്ലിഷ് പത്രമാണ്''. പിന്നീടാണു ഞാൻ കൗതുകത്തോടെ മനസിലാക്കിയത്, ഓഫിസിൽ ഞാൻ മുണ്ടുടുത്ത് അനായാസം നടക്കുന്നതിനെക്കുറിച്ച് അദ്ദേഹം തമാശയായി പറയാറുണ്ടായിരുന്നത്രെ: ''ഇയാളുടെ മുണ്ടോ ഒരിക്കലും ഇഴുകിപ്പോകില്ലേ'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ സംശയം! അദ്ദേഹത്തിന്‍റെ നിരീക്ഷണത്തിൽ എന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചെറിയ, തമാശ നിറഞ്ഞ സാക്ഷ്യമായിരുന്നു അത്.

ബെംഗളൂരുവിലെ എന്‍റെ ദിവസങ്ങളിൽ, ഒ.വി. വിജയൻ, വികെഎൻ തുടങ്ങിയ മഹാരഥന്മാരെ പരിചയപ്പെടുത്തിയ 'ശങ്കേഴ്സ് വീക്കിലി'യുടെ പ്രസാധകനായിരുന്ന ആർ.പി. നായരെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു. 2000ന്‍റെ തുടക്കത്തിൽ ഒരിക്കൽ കോട്ടയത്ത് വിശ്രമത്തിലായിരുന്ന വിജയനുമായി സംസാരിക്കുമ്പോൾ - അദ്ദേഹത്തിനന്ന് സംസാരിക്കാൻ കഴിയുമായിരുന്നില്ല, കുറിപ്പുകളിലൂടെയായിരുന്നു ആശയവിനിമയം - ബാംഗ്ലൂരിൽ ആയിരുന്നപ്പോൾ ആർപി എന്നെ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞു. അടുത്തു നിന്നിരുന്ന ഭാര്യയെയും സഹോദരിയെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് വിജയൻ പെട്ടെന്ന് സംസാരിച്ചു: ''ആർപിയാണ് എന്നെ ലോഞ്ച് ചെയ്തത്''. കൂടുതൽ വാക്കുകൾക്കായി ബുദ്ധിമുട്ടിയ അദ്ദേഹം ആർപിയെക്കുറിച്ച് കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു എന്ന് എഴുതി കാണിച്ചു.

ആർപി 'ശങ്കേഴ്സ് വീക്കിലി'യിൽ നിന്ന്, ടിജെഎസിനു കീഴിൽ 'ഫാർ ഈസ്റ്റേൺ റിവ്യൂ'വിൽ പ്രവർത്തിക്കാൻ ഹോങ്കോങ്ങിലേക്കു പോയിരുന്നു. ബെംഗളൂരുവിൽ അദ്ദേഹം വളരെ ഒതുങ്ങിയ ജീവിതമാണ് നയിച്ചിരുന്നത്, ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ, താൻ നഗരത്തിലുണ്ടെന്ന് ടിജെഎസും ഭാര്യയും അറിഞ്ഞാൽ അവർ തന്നെ വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം തമാശ പറയുമായിരുന്നു. ഒരിക്കൽ, ചുമയ്ക്കുന്നതിനിടയിൽ ആർപി രക്തം തുപ്പുന്നതു ഞാൻ കണ്ടു. പരിഭ്രമിച്ചുപോയ ഞാൻ എന്തുപറ്റിയെന്നു ചോദിച്ചു. ''ഓ! ഇത് ഞാൻ വർഷങ്ങളോളം വലിച്ച പൈപ്പിൽ നിന്നുള്ള ക്യാൻസറാണ്'', അദ്ദേഹം യാഥാർഥ്യബോധത്തിന്‍റെ നിസാരതയോടെ മറുപടി പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു ശേഷം, രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ആർപിയെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന്‍റെ അവസ്ഥയറിഞ്ഞ ചില ബന്ധുക്കൾ, അദ്ദേഹത്തിന് ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും കേരളത്തിലേക്കു കൊണ്ടുപോകണമെന്നു നിർബന്ധിച്ചു. ആർപി ആശുപത്രിയിലാണെന്നറിഞ്ഞ ടിജെഎസ് ഇടപെട്ട്, ആർപിയെ വീട്ടിലെത്തിക്കാൻ കുടുംബത്തെ സഹായിച്ചു, എന്നാൽ, ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം അന്തരിച്ചു.

ഒരു വൈകുന്നേരം ഞാൻ 'കലാ കൗമുദി' എടുത്തു വായിച്ചപ്പോൾ ആർപിയെക്കുറിച്ച് ടിജെഎസ് എഴുതിയ അനുസ്മരണക്കുറിപ്പ് കണ്ടു. തിരക്കഥ തയാറാക്കിയത് ആർപി ആണെന്നും, എന്നാൽ അവസാന രംഗം മുകളിലെ സംവിധായകൻ മാറ്റിയെഴുതിയെന്നും, ആർപിയുടെ അന്ത്യം കേരളത്തിലായിരുന്നു എന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു അതിന്‍റെ തുടക്കം. അന്നു രാത്രി ഡ്യൂട്ടിക്കിടെ ഞാൻ ഇടനാഴിയിൽ വച്ച് ടിജെഎസിനെ കണ്ടു. ''ആർപിയെക്കുറിച്ചുള്ള കുറിപ്പ് വായിച്ചു, ഹൃദയസ്പർശിയായിരിക്കുന്നു'', ഞാൻ പറഞ്ഞു. ആദ്യമായി, അദ്ദേഹം ഓഫിസിലാണെന്ന കാര്യം മറന്ന് മലയാളത്തിൽ സംസാരിച്ചു: ''ഓ! അത് ഇറങ്ങിയോ? എനിക്ക് കിട്ടിയില്ലല്ലോ''. പെട്ടെന്നു തന്നെ അദ്ദേഹം ഇംഗ്ലിഷിലേക്കു മാറി: ''ഞാനിപ്പോൾത്തന്നെ ഒരു കോപ്പി സംഘടിപ്പിക്കാൻ നോക്കട്ടെ''.

എനിക്കു കൊച്ചിയിലേക്കു സ്ഥലംമാറ്റം കിട്ടാൻ അദ്ദേഹം സഹായിച്ചു. ഞാൻ ഒരു പത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നു. ഏകദേശം ഒരു പതിറ്റാണ്ട് മുൻപ്, ഞാൻ അദ്ദേഹത്തെ കാലൂർ ബസ് സ്റ്റാൻഡിൽ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ ഓഫിസിലേക്ക് ധൃതിപ്പെട്ട് പോകുകയായിരുന്നു അദ്ദേഹം. ഞാൻ അഭിവാദ്യം ചെയ്തു, പെട്ടെന്ന് എന്‍റെ താടി ശ്രദ്ധിച്ച അദ്ദേഹം മലയാളത്തിൽ പറഞ്ഞു: ''നിങ്ങളൊരു സ്വാമിയെപ്പോലെ ആയല്ലോ''. അദ്ദേഹം കോട്ടയത്തു നിന്ന് ബസിൽ വന്നതേയുള്ളൂ എന്നും ഓഫിസിലേക്ക് പോകുകയാണെന്നും പറഞ്ഞു.

ഞാൻ അമ്പരന്നുപോയെങ്കിലും പതിവുപോലെ ഇംഗ്ലിഷിൽ മറുപടി നൽകി, എന്നിട്ടും അദ്ദേഹം മലയാളത്തിൽ എന്നെക്കുറിച്ച് അന്വേഷിക്കുകയും എന്നെ വീണ്ടും വീണ്ടും ''സാമീ'' എന്ന് വിളിക്കുകയും ചെയ്തു. ഞാൻ പുഞ്ചിരിച്ചുകൊണ്ട് സൗമ്യമായി തിരുത്തി, ''സാമി അല്ല, ആസാമി (മനുഷ്യൻ)''. അദ്ദേഹം മനസുതുറന്ന് ചിരിച്ചു, ആഴമേറിയ, ഊഷ്മളമായ ചിരി, എന്നിട്ടു തന്‍റെ വഴിക്ക് പോയി. ആ ക്ഷണികമായ, വാത്സല്യനിർഭരമായ കണ്ടുമുട്ടൽ- ആ നർമം, സ്നേഹം, മാനവികത- അത്രയും ശ്രദ്ധേയനായൊരു വ്യക്തിത്വവുമായി ഞാൻ പങ്കുവെച്ച അവസാനത്തെ നിമിഷങ്ങളായിരുന്നു അത്.

വിട, മഹാനായ ടിജെഎസ് സർ....

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com