വേവ്സ് കോമിക്സ് ക്രിയേറ്റര്‍ ചാംപ്യന്‍ഷിപ്പിന്‍റെ വിജയഗാഥ

ഇന്ത്യന്‍ കോമിക്സില്‍ വിപ്ലവം സൃഷ്ടിക്കുന്നു.
The success story of the Waves Comics Creator Championship

വേവ്സ് കോമിക്സ് ക്രിയേറ്റര്‍ ചാംപ്യന്‍ഷിപ്പിന്‍റെ വിജയഗാഥ

Updated on

അജിതേഷ് ശര്‍മ

ഒരു നൂറ്റാണ്ടിലേറെ നീളുന്ന സമ്പന്നവും വൈവിധ്യപൂര്‍ണവുമായ ചരിത്രമാണ് ഇന്ത്യന്‍ കോമിക്സ് വ്യവസായത്തിനുള്ളത്. ജനപ്രിയ പാശ്ചാത്യ കഥാപാത്രങ്ങളായ ഫാന്‍റം, മാന്‍ഡ്രേക്ക് ദി മജീഷ്യന്‍ എന്നിവരെ പരിചയപ്പെടുത്തി അധിനിവേശ കാലഘട്ടത്തില്‍ പത്രങ്ങളില്‍ പ്രചരിപ്പിച്ച കോമിക് സ്ട്രിപ്പുകളായാണ് ഇന്ത്യയില്‍ കോമിക്സ് എന്ന ആശയം ആരംഭിച്ചത്. ഈ ആദ്യകാല സ്ട്രിപ്പുകള്‍ സവിശേഷമായ ഇന്ത്യന്‍ കോമിക് പാരമ്പര്യത്തിന് അടിത്തറ പാകി.

സ്വാതന്ത്ര്യാനന്തരം ചന്ദാമാമ, ചമ്പക് തുടങ്ങിയ ഐതിഹാസിക പ്രസിദ്ധീകരണങ്ങളും നിരവധി പ്രാദേശിക പ്രസിദ്ധീകരണങ്ങളും യുവ വായനക്കാരെ ഭാവനയുടെ ലോകത്തേക്കു കൊണ്ടുപോയതോടെ ഈ വ്യവസായം രൂപപ്പെടാന്‍ തുടങ്ങി. ഇന്ത്യന്‍ പുരാണങ്ങളും ചരിത്രവും നാടോടിക്കഥകളും ഊര്‍ജസ്വലമായ ചിത്രീകരണങ്ങളിലൂടെ പറഞ്ഞ് 1967ല്‍ പുറത്തിറങ്ങിയ അമര്‍ ചിത്രകഥ ഇന്ത്യന്‍ കോമിക്സില്‍ നിര്‍ണായക പങ്കുവഹിച്ചു.

1970കള്‍ മുതല്‍ 1990കള്‍ വരെയുള്ള കാലഘട്ടത്തെ ഇന്ത്യന്‍ കോമിക്‌സിന്‍റെ സുവര്‍ണ കാലഘട്ടം എന്നാണു പലപ്പോഴും വിശേഷിപ്പിക്കുന്നത്. ചാച്ചാ ചൗധരി, ബില്ലു, പിങ്കി തുടങ്ങിയ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ സ്രഷ്ടാവായ പ്രാണ്‍ കുമാര്‍ ശര്‍മ, ഹാസ്യാത്മകവും സാമൂഹ്യപ്രസക്തിയുള്ളതുമായ കോമിക്സുകളുടെ പേരില്‍ പ്രശസ്തിയാര്‍ജിച്ചു. നാഗരാജ്, സൂപ്പര്‍ കമാന്‍ഡോ ധ്രുവ്, ദോഗ തുടങ്ങിയ ഐതിഹാസിക സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെ സൃഷ്ടിച്ച് രാജ് കോമിക്‌സ് ശക്തികേന്ദ്രമായി ഉയര്‍ന്നുവന്നു. കുട്ടികളും മുതിര്‍ന്നവരും ഫാന്‍റസി ലോകത്ത് മുഴുകിയതോടെ കോമിക്‌സുകള്‍ വിശാലമായ പ്രേക്ഷകരിലേക്ക് എത്തി.

2000 മുതല്‍ ഡിജിറ്റല്‍ യുഗത്തിന്‍റെ തുടക്കത്തിനാണ് ഇന്ത്യന്‍ കോമിക്സ് സാക്ഷ്യം വഹിച്ചത്. പുതിയ പ്രസിദ്ധീകരണങ്ങള്‍ ഈ വ്യവസായത്തിലേക്കു വന്നു. ഇവ രാജ്യത്തെ വായനക്കാര്‍ക്കു പുതിയ കാഴ്ചപ്പാടുകളും ആധുനിക ആഖ്യാനങ്ങളും പരിചയപ്പെടുത്തുകയും പുതു തലമുറയിലെ സ്രഷ്ടാക്കള്‍ക്കു വഴിയൊരുക്കുകയും ചെയ്തു. കൊവിഡ്-19 കാലത്തെ ലോക്ഡൗണ്‍ വായനക്കാരെ ഈ മാധ്യമവുമായി വീണ്ടും കൂട്ടിയിണക്കിയതോടെ, അപ്രതീക്ഷിതമായി ഇന്ത്യന്‍ കോമിക് പുസ്തകങ്ങളോടുള്ള താല്‍പ്പര്യം പുനരുജ്ജീവിപ്പിക്കപ്പെട്ടു.

നൂതനമായ കഥപറച്ചിലുകളിലൂടെയും പ്രമേയങ്ങളിലൂടെയും അതിര്‍വരമ്പുകള്‍ മറികടന്നു പുതിയ സ്വതന്ത്ര പ്രസാധകര്‍ ഉയര്‍ന്നുവരുകയോ പ്രാധാന്യം നേടുകയോ ചെയ്തു. ജപ്പാനില്‍ നിന്നുള്ള കോമിക്‌സുകളായ മാംഗയ്ക്ക് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ജനപ്രീതി ഇന്ത്യന്‍ സ്രഷ്ടാക്കള്‍ക്കു പുതിയ വഴികള്‍ തുറന്നു. നിരവധി പുതിയ ഓണ്‍ലൈന്‍ കോമിക് പുസ്തക വില്‍പ്പനക്കാരും ഉയര്‍ന്നുവന്നു. ചിലര്‍ പ്രസിദ്ധീകരണത്തിലേക്കും കടന്നു. ഈ മുന്നേറ്റങ്ങള്‍ക്കിടയിലും, വിതരണം, സാമ്പത്തിക ഭദ്രത, സാംസ്‌കാരികവും തലമുറകളുമായി ബന്ധപ്പെട്ടതുമായ സ്വീകാര്യത എന്നിവ കോമിക്സ് വ്യവസായത്തിനു പ്രധാന വെല്ലുവിളികളായി തുടരുന്നു.

ഇന്ന്, ഇന്ത്യന്‍ കോമിക്‌സ് വ്യവസായം പുനരുജ്ജീവനത്തിനു തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ കോമിക്‌സ് അസോസിയേഷനും (ഐസിഎ) കേന്ദ്ര വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയവും (എംഐബി) സഹകരിച്ച് വേവ്സ് കോമിക്‌സ് ക്രിയേറ്റര്‍ ചാംപ്യന്‍ഷിപ്പ് പോലുള്ള സംരംഭങ്ങള്‍ ആരംഭിച്ചതോടെ, വ്യവസായത്തിന്‍റെ പുനരുജ്ജീവനത്തിനു പുതിയ പ്രതീക്ഷകള്‍ കൈവന്നു. ഇന്ത്യയുടെ സര്‍ഗാത്മക വ്യവസായങ്ങളെ ലോകവേദിയില്‍ ഉയരങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന വേവ്സ് സംരംഭത്തിന്‍റെ പ്രധാന ഘടകമായിരുന്നു ഈ ചാംപ്യന്‍ഷിപ്പ്. വളര്‍ന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുന്ന, ആഗോളതലത്തില്‍ ഇന്ത്യന്‍ കോമിക്‌സിനെ പ്രദര്‍ശിപ്പിക്കുന്ന, ആധുനിക കഥപറച്ചിലുമായി പാരമ്പര്യത്തെ ലയിപ്പിക്കുന്ന ചലനാത്മക ആവാസവ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതിലൂടെ, ഐസിഎയും വേവ്സും വ്യവസായത്തെ ഗണ്യമായി സ്വാധീനിക്കാന്‍ സജ്ജമാണ്.

വേവ്സ് കോമിക്‌സ് ക്രിയേറ്റര്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടു വിഭാഗങ്ങളാണുള്ളത്: പ്രൊഫഷണലും അമേച്വറും. 8 ലക്ഷം രൂപയാണു സമ്മാനത്തുക. ഒപ്പം, പ്രസിദ്ധീകരണ അവസരങ്ങള്‍, ദേശീയ അംഗീകാരം എന്നിവയും വാഗ്ദാനം ചെയ്യുന്ന ഈ പരിപാടി ഇന്ത്യന്‍ കോമിക്‌സ് വ്യവസായത്തിലെ പരിവര്‍ത്തനഘടകമാണ്. മത്സരമാതൃകയില്‍ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു. വിശിഷ്ട ജൂറി പാനല്‍ അപേക്ഷകള്‍ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

വിപുലമായ അനുഭവവും വൈദഗ്ധ്യവും സമന്വയിപ്പിക്കുന്ന, ഈ മേഖലയിലെ ഇതിഹാസങ്ങളാണു ജൂറി പാനലില്‍ ഉള്‍പ്പെടുന്നത്. പ്രമുഖ പ്രസാധകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള, പ്രശസ്ത കോമിക് കലാകാരനും ചിത്രകാരനുമായ ദിലീപ് കദമാണ് ഇതിലൊരാള്‍. ഭോക്കല്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ചില കോമിക് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതിഹാസ കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍ കുമാര്‍ ശര്‍മയുടെ മകനും പ്രശസ്ത കോമിക് സ്രഷ്ടാവുമായ നിഖില്‍ പ്രാണ്‍ ജൂറി പാനലില്‍ സവിശേഷമായ ഒരേടു ചേര്‍ക്കുന്നു.

പുരസ്‌കാര ജേതാവു കൂടിയായ അനിമേഷന്‍ പ്രൊഫഷണലും ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും ദൈര്‍ഘ്യമേറിയതുമായ വെബ് മാംഗ ദി ബീസ്റ്റ് ലെജിയന്‍റെ സ്രഷ്ടാവുമായ ജാസില്‍ ഹൊമവാസിര്‍ മത്സരത്തിനു പുതുമയുള്ളതും നൂതനവുമായ സമീപനം കൊണ്ടുവരുന്നു. രാജ് കോമിക്‌സിന്‍റെ സ്ഥാപകനും ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവുമായ സഞ്ജയ് ഗുപ്ത, വ്യവസായത്തിന്‍റെ പ്രവണതകളെയും ആവശ്യങ്ങളെയും കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. അമര്‍ ചിത്രകഥയുടെ പ്രസിഡന്‍റും സിഇഒയുമായ പ്രീതി വ്യാസ്, ഉള്ളടക്ക ആവാസവ്യവസ്ഥയിലെ വിപുലമായ അറിവും അനുഭവവും ഉപയോഗിച്ചു പാനലിനെ സമ്പൂര്‍ണമാക്കുന്നു.

ചാംപ്യന്‍ഷിപ്പിനോടുള്ള പ്രതികരണം അതിശയിപ്പിക്കുന്നതാണ്. രാജ്യത്താകമാനം നിന്ന് ആയിരക്കണക്കിന് എന്‍ട്രികള്‍ ലഭിച്ചു. കര്‍ശനമായ തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു ശേഷം, 9-13 വയസ് പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള 6 പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ 76 സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തു. 20 സംസ്ഥാനങ്ങളിലെയും എന്‍സിആറിലെയും 50 നഗരങ്ങളില്‍ നിന്നുള്ളവരാണ് ഈ സെമി ഫൈനലിസ്റ്റുകള്‍. രാജ്യത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നുമുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇതു പ്രകടമാക്കുന്നു. മുംബൈയില്‍ നടക്കുന്ന ആഗോള ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടിയില്‍ (വേവ്സ്) മത്സരിക്കുന്ന 10 ഫൈനലിസ്റ്റുകളിലേക്കു മത്സരം ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നു.

മെയ് ഒന്നു മുതല്‍ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് ഉച്ചകോടി സര്‍ഗാത്മകതയെയും നൂതനാശയത്തെയും ആഘോഷിക്കുന്ന ഒന്നായിരിക്കും. വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ "ക്രിയേറ്റ് ഇന്‍ ഇന്ത്യ'' സംരംഭത്തിനു കീഴിലുള്ള സുപ്രധാന പരിപാടി എന്ന നിലയില്‍, വേവ്സ് ഇന്ത്യന്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് അന്താരാഷ്‌ട്ര പ്രേക്ഷകരുമായി ഇടപഴകാനും പുതിയ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കാനുമുള്ള വേദി ഒരുക്കാനാണു ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ കോമിക്‌സ് വ്യവസായത്തില്‍ കോമിക്‌സ് ക്രിയേറ്റര്‍ ചാംപ്യന്‍ഷിപ്പിന്‍റെ സ്വാധീനം എത്ര വലുതാണെന്നു പറഞ്ഞറിയിക്കാനാകില്ല. വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി നല്‍കുന്നതിലൂടെ, ചാംപ്യന്‍ഷിപ്പ് പുതിയ തലമുറയിലെ കോമിക് സ്രഷ്ടാക്കളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ഇന്ത്യന്‍ കോമിക്‌സ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിലും ആഗോളതലത്തില്‍ അത് പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യന്‍ കോമിക്‌സ് അസോസിയേഷന്‍റെ പങ്ക് ഈ സംരംഭം വിജയകരമാക്കുന്നതില്‍ നിര്‍ണായകമാണ്. വ്യവസായം അതിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഐസിഎയും വേവ്സും അതിനു നേതൃത്വം നല്‍കുകയാണ്. കോമിക്‌സ് ക്രിയേറ്റര്‍ ചാംപ്യന്‍ഷിപ്പ് പോലുള്ള സംരംഭങ്ങളിലൂടെ, ഇന്ത്യന്‍ കോമിക്‌സിന്‍റെ ഭാവി മുന്‍പത്തേക്കാളും ശോഭനമാണിപ്പോള്‍.

(ഇന്ത്യന്‍ കോമിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റാണ് ലേഖകന്‍)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com