ഭാഗ്യം... മരിച്ചവർ മടങ്ങിവരില്ല, സർ!

The dead don't come back, sir read special story
ഭാഗ്യം... മരിച്ചവർ മടങ്ങിവരില്ല, സർ!

രക്തസാക്ഷികൾ രക്തസാക്ഷികളാണ്. ഏതു പാർട്ടിക്കാരായാലും അങ്ങനെ തന്നെ. ഇതു സംബന്ധിച്ച് തർക്കവും വഴക്കും വേണ്ട. ഇതിന്‍റെ പേരിൽ എത്ര ബഹളം വച്ചിട്ടും കാര്യമില്ല. രക്തസാക്ഷികളായി മാറുന്ന മനുഷ്യർ ഇതൊന്നും അറിയുന്നില്ല. അവർ തിരിച്ചുവരില്ല. അവർക്ക് വീരസ്വർഗത്തിൽ ആറടി മണ്ണ് ഉറപ്പായിക്കഴിഞ്ഞു. ആറടി മണ്ണിന്‍റെ ജന്മിമാരാണവർ. ആരുടെയും വോട്ടും കോപ്പുമൊന്നും അവർക്കു വേണ്ടാ.

എന്നാൽ, നമ്മൾക്ക് അവരെ വേണം. മൃത്യുപൂജയിലൂടെ അവരെ എള്ളും പൂവുമിട്ട് ആരാധിക്കണം, വേണ്ടവിധം ഉപയോഗിക്കണം. മരിച്ചവർ തിരിച്ചുവരില്ല എന്നതു തന്നെയാണ് നമ്മുടെ ധൈര്യം.

രക്തസാക്ഷികളാണെങ്കിലും ബലിദാനികളാണെങ്കിലും മരിച്ച് ആകാശത്തു ചെന്നാൽ എല്ലാവരുമൊന്നാണ്. “ഏകം സത് വിപ്രാ ബഹുധാ വദന്തി’ എന്ന വാക്യം കേട്ടിട്ടില്ലേ? ഏകമായിട്ടുള്ള ഒന്നിനെ പണ്ഡിതന്മാർ പലതായി വ്യാഖ്യാനിക്കുന്നു എന്നുമാത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും പോലെ.

മരിച്ചവരൊരു ദിനം തിരിച്ചുവന്നാൽ!

ഇങ്ങനെയൊക്കെ പറായാമെങ്കിലും മരിച്ചവർ ഇനി മടങ്ങിവന്നാലോ എന്നു ചോദിക്കുന്ന ചില ശുദ്ധാത്മാക്കളുണ്ട്. രക്തസാക്ഷികളുടെ കാര്യത്തിൽ അതിനൊരു സാധ്യതയുമില്ല. അവർ സ്വർഗമെന്ന കാനനത്തിൽ സ്വർണമുഖീ നദിക്കരയിൽ സസുഖം വാഴുന്നവരാണ്.

അവരൊക്കെ ഇനി തിരിച്ചു വന്നാലുണ്ടായേക്കാവുന്ന പുകിലുകളെക്കുറിച്ച് പി. ഭാസ്കരൻ പണ്ടേ എഴുതിയിട്ടുണ്ട്:

“കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും!

ചിരിച്ചവർ കണ്ണീരു പൊഴിക്കും!

അനുതാപ നാടകവേദിയിൽ നടക്കുന്ന

അഭിനയം കണ്ടവർ പകയ്ക്കും!

അടുത്തവരകലും അകന്നവരടുക്കും!

അണിയും വേഷം ചിലരഴിക്കും!”

ഭൂമിയിൽ ഇങ്ങനെയാണ്!

മരിച്ചവർ തിരിച്ചു വന്നാലും ഇല്ലെങ്കിലും ഭൂമിയിലെ മനുഷ്യർക്കു ചില നെറിയും മുറയുമൊക്കെയുണ്ട്. ബോംബുണ്ടാക്കുമ്പോഴോ, കൊലക്കത്തിക്ക് മൂർച്ചകൂട്ടുമ്പോഴോ അബദ്ധത്തിൽ ചത്തുപോയവരായാലും സാരമില്ല, അവരൊക്കെ ഒന്നാം ഗ്രേഡ് രക്തസാക്ഷികളായി പരിണമിക്കുമെന്നതാണ് ഭൂമിയിലെ വഴക്കം. ഈ വഴക്കമാണ് വഴക്കിനും വക്കാണത്തിനും വാതുവയ്പ്പിനും ചാനൽ ചർച്ചകൾക്കും വഴിയൊരുക്കുന്നത്.

ഏതു വിധത്തിലാണെങ്കിലും രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കുന്നത് പാവനമായ ഒരു അഭിഷേക പ്രക്രിയയാണ്. ഒരുതരം പ്രാണപ്രതിഷ്ഠയാണത്. ഒരുശക്തിക്കും ഈ ചടങ്ങ് തടയാനാവില്ല.

മനഃസാക്ഷി, സർവസാക്ഷി, ദൈവസാക്ഷി എന്നൊക്കെ പറയാറുണ്ടെങ്കിലും യഥാർഥ രക്തസാക്ഷിയുടെ ഏഴയലത്തു പോലും അവരൊന്നും എത്തില്ല താനും.

പടക്കവും രക്തസാക്ഷികളും

കരിമരുന്നു രാഷ്‌ട്രീയത്തിലെ പ്രത്യയശാസ്ത അപഗ്രഥന രീതിപ്രകാരം നോക്കുമ്പോൾ ബോബും രക്തസാക്ഷിയും തമ്മിലുള്ള ഹൃദയബന്ധം തീവ്രമാണ്. ശാസ്ത്രീയമായി പറഞ്ഞാൽ ബോംബ് നാലു വിധമുണ്ട് - പുക ബോംബ്, മനുഷ്യരെ പേടിപ്പിക്കാനുള്ള ഡമ്മി ബോംബ്, യഥാർഥ ബോംബ്, നുണ ബോംബ്.

ബോംബിനെ പച്ചമലയാളത്തിൽ പടക്കമെന്നു വിളിക്കാം. സാധാരണ ഗതിയിൽ നമ്മൾക്ക് ഓലപ്പടക്കം മതി. ഒരു പുരോഗമന ജനാധിപത്യ വ്യവസ്ഥിതിയിൽ വെറുതെ ബോംബുണ്ടാക്കുന്നത് എന്തിനാണ്? ബോംബുകൾ വെറും പടക്കങ്ങൾ മാത്രമാകുന്ന കുടിൽ വ്യവസായ- കുടില - കാലത്ത് വിഷുപ്പടക്കവും പന്നിപ്പടക്കവും നിർമിക്കുന്നവർ ചിലപ്പോൾ സിദ്ധി കൂടുന്നത് സ്വാഭാവികം. അവർക്ക് പരമവീരചക്രം നൽകുന്നതിൽ എന്താണു കുഴപ്പം? ബോംബ് ഉണ്ടാക്കിയവരുടെ വീട്ടിൽ പോയി മനുഷ്യത്വം കാട്ടുന്നതു പോലുള്ള നാട്ടുനടപ്പാണത്.

“ഇച്ഛാശക്തിയോടെ സർവതല സ്പർശിയായ വികസനം’ എന്ന മുദ്രാവാക്യം നടപ്പാക്കാനായി പടക്കം ഉത്പാദിപ്പിക്കുന്നതിനിടയിൽ പൊട്ടിത്തെറി സംഭവിച്ച് അകാലികളായിപ്പോയ ശിരോമണികൾക്ക് ക്ഷേമ പെൻഷൻ നൽകുന്ന പദ്ധതി കൂടി സത്യം പറഞ്ഞാൽ, വരേണ്ടതാണ്. ശിരോമണി അകാലിദളുകാർ ഇക്കാര്യം അറിയേണ്ട. അറിഞ്ഞാൽ അവറ്റകളും ഈ ലൈൻ സ്വീകരിക്കും.

ആസ്തികളുടെ അസ്ഥിവാരങ്ങൾ

രക്തസാക്ഷികൾ വലിയ പൊളിറ്റിക്കൽ ഇൻവെസ്റ്റ്‌മെന്‍റായതിനാൽ മികച്ച രക്തസാക്ഷികളെ കിട്ടാനില്ലാത്ത ഇക്കാലത്ത് ഇക്കൂട്ടരെ എങ്ങനെയെങ്കിലും ഉണ്ടാക്കിയെടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രക്തസാക്ഷികളുടെ പേരിൽ സ്മാരകങ്ങളും വായനശാലകളും പണപ്പിരിവുകളും വാർഷികാചരണങ്ങളും സമ്മേളനങ്ങളും ഒരുക്കുമ്പോഴുണ്ടാകുന്ന വമ്പൻ വ്യവസായ സാധ്യതകളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങൾ നടന്നിട്ടില്ലെന്നു സമ്മതിക്കുന്നു.

ശാസ്ത്രീയമായ രക്തസാക്ഷിക്കൃഷി വഴിയുള്ള ആദായത്തിൽ നിന്നാണ് പാർട്ടികൾ വളരുന്നതും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകാനുള്ള ആസ്തി നേടുന്നതുമെന്ന് റോഡരുകിലെ മൈൽക്കുറ്റിക്കു പോലുമറിയാം. ഞായറാഴ്ചകളിൽ നേതാക്കൾക്കും മറ്റും പ്രപഞ്ച സൃഷ്ടിക്കുശേഷം ഒന്നു നടുവ് നിവർത്തി വിശ്രമിക്കാൻ കഴിയുന്നതും ഈ ആസ്തികളുടെ അസ്ഥിവാരങ്ങളായ സ്പന്ദിക്കുന്ന അസ്ഥിമാടങ്ങൾ ഉള്ളതു കൊണ്ടാണെന്ന് മൈൽക്കുറ്റികൾ പറയുന്നുമുണ്ട്.

രക്തം ഒരു ഇൻവെസ്റ്റ്മെന്‍റ്

പാനൂരായാലും പാലയൂരായാലും ചരിത്ര സംഭവങ്ങളെ നിരസിക്കുന്നവർക്ക് ചരിത്രം മാപ്പു തരില്ലെന്നത് മറ്റൊരു കാര്യം. ചരിത്രവും പൗരധർമവും ഇക്കണോമിക്സും രക്തസാക്ഷികളുടെ കൂടെയാണ്. മാത്രമല്ല, രക്തസാക്ഷികളില്ലാത്ത പാർട്ടി കാശിനു കൊള്ളാത്ത വെറും ആൾക്കൂട്ടം മാത്രമാകുന്നു. അങ്ങനെയുള്ള കക്ഷി ജീവിത യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി എട്ടുനിലയിൽ പൊട്ടും. നിത്യച്ചെലവിനു പോലും മാർഗമില്ലാതെ വിഷമിക്കും. ഇതോടെ പാർട്ടി തന്നെ രക്തസാക്ഷിയായിപ്പോകും. പ്രായോഗിക രാഷ്‌ട്രീയത്തിൽ അത് സാധ്യമല്ലതാനും. ചുവരില്ലാതെ ചിത്രമെഴുതാനാവില്ലല്ലോ. കാലത്തിന്‍റെ ചുവരെഴുത്ത് നമ്മൾ വായിക്കുകയും വേണം.

ഏതു കക്ഷിയാലും എപ്പോഴും ഒരു രക്തസാക്ഷിയെയോ ബലിദാനിയെയോ പ്രതീക്ഷിക്കുന്നുണ്ട്. ഒരു വർഷം ആരെയും കിടച്ചില്ലെങ്കിൽ അടുത്തവർഷം ബോംബു പൊട്ടിയിട്ടാണെങ്കിലും കിട്ടാതിരിക്കില്ല. ഇക്കൂട്ടരുടെ ആത്മാക്കൾ രണാങ്കണങ്ങളിലെ രാജമല്ലിപ്പൂവുകളാണെന്ന് പാടി നടക്കാൻ ആസ്ഥാന ഗായകർ ഇഷ്ടം പോലെയുണ്ട്.

വീര സ്വർഗം എന്ന ഗ്യാരണ്ടി

ദേവസുന്ദരികളും അമൃതും നീന്തൽക്കുളങ്ങളും തിരുമ്മു കേന്ദ്രങ്ങളും റിസോട്ടുകളും നിറഞ്ഞ വീരസ്വർഗം ഒരു വർഗീയ - ഫാസിസ്റ്റ് ആശയമാന്നെങ്കിലും മധുരതരമായ ഒരു ലഹരി ഈ സങ്കൽപ്പത്തിനുണ്ട്. മരിച്ചാൽ ആകാശത്തിലെ വീരസ്വർഗവും ജയിച്ചാൽ ഭൂമിയിലെ സ്വർഗവും കിട്ടുമെന്നാണ് പ്രലോഭനം. രണ്ടായാലും ലോട്ടറിയാണ്. സ്വർഗം ഉറപ്പ്! ഇതാണ് യഥാർഥ ഗ്യാരണ്ടി! ഇതിൽ ഇരട്ടത്താപ്പുണ്ടെന്നു തോന്നുവർ വീരസ്വർഗത്തിനല്ല, മൂഢസ്വർഗത്തിനാണ് അർഹരാവുന്നത്.

ആത്മീയ പ്രപഞ്ചത്തെ ഭൗതികാടിസ്ഥാനത്തിൽ പരിശോധിക്കണമെന്നതാണ് വൈരുധ്യാത്മക ഭൗതികവാദത്തിന്‍റെ പരംപൊരുൾ. അതായത്, വീരസ്വർഗം ആത്മീയവും ഭൗമസ്വർഗം ഭൗതികവുമാണ് എന്നർഥം. മോരും മുതിരയും പോല ഈ ആശയങ്ങൾ വൈരുദ്ധ്യാത്മകമായി ലയിച്ചു ചേർന്നുകിടക്കുന്നു.

ന്യൂനമർദ മഴ തുടങ്ങിയ സ്ഥിതിക്ക് വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന ചാനൽപ്പൈതങ്ങൾ മേൽപ്പറഞ്ഞ സ്വർഗീയ വൈരുധ്യത്തിലെ ഏകാത്മക സമസ്യകൾ ചർച്ച ചെയ്യട്ടെ! വരുന്ന ഇടവപ്പാതി ഇതിനൊക്കെയുള്ള സമയമാണ്.

ലേഖകന്‍റെ ഫോൺ: 9447809631.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com