വ്യവസ്ഥകൾ കുറെക്കൂടി സുതാര്യമാകണം

ഭരണഘടനയിലെ 200ാം വകുപ്പനുസരിച്ച് നിയമസഭ പാസാക്കിയ ബില്ലുകൾ മൂന്നു വിധത്തിൽ കൈകാര്യം ചെയ്യാം.
the conditions should be more transparent.

വ്യവസ്ഥകൾ കുറെക്കൂടി സുതാര്യമാകണം

Updated on

ജ്യോത്സ്യൻ

ഭരണഘടനയ്ക്കാണ് പരമാധികാരം എന്നും ജനവിധിയാണ് അന്തിമമായി മാനിക്കപ്പെട്ട് നടപ്പിലാക്കേണ്ടതെന്നുമുള്ള വ്യക്തമായ സന്ദേശമാണ് 2025 ഏപ്രിൽ 8ന് സുപ്രീം കോടതിയിൽ ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവർ നേതൃത്വം കൊടുക്കുന്ന ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ശ്രദ്ധേയമായ ഒരു രാഷ്‌ട്രീയ സാഹചര്യം ഉണ്ടായത് ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് അതതു സർക്കാരുകളോടുള്ള സമീപനമാണ്. സംസ്ഥാന സർക്കാരുകളും നിയമസഭയും എടുക്കുന്ന ബില്ലുകളും തീരുമാനങ്ങളും ഗവർണർമാർ അനിയന്ത്രിതമായി വച്ചു താമസിപ്പിക്കുന്നു എന്നതാണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ പരാതി.

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നതോടെയാണ് ഭരണഘടനയുടെ അന്തഃസത്ത ഗവർണർമാർ തകർക്കരുതെന്ന കർക്കശമായ താക്കീത് സുപ്രീം കോടതി നൽകിയത്. സംസ്ഥാന സർക്കാരുകളും നിയമസഭയും എടുക്കുന്ന നിയമനിർമാണങ്ങളും ബില്ലുകളും മാസങ്ങളോളം മേശയ്ക്കുള്ളിൽ സൂക്ഷിക്കാൻ പാടില്ലെന്നും സമയബന്ധിതമായി തീരുമാനങ്ങളെടുത്ത് തിരിച്ചയയ്ക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു.

തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനെന്ന് പറഞ്ഞ് ഗവർണർ ആർ.എൻ. രവി ദീർഘകാലം താമസിപ്പിച്ചതും വീണ്ടും പാസാക്കിയപ്പോൾ അംഗീകാരം നൽകാതിരുന്നതും നിയമവിരുദ്ധവും തെറ്റും ആണെന്ന് അസന്ദിഗ്ദ്ധമായി സുപ്രീം കോടതി വ്യക്തമാക്കി. മാത്രമല്ല, ഗവർണർ വച്ചു താമസിപ്പിക്കുകയും നിരസിക്കുകയും ചെയ്ത ബില്ലുകൾക്ക് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകുകയും ചെയ്തു. ഗവർണർമാർ രാഷ്‌ട്രീയ ചട്ടുകങ്ങളാകരുതെന്നും അവർ എടുത്ത സത്യപ്രതിജ്ഞയുടെ പവിത്രത സംരക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനയിലെ 200ാം വകുപ്പനുസരിച്ച് നിയമസഭ പാസാക്കിയ ബില്ലുകൾ മൂന്നു വിധത്തിൽ കൈകാര്യം ചെയ്യാം. ഒന്ന്- അംഗീകരിക്കാം, രണ്ട്- തിരിച്ചയയ്ക്കാം മൂന്ന്- രാഷ്‌ട്രപതിയുടെ ഉപദേശത്തിനയയ്ക്കാം. ഇതുവരെ കൃത്യമായ സമയ പരിധി ഇക്കാര്യത്തിൽ നിശ്ചയിച്ചിരുന്നില്ല. എന്നാൽ സുപ്രധാനമായ കോടതി വിധി എല്ലാ കര്യങ്ങളുടെയും വ്യക്തത കൊണ്ടു വന്നിരിക്കുന്നു. ഗവർണർമാരുടെ അധികാരം ദുരുപയോഗിക്കപ്പെടുന്നത് ബിജെപി അധികാരത്തിൽ വന്നതിനുശേഷമാണെന്ന് ആരോപിക്കുന്നത് പൂർണമായ ചരിത്ര നീതിയാവില്ല.

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ജനകീയ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ഭരണമേർപ്പെടുത്തിയത് 1959ൽ കേരളത്തിലാണ്. വിശ്വപൗരനായ, കോൺഗ്രസ് നേതാവായ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ആണ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത്. ആ തീരുമാനം തെറ്റായിരുന്നുവെന്ന് നെഹ്രു പിന്നീട് സമ്മതിക്കുകയുണ്ടായി.

രാഷ്‌ട്രപതിയുടെ പ്രതിനിധിയായിട്ടാണ് ഗവർണർമാർ ഒരോ സംസ്ഥാനത്തും എത്തുന്നതെങ്കിലും അതതു കാലത്തു കേന്ദ്രം ഭരിക്കുന്ന സർക്കാരിന്‍റെ രാഷ്‌ട്രീയ ഇച്ഛാശക്തി തന്നെയാണ് ഗവർണർ തെരഞ്ഞെടുപ്പിലെ പ്രധാന മാനദണ്ഡം. അതുകൊണ്ട് സ്വാഭാവികമായും ഗവർണർമാരുടെ പ്രവർത്തനത്തിൽ കേന്ദ്ര സർക്കാരിന്‍റെയും അവരുടെ പാർട്ടിയുടെയും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടാകും. അതുകൊണ്ടാണ് ഗവർണർമാരുടെ നിയമനത്തിൽ കുറെക്കൂടി സുതാര്യമായ വ്യവസ്ഥകൾ ഉണ്ടാകണമെന്ന അഭിപ്രായം ശക്തമായി ഉണ്ടായിട്ടുള്ളത്. ഭരണഘടനയുടെ വിശ്വസ്തത നിലനിർത്തുന്ന സംവിധാനം ഗവർണർമാരുടെ നിയമനത്തിൽ ഉണ്ടാകണമെന്നതാണ് ജോത്സ്യന്‍റെയും അഭിപ്രായം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com