

സഹകരണ ബാങ്കിങ്ങിന്റെ സമകാലിക പ്രസക്തി
പ്രതീകാത്മക ചിത്രം- എഐ
പി.എച്ച്. സാബു
നമ്മുടെ രാജ്യത്ത് ആധുനിക ബാങ്കിങ് സംവിധാനം ആരംഭിക്കുന്നത് 18ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്. ആധുനിക ബാങ്കിങ്ങിന്റെ ആവിര്‍ഭാവത്തേയും സമകാലിക വികാസത്തേയും സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും എന്ന് രണ്ടായി തിരിക്കാം. 1770ല്‍ കൊല്‍ക്കത്തയില്‍ ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ ആരംഭിക്കുന്നതോടെയാണ് സംഘടിത ബാങ്കിങ് മേഖലയ്ക്ക് നാട് സാക്ഷ്യം വഹിക്കുന്നത്. തുടര്‍ന്ന് പ്രസിഡന്‍സി ബാങ്കുകളുടെ വരവായി.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബാങ്ക് ഒഫ് ബംഗാള്‍ (1806), ബാങ്ക് ഒഫ് ബോംബെ (1840), ബാങ്ക് ഒഫ് മദ്രാസ് (1843) എന്നിവ സ്ഥാപിച്ചതോടെ ബാങ്കിങ് സെക്റ്റര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ചിറകുവിടര്‍ത്തി. 1894ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥാപിക്കപ്പെട്ടു. 1921 ആകുമ്പോള്‍ പ്രസിഡന്‍സി ബാങ്കുകളെ ലയിപ്പിച്ച് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടതോടെ ബാങ്കിങ്ങില്‍ ബ്രിട്ടന് പിടിമുറുക്കി.
ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്വാതന്ത്ര്യാനന്തരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി പരിവര്‍ത്തനം ചെയ്തു. 1935ല്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ നിലവില്‍ വന്നു. 1949 ജനുവരി 1ന് റിസര്‍വ് ബാങ്ക് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായി.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ വാണിജ്യ ബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവയ്ക്കൊപ്പം സഹകരണ ബാങ്കുകള്‍ക്കും സവിശേഷമായ സ്ഥാനമുണ്ട്. സാധാരണക്കാരുടെയും കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും ഇടത്തരക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സഹകരണ ബാങ്കിങ് സംവിധാനം വലിയ സംഭാവനയാണ് നല്‍കുന്നത്.
ലാഭം മാത്രം ലക്ഷ്യമാക്കാതെ അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ലക്ഷ്യമിടുന്നു എന്നതാണ് സഹകരണ ബാങ്കിങ്ങിന്റെ അടിസ്ഥാന സവിശേഷത. ജനകീയ പങ്കാളിത്തം, പരസ്പര സഹായം, ജനാധിപത്യപരമായ നിയന്ത്രണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയില്‍ അധിഷ്ഠിതമായ ഈ സംവിധാനം ഇന്ത്യന്‍ ബാങ്കിങ് മേഖലയ്ക്ക് ഒരു ബദല്‍ സാമ്പത്തിക മാതൃക കൂടിയാണ്.
1. പ്രസക്തി
ഇന്ത്യയില്‍ സഹകരണ ബാങ്കിങ് പ്രസ്ഥാനം ആരംഭിക്കുന്നത് 1904ലെ സഹകരണ വായ്പാ സംഘങ്ങള്‍ സംബന്ധിച്ച നിയമത്തോടെയാണ്. ഗ്രാമ മേഖലയിലെ കര്‍ഷകരെ കൊള്ളപ്പലിശക്കാരില്‍ നിന്ന് മോചിപ്പിക്കുകയും കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
പിന്നീട് സഹകരണ ബാങ്കിങ് സംവിധാനം വിവിധ തലങ്ങളിലേക്ക് വളര്‍ന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവ വികസിച്ചു. ഇന്ന് ഗ്രാമീണ സാമ്പത്തിക മേഖലയിലും കാര്‍ഷിക വായ്പാ വിതരണത്തിലും സഹകരണ ബാങ്കുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്.
2. ഗ്രാമീണ സമ്പദ് വ്യവസ്ഥയും
സഹകരണ പ്രസ്ഥാനവും
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞതു ഗാന്ധിജിയാണ്. ജനസംഖ്യയിലെ വലിയൊരു വിഭാഗം ഗ്രാമീണ മേഖലകളിലാണ്. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളെ ആശ്രയിച്ചാണ് ഇവരില്‍ വലിയൊരു വിഭാഗം ജീവിക്കുന്നത്.
ഇത്തരം മേഖലകളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സഹകരണ ബാങ്കുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
- കര്‍ഷകര്‍ക്ക് കൃഷി വായ്പ ലഭ്യമാക്കുന്നു.
- വിത്ത്, വളം, കീടനാശിനി എന്നിവയ്ക്ക് സഹായം നല്കുന്നു.
- ക്ഷീര കര്‍ഷകര്‍ക്ക് വായ്പകള്‍ നല്കുന്നു.
- ചെറുകിട സംരംഭകര്‍ക്ക് സംരംഭക വായ്പകള്‍.
- ഗ്രാമീണ മേഖലയിലെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നു.
വാണിജ്യ ബാങ്കുകളുടെ ശാഖകള്‍ പരിമിതമായ ഗ്രാമ പ്രദേശങ്ങളില്‍ ജനങ്ങളുമായി നേരിട്ടു ബന്ധം സ്ഥാപിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുന്നു. ഗ്രാമീണരെ ബാങ്കിങ്ങിന്റെ ആദ്യക്ഷരങ്ങള്‍ പഠിപ്പിച്ചത് സഹകരണ മേഖലയാണ്.
3. മാസ് ബാങ്കിങ്ങിലെ പങ്ക്
മാസ് ബാങ്കിങ് ആധുനിക ഭാരതത്തിന്റെ ബാങ്കിങ് ലക്ഷ്യങ്ങളിലൊന്നാണ്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നത് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ്.
ദരിദ്രര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സഹകരണ ബാങ്കുകള്‍ വലിയ പങ്കു വഹിക്കുന്നു.
സാധാരണ ബാങ്കിങ് സംവിധാനങ്ങളിലേക്ക് കടന്നുവരാന്‍ മടിക്കുന്നവര്‍ക്കും സഹകരണ ബാങ്കുകള്‍ ആശ്രയ കേന്ദ്രമാണ്. ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ആവശ്യാനുസരണം വായ്പകള്‍ നല്‍കുന്നതിലൂടെയും സാമ്പത്തിക സ്വയംപര്യാപ്തത വളര്‍ത്താന്‍ ഇവ സഹായിക്കുന്നു. എന്നാല്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രക്രിയയില്‍ സഹകരണ ബാങ്കിങ്ങിന്റെ പ്രാധാന്യം ദേശീയ ഭരണകൂടം ആ അർഥത്തില്‍ തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം നിലകൊള്ളുകയാണ്. കൊമേര്‍ഷ്യല്‍ ബാങ്കുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ആരംഭിക്കുകയും പിന്നീട് തുടര്‍ സേവനങ്ങള്‍ക്ക് മിനിമം ബാലന്‍സും ചാര്‍ജുകളൂം അടിച്ചേല്‍പ്പിക്കുന്ന രീതിയും നാം കാണുന്നു.
4. കാര്‍ഷിക മേഖല
സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന മേഖലകളിലൊന്നാണ് കൃഷി. ഇന്ത്യന്‍ ജനസംഖ്യ പ്രധാനമായും ഉപജീവനത്തിനായി ആശ്രയിക്കുന്നത് കൃഷിയേയാണ്. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 18% സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. ഈ മേഖലയ്ക്ക് ആവശ്യമായ സമയത്ത് വായ്പ ലഭ്യമാക്കുക എന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ്.
ഹ്രസ്വകാല- ഇടക്കാല- ദീര്‍ഘകാല വായ്പകള്‍, ജലസേചന പദ്ധതികള്‍ക്കു സാമ്പത്തിക സഹായം, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനുള്ള വായ്പ, കര്‍ഷക ഉത്പാദക സംഘടനകള്‍ക്ക് സാമ്പത്തിക പിന്തുണ തുടങ്ങിയവയാണ് സഹകരണ ബാങ്കുകള്‍ കാര്‍ഷിക മേഖലയ്ക്ക് നല്കുന്ന പ്രധാന സേവനങ്ങൾ.
5. ചെറുകിട സംരംഭങ്ങളുടെയും
വ്യാപാരികളുടെയും വളര്‍ച്ച
ചെറുകിട സംരംഭങ്ങള്‍ക്കും സൂക്ഷ്മ വ്യവസായങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്ക് പ്രസക്തിയുണ്ട്. ചെറുകിട വ്യാപാരികള്‍, കുടുംബശ്രീ സംരംഭങ്ങള്‍, സ്വയംതൊഴില്‍ സംരംഭകര്‍, കരകൗശല തൊഴിലാളികള്‍, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നല്കാന് ഇവയ്ക്ക് കഴിയും. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാധിക്കുന്നു.
6. സാമൂഹിക പ്രതിബദ്ധത
സാമൂഹിക പ്രതിബദ്ധത ഒരു സഹകരണ തത്വമാണ്. സഹകരണ ബാങ്കിങ് കേവലം സാമ്പത്തിക ഇടപാടുകളില്‍ മാത്രം ഒതുങ്ങുന്നില്ല. സാമൂഹിക നീതി ഉറപ്പാക്കുന്നതിലും ഇതിന് വലിയ പങ്കുണ്ട്. വലിയ സാമ്പത്തിക ശേഷിയുള്ളവര്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സഹകരണ ബാങ്കിങ്ങിന്റെ പ്രധാന ലക്ഷ്യം.
സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ഭവന വായ്പകള്‍, ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ തുടങ്ങിയവ നല്‍കുന്നതിലൂടെ സാമൂഹിക പുരോഗതിക്കും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കും സംഭാവന നല്കുന്നു. ഒരു സഹകരണ സംഘത്തിന്റെ ലാഭം അംഗങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുന്നതിനൊപ്പം പൊതുസമൂഹത്തിനും പ്രയോജനപ്രദമാകുന്നുണ്ട്. പൊതുനന്മാ ഫണ്ട് ഉപയോഗിച്ച് അംഗങ്ങള്‍ക്കും സമൂഹത്തിനും ധാരാളം സേവന പദ്ധതികള്‍ നടപ്പാക്കാന്‍ സംഘങ്ങള്‍ക്ക് കഴിയും.
7. കേരള മോഡല്‍
ഇന്ത്യയിലെ സഹകരണ ബാങ്കിങ് സംവിധാനത്തില്‍ കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ട്. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ സഹകരണ മേഖലയുടെ സംഭാവന വളരെ വലുതാണ്. കേരളത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. കേരള സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരളാ ബാങ്കിന്റെ ഇന്നത്തെ രൂപത്തിലുള്ള നിലനില്‍പ്പ് ഇപ്പോൾ ഒരു ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്. ജില്ലാ ബാങ്കുകള്‍ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നു.
കേരളത്തിലെ സഹകരണ ബാങ്കുകള്‍ താഴെപ്പറയുന്ന മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നു:
- സമ്പാദ്യശീലം വളര്‍ത്തല്‍.
- കാര്‍ഷിക വായ്പാ വിതരണം.
- സ്വര്‍ണപ്പണയ വായ്പകള്‍.
- ഭവനനിര്‍മാണ വായ്പകള്‍.
- ചെറുകിട വ്യാപാര വായ്പകള്‍.
- വിദ്യാഭ്യാസ, ചികിത്സാ സഹായം.
- സഹകരണ സംരംഭങ്ങള്‍ക്ക് പിന്തുണ.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറയാണ് ഈ വളര്‍ച്ചയുടെ പ്രധാന ശക്തി.
8. ഡിജിറ്റല്‍ ബാങ്കിങ്
ഇന്ന് ഇന്ത്യന്‍ ബാങ്കിങ് മേഖല അതിവേഗം ഡിജിറ്റല്‍ വത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, എടിഎം, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവ ബാങ്കിങ് രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളും ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കേണ്ടതുണ്ട്.
പ്രധാനമായും നടപ്പാക്കേണ്ട മാറ്റങ്ങള്‍:
1. കോര്‍ ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്തുക.
2. മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ വ്യാപിപ്പിക്കുക.
3. യുപിഐ, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കുക.
4. എടിഎം, ഡെബിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക.
5. സൈബര്‍ സുരക്ഷ ഉറപ്പാക്കുക.
6. ജീവനക്കാര്‍ക്ക് ആധുനിക ബാങ്കിങ് പരിശീലനം നല്‍കുക.
7. ഉപഭോക്തൃ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക.
സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ വാണിജ്യ ബാങ്കുകളുമായി മത്സരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.
9. വെല്ലുവിളികള്‍
- സാമ്പത്തിക അച്ചടക്കത്തിന്റെ അഭാവം.
- വായ്പകള്‍ തിരിച്ചുപിടിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍.
- കിട്ടാക്കടങ്ങളുടെ വര്‍ധന.
- പ്രൊഫഷണല്‍ മാനെജ്മെന്റിന്റെ കുറവ്.
- രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലുകള്‍.
- ആധുനിക സാങ്കേതികവിദ്യയുടെ അപര്യാപ്തത.
- വാണിജ്യ ബാങ്കുകളുമായുള്ള മത്സരം.
- സൈബര്‍ സുരക്ഷാ ഭീഷണികള്‍.
- ജീവനക്കാരുടെ പരിശീലനത്തിലെ പോരായ്മകള്‍.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുതാര്യമായ ഭരണ സംവിധാനം, കൃത്യമായ ഓഡിറ്റ്, ഉത്തരവാദിത്തമുള്ള ഭരണ സമിതി, പ്രൊഫഷണല്‍ മാനെജ്മെന്റ് എന്നിവ ഉറപ്പാക്കണം.
2002ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തോടെ കടന്നുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഇന്ന് സഹകരണ മേഖലയില്‍ പൊതുവേ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. ധാരാളം മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ ഉണ്ടായ ക്രമക്കേടുകളും നിക്ഷേപ വെട്ടിപ്പും സഹകരണ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയ്ക്ക് ഭംഗം ഏല്‍പ്പിക്കുന്ന സ്ഥിതിയുണ്ടാക്കി.
10. ഭാവി സാധ്യതകള്‍
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇനിയും വലിയ സംഭാവനകള്‍ നല്കാന് കഴിയും. അതിന് ഈ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.
- യുവാക്കളെ സഹകരണ ബാങ്കിങ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുക.
- സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുക.
- കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുക.
- സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുക.
- ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.
- സഹകരണ ബാങ്കുകളെ പ്രാദേശിക വികസനത്തിന്റെ കേന്ദ്രങ്ങളാക്കുക.
- അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ഉറപ്പാക്കുക.
കൂടാതെ, സഹകരണ ബാങ്കുകള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും വര്‍ധിപ്പിക്കേണ്ടതുണ്ട്. റിസര്‍വ് ബാങ്കും, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷനും, നബാര്‍ഡും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ബാങ്കിങ് സൗകര്യം പ്രദാനം ചെയ്യാന്‍ കഴിയും വിധം നിബന്ധനകളില്‍ ഇളവ് നല്കാന് തയാറാകണം.
സഹകരണ ബാങ്കിങ് കേവലം ഒരു ബദല്‍ ബാങ്കിങ് സംവിധാനമല്ല; മറിച്ച് സാമ്പത്തിക ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ്. വാണിജ്യ ബാങ്കുകള്‍ സാമ്പത്തിക വളര്‍ച്ചയുടെ വലിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെ ജീവിതവുമായി കൂടുതല്‍ അടുത്തുനില്ക്കുന്ന സാമ്പത്തിക സംവിധാനമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സമഗ്ര വളര്‍ച്ച സഹകരണ ബാങ്കിങ്ങിന്റെ ശക്തിപ്പെടുത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു.
സഹകരണ ബാങ്കിങ്ങിന്റെ യഥാർഥ വിജയം കൂടുതല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിലോ കൂടുതല്‍ വായ്പകള്‍ വിതരണം ചെയ്യുന്നതിലോ മാത്രമല്ല, മറിച്ച് ആ വായ്പകളും സേവനങ്ങളും സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും പ്രയോജനപ്പെടുന്നുണ്ടോ എന്നതിലാണ്.
സഹകരണ മേഖലയുടെ പ്രാധാന്യം രാഷ്ട്രനിർമാതാക്കള് തിരിച്ചറിഞ്ഞിരുന്നു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പത്തില്‍ സഹകരണത്തിന്റെ സ്വാധീനമുണ്ട്. ""യഥാർഥ സഹകരണം എന്നാല്‍ എല്ലാവരും ഒരാള്‍ക്കും ഒരാള്‍ എല്ലാവര്ക്കും വേണ്ടി നിലകൊള്ളുക'' എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ സഹകരണത്തിന്റെ പ്രാധാന്യം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
കാഠിന്യത്തിന്റെ ബാങ്കിങ്ങിനെ ജനപ്രിയ സഹകരണത്തിന്റെ മൂല്യബോധത്തിലൂടെ, വിപുലമായ സഹകാരി കൂട്ടായ്മയിലൂടെ കൂടുതല്‍ കരുത്തുറ്റ ജനകീയ സഹകരണ ബാങ്കിങ് മേഖലയാക്കി പുനരാവിഷ്കരിക്കേണ്ടതുണ്ട്.
(എറണാകുളം ജില്ലയിലെ മുപ്പത്തടം സഹകരണ ബാങ്കിന്റെ സെക്രട്ടറിയാണ് ലേഖകന്‍. ഫോണ്‍: 9744190734)