
അവസാനത്തെ കാവലാൾ
MV Graphics
അജയൻ
ഉലയിലൂതിക്കാച്ചിയ മേധയും വിട്ടുവീഴ്ചകൾക്കു വഴങ്ങാത്ത നാവുമായിരുന്നു വി.എസ്. അച്യുതാനന്ദൻ, ചുവന്ന പക്ഷത്തിന്‍റെ അവസാനത്തെ കാവൽ ഭടൻ. 'വേലിക്കകത്ത്' എന്ന പേര് പേറുമ്പോഴും ഒരു വേലിക്കെട്ടിനുമുള്ളിൽ തളച്ചിടപ്പെടാത്ത സമരവീര്യം. സിപിഎമ്മിന്‍റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന അവസാനത്തെയാൾ. പ്രത്യയശാസ്ത്രത്തിൽ നിന്നു കടുകിട വ്യതിചലിക്കാത്ത കാർക്കശ്യം. നയ വ്യതിയാനങ്ങൾക്കിടയിൽ, പാർട്ടി മറക്കാനാഗ്രഹിച്ച മനഃസാക്ഷിയും തിരുത്തൽ ശക്തിയുമായിരുന്നു വിഎസ്.
ബക്കറ്റിൽ കോരിവച്ച കടൽ വെള്ളത്തിൽ തിരയിളക്കം കാണാതെ കുണ്ഠിതപ്പെട്ട കുട്ടിയെ ഉദാഹരിച്ചുകൊണ്ട് വിഎസിനെ നേരിട്ട പിണറായി വിജയന്‍റെ പ്രസംഗം പ്രസിദ്ധമാണ്. ഗോർബച്ചേവിന്‍റെ കാലത്തെന്ന പോലെ ആ കടൽ അപ്പാടെ വറ്റിപ്പോയാലോ എന്ന വിഎസിന്‍റെ മറുപടിക്ക് അന്നത്തെക്കാൾ പ്രസക്തി ഇന്നുണ്ട്.
വിഎസിനു വേണ്ടി ഉയർന്ന മുദ്രാവാക്യങ്ങൾക്കു നടുവിൽ നഷ്ടപ്പെട്ടു പോയ പാർട്ടി യോഗത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ പിണറായി വിജയൻ പണ്ടു പറഞ്ഞത്, 'ഇത് ഉഷ ഉതുപ്പിന്‍റെ ഗാനമേളയല്ല' എന്നായിരുന്നു. അവഗണിക്കാനാവാത്തതുപോലെ വളർന്നുപോയൊരു വടവൃക്ഷത്തെ ചെറുതാക്കി കാണിക്കാൻ രൂപകങ്ങളെ കൂട്ടുപിടിക്കാനുള്ള മറ്റൊരു വൃഥാ ശ്രമം!
പാർട്ടി മടക്കിയ പല ചെക്കുകളും പാസാക്കിയ നാവും ചിന്തകളുമായിരുന്നു വിഎസിന്‍റേത്. 1962ലെ ചൈനീസ് അധിനിവേശ കാലത്ത് ജയിലിലായ വിഎസിൽ ഇതിന്‍റെ ആദ്യത്തെ ഉദാഹരണം കാണാം. അഴികൾക്കുള്ളിൽ കിടന്ന് സഹതടവുകാരെ ഏകോപിപ്പിച്ച് ഇന്ത്യൻ സൈനികർക്ക് രക്തദാനം ചെയ്യാൻ സംവിധാനമൊരുക്കി വിഎസ്. 'ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും അവകാശപ്പെടുന്ന ഭൂഭാഗം' എന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ കുപ്രസിദ്ധമായ വിശേഷണത്തിനു കടകവിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തിൽ വിഎസ് സ്വീകരിച്ചത്. പാർട്ടിലൈനിനല്ല, പേട്രിയോട്ടിസത്തിനാണ് - രാജ്യസ്നേഹത്തിനാണ് അവിടെ വിഎസ് മുൻതൂക്കം നൽകിയത്. പീക്കിങ്ങിൽ (ഇപ്പോഴത്തെ ബീജിങ്) മഴ പെയ്താൽ കേരളത്തിൽ കുട പിടിക്കുമെന്നു പരിസഹിക്കപ്പെട്ട പാർട്ടി അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ഒ.ജെ. ജോസഫും കെ. അനിരുദ്ധനും അടക്കം 10 നേതാക്കളാണ് അന്ന് വിഎസിനൊപ്പം നടപടി നേരിട്ടത്. പിണറായിയുമായുള്ള ശണ്ഠയുടെ മൂർധന്യത്തിൽ പൊളിറ്റ് ബ്യൂറോയിൽനിന്നു പുറത്തായതായിരുന്നു ഇക്കൂട്ടത്തിൽ അവസാനത്തേത്.
വെട്ടിനിരത്തൽ സമരത്തിന്‍റെ പേരിൽ പരസ്യ ശാസന നേരിട്ട നേതാവാണ് വിഎസ്. പിൽക്കാലത്ത്, അദ്ദേഹമില്ലാത്ത പാർട്ടി നേതൃത്വം വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനുള്ള നിയമങ്ങളിൽ വെള്ളം ചേർത്തു. മണ്ണിൽനിന്നു പറിച്ചെടുക്കുന്ന വേരുകളെക്കുറിച്ച് താക്കീത് നൽകിയ നേതാവിന്‍റെ പാരിസ്ഥിതിക പോരാട്ടങ്ങളിൽ മൂന്നാർ ദൗത്യം പ്രത്യേകം വേറിട്ടുനിൽക്കുന്നു.
ഇന്നത്തെ നിലയിലേക്കുള്ള പിണറായിയുടെ ഉയർച്ചയ്ക്ക് തുടക്കം കുറിച്ച പാലക്കാട് പാർട്ടി സമ്മേളനത്തിൽ വിഎസിന്‍റെ നാവ് പടവാളായത് എം.എം. ലോറൻസും കെ.എൻ. രവീന്ദ്രനാഥും അടക്കമുള്ള സിഐടിയു നേതൃത്വത്തെയും ലക്ഷ്യമിട്ടായിരുന്നു. വിഭാഗീയത പ്രോത്സാഹിപ്പിച്ചതിനുള്ള ശാസനയായിരുന്നു അതിനു കിട്ടിയ ശിക്ഷ. ഒരു പതിറ്റാണ്ടിനിപ്പുറം, ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്കിന്‍റെ വായ്പയെ ശക്തിയുക്തം എതിർത്തതിനും, അതിനകം വഴിമാറി നടന്നു തുടങ്ങിയ പാർട്ടി വിഎസിനെ താക്കീത് ചെയ്തു.
പിണറായിയെ ഇനിയും വിട്ടൊഴിയാത്ത എസ്എൻസി ലാവലിൻ കേസിന്‍റെ കാര്യത്തിൽ വിഎസ് ഒരിക്കലും മൗനം പാലിക്കാൻ തയാറായില്ല. ഈ വിഷയത്തിൽ ഇരുവരും തമ്മിലുള്ള വാക് പോരുകൾ മാധ്യമങ്ങൾ ആഘോഷമായി. ഫലം, ഇരുവരും പൊളിറ്റ് ബ്യൂറോയിൽനിന്നു പുറത്തായി. പക്ഷേ, പിണറായി തിരിച്ചെത്തി, വിഎസ് പുറത്തുതന്നെ തുടരുകയും ചെയ്തു അവസാന ശ്വാസം വരെ!
നേതൃത്വത്തിനു പകരം കേരളത്തിന്‍റെ തെരുവീഥികൾ വിഎസിനു വേണ്ടി ശബ്ദിച്ചു തുടങ്ങിയതോടെയാണ് പാർട്ടിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മനഃസാക്ഷിയായി അദ്ദേഹം മാറുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നിഷേധിച്ചപ്പോൾ ജനങ്ങളത് വാങ്ങിക്കൊടുത്തു, വിഎസ് മുഖ്യമന്ത്രിയായി. ആഭ്യന്തര വകുപ്പ് നൽകാതെ പാർട്ടി അദ്ദേഹത്തിനു കടിഞ്ഞാണിട്ടു. അതേസമയം പാർട്ടിയിൽ പിണറായി സർവാധിപത്യം സ്ഥാപിച്ചു. വിഎസ് രണ്ടാമതും മുഖ്യമന്ത്രിയാകാതിരിക്കാൻ പാർട്ടി ഒരു ഡസനോളം ദുർബല സ്ഥാനാർഥികളെ മത്സരിപ്പിച്ചെന്നു പോലും അഭ്യൂഹങ്ങൾ പരന്നു.
ജനപിന്തുണയുടെ കരുത്തിൽ വിഎസ് വീണ്ടും പാർട്ടി പ്രാചരണത്തിലെ മുന്നണിപ്പോരാളിയായി. പക്ഷേ, ഒരു ഭാഗ്യചിഹ്നത്തിന്‍റെ റോളാണ് പാർട്ടി അദ്ദേഹത്തിനന്നു കൽപ്പിച്ചുകൊടുത്തിരുന്നത്. പിന്നീട് പിണറായി മുഖ്യമന്ത്രിയായപ്പോൾ വിഎസ് ഭരണപരിഷ്കാരക സമിതി അധ്യക്ഷൻ 'മാത്രമായി'. ആ സ്ഥാനലബ്ധിയെ വിഎസിന്‍റെ അധികാരമോഹമായി വ്യാഖ്യാനിച്ചവരും ഏറെ. എന്നാൽ, സുപ്രധാന ഫലയലുകൾ പലതും അധ്യക്ഷന്‍റെ മേശപ്പുറത്തെത്തിയിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹം സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഇപ്പോഴും സെക്രട്ടേറിയറ്റിൽ പൊടിപിടിച്ചു കിടക്കുന്നതേയുള്ളൂ. സംസ്ഥാന ഭരണത്തെ പാർട്ടിയുടെയും സിൻഡിക്കറ്റുകളുടെയും പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള ബ്ലൂപ്രിന്‍റ് ആയിരുന്നു അതിൽ!
അവസാന നാളുകളിൽ പ്രായാധിക്യം വിഎസിനെ ക്രമേണ പൊതുരംഗത്തുനിന്ന് അകറ്റി. പുതിയ നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങൾ പലതും പക്ഷേ, വിഎസിന്‍റെ അസാന്നിധ്യം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ആ നിശബ്ദതയ്ക്കു പകരം വയ്ക്കാൻ മറ്റൊരു ശബ്ദം ഇനിയും ഇവിടെ ഉയർന്നവന്നിട്ടില്ല. വിഎസിനും സീതാറാം യെച്ചൂരിക്കുമിടയിലുണ്ടായിരുന്ന ധാരണകൾക്കു മാത്രമേ പാർട്ടിയുടെ നയവ്യതിയാനങ്ങളെ ചെറുക്കാൻ സാധിക്കുമായിരുന്നുള്ളൂ. കടം വാങ്ങിയ മേലങ്കികളണിഞ്ഞ പ്രച്ഛന്നവേഷക്കാർ നികത്താനാവാത്ത നിഴലുകളിൽ തട്ടിവീഴുമ്പോഴും പതറാതെ തല കുനിക്കാതെ നിന്ന സഖാവിന് റെഡ് സല്യൂട്ട്...!