തഹാവൂർ റാണ കൊലക്കയറിലേക്ക്

തഹാവൂർ റാണ അന്നു പറഞ്ഞത്; അവരെ നിഷാൻ ഇ ഹൈദർ നൽകി ആദരിക്കണം
Tahawwur Rana near to death penalty

തഹാവൂർ റാണ കൊലക്കയറിലേക്ക്

Updated on

മുംബൈയിൽ നിരപരാധികളായ 166 പേരെ കൊന്നൊടുക്കിയ ഭീകരരെ പാക്കിസ്ഥാൻ സൈനിക ബഹുമതി നൽകി ആദരിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത് മറ്റാരുമല്ല; ഇപ്പോൾ എൻഐഎയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന തഹാവൂർ റാണ തന്നെ. രാജ്യത്തിനായി യുദ്ധം ചെയ്തു മരിച്ച സൈനികർക്ക് പാക്കിസ്ഥാൻ നൽകുന്ന പരമോന്നത ബഹുമതിയാണ് 'നിഷാൻ- ഇ-ഹൈദർ'.

യുഎസ് ഡിപ്പാർട്ട്മെന്‍റ് ഒഫ് ജസ്റ്റിസ് ആണ് ഈ വിവരം പുറത്തു വിട്ടത്. മുംബൈ സ്ഫോടനം ഇന്ത്യക്കാർ അർഹിച്ചതായിരുന്നു എന്നാണത്രെ മറ്റൊരു ലഷ്കർ ഭീകരനായ ദാവൂദ് ഗിലാനി എന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലിയോട് മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞയുടൻ സന്തോഷാധിക്യത്തോടെ റാണ പറഞ്ഞത്.

ലോസ് ആഞ്ചലസിൽ നിന്ന് ഡൽഹിയിലെത്തിച്ച ഇയാളെ പട്യാലയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി 18 ദിവസത്തേക്ക് കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിൽ ഇയാളെക്കാൾ പങ്കുള്ള ഹെഡ്‌ലി ഇയാൾക്കയച്ച ഇമെയിലുകൾ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള സൂചനകളാണ് ഇവയിലുള്ളത്.

ശക്തമായ തെളിവുകളുണ്ടെന്നും അതിനാൽ തന്നെ റാണയ്ക്ക് വധശിക്ഷ വാങ്ങി നൽകാനാവുമെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.

മുംബൈ ഭീകരാക്രമണത്തിനു ദിവസങ്ങൾക്കു മുൻപ്, 2008 നവംബർ 16 ന് ഒരു സ്ത്രീയോടൊപ്പം തഹാവൂർ റാണ കൊച്ചിയിലും എത്തിയിരുന്നതായും മറൈൻ ഡ്രൈവിലെ താജ് ഹോട്ടലിൽ താമസിച്ചിരുന്നതായും കേരള പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളെല്ലാം കേരള പൊലീസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഹെഡ്‌ലി കേരളം സന്ദർശിച്ചോ എന്നു പരിശോധിക്കവേയാണ് തഹാവൂർ റാണയുടെ കേരള സന്ദർശന രേഖകൾ പൊലീസിനു ലഭിച്ചത്.

കൊച്ചിയെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യ യോഗത്തിനു പറ്റിയ ഇടമായി കരുതിയാവാം റാണ കൊച്ചി തെരഞ്ഞെടുത്തത് എന്നാണ് അന്ന് കേരള പൊലീസ് പറഞ്ഞത്. അമെരിക്കയിൽ ഭീകരാക്രമണങ്ങൾക്കായി കോപ്പു കൂട്ടവെയാണ് തഹാവൂർ റാണയെ എഫ്ബിഐ 2019ൽ അറസ്റ്റ് ചെയ്തത്.

നേരത്തെ, തന്നെ ഇന്ത്യയ്ക്കു കൈമാറാനുള്ള ഉത്തരവിനെതിരെ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ബാല്യകാല സുഹൃത്തും പാക് വംശജനുമായ അമെരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ് ലിയുമായി ചേർന്ന് ലഷ്കറെ തോയ്ബയ്ക്കു വേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പാക് വംശജനായ കനേഡിയൻ പൗരനും വ്യവസായിയുമായ റാണയ്ക്കെതിരെയുള്ള കേസ്. റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസമാണ് അനുമതി നൽകിയത്. നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്‍റെ പ്രഖ്യാപനമുണ്ടായത് എന്നത് ശ്രദ്ധേയമാണ്.

1961ൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിച്ചാവാത്സി മേഖലയിൽ ജനിച്ച ഇയാൾ പാക് പട്ടാളത്തിന്‍റെ മെഡിക്കൽ കോറിൽ ക്യാപ്റ്റൻ ജനറൽ ഡ്യൂട്ടി പ്രാക്റ്റീഷണർ റാങ്കിലുള്ള ഡോക്റ്ററായിരുന്നു.

പിന്നീട് ഭാര്യയ്ക്കൊപ്പം 1997ൽ ക്യാനഡയിലേയ്ക്കു കുടിയേറുകയും 2001ൽ കനേഡിയൻ പൗരത്വം നേടുകയും ചെയ്തു. പിന്നീട് ഷിക്കാഗോ, ന്യൂയോർക്ക്, ടൊറാന്‍റോ എന്നിവിടങ്ങളിൽ ഇമിഗ്രേഷൻ ഏജൻസി ആരംഭിച്ചു. ഹെഡ് ലിക്കൊപ്പം പാകിസ്ഥാനിൽ നടന്ന ലഷ്കർ പരിശീലന ക്യാംപിലും ഇയാൾ പങ്കെടുത്തു.

ഭീകരാക്രമണം നടന്ന ഇടങ്ങളിൽ ഒന്നായ താജ് ഹോട്ടലിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് റാണ താമസിച്ചതായി തെളിവുണ്ട്. 2008 നവംബർ 26 ന് മുംബൈയിൽ ആസൂത്രിതമായ പത്തു ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. രാത്രി എട്ടുമണിക്ക് തുടങ്ങിയ ആക്രമണം 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29 ന് ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ ഈ ആക്രമണങ്ങൾ നീണ്ടു. ആ ഭീകരാക്രമണത്തിൽ ആറ് അമെരിക്കക്കാരുൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്. 327 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. താജ് ഹോട്ടൽ, ഒബ്റോയ് ട്രൈഡന്‍റ് ഹോട്ടൽ, ഛത്രപതി ശിവജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.

മുംബൈയെ മുൾമുനയിലാക്കിയത് കടൽ കടന്നെത്തിയ പത്തോളം പാക് ഭീകരരായിരുന്നു. ഭീകരർ കൂടുതലും അഴിഞ്ഞാടിയത് ദക്ഷിണ മുംബൈയിലായിരുന്നു. ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയിന്‍റിലെ ഒബ്റോയി ട്രിഡന്‍റ്, ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ സമീപത്തുള്ള താജ്മഹൽ, പാലസ്-ടവർ എന്നീ പഞ്ച നക്ഷത്ര ഹോട്ടലുകൾ, ലിയോ പോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റൊറന്‍റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്‍റെ നിയന്ത്രണത്തിലുളള ഓർത്തഡോക്സ് ജ്യൂയിഷ്, മെട്രോ ആഡ് ലാബ്സ് തിയേറ്റർ, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങൾ നടന്നത്.

2009 ഒക്റ്റോബർ 18 ന് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഡെൻമാർക്കിലെ പത്രസ്ഥാപനം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ ഹെഡ് ലിയും റാണയും അറസ്റ്റിലായിരുന്നു. ഡൽഹിയിൽ എൻഐഎ 2009 നവംബർ 11 ന് കേസെടുത്തു. ഡെൻമാർക്കിലെ ഭീകരാക്രമണ ഗൂഢാലോചനയ്ക്കും ലഷ്കറെ തോയ്ബയ്ക്ക് സാമ്പത്തിക സഹായം നൽകിയതിനും യുഎസ് ജില്ലാ കോടതി തഹാവൂർ റാണയെ 2011 ജനുവരി ഒൻപതിന് 14 വർഷം തടവിനു ശിക്ഷിച്ചിരുന്നു.

ഇക്കഴിഞ്ഞ ഡിസംബർ 24 നാണ് ഇയാളെ കൈമാറണമെന്ന് എൻഐഎ ആവശ്യപ്പെട്ടത്. തന്നെ ഇന്ത്യയ്ക്കു കൈമാറരുത് എന്ന് കാട്ടി റാണ യുഎസ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തെങ്കിലും അതു പരിഗണിക്കാൻ പോലും യുഎസ് സുപ്രീം കോടതി തയാറായില്ല.

നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തഹാവൂർ റാണ എന്ന ഭീകരനെ കൈമാറുന്നതു സംബന്ധിച്ച് 2025 ഫെബ്രുവരി 13 ന് ധാരണയിലെത്തുകയും ഏപ്രിൽ പത്തിന് ഇയാളെ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു. എന്നാൽ മുംബൈ ഭീകരാക്രമണത്തിൽ ഇയാളെക്കാൾ പങ്കുള്ള ലഷ്കറെ തോയ്ബ ഭീകരനാണ് ഇപ്പോൾ യുഎസിൽ 35 വർഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഡേവിഡ് കോൾമാൻ ഹെഡ് ലി. ഇയാളെ വിട്ടുകിട്ടാതെ റാണയെ മാത്രം വിട്ടു കിട്ടുന്നത് ഇന്ത്യയുടെ മുംബൈ ഭീകരാക്രമണ കേസന്വേഷണത്തിന്‍റെ വിജയത്തിനു മങ്ങലേൽപിക്കും. റാണ എൻഐഎ കസ്റ്റഡിയിലായതോടെ ഇയാളുടെ കൊച്ചി സന്ദർശനത്തിന്‍റെ ഉദ്ദേശ്യവും മറ നീക്കിപുറത്തു വരും.

ഹെഡ് ലി പല തവണ ഇന്ത്യയിലെത്തുകയും മുംബൈയിൽ ആക്രമിക്കേണ്ട സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തി ലഷ്കറെ തോയിബയ്ക്കു നൽകുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com