
കൃഷ്ണാവതാരം നൽകുന്ന കർമപാഠങ്ങൾ
മുക്കംപാലംമുട് രാധാകൃഷ്ണന്‍
വീണ്ടുമെത്തിയിരിക്കുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ജന്മദിനം. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിനകത്തും പുറത്തും ശ്രീകൃഷ്ണ ഭഗവാന്‍റെ സന്ദേശവും ജീവിത ദര്‍ശനങ്ങളും പ്രചരിപ്പിക്കുന്ന ബാലഗോകുലം പതിവുപോലെ വിപുലമായ പരിപാടികളോടുകൂടി അമ്പാടിക്കണ്ണന്‍റെ ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുന്നു. നാടും നഗരങ്ങളും അമ്പാടിയായി മാറും. തങ്ക ശോഭയാല്‍ തിളങ്ങുന്ന ശ്രീപദ്മനാഭന്‍ പള്ളികൊള്ളുന്ന അനന്തപുരി ഇന്ന് ഉണ്ണിക്കണ്ണന്മാരുടേതാകും. പാളയം ഗണപതിക്ഷേത്രത്തില്‍ നിന്നു തുടങ്ങി പദ്മനാഭന്‍റെ പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കുന്ന വിധത്തിലാണു ശോഭായാത്ര ക്രമീകരിച്ചിരിക്കുന്നത്.
മഹാവിഷ്ണുവിന്‍റെ പൂർണാവതാരമാണല്ലോ നമ്മുടെ പൊന്നുണ്ണിക്കണ്ണനായി മണ്ണില്‍ പിറന്നത്. തിരുവോണമെത്തുന്ന പൊന്നിൻ ചിങ്ങമാണു ശ്യാമ സുന്ദരനായ വേണുഗോപാലന്‍റെ അവതാരത്തിനും മുഹൂർത്തമൊരുക്കിയത്. സ്വന്തം ജീവിതത്തിലൂടെ ധർമത്തിന്‍റെയും കർമത്തിന്‍റെയും പാഠങ്ങൾ പകർന്നു നൽകുകയായിരുന്നു ശ്രീകൃഷ്ണൻ. ആ ജീവിത ദര്‍ശനങ്ങള്‍ കർമപഥത്തിലെത്തിക്കുന്നതിലൂടെയാണ് മൂല്യവത്തായ സമൂഹത്തെ വാർത്തെടുക്കാനാകുക.
ഒരു രാഷ്ട്രത്തിന്‍റെ ശക്തി പൈതൃകവും സംസ്കാരവും മനസ്സിലാക്കി വളരുന്ന കുട്ടികളാണ്. ഇന്നത്തെ കുട്ടികളാണു നാളെ രാഷ്‌ട്രത്തെ നയിക്കുക. അതിനാൽ കര്‍മോന്മുഖരും ഊർജസ്വലരുമായി കുട്ടികളെ നാം വളർത്തിയെടുക്കണം. അതിനുള്ള ശ്രമങ്ങളാണു ബാലഗോകുലം നടത്തുന്നത്. പ്രതിവാര ക്ലാസുകളിലൂടെയും ശിബിരങ്ങളിലും ആ പ്രവര്‍ത്തനം നിരന്തരം ബാലഗോകുലം നിറവേറ്റി കൊണ്ടിരിക്കുന്നു ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ പ്രസ്ഥാനമായ ബാലഗോകുലം കുട്ടികളുടെ സാംസ്കാരിക ഉന്നതിയില്‍ വഹിക്കുന്ന പങ്ക് വലുതാണ്.
മനസ്സ് നിറഞ്ഞ പ്രാർഥനയാണ് ബാലഗോകുലത്തിന്‍റെ ബലം. കേരളത്തിന്‍റെ സാമൂഹികരംഗം അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക- സാമൂഹിക രംഗങ്ങളിൽ ഒരു കാലത്ത് മുന്നിലായിരുന്നു കേരളം. ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം മാതൃകയായിരുന്നു നമ്മൾ. ഇതരസംസ്ഥാനങ്ങളിൽ ബാലവേല പോലുള്ളവ തുടരുമ്പോഴും അതിൽ നിന്നെല്ലാം മുക്തമായിരുന്നു കേരളം. എന്നാലിന്ന് കേരളത്തിന്‍റെ അവസ്ഥയും മാറുകയാണ്. കുട്ടികളിലും യുവാക്കളിലും ലഹരിയുടെ സ്വാധീനം വർധിക്കുന്നു. സ്വന്തം മാതാപിതാക്കളെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ നടുക്കുന്ന വാർത്തകൾ പോലും നാം കേൾ ക്കേണ്ടിവരുന്നു. യുവതീ യുവാക്കള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശങ്ങളിലേക്കു കുടിയേറുമ്പോൾ പ്രായമായവർ ഒറ്റപ്പെടുന്ന നാടായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. ഇതിനൊരു പരിഹാരമാകണമെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് സംസ്കാരം പകര്‍ന്നു നല്‍കാനുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും ജീവിതരീതികളും ഉണ്ടാകേണ്ടതുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളും മുത്തശ്ശിക്കഥകളും ഇന്ന് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയുന്നില്ല. അത്തരമൊരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ബാലഗോകുലം നടത്തുന്നത്. ഓരോ ശ്രീകൃഷ്ണജയന്തിയും ആ പരിശ്രമത്തിന്‍റെ സുപ്രധാന ചുവടുവയ്പ്പുകളുമാണ്.
(കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷനാണു ലേഖകൻ)
9387456880