രാമോജി റാവു എന്ന ഇതിഹാസം

1962ൽ ആന്ധ്രയിലും തെലങ്കാനയിലും മറ്റു സംസ്ഥാനങ്ങളിലും മാർഗദർശി ചിട്ടി ഫണ്ട് ആരംഭിച്ചുകൊണ്ടാണ് സംരംഭകത്വത്തിലേക്ക് കടക്കുന്നത്
ramoji rao
ramoji rao

സജീവ് കോക്കാട്ട്

സിനിമ- മാധ്യമ- വ്യവസായ രംഗത്ത് ദക്ഷണിണേന്ത്യയിൽ മുടിചൂടാ മന്നനായി വിരാജിക്കുകയും ആന്ധ്രയിൽ ഒരു കാലത്ത് സർക്കാരുകളെ വരെ നിയന്ത്രിക്കുന്ന സ്വാധീനശക്തിയായി മാറുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് ഇന്നലെ വിടപറഞ്ഞ സി.എച്ച്. രാമോജി റാവു. ഹോളിവുഡിനും മേലേ ഇന്ത്യൻ ചലചിത്ര വ്യവസായത്തെ പ്രതിഷ്ഠിച്ചു ലോകത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയായ രാമോജി ഫിലിം സിറ്റി സ്ഥാപിച്ചതാണ് അദ്ദേഹത്തെ ഇന്ത്യയിലെങ്ങും ഇന്ത്യയ്ക്കു പുറത്തും പ്രശസ്തനാക്കിയത്. എന്നാൽ തെലുങ്കു ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും സ്വാധീനിച്ച ഐതിഹാസിക വ്യക്തിത്വമാണ് രാമോജി റാവു. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അദ്ദേഹം ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് പടുത്തുയര്‍ത്തിയത്.

ചലച്ചിത്ര നിർമാതാവ്, മാധ്യമ വ്യവസായി, മാധ്യമ പ്രവര്‍ത്തകന്‍, ഹോസ്പിറ്റാലിറ്റി, എൻബിഎഫ്‌സി, ഫുഡ് ആൻഡ് ബെവ്റിജസ്, റീട്ടെയ്‌ൽ സ്റ്റോർ ശൃംഖല തുടങ്ങിയവയുടെ സംരംഭകൻ തുടങ്ങിയ നിലകളിൽ ഇന്ത്യയാകെ പടർന്നു പന്തലിച്ച വടവൃക്ഷമാണ് രാമോജി റാവു. അസാധാരണമായ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസു‌മായിരുന്നു അദ്ദേഹത്തിന്‍റെ മൂലധനം. ലോകത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയായ രാമോജി ഫിലിം സിറ്റിയെ കൂടാതെ അദ്ദേഹം സ്ഥാപിച്ച ബഹുമുഖ സംരംഭങ്ങളിൽ ഈനാട് ദിനപത്രം, വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ഇടിവി ചാനലുകൾ, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, മാർഗദർശി ചിറ്റ് ഫണ്ട്, ഫിലിം പ്രൊഡക്‌ഷൻ കമ്പനിയായ ഉഷാ കിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, പ്രിയ ഫുഡ്‌സ്, രമാദേവി പബ്ലിക് സ്‌കൂള്‍, കലാഞ്ജലി എന്നിവ ഉൾപ്പെടുന്നു.

തീരദേശ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിയിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ 196 നവംബർ 16ന് ജനിച്ച അദ്ദേഹം കുട്ടിക്കാലം മുതല്‍ തന്നെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നതിലും കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. 1962ൽ ആന്ധ്രയിലും തെലങ്കാനയിലും മറ്റു സംസ്ഥാനങ്ങളിലും മാർഗദർശി ചിട്ടി ഫണ്ട് ആരംഭിച്ചുകൊണ്ടാണ് സംരംഭകത്വത്തിലേക്ക് കടക്കുന്നത്. 1969ൽ കർഷകർക്കായുള്ള "അന്നദാത' എന്ന മാസികയിലൂടെ മാധ്യമ രംഗത്തേക്ക് കടന്നു. 1974ൽ തുറമുഖ നഗരമായ വിശാഖപട്ടണത്ത് അദ്ദേഹം സ്ഥാപിച്ച ഈനാട് പത്രം അവിഭക്ത ആന്ധ്രാ പ്രദേശിലെ പത്ര വ്യവസായത്തിൽ വിപ്ലവം തന്നെ സൃഷ്ടിച്ചു. ഈനാടിനെ ആന്ധ്രയിലെ ഏറ്റവും സ്വാധീനമുള്ള ദിനപത്രമായി ‌വളർത്തിയത് രാമോജി റാവുവിന്‍റെ കൃത്യനിഷ്ഠയും നിശ്ചയദാർഢ്യവും ദീർഘവീക്ഷണവുമാണ്. സൂര്യോദയത്തിനു മുമ്പ് വായനക്കാരിലേക്ക് പത്രം എത്തിക്കുന്ന‌തിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ലളിതമായ ഭാഷ, പ്രാദേശിക വാർത്തകളുടെ വർധിച്ച കവറേജ്, ഓരോ ജില്ലയ്ക്കും പ്രത്യേക പതിപ്പുകൾ എന്നിവ വായനക്കാർക്കിടയിൽ ഈനാടിനെ വളരെ ജനപ്രിയമാക്കി.

നിരവധി പതിപ്പുകളോടെ സംസ്ഥാനത്തിനകത്തും പുറത്തും പ്രചരിക്കുന്ന ഏറ്റവും വലിയ തെലുങ്ക് ദിനപത്രമായുള്ള ഈനാടിന്‍റെ വളർച്ചയ്ക്കൊപ്പം ആന്ധ്രയിൽ രാമോജി റാവുവും വളർന്നു. തെലുങ്കു ജനതയെ ഏറ്റവുമധികം സ്വാധീനിക്കുന്ന മാധ്യമമായി ഈനാട് മാറിയപ്പോൾ രാഷ്‌ട്രീയ നേതൃത്വങ്ങൾ അദ്ദേഹത്തിന്‍റെ പ്രീതിക്കായി മത്സരിച്ചു. 1984ൽ ടിഡിപി സ്ഥാപകനും സൂപ്പർ താരവുമായ എൻ.ടി. രാമറാവുവിനെ അട്ടിമറിയിലൂടെ പുറത്താക്കിയപ്പോൾ "ജനാധിപത്യം പുനഃസ്ഥാപിക്കാൻ' എന്ന പേരിൽ ഈനാട് നടത്തിയ ക്യാംപെയിൻ, ഒടുവിൽ എൻ.ടി.ആർ അധികാരത്തിൽ തിരിച്ചെത്തുന്നതിലേക്ക് നയിച്ചത് രാമോജിയുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. വൈ.എസ്. രാജശേഖര റെഡ്ഡിയും റാമോജി റാവുവും തമ്മിലുള്ള മത്സരവും പോരും തെലുങ്കു രാഷ്‌ട്രീയത്തില്‍ ഒരു കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. പ്രകൃതിക്ഷോഭത്തെത്തുടർന്ന് ഈനാട് ദുരിതാശ്വാസ നിധിയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും സ്ഥിരം വീടുകളും സ്കൂളുകളും നിർമിച്ചിട്ടുണ്ട്.

ദൂരദർശന്‍റെ കുത്തക അവസാനിച്ച ശേഷം തെലുങ്കിൽ വന്ന ആദ്യത്തെ സാറ്റലൈറ്റ് വിനോദ ചാനലുകളിൽ ഒന്നാണ് ഇടിവി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടിവി തെലുങ്ക് ജനതയുടെ സ്വന്തം ചാനലായി. തെലുങ്കിലും കന്നഡ, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഇടിവി വികസിച്ചു. അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം രണ്ട് പതിറ്റാണ്ടോളം ഇടിവിയിൽ അവതരിപ്പിച്ച "പടുതാ തീയാഗ' എന്ന സംഗീത പരിപാടി ആയിരക്കണക്കിന് വളർന്നുവരുന്ന ഗായകരെ പരിചയപ്പെടുത്തി.

198ലാണ് രാമോജി റാവു ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാ കിരണ്‍ മൂവീസ് സ്ഥാപിക്കുന്നത്. പിന്നീടങ്ങോട്ട് ഈ നിര്‍മാണ കമ്പനിയുടെ ബാനറില്‍ നിരവധി ഹിറ്റുകള്‍ പിറന്നു. തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ രാമോജി നിർമിച്ചു. സാമൂഹിക പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മികച്ച വിനോദ സിനിമകളും ഉഷാ കിരണ്‍ മൂവീസിന്‍റെ ബാനറില്‍ പുറത്തിറങ്ങി. ഓസ്കർ ജേതാവായ സംഗീതജ്ഞൻ എം.എം. കീരവാണി, ജൂനിയർ എൻ.ടി.ആർ എന്നിവരുൾപ്പെടെയുള്ള ജനപ്രിയ ചലച്ചിത്ര വ്യക്തിത്വങ്ങളെ രാമോജി റാവു നിർമിച്ച സിനിമകളിലൂടെ അവതരിപ്പിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരവും 4 ഫിലിംഫെയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. 2000ല്‍ പുറത്തിറങ്ങിയ "നുവ്വേ കാവാലി' എന്ന സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. 1986ല്‍ ടി. കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ "പകരത്തിന് പകരം' എന്ന മലയാള ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയാണ്.

സിനിമാ നിർമാണത്തിന്‍റെ തുടർച്ചയായാണ് ഫിലിം സിറ്റി എന്ന ആഗ്രഹം മനസിലുദിക്കുന്നത്. ഹോളിവുഡിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോ ആയിരുന്നു റാമോജി റാവുവിന് പ്രചോദനമായത്. 1990കളിലാണ് ഇതിന്‍റെ പ്രാഥമിക ജോലികള്‍ ആരംഭിക്കുന്നത്. ഹൈദരാബാദിലെ വിജയവാഡ ഹയാത് നഗറില്‍ 1996ല്‍ ഫിലിം സിറ്റി തുറന്നു. കാലക്രമേണ 2,000 ഏക്കറോളം ഭൂമിയിലേക്ക് അത് പടര്‍ന്നുപന്തലിച്ചു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമെന്ന ഗിന്നസ് റെക്കോഡും സ്വന്തമാക്കി. ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ചിത്രങ്ങളാണ് അവിടെ പിറന്നത്. എസ്.എസ്. രാജമൗലിയുടെ പ്രശസ്തമായ "ബാഹുബലി' ഉൾപ്പെടെ, മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലുമായി ആയിരക്കണക്കിന് സിനിമകളും ചില ഹിന്ദി ബ്ലോക്ക്ബസ്റ്ററുകളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ഉദയനാണ് താരം, മരയ്ക്കാർ അറബിക്കടലിലെ സിംഹം തുടങ്ങിയ മലയാള സിനിമകളും ഇവിടെ ചിത്രീകരിച്ചു. ബാഹുബലി പോലുള്ള വലിയ ചിത്രങ്ങളെക്കുറിച്ച് സംവിധായകരും നിർമാതാക്കളും ആലോചിച്ചു തുടങ്ങിയതുതന്നെ ഈ സ്റ്റുഡിയോ വന്ന ശേഷമാണ്. രാജ്യത്തെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്ലോറായ രാമോജി ഫിലിം സിറ്റിയിലേക്ക് കഥയുമായി കയറിയാൽ സിനിമയുമായി തിരിച്ചുവരാം. രാജ്യത്ത് ഒരിടത്തും ഇത്തരമൊരു സൗകര്യമില്ല.

സ്വപ്നതുല്യമായ അദ്ഭുതക്കാഴ്ചകൾ കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഫിലിം സിറ്റി ഇപ്പോൾ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ കൂടിയാണ്. മലയാള ചിത്രങ്ങളടക്കം ഇവിടെ ചിത്രീകരിച്ച് സൂപ്പർ ഹിറ്റായ സിനിമകളുടെയെല്ലാം സെറ്റുകൾ സന്ദർശകർക്കായി സംരക്ഷിക്കുന്നുണ്ട്. ഓരോ വര്‍ഷവും 1.5 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് ഇവിടെ എത്തിച്ചേരുന്നത്.

പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. വിവിധ സർവകലാശാലകളിൽ നിന്നുള്ള മറ്റ് നിരവധി അവാർഡുകളും ഓണററി ഡോക്റ്ററേറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.