ഡോക്റ്റർ അകത്തില്ല, പുറത്തും..!

ആറാം വിരൽ ശസ്ത്രക്രിയയ്ക്ക് ഇവരിലാരുടെയെങ്കിലും കുഞ്ഞിനെ പ്രവേശിപ്പിച്ചശേഷം നാവിലെ കെട്ട് ശസ്ത്രക്രിയ ചെയ്തെന്നു പറഞ്ഞുവന്നാൽ അത് അംഗീകരിക്കുമോ?
ഡോക്റ്റർ അകത്തില്ല, പുറത്തും..!
doctors

കഴിഞ്ഞ 16ന് രാവിലെയാണു കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിനോടനുബന്ധിച്ചുള്ള മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്സ് സർജറി വിഭാഗത്തിൽ ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയായ നാലു വയസുകാരിക്ക് കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയത്. പിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കായി പരിശോധിക്കുമ്പോൾ കുഞ്ഞിന്‍റെ നാവിൽ കെട്ട് കണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ ഈ ശസ്ത്രക്രിയ നടത്തിയെന്നുമാണ് ഡോക്റ്ററുടെ മൊഴി.

എന്നാല്‍ കുട്ടിയുടെ നാവിന് യാതൊരു തകരാറും ഇല്ലെന്ന് കുടുംബം പറയുന്നു. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്റ്റര്‍ മാപ്പു പറഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്‍റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു എന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഡോക്റ്റര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചും നടത്തിയ സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി കേരള ഗവൺമെന്‍റ് മെഡിക്കല്‍ കോളെജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) രംഗത്തെത്തിയിരുന്നു. അന്വേഷണ വിധേയമായി പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത നടപടി അധ്യാപകരുടെ ആത്മവീര്യം തകര്‍ക്കുന്നതാണെന്നും സംഘടന പറഞ്ഞു.

ഈ സംഘടനയിലെ അംഗങ്ങളായ ഡോക്റ്റർമാരോട് ഒറ്റ ചോദ്യം:- ആറാം വിരൽ ശസ്ത്രക്രിയയ്ക്ക് ഇവരിലാരുടെയെങ്കിലും കുഞ്ഞിനെ പ്രവേശിപ്പിച്ചശേഷം നാവിലെ കെട്ട് ശസ്ത്രക്രിയ ചെയ്തെന്നു പറഞ്ഞുവന്നാൽ അത് അംഗീകരിക്കുമോ?

മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽപ്പെടുകയായിരുന്നു എന്നാണ് ഡോക്റ്ററെ ന്യായീകരിക്കുന്നവരുടെ വാദം. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാൽ ഇപ്പോൾ പ്രത്യക്ഷ പ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും സംസാരം പൂർണമായി വികസിച്ചു കഴിഞ്ഞാൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയക്ക് പോസ്റ്റ് ചെയ്യുക ആയിരുന്നു എന്നുമാണ് കെജിഎംസിടിഎ വാര്‍ത്താക്കുറിപ്പിൽ പറയുന്നത്. അത് മാതാപിതാക്കളെ അറിയിക്കാതെ ചെയ്യാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? ഈ സംഘടന പിഴവ് ഏറ്റുപറഞ്ഞ് കേരളീയ പൊതു സമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടത്.

അതുകഴിഞ്ഞ്, ഓർത്തോ വിഭാഗത്തിൽ ഒരു രോഗിക്ക് ശസ്ത്രക്രിയയിൽ ഇട്ട കമ്പി മാറിപ്പോയെന്ന ആരോപണത്തെക്കുറിച്ച് കെജിഎംസിടിഎ പറയുന്നു: “രോഗത്തിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ഉണ്ടായേക്കാവുന്ന സംശയങ്ങളും പരാതികളും തെറ്റിദ്ധാരണകളും ചികിത്സിക്കുന്ന ഡോക്റ്റർ പോലും അറിയും മുന്നേ, മാധ്യമങ്ങളിൽ വസ്തുതാവിരുദ്ധമായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത പൊതുജന ആരോഗ്യമേഖലയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഭയപ്പെടുന്നു. ശസ്ത്രക്രിയക്ക് ശേഷം എടുത്ത എക്സ്റേയില്‍, കൈക്കുഴ തെന്നിപ്പോകാതെയിരിക്കാൻ താത്കാലികമായി ഇട്ടു വയ്ക്കുന്ന കമ്പിയുടെ കിടപ്പിൽ ജൂനിയർ ഡോക്റ്റർക്ക് സംശയം തോന്നുകയും ചിലപ്പോൾ അത് മാറിയിടേണ്ട ആവശ്യകത വന്നേക്കാമെന്ന് രോഗിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മുതിർന്ന ഡോക്റ്ററുമായി സംസാരിച്ച ശേഷം അതിന്‍റെ ആവശ്യമില്ല എന്നും മനസിലാക്കുകയും ചെയ്തു’.

ഇവിടെയും പ്രതി കൃത്യമായി കാര്യങ്ങൾ വസ്തുതാപരമായി പറഞ്ഞു മനസിലാക്കാത്തതാണെന്ന് മനസിലാക്കാം.

അതോടൊപ്പം തന്നെ, സർക്കാർ ആശുപത്രികൾക്കെതിരേ ഒരു വിഭാഗം രംഗത്തുണ്ടെന്നത് ‌യാഥാർഥ്യമാണ്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ വയറ്റിൽ കത്രികയുമായി മാസങ്ങളോളം ജീവിക്കേണ്ടിവന്നത് ഡോക്റ്ററുടെ വീഴ്ച തന്നെയാണെന്നതിൽ സംശയമില്ല. ഇത്തരം കാര്യങ്ങളിൽ വീഴ്ച ഏറ്റുപറയുകയും അതിന് ഉത്തരവാദികൾക്കെതിരേ നടപടി ഉണ്ടാവുകയും വേണം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സ്ത്രീയുടെ ഇടതുകാലിനു പകരം വലതുകാലിൽ ശസ്ത്രക്രിയ നടത്തിയത് എന്തുകൊണ്ട് നമുക്ക് ചർച്ച ചെയ്യാൻ തോന്നിയില്ല? പത്തനാപുരത്തെ വിധവയായ വീട്ടമ്മയെ വയർ തുന്നിക്കെട്ടാതെ തുറന്നിട്ട തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡോക്റ്റർമാർക്കെതിരേ ഇപ്പോഴത്തെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ ആഞ്ഞടിച്ചതും മറക്കാനാവില്ല. അന്ന് ഡോക്റ്റർമാരുടെ സംഘടനകൾ ഗണേഷിനെ രൂക്ഷമായി വിമർശിച്ചുവെങ്കിലും സാധാരണക്കാർ എംഎൽഎയ്ക്കൊപ്പം പരസ്യമായി രംഗത്തെത്തിയത് എന്തുകൊണ്ടാണെന്ന് ഡോക്റ്റർമാർ ആലോചിക്കണം.

ആ വിവാദത്തിനിടയാക്കിയ പത്തനാപുരത്തെ വീട്ടമ്മയുടെ ഗർഭാശയ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയാണ് അവരുടെ ജീവിതം തന്നെ ദുരിതത്തിലാഴ്ത്തിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് അവർ ഗർഭാശയ മുഴ നീക്കം ചെയ്യാൻ ആദ്യം ശസ്ത്രക്രിയക്ക് വിധേയയായത്. ഒന്നര മാസത്തിനു ശേഷം ശസ്ത്രക്രിയ ചെയ്ത ഭാഗത്തിനു സമീപം മുഴയുടെ രൂപത്തിൽ കല്ലിപ്പ് കണ്ടെത്തിയപ്പോൾ അതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ ചെയ്തു. എന്നാൽ വീണ്ടും കല്ലിപ്പുണ്ടായതോടെ സ്വകാര്യ ആശുപത്രിക്കാർ കൈയൊഴിഞ്ഞു. തുടർന്നാണ് മെഡിക്കൽ കോളെജ് ആശുപത്രിയെ സമീപിച്ചത്. ആ വസ്തുത ആരും പുറത്തുപറഞ്ഞില്ല. അത് മെഡിക്കൽ കോളെജിൽ ആവശ്യമായ ചികിത്സ ലഭിക്കാത്തതിന് ന്യായീകരണമല്ല.

കഴിഞ്ഞ സാമ്പത്തിക വർഷം ആരോഗ്യ ഡയറക്റ്ററേറ്റിന്‍റെ (ഡിഎച്ച്എസ്) കീഴിലുള്ള ആശുപത്രികളിൽ നടന്നത് 32,321 പ്രധാന ശസ്ത്രക്രിയകളും 2,91,418 ലഘുശസ്ത്രക്രിയകളുമാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററേറ്റിന്‍റെ(ഡിഎംഇ) നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളെജുകളിൽ ഇതേ കാലയളവിൽ നടന്നത് 56,626 പ്രധാന ശസ്ത്രക്രിയകളാണ്. ആരോഗ്യ വകുപ്പിന് കീഴിൽ 6,537 ഡോക്റ്റർമാരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഇതിന്‍റെ പകുതിയിൽ താഴെയും ഡോക്റ്റർമാരുമേയുള്ളൂ. കേരളത്തിൽ ആയുഷ് ഉൾപ്പെടെ 6,825 ആരോഗ്യ കേന്ദ്രങ്ങളുണ്ട്.

ഡിഎച്ച്എസിന്‍റെ കീഴിലുള്ള ആശുപത്രികളിൽ 4,02,419 പേരെയാണ് കഴിഞ്ഞ കൊല്ലം കിടത്തി ചികിത്സിച്ചത്. മെഡിക്കൽ കോളെജുകളിൽ കഴിഞ്ഞ കൊല്ലം കിടത്തി ചികിത്സിച്ചത് 2,96,480 പേരെയാണ്.ഇത്രയും ഡോക്റ്റർമാർ ഇത്രയേറെപ്പേരെ ചികിത്സിച്ചിട്ടും സംസ്ഥാനത്തൊട്ടാകെ പത്തിൽ താഴെ ആക്ഷേപങ്ങളേ ഉണ്ടായിട്ടുള്ളൂ എന്ന് ഓർക്കണം. അതായത് വളരെ വളരെക്കുറച്ച് വീഴ്ചകളേ ഉണ്ടായിട്ടുള്ളൂ. കലക്റ്ററുടെ കുഴിനഖം മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു പഠിച്ച ശേഷം കൈയൊഴിയുന്നവരെ വരെ ചികിത്സിച്ച ശേഷമാണിതെന്നും മറക്കരുത്. അതിനർഥം വീഴ്ചകളെ ന്യായീകരിക്കുന്നു എന്നല്ല.വീഴ്ചകൾ പൂർണമായും ഒഴിവാകണം. കാരണം, ഇത് ജീവന്‍റെയും ജീവിതത്തിന്‍റെയും കാര്യമാണ്. അതുകൊണ്ടു തന്നെ 100 ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവണം.

ഏറ്റവും അഭിമാനമായ ഒരു കാര്യം ഓർമയിൽ വരുന്നു. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഡൽഹി എയിംസിലെ വിദഗ്ധ ഡോക്റ്റർമാരുമുണ്ടായിരുന്നു. തങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിനെക്കാൾ മികച്ച നിലയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളെജിലെയും കൊല്ലം ജില്ലാ ആശുപത്രിയിലെയും ഡോക്റ്റർമാർ ചെയ്തതെന്നും ഇവിടത്തെ സൗകര്യങ്ങൾ മികച്ച സംവിധാനങ്ങളാണെന്നും അന്ന് മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞത് എയിംസിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മൻസിഹ് സിംഗാൾ ആണ്. കേരളത്തിലെ ഡോക്റ്റർമാർ മികച്ച രീതിയിൽ ദുരന്താനന്തര ചികിത്സ കൈകാര്യം ചെയ്തുവെന്ന് എയിംസിലെ അഡീഷണൽ പ്രൊഫസർ ഡോ. സുഷ സാഗറും അന്ന് മാധ്യമങ്ങൾക്കുമുന്നിൽ തുറന്നുപറഞ്ഞ് അഭിനന്ദിക്കുകയായിരുന്നു.

അതുകൊണ്ട് ഒറ്റപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്റ്റർ സമൂഹത്തെയാകെ സംശയനിഴലിൽ നിർത്താനാവില്ല. എന്നാൽ, അതിന് വഴി വയ്ക്കുന്ന തെറ്റായ കാര്യങ്ങളുണ്ടാവുമ്പോൾ അതിനെ ന്യായീകരിക്കുന്ന സംഘടനകൾ ആത്മപരിശോധന നടത്തണം. ഇത്തരം അനാവശ്യ ന്യായീകരണങ്ങളും സംഘടിത വിലപേശലുകളുമാണ് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ഡോക്റ്റർമാരെ അകത്തും പുറത്തുമല്ലാതെ വായുവിൽ നിർത്തുന്ന സ്ഥിതി ഒഴിവാക്കുക തന്നെ വേണം. ഡോക്റ്റർ രോഗി ബന്ധം ഹൃദ്യമായി തുടരാനാവട്ടെ.

ഒരു കാര്യം കൂടി:

കുന്നംകുളം എന്തിന്‍റെ പേരിലാണ് (കു)പ്രശസ്തം എന്ന് നമുക്കറിയാം. അവിടെ നിന്നൊരു വാർത്ത: കുന്നംകുളം പാറേമ്പാടത്ത് ചികിത്സിക്കാൻ ആവശ്യമായ രേഖകളില്ലാതെ പൈൽസിനും ഫിസ്റ്റുലയ്ക്കും വര്‍ഷങ്ങളായി ചികിത്സ നടത്തിയ വ്യാജ ഡോക്റ്ററെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത് മൂന്നു ദിവസം മുമ്പാണ്. കുന്നംകുളം പാറേമ്പാടത്ത് വാടക വീടെടുത്ത് ചികിത്സ നടത്തിവന്നിരുന്ന അസം സ്വദേശി പ്രകാശ് മണ്ഡൽ (53) ഇപ്പോൾ ജയിലിലാണ്. അവിടത്തെ ഡോക്റ്റർമാരുടെ സംഘടനകൾ എവിടെപ്പോയി? ഈ ഡോക്റ്റർക്ക് ആ സംഘടനകളിൽ അംഗത്വമില്ലാതിരിക്കട്ടെ!

Trending

No stories found.

Latest News

No stories found.