ഗവർണർ ആരായാലും ഫെഡറലിസം തകരരുത്

the federalism of India should never collapse
ഗവർണർ ആരായാലും ഫെഡറലിസം തകരരുത്
Updated on

കേരള ഗവർണറായി ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കറെയും, ബിഹാർ ഗവർണറായി ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും രാഷ്‌ട്രപതി നിയമിച്ചത് സാധാരണഗതിയിൽ വലിയ വാർത്തയ്ക്ക് ഇടയാക്കേണ്ട കാര്യമില്ല.

ഒരു ഗവർണറെ നിയമിക്കുന്നത് അഞ്ചു വർഷ കാലത്തേക്കാണ്. കാലാവധി കഴിയുമ്പോൾ പുതിയ ഗവർണർ വരുന്നത് സ്വാഭാവികം. പ്രഗത്ഭരായ ധാരാളം വ്യക്തികൾ കേരള ഗവർണർമാരായി ഇരുന്നിട്ടുണ്ട്. എന്നാൽ അവർക്കൊന്നും ഉണ്ടാക്കാൻ കഴിയാത്തത്ര വാർത്തകൾ ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ചു എന്നതിൽ ആർക്കും തർക്കമില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ യാത്രയയപ്പും വാർത്തകൾ സൃഷ്ടിച്ചത്. സംസ്ഥാന സർക്കാരുമായും മുഖ്യമന്ത്രിയുമായും ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം ഏറ്റുമുട്ടി. പരസ്പരം കണ്ടാൽ പോലും അവർ മിണ്ടാതായി. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഓണം, ക്രിസ്മസ്, ബക്രീദ് എന്നീ പ്രധാന സന്ദർഭങ്ങളിൽ ഗവർണറുടെ ആഥിതേയത്വം സ്വീകരിക്കുന്ന മുഖ്യമന്ത്രിമാരുടെ രീതി കേരളത്തിൽ ഇല്ലാതായി.

സംസ്ഥാന സർക്കാർ പറയുന്നതിന് നേരെ വിപരീതമായാണ് ഗവർണർ പ്രവർത്തിച്ചിരുന്നത്. സമയബന്ധിതമായി വയനാട് ദുരന്തത്തിന് കേന്ദ്ര സഹായം ലഭിച്ചില്ല എന്ന് കേരളം ആരോപിക്കുമ്പോൾ സംസ്ഥാനത്തിന്‍റെ കൈയിലുള്ള പ്രകൃതി ദുരന്ത ഫണ്ട് എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നും എന്തുകൊണ്ട് കൃത്യമായ കണക്കുകൾ ഡൽഹിയിൽ എത്തിച്ചില്ല എന്നും ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചു ചോദിച്ചു.

സംസ്ഥാന ഭരണം നിയന്ത്രിക്കേണ്ട ഗവർണർ റോഡരികിൽ കസേരയിലിരുന്ന് പ്രതിഷേധിച്ചത് കേരളം കണ്ട അപൂർവ കാഴ്ചയാണ്. തനിക്കെതിരേ സമരം ചെയ്തവരുടെ മുന്നിലേക്ക് കാർ നിർത്തി ഇറങ്ങിച്ചെല്ലുകയാണ് അദ്ദേഹം ചെയ്തത്. സംസ്ഥാന സർക്കാരിന് തലവേദനയുണ്ടാക്കാൻ ബിജെപി നേതൃത്വത്തിന്‍റെ ചരടുവലിക്കൊപ്പം ചാടുന്ന കുരങ്ങൻ രാമനെ പോലയായി ഗവർണർ.

ഗവർണറുടെ അധികാരത്തെപ്പറ്റിയും പ്രവർത്തന രീതിയെക്കുറിച്ചും ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന കാര്യനിർവഹണത്തിന്‍റെ തലവനാണ് ഗവർണർ. ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഗവർണറുണ്ട്. എന്നാൽ 1956ലെ ഭരണഘടന ഭേദഗതിയനുസരിച്ച് ഒരു വ്യക്തിക്ക് ഒന്നിലധികം സംസഥാനത്തിന്‍റെ ഗവർണറായി പ്രവർത്തിക്കാൻ കഴിയും.

ഭരണഘടനയിലെ ചട്ടങ്ങളനുസരിച്ച് ഗവർണറാണ് സംസ്ഥാനം ഭരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭയും ഭരണ കാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുക്കാൻ അദ്ദേഹത്തിനാവില്ല.

നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചിട്ടുള്ള അംഗമാണ് മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് ഗവർണർ മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നു. സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യുമ്പോൾ "എന്‍റെ സർക്കാർ' എന്നാണ് ഗവർണർ പറയുന്നത്. അതിനർഥം സ്വന്തം ഇഷ്ടാനുസരണം ഗവർണർക്ക് ഭരിക്കാനാവും എന്നല്ല, മറിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശമാണ് ഗവർണർ സ്വീകരിക്കേണ്ടത്. യഥാർഥത്തിൽ എക്സിക്യൂട്ടീവ് അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. ഗവർണറുടെ പങ്ക് പ്രതീകാത്മകവും ആചാരപരവും മാത്രം.

ഇന്ത്യ റിപ്പബ്ലിക് ആയിട്ട് 75 വർഷങ്ങളായി. റിപ്പബ്ലിക്കിന്‍റെ കരുത്ത് ഫെഡറലിസത്തിന്‍റെ കൂട്ടായ്മയാണ്. കേന്ദ്ര സർക്കാരിന് രാഷ്‌ട്രപതിയിലൂടെ ഗവർണറെ സ്വാധീനിച്ച് ഒരു തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാവില്ല; ദുർബലപ്പെടുത്താൻ മാത്രമേ കഴിയൂ. അത്തരത്തിലുള്ള ഒന്ന് 1959ൽ തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടുകൊണ്ട് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ചെയ്തതാണ്. എന്നാൽ അത് തെറ്റായിപ്പോയി എന്ന് പിന്നീട് നെഹ്രു തന്നെ സമ്മതിച്ചിട്ടുണ്ട്.

ആരിഫ് മുഹമ്മദ് ഖാനെ നിയന്ത്രിച്ചിരുന്നത് ബിജെപിയാണെന്ന് ആക്ഷേപിക്കുമ്പോൾ, പുതിയതായി എത്തുന്ന ഗോവ സ്വദേശിയായ രാജേന്ദ്രആർലേക്കറെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്ന ആരോപണം ഇപ്പോഴേ ഉയർന്നിട്ടുണ്ട്. കോൺഗ്രസും യുഡിഎഫും ബലഹീനമായാലേ ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ പറ്റുകയുള്ളൂ എന്നതാണ് യാഥാർഥ്യം. അങ്ങനെ നോക്കുമ്പോൾ സിപിഎമ്മിനെയും എൽഡിഎഫിനെയും ബലഹീനമാക്കുന്ന സമീപനം ആർഎസ്എസ് എടുക്കാനുള്ള സാധ്യത കുറവാണ്. ആർഎസ്എസ് പശ്ചാത്തലവും അതിന്‍റെ സ്വാധീനവുമുള്ള പുതിയ ഗവർണർ എടുക്കുന്ന സമീപനങ്ങൾ ഈ പശ്ചാത്തലത്തിലായേക്കാം എന്നു പറയുന്ന രാഷ്‌ട്രീയ നിരീക്ഷകരുണ്ട്.

ഏതായാലും ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ തകർക്കാൻ കേന്ദ്ര സർക്കാർ ഗവർണറെ ഉപയോഗപ്പെടുത്തിയാൽ ഇന്ത്യയുടെ ഫെഡറിലസമാണ് തകരുന്നതെന്ന വസ്തുത ഓർമ വേണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com