
നാണക്കേടുണ്ടാക്കിയ 'മെസി വിവാദം'
കായിക വിനോദങ്ങള്‍ക്ക് രാജ്യാതിര്‍ത്തികളില്ല. മറ്റെല്ലാം മറന്ന് ആളുകള്‍ ഒന്നിക്കുന്നത് കായിക വിനോദങ്ങളുടെ ഭാഗമായാണ്. ലോകത്തെ ഏറ്റവും ജനപ്രിയ കായിക ഇനമാണല്ലോ ഫുട്‌ബോള്‍. അതിന്‍റെ നിയമങ്ങള്‍ നിശ്ചയിക്കുന്നതും പരിഷ്‌കരിക്കുന്നതും ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ (ഫിഫ) ആണ്.
1904 മെയ് 21ന് ബെല്‍ജിയം, ഡന്മാര്‍ക്ക്, ഫ്രാന്‍സ്, നെതര്‍ലാൻഡ്സ്, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാൻഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് ഫിഫയ്ക്ക് രൂപം നല്‍കി. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം സംഘടനയുടെ പ്രാധാന്യം വർധിച്ചു. ഫിഫയുടെ നേതൃത്വത്തിലാണ് 4 വര്‍ഷത്തിലൊരിക്കല്‍ ലോക കപ്പ് ഫുട്‌ബോള്‍ മത്സരം നടത്തുന്നത്. 17 വയസിനു താഴെയുള്ളവരുടെ ലോക കപ്പ് 2017ല്‍ ഇന്ത്യയിലാണ് നടന്നത്. ഒക്റ്റോബര്‍ 6 മുതല്‍ 28 വരെ നടന്ന മത്സരങ്ങളുടെ ഫൈനലില്‍ സ്‌പെയിനിനെ 5-2ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടാണ് കപ്പ് സ്വന്തമാക്കിയത്.
ലോകപ്രശസ്ത ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു വേണ്ടിയുള്ള ടൂര്‍ണമെന്‍റാണ് കോണ്‍ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍. ഇന്ത്യയില്‍ നടക്കുന്ന പ്രധാന ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐലീഗ്, ഡോ. ബി.സി. റോയ് ട്രോഫി, ഡ്യൂറന്‍റ് കപ്പ്, ഫെഡറേഷന്‍ കപ്പ്, ഐഎഫ്എ ഷീല്‍ഡ്, സന്തോഷ് ട്രോഫി തുടങ്ങിയവയാണ്.
മലപ്പുറവും മലബാറും മാത്രമല്ല തിരുവനന്തപുരവും തിരുവിതാംകൂറുമൊക്കെ ഫുട്‌ബോള്‍ പ്രേമികളുടെ ഈറ്റില്ലം തന്നെയാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് മിലിട്ടറി റിക്രിയേഷനു വേണ്ടി ഫുട്‌ബോളും ക്രിക്കറ്റും ഇന്ത്യയിലെത്തിയത്. അന്ന് മലബാര്‍ പ്രവിശ്യ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. സ്വാഭാവികമായും അവിടെയാണ് ഈ കളികള്‍ ആദ്യമെത്തിയത്. ഒരു വിദേശ കായിക ഇനമെന്ന നിലയില്‍ കേരളത്തില്‍ ആദ്യമെത്തുന്നത് ക്രിക്കറ്റാണ്. അതിനുശേഷം 4 പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഫുട്‌ബോള്‍ എത്തിയത്. 1890ല്‍ തിരുവനന്തപുരം മഹാരാജാസ് കോളെജിലെ കെമിസ്ട്രി പ്രൊഫസര്‍ ആയിരുന്ന ബിഷപ്പ് ബോയല്‍ ആണ് ഫുട്‌ബോള്‍ കളിക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ സെന്‍ട്രല്‍ സ്റ്റേഡിയം എന്നറിയപ്പെടുന്ന പുത്തന്‍ കച്ചേരി മൈതാനത്ത് നാടൻ പന്തുകളിയിലേര്‍പ്പെട്ടിരുന്ന ചെറുപ്പക്കാർക്ക് അദ്ദേഹം ഫുട്‌ബോളിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുത്തു.
കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളായ ജനലക്ഷങ്ങള്‍ ഫുട്‌ബോള്‍ ഇതിഹാസമായ മെസിയേയും അര്‍ജന്‍റീന ടീമിനേയും സ്‌നേഹിക്കുകയും അവരുടെ കളി കാണാന്‍ കൊതിക്കുകയും ചെയ്യുന്നത് സ്വാഭാവികം. നിര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാരിന് മെസിയേയും ടീമിനേയും കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷിയില്ല. ഇക്കാര്യം തുറന്നുപറഞ്ഞ് ഒഴിഞ്ഞു മാറുന്നതിനു പകരം സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചു നടക്കുകയും ഒടുവില്‍ സമ്മതപത്രം ഒപ്പിട്ട സ്‌പോണ്‍സര്‍മാര്‍ നടത്തിയ കരാര്‍ ലംഘനത്തിന്‍റെ പാപഭാരം മുഴുവന്‍ ഏറ്റെടുക്കുകയും ചെയ്യേണ്ട ഗതികേടാണ് സര്‍ക്കാരിനും കായിക വകുപ്പിനും ഉണ്ടായിരിക്കുന്നത്.
കായികമന്ത്രി വി. അബ്ദുറഹ്‌മാനും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് കേരളത്തെ ഫുട്‌ബോള്‍ ആരാധകരെ പറഞ്ഞു പറ്റിച്ചു എന്നതാണ് ആരോപണം. ഒക്റ്റോബറില്‍ അര്‍ജന്‍റീന ടീമും മെസിയും വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പോണ്‍സര്‍മാര്‍ കരാര്‍ തുക അടയ്ക്കാത്തതാണ് കാരണം. 300 കോടിയിലധികം രൂപയാണ് സ്‌പോണ്‍സര്‍മാര്‍ നല്‍കേണ്ടിയിരുന്നത്. അതു നല്‍കാതിരുന്നതോടെ, ഒക്റ്റോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കാന്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു.
നവംബറില്‍ ടീം മാനെജ്‌മെന്‍റുമായി കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്‌പെയിനില്‍ ചര്‍ച്ച നടത്തി. പിന്നാലെയാണ് ഒക്‌ടോബറില്‍ ടീമിന്‍റെ രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ, ഏഷ്യയില്‍ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കാൻ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൈകോര്‍ത്ത എച്ച്എസ്ബിസി ഇന്ത്യയും അര്‍ജന്‍റീന ടീം ഇന്ത്യയില്‍ കളിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ, ആരാധകര്‍ ഏറെ പ്രതീക്ഷയിലായി.
മത്സരത്തിന് സ്‌പോണ്‍സര്‍മാരാകാന്‍ ആദ്യം സന്നദ്ധത അറിയിച്ചത് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്‌സ് അസോസിയേഷനായിരുന്നു. 200 കോടി രൂപ സ്വരൂപിക്കാനായിരുന്നു അവരുടെ പദ്ധതി. അതില്‍ 70 കോടിയോളം രൂപ അപ്പിയറന്‍സ് ഫീസായി തന്നെ നല്‍കേണ്ടിവരും എന്നായതോടെ ഫണ്ടിങ് വിജയിച്ചില്ല. പിന്നാലെ, പ്രധാന സ്‌പോണ്‍സര്‍മാരായി ന്യൂസ് ചാനല്‍ സ്ഥാപനമായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. അവര്‍ക്കും പണം കണ്ടെത്താന്‍ കഴിയാത്തതാണ് മന്ത്രിയെയും സര്‍ക്കാരിനെയും വെട്ടിലാക്കിയത്.
റിപ്പോര്‍ട്ടറാണ് അര്‍ജന്‍റീനയുമായി കരാര്‍ ഒപ്പിട്ടതെന്നും അവര്‍ക്കാണ് ടീമിനെ എത്തിക്കേണ്ടതിന്‍റെ ഉത്തരവാദിത്വമെന്നും മറുപടി പറയേണ്ടത് അവരാണെന്നും മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ടീം കേരളത്തില്‍ എത്തുമെന്നോ ഇല്ലെന്നോ പറയാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടര്‍ കമ്പനി മാനെജിങ് എഡിറ്റര്‍ ആന്‍റോ അഗസ്റ്റിന്‍ പറയുന്നത്. ഇതൊരു അന്താരാഷ്‌ട്ര ഉടമ്പടിയാണ്. ഒട്ടേറെ അനുമതികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
പക്ഷേ, മന്ത്രി അബ്ദുറഹ്‌മാന്‍ ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. മെസിയും ടീമും എത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കായിക വകുപ്പാണ് ടീമുമായി ചര്‍ച്ച നടത്തിയത്. സ്‌പോണ്‍സര്‍ഷിപ്പിന് വലിയ തുക മുടക്കാന്‍ സര്‍ക്കാരിന്‍റെ അവസ്ഥ അനുവദിക്കുന്നില്ല. റിപ്പോര്‍ട്ടര്‍ ചാനൽ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാമെന്ന് കത്ത് നല്‍കി. അതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും അനുമതി ലഭ്യമാക്കിക്കൊടുത്തു. സര്‍ക്കാരിന് ചെയ്യാനാകുന്ന കാര്യം ഇതായിരുന്നു. 175 കോടിയോളം രൂപ നല്‍കേണ്ടിവരും. സ്‌പോണ്‍സര്‍മാര്‍ ആശങ്കകളൊന്നും അറിയിച്ചിരുന്നില്ല. അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനുമായി അവരുണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് ആശങ്ക വേണ്ട. അടുത്തയാഴ്ച പണം അടയ്ക്കുമെന്നാണ് സ്‌പോണ്‍സര്‍ ഒടുവില്‍ അറിയിച്ചിട്ടുള്ളത്. അവര്‍ പണം അടയ്ക്കാന്‍ വൈകി എന്നത് വസ്തുതയാണെങ്കിലും മറ്റു തടസങ്ങളൊന്നുമില്ല. അടുത്തയാഴ്ചയോടെ എല്ലാ കാര്യങ്ങളിലും വ്യക്തത വരും- മന്ത്രി അറിയിച്ചു.
സർക്കാരിന്‍റെ സാമ്പത്തിക ശേഷി അനുവദിക്കാത്ത സാഹചര്യത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് കായിക മന്ത്രി അനൗണ്‍സ് ചെയ്തതാണ് ഈ പ്രശ്‌നമുണ്ടാകാന്‍ കാരണം. 300 കോടിയുണ്ടെങ്കില്‍ സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് വികസനത്തിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാം. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ മെസ് ഫീസ് കുടിശിക, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുകളുടേയും സ്റ്റാഫിന്‍റെയും സ്റ്റേഡിയങ്ങളിലെ ജീവനക്കാരുടെയും വേതന കുടിശിക തുടങ്ങി കോടികളുടെ ബാധ്യത കായിക വകുപ്പിനുണ്ട്. സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍, പൊതു കളിസ്ഥലങ്ങള്‍ എന്നിവയുടെയൊക്കെ അറ്റകുറ്റപ്പണികള്‍ ഫണ്ട് കുറവു മൂലം നടക്കുന്നില്ല. ഇക്കാര്യങ്ങളിലാണ് കായിക മേഖലകളില്‍ അടിയന്തരമായി സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. മെസിയെ കൊണ്ടുവരല്‍ രണ്ടാമത്തെ കാര്യമാണ്.
ഫണ്ടിന്‍റെ അഭാവം മൂലം നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന സംസ്ഥാന ടീമംഗങ്ങള്‍ക്ക് യാത്രപ്പടി പോലും സമയത്ത് നല്‍കാന്‍ കഴിയുന്നില്ല. നിശ്ചിത സമയത്ത് ട്രെയ്‌ന്‍ ടിക്കറ്റ് എടുക്കാന്‍ കഴിയാത്തതു മൂലം ബിഹാറിലെ പാറ്റ്‌നയില്‍ നടന്ന നാഷണല്‍ യൂത്ത് ഗെയിംസിലെ കേരള ടീമിന് അടുത്തിടെ ട്രെയ്‌നിലെ പാന്‍ട്രി കാറില്‍ യാത്ര ചെയ്യേണ്ട ഗതികേടുണ്ടായി. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസിന് പെണ്‍കുട്ടികളടങ്ങുന്ന നീന്തല്‍ ടീം ഓര്‍ഡിനറി കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്തത് വാര്‍ത്തയായി.
മതിയായ ഫണ്ട് അക്വാട്ടിക് അസോസിയേഷന് അനുവദിക്കാത്തതിനാൽ 4 പതിറ്റാണ്ട് മുമ്പ് മുംബൈയില്‍ നടന്ന ദേശീയ നീന്തല്‍ മത്സരങ്ങളിലേക്കുള്ള ഈ ലേഖകന്‍ ഉള്‍പ്പെട്ട കേരള ടീമിന് ഓര്‍ഡിനറി കംപാര്‍ട്ട്മെന്‍റിലാണ് യാത്ര ചെയ്യേണ്ടിവന്നത്. സ്‌കൂള്‍ വിദ്യാർഥിയായിരുന്ന ഈ ലേഖകനെ വന്‍ തിരക്കു മൂലം റെയ്‌ല്‍വേ പോര്‍ട്ടര്‍ ഓര്‍ഡിനറി കംപാര്‍ട്ട്‌മെന്‍റിനകത്തേക്ക് എടുത്തെറിയുകയായിരുന്നു. അതില്‍ കാലിനു ചെറിയ പരിക്കേറ്റതും ഓര്‍മയില്‍ വരുന്നു. ആവശ്യമായ ഫണ്ട് നല്‍കാത്തതുകൊണ്ട് കായിക താരങ്ങളുടെ ദുരിത യാത്ര അനുസ്യൂതം ദശാബ്ദങ്ങളായി സംസ്ഥാനത്ത് തുടരുന്നു. ഇത്തരം ദുഃസ്ഥിതിയ്ക്ക് അടിയന്തര പരിഹാരം കണ്ടേ മതിയാവൂ.
കായിക മേഖലയിലെ ഏറ്റവും സജീവവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനു പകരം മെസിയെ കൊണ്ടുവന്ന് ടൂര്‍ണമെന്‍റ് നടത്തുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനമാണ് ഈ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്‌പോണ്‍സറായ സ്വകാര്യ സ്ഥാപനം മെസിയെ കൊണ്ടുവന്ന് കളി നടത്തിക്കോട്ടെ. മെസി വന്നാൽ നല്ലത്, സംസ്ഥാനത്തിന് അഭിമാനകരവും. എന്നാല്‍, മന്ത്രിയും സര്‍ക്കാരും ഇനിയെങ്കിലും ഇതില്‍ ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാക്കാതിരിക്കുന്നതാണ് അഭികാമ്യം. മെസി വിവാദം സംസ്ഥാന കായിക വകുപ്പു തന്നെ സൃഷ്ടിച്ചതാണെന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. അതുകൊണ്ടു തന്നെ മെസി വിവാദം അവസാനിപ്പിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്.
(ലേഖകന്‍ കേരള റീജ്യണല്‍ സ്‌പോര്‍ട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനാണ്- ഫോണ്‍: 9847132428)