കേന്ദ്ര - കേരള സർക്കാരുകൾക്ക് പ്രശംസ: തരൂരിന്‍റെ ചാട്ടം എങ്ങോട്ടെന്നറിയാതെ ഭരണ പ്രതിപക്ഷങ്ങൾ

കേന്ദ്ര സർക്കാരിനെയും കേരള സർക്കാരിനെയും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശങ്ങൾ കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണപ്രതിപക്ഷങ്ങളെ ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നു
Shashi Tharoor
ശശി തരൂർ
Updated on

പ്രത്യേക ലേഖകൻ

കേന്ദ്ര സർക്കാരിനെയും കേരള സർക്കാരിനെയും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശങ്ങൾ കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണപ്രതിപക്ഷങ്ങളെ ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നുള്ള പ്രസ്താവനകൾ തരൂർ നടത്തുന്നത് ഇതാദ്യമല്ലെങ്കിൽപ്പോലും, കേരളത്തിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്ന ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പരാമർശങ്ങൾ എന്നത് ഇതിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നു.

ഒരു ഇംഗ്ലിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്‍റെ പേരെടുത്തു പറഞ്ഞു തന്നെ തരൂർ പ്രശംസിച്ചത്. ഇഴയുന്ന കൊമ്പനായിരുന്ന കേരളം ഇടതു സർക്കാരിനു കീഴിൽ ഇണങ്ങുന്ന കടുവയായി മാറിയെന്നാണ് തരൂരിന്‍റെ വാദം. സംരംഭകത്വ രംഗത്തെ മുന്നേറ്റവും സുസ്ഥിര വളർച്ചയും ഉദാഹരിച്ചാണ് ഈ പ്രശംസ. കഴിഞ്ഞ വർഷത്തെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ കേരളം ആഗോള ശരാശരിയുടെ അഞ്ച് മടങ്ങ് മൂല്യം രേഖപ്പെടുത്തിയത് തരൂർ തന്‍റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒപ്പം, വ്യവസായ സൗഹൃദ സർവേയിൽ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്തെത്തിയതും പരാമർശിക്കുന്നു.

ഒന്നര വർഷം കൊണ്ട് കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം 254 ശതമാനം വളർച്ച കൈവരിച്ചത് അസാധാരണ നേട്ടമാണെന്ന് തരൂർ എടുത്തു പറയുന്നുണ്ട്. കേളത്തിൽ ഇപ്പോൾ വ്യവസായ അനുമതികൾ അവിശ്വസനീയ വേഗത്തിലാണ് നൽകിവരുന്നതെന്നും തരൂർ. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഈ പ്രശംസയ്ക്ക് ഫെയ്സ്ബുക്കിലൂടെ തരൂരിനെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ ഇടതു സർക്കാരിനെ പ്രശംസിക്കുമ്പോഴും, കമ്യൂണിസത്തെ പൊതുവിൽ വിമർശിക്കാനും തരൂർ മറന്നിട്ടില്ല. ചെങ്കൊടിയും സമരവുമല്ല, മറിച്ച് മുതലാളിത്തവും സംരഭകത്വവുമാണ് വളർച്ചയിലേക്കുള്ള പാതയെന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകൾ തിരിച്ചറിഞ്ഞത് നന്നായെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

P Rajeev
പി. രാജീവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാരിനുള്ള പ്രശംസ. താനിതിനെ പോസിറ്റിവായാണ് കാണുന്നതെന്ന് ഇതേ ലേഖനത്തിൽ തരൂർ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ സുപ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. എഫ്-35 വിമാനം ഇന്ത്യക്കു കൈമാറാനുള്ള യുഎസ് തീരുമാനത്തെയും തരൂർ സ്വാഗതം ചെയ്തിരുന്നു.

മോദിയുടെ യുഎസ് സന്ദർശനത്തിന്‍റെ ഫലപ്രാപ്തിയിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ്, സന്ദർശനത്തെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്‍റെ ലേഖനം പുറത്തുവരുന്നത്. എന്നാൽ, യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങും കാൽച്ചങ്ങലയും ധരിപ്പിച്ച് സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെ ആദ്യം തുറന്നെതിർത്ത നേതാവും തരൂർ തന്നെയാണ്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ തെറ്റില്ലെന്ന് ലേഖനത്തിൽ പറയുന്ന തരൂർ, അവരെ കൊണ്ടുവരുന്ന രീതിയെക്കുറിച്ച് ഉറപ്പൊന്നും കിട്ടാത്തതിൽ നിരാശയും രേഖപ്പെടുത്തുന്നു.

Indian Prime Minister Narendra Modi being received at the White House by the US President Donald Trump
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചപ്പോൾ.

അതേസമയം, കേരള സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് തരൂർ എഴുതിയ ഓരോ വാക്കും നിരാകരിച്ചുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടല്ലെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസുകാർക്ക് തരൂരിന്‍റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ നേതാവും വിശ്വപൗരനുമായ ശശി തരൂരിന്‍റെ പ്രസ്താവനയെ വിലയിരുത്താൽ ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ താനില്ലെന്നൊന്നു കുത്തും മുരളീധരൻ വകയുണ്ടായി.

തരൂരിന്‍റെ ലേഖനം പാർട്ടി പരിശോധിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നും, തരൂർ ഏത് കണക്കിന്‍റെ അടിസ്ഥാനത്തിലാണ് ലേഖനമെഴുതിയതെന്നറിയില്ലെന്നും സതീശൻ. പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Ramesh Chennithala, K Muralidharan, VD Satheesan
രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.ഡി. സതീശൻഫയൽ ചിത്രം

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചു. ഇടതു മുന്നണി സർക്കാരിന്‍റെ കാലത്ത് കേരളത്തിൽ പുതിയ വ്യവസായങ്ങൾ വരുകയോ നേരത്തെ ഉണ്ടായിരുന്നവ വളരുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ കൂടുതലും പൂട്ടിപ്പോയ വ്യവസായങ്ങളാണെന്നും, പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണെന്നും പറഞ്ഞ ചെന്നിത്തല, ഏതോ തെറ്റിദ്ധാരണയുടെ പുറത്താണ് തരൂരിന്‍റെ അഭിപ്രായ പ്രകടനമെന്നും പ്രതികരിച്ചു.

അതേസമയം, നാടിനെ സ്നേഹിക്കുന്ന ആളുടെ പ്രതികരണമാണ് ശശി തരൂർ നടത്തിയതെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്. നിക്ഷേപക സംരക്ഷണ നിയമം സംബന്ധിച്ച് തരൂർ മുന്നോട്ടുവച്ച നിർദേശം സംസ്ഥാന സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്നും രാജീവ് വെളിപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com