സമരയോഗിയായ വി.എസ്

തന്‍റെ ഇച്ഛാശക്തിക്കൊപ്പം മഹാജനങ്ങളെ കൂടെനിര്‍ത്തുന്നതില്‍ എക്കാലത്തും അദ്ദേഹം വിജയിച്ചു.
The warrior VS

സമരയോഗിയായ വി.എസ്

Updated on

ഗിരീഷ് പുലിയൂര്‍

101 വര്‍ഷം ജീവിച്ചാണ് വി.എസ് എന്ന വി.എസ്. അച്യുതാനന്ദന്‍ വിട വാങ്ങുന്നതെങ്കിലും ജനകോടികള്‍ക്ക് തികച്ചും അകാലത്തിലുള്ള ഒരു ദേഹവിയോഗമായാണ് അത് അനുഭവപ്പെടുന്നത്. അതിനു നേര്‍സാക്ഷ്യമാണ് ദുഃഖവാര്‍ത്ത പൊട്ടിപ്പുറപ്പെട്ടതു മുതല്‍ക്കുള്ള വികാരപ്രകടനങ്ങള്‍. നാലഞ്ചു വര്‍ഷങ്ങളായി പരിപൂര്‍ണ വിശ്രമത്തിലും ഒരു മാസത്തോളമായി ആശുപത്രി വെന്‍റിലേറ്ററിലും വി.എസ് ജീവിച്ചു. എന്നാല്‍ മരണത്തിനു കീഴടങ്ങിക്കൊടുക്കില്ല ഈ സമരയോഗി എന്ന് ജനങ്ങള്‍ വിശ്വസിച്ചു. കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ ആ മരണവാര്‍ത്ത കേട്ട എല്ലാവരിലും മ്ലാനത പടര്‍ന്നു. അതിനുള്ള മുഖ്യകാരണം രണ്ടാണ്. ഒന്ന്, അദ്ദേഹം സാക്ഷിയായ കാലഘട്ടവും ഏറ്റെടുത്തു വിജയിപ്പിച്ച ജനകീയ സമരങ്ങളും. രണ്ട്, നാടിനെ നവീകരിച്ചു നിലനിര്‍ത്താന്‍ കാണിച്ച ശ്രദ്ധ സ്വന്തം ശാരീരികാരോഗ്യത്തിലുംഅദ്ദേഹം കാണിച്ചു. ഇതൊരു മഹാദ്ഭുതമാണ്. എല്ലാ രീതിയിലും വി.എസ് ഒരു കണിശക്കാരനായിരുന്നു. നവീന കേരളത്തിന് മാതൃകാ മനുഷ്യനാണ്. ദിനചര്യ കൊണ്ട് യോഗിയും കർമചര്യകൊണ്ട് സമരധീരനുമായിരുന്നു. ആ അന്ത്യം അക്ഷരാർഥത്തില്‍ ഒരു യുഗാന്ത്യം തന്നെ.

ഞങ്ങളുടെ തലമുറയ്ക്ക് ധാരാളം ജനനേതാക്കളെ നേരില്‍ കാണാന്‍ സാധിച്ചു. എല്ലാ കക്ഷിരാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍, അസാധാരണമായ ശ്വാസകോശ ശക്തിയോടെയും ചിരിപ്പിക്കുന്ന അംഗവിക്ഷേപങ്ങളോടെയും മിമിക്രിക്കാര്‍ അനുകരിച്ചു ഫലിപ്പിക്കാന്‍ കൊതിക്കുന്ന തരത്തിലുള്ള ഏറ്റിറക്കങ്ങള്‍ നിറഞ്ഞ പ്രസംഗ ശൈലിയിലൂടെയും അക്ഷരാർഥത്തില്‍ വി.എസ് ഇളയാടി. കിറുകൃത്യമായ ദിനചര്യയായിരുന്നു ഈ വിധം വിരാജിക്കാന്‍ ദീര്‍ഘായുസായ വി.എസിനെ പ്രാപ്തനാക്കിയത്. രാവിലെ അഞ്ചരമണിക്കുള്ള ഉറക്കമുണരല്‍. ചിട്ടയോടെയുള്ള നടത്തം. തറയില്‍ ചമ്രം പടിഞ്ഞിരുന്നു മുടങ്ങാതെ ചെയ്ത പ്രാണായാമത്തിൽ ഊന്നിയ യോഗാഭ്യാസം. കൃത്യസമയത്തുള്ള അന്നപാനാദികള്‍. 50ാം വയസില്‍ പിടിപെട്ട തുടര്‍ച്ചയായ ചുമയും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങളും കണ്ടറിഞ്ഞ് അപ്പാടെ നിര്‍ത്തിക്കളഞ്ഞ പുകവലിയും കൊഴുപ്പേറിയ വിഭവങ്ങളും. ചായയ്ക്കും കാപ്പിക്കും പകരം സ്വീകരിച്ച ചുക്കുവെള്ളം. വി.എസില്‍ കണ്ട ഈ സവിശേഷത ആയുർവേദ പഠിതാവെന്ന നിലയില്‍ എന്നെ അങ്ങേയറ്റം അമ്പരപ്പിച്ചു. ഈ സവിശേഷതകളാണ് അദ്ദേഹത്തെ നവീന കേരളത്തിലെ ഇളംതലമുറയുടെ സമരയോഗിയാക്കിത്തീര്‍ക്കുന്നത്. സമരം ചെയ്യാന്‍ മാത്രമല്ല എങ്ങനെ ആരോഗ്യം സംരക്ഷിക്കണമെന്നും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചുതന്നു.

വി.എസിന്‍റെ കണ്ണിലും കൈയിലും കിടന്നാണ് ഐക്യകേരളം വളര്‍ന്നത്. അതു പലപ്പോഴും തളര്‍ന്നതും വി.എസ്‌ കണ്ടു. ചിട്ടപ്പടിയുള്ള പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടു തന്നെ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും അങ്ങനെ കേരളത്തിന്‍റെ മൊത്തം അധികാര സിംഹാസനങ്ങളെ പിടിച്ചുലയ്ക്കാനും പലപ്പോഴും വി.എസിനു സാധിച്ചു. എല്ലാ കൃഷിയ്ക്കുമപ്പുറമാണ് നെല്‍കൃഷിയെന്ന് വിളിച്ചറിയിക്കാന്‍ അദ്ദേഹത്തിന് പലതും വെട്ടിനിരത്തേണ്ടിവന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ആ സമരത്തിന്‍റെ പ്രസക്തി ബോധ്യപ്പെടും. കേരളം വരണ്ടുപോകാതിരിക്കാന്‍ കൂടി വയലുകള്‍ സംരക്ഷിക്കപ്പെടണമെന്ന് വെട്ടിനിരത്തല്‍ സമരം വിളംബരം ചെയ്തു. നാണ്യവിളകള്‍ നെല്ലിനു ബദല്‍വിളകളായി വന്നാലും അല്ലെങ്കില്‍ വയലുകളെല്ലാം മണിമേടകള്‍ക്ക് ഇരിപ്പിടമായാലും അവ തണ്ണീര്‍ത്തടങ്ങളല്ലാതാവും.

കേരളത്തിന്‍റെ മണ്ണില്‍ വീണ് നൂറുമേനി വിളഞ്ഞ വിത്താണ് വി.എസ്. നമ്മുടെ നാട്ടിലെ സാമൂഹ്യ ഗതിക്രമങ്ങളെ കീഴ്‌മേല്‍ മറിച്ച്, ജനാധിപത്യം ശക്തമാക്കുന്നതില്‍ അദ്ദേഹം കഠിനമായി അധ്വാനിച്ചു. രാജവാഴ്ചക്കാലത്തും തുടര്‍ന്നുവന്ന വലതുപക്ഷ പാര്‍ട്ടിയുടെ വാഴ്ചക്കാലത്തുമെല്ലാം ഒളിവിലിരിക്കാന്‍ വിധിക്കപ്പെട്ട വി.എസ് സ്വയം വായിച്ചും പഠിച്ചും ഏഴാം ക്ലാസുകാരനായ തന്നെ അറിവുള്ളവനാക്കിത്തീര്‍ത്തു. ഏതു വിഷയവും കേട്ടുപഠിക്കാനുള്ള ത്രാണി അദ്ദേഹം സ്വയം വിപുലപ്പെടുത്തി. ജനജീവിതമെന്ന മഹാകാവ്യം നിരന്തരം വായിച്ച് അതിന്മേലുള്ള നിഗൂഢതകള്‍ മനസിലാക്കി.

തന്‍റെ ഇച്ഛാശക്തിക്കൊപ്പം മഹാജനങ്ങളെ കൂടെനിര്‍ത്തുന്നതില്‍ എക്കാലത്തും അദ്ദേഹം വിജയിച്ചു.

പി. കൃഷ്ണപിള്ള, പി.ടി. പുന്നൂസ്, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയുള്ള ഏറ്റവും വലിയ നേതൃനിരയോടൊപ്പം അടരാടി വളര്‍ന്ന വി.എസിന്‍റെ കരങ്ങളിലേയ്ക്ക് ഒരു മഹാപ്രസ്ഥാനത്തിന്‍റെ ചുക്കാന്‍ വന്നുചേര്‍ന്നത് അദ്ദേഹത്തിന്‍റെ ദീര്‍ഘായുസു കൊണ്ടുകൂടിയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയപ്പോള്‍ ഇടയ്ക്കു പലപ്പോഴും കെട്ടിത്തടഞ്ഞു കിടന്ന ജനകീയ പുരോഗമന നടപടികള്‍ക്ക് ആയം നല്‍കാനും പുതിയ ഒരുണർവ് ജനങ്ങള്‍ക്ക് പകരാനും വി.എസിനു കഴിഞ്ഞു. എന്നാല്‍ ചില നടപടികള്‍ "കതിരിന്മേല്‍ വളംവയ്ക്കും പോലെ'യാണെന്ന നിശിത വിമര്‍ശനത്തിനും ഇടയാക്കി. പക്ഷേ, അദ്ദേഹം ശരിവച്ച എല്ലാ പ്രവര്‍ത്തനങ്ങളും കാലത്തിന്‍റെ കയ്യൊപ്പു വീണ് തിളക്കമുള്ളതായിത്തീര്‍ന്നു.

ലോകത്താകമാനമുണ്ടാകുന്ന ശാസ്ത്രസാങ്കേതിക വികാസത്തേയും ആശയവിനിമയ രീതിയെയും നവമുതലാളിത്തക്രമങ്ങളെയും ശരിയായ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടു തന്നെ വേണ്ട രീതിയില്‍ പ്രതിരോധിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. വര്‍ഗബോധത്തിന്‍റെ മതിലുകള്‍ തകര്‍ത്ത് മുതലാളിത്തത്തിന്‍റെ കടന്നുകയറ്റത്തിന് വഴിവെട്ടി കൊടുക്കുകയല്ല വേണ്ടതെന്ന് ഓരോ വാക്കുകൊണ്ടും വി.എസ് ഓർമിപ്പിച്ചു. അദ്ദേഹം വിശ്വസിച്ച് മുന്നോട്ടുവച്ച ദര്‍ശനം കാലഹരണപ്പെടുകയല്ല; മറിച്ച് കാലാതീതമായി തീരുകയാണുണ്ടായത്. അധ്വാന വര്‍ഗത്തോടു ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ എന്തിനെയും പരുവപ്പെടുത്തിയെടുക്കുകയാണ് വേണ്ടതെന്നും അല്ലാതെ അതിനു വഴങ്ങിക്കൊടുക്കുകയല്ല വേണ്ടതെന്നും അദ്ദേഹം നിരന്തരം ഓർമിപ്പിക്കുന്നു. ലോകത്തുണ്ടാകുന്ന ഏതു പരിവര്‍ത്തനത്തിനും ഒരു കമ്യൂണിസ്റ്റ് ബദല്‍ സാധ്യമാണെന്നും വ്യക്തികള്‍ക്ക് കോടികള്‍ കൊയ്ത് ലാഭം കുന്നുകൂട്ടി മുതലാളിമാരാകാന്‍ അവസരം കൊടുക്കുകയല്ല; പൊതുമേഖലയെ പുഷ്ടിപ്പെടുത്തി അതിനെ കളങ്കപ്പെടാതെ നിയന്ത്രിച്ച് ജനക്ഷേമത്തിന് ഉതകുംമട്ടില്‍ നിലനിര്‍ത്തുകയാണ് വേണ്ടതെന്നും അതു സാധ്യമാണെന്നും വി.എസ് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

ആരായിരുന്നു വി.എസ്? എന്ന ചോദ്യം ഇനിയും മറുപടി അര്‍ഹിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന് അവശ്യം വേണ്ടത് പ്രായോഗിക ബുദ്ധിയും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമാണ്. ഇവ രണ്ടും വി.എസില്‍ സമ്മേളിച്ചു. കാലാന്തരത്തിലൂടെ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ സമ്പൂര്‍ണനായ നേതാവായി വളരും. അല്ലെങ്കില്‍ ജനങ്ങള്‍ അങ്ങനെ വളര്‍ത്തിയെടുക്കും. അപ്പോള്‍ ആ നേതാവ് ആഗ്രഹിക്കുന്നത് ജനം കൂടെ നിന്ന്‌ നിറവേറ്റിക്കൊടുക്കും. ഇങ്ങനെയൊരു ഘട്ടത്തിലാണ് ഒരു നേതാവിന്‍റെ കാഴ്ചപ്പാടും ദീര്‍ഘദൃഷ്ടിയും കർമശക്തിയും പരിശോധിക്കാന്‍ സാധിക്കുക. വി.എസ് മുഖ്യമന്ത്രിയായപ്പോഴാണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ തലം വിട്ട് ഒരു ജനതയെ ആകമാനം ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേയ്ക്ക് അദ്ദേഹം കടന്നുചെന്നത്. കേരളത്തില്‍ അറിഞ്ഞോ അറിയാതെയോ സംഭവിച്ച എല്ലാ കാര്യങ്ങളും വിശകലന വിധേയമായി. ഇന്ന് ജീവിക്കുന്നവരെയും വരുംതലമുറകളെയും അഗാധമായി ബാധിക്കുന്ന പ്രതിലോമകരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ കണ്ണുടക്കി. നന്നാവാനും വളരാനും തടസം നില്‍ക്കുന്ന സ്വഭാവദൂഷ്യങ്ങളും ചൂഷണങ്ങളും മഹാപാപം നിറഞ്ഞ പ്രകൃതിനശീകരണങ്ങളും അധികാരത്തിന്‍റെ തണലില്‍ ചില ദ്രോഹികള്‍ ചെയ്തു കൂട്ടുന്ന പീഡനങ്ങളും മുല്ലപ്പെരിയാര്‍, കൂടംകുളം ആണവനിലയം തുടങ്ങിയുള്ള പ്രശ്‌നങ്ങളുമെല്ലാം വി.എസ് പരിഗണിച്ചു പരിഹാരം കാണാന്‍ തുടങ്ങിയപ്പോള്‍ ക്രിയാത്മകമായ അർഥത്തില്‍ അദ്ദേഹം എല്ലാ മലയാളികളുടെയും നേതാവായി.

ആ നന്ദിയും സ്‌നേഹവായ്പുണ് ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലുടനീളം നമ്മള്‍ കണ്ടത്. മതികെട്ടാന്‍മല, അരിപ്പ ഭൂസമരം, പ്ലാച്ചിമട തണ്ണീര്‍സമരം, എന്‍ഡോസൾഫാന്‍ പ്രശ്‌നം, മുല്ലപ്പെരിയാർ, മന്ത്രിമാരും കലാകാരന്മാരുമെല്ലാം പ്രതികളായ സ്ത്രീപീഡന പ്രശ്‌നങ്ങള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം ജനശ്രദ്ധ നേടി. കാള്‍ മാര്‍ക്‌സ് പറഞ്ഞു: ""പ്രകൃതിയെ നമ്മള്‍ ഏറ്റുവാങ്ങുന്നതിനേക്കാളും കൂടുതല്‍ ഭംഗിയായി വരും തലമുറയ്ക്ക് അതിന്‍റെ സ്വാഭാവികതയോടു കൂടി കൈമാറണം''. ഈ നിര്‍ദേശം പാലിച്ചുകൊണ്ട് ധീരമായ ഒഴിപ്പിക്കല്‍ നടപടികളും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും വി.എസ് നടപ്പിലാക്കി. ധനം കൊള്ളയടിച്ചു കൊണ്ടുപോകുന്ന ഓണ്‍ലൈന്‍ ലോട്ടറി പോലുള്ള നശീകരണ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം എതിര്‍ത്തു. ശക്തമായ ഈ ചെറുത്തുനില്‍പ്പുകള്‍ പലപ്പോഴും പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും കേരള ജനതയില്‍ ആവേശവും ആത്മവിശ്വാസവുമുണ്ടാക്കി. ലോകത്താകമാനം ഈ വാര്‍ത്തകള്‍ ചര്‍ച്ചയായി.

ഒരു രാഷ്‌ട്രീയ സംഘടനയ്ക്ക് താത്കാലികമായി ഉലച്ചിലുകള്‍ സംഭവിച്ചാലും മഹാജനങ്ങള്‍ ആ പാര്‍ട്ടിയോടൊപ്പം നിന്ന് അതിനെ പൂർവാധികം ശക്തിപ്പെടുത്തുമെന്ന് വി.എസ് വിശ്വസിച്ചു. അത് ശരിയാണെന്ന് തെളിയിക്കും മട്ടില്‍ ജനഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു. കണ്ണീരൊഴുക്കി ദുഃഖിക്കുന്നവര്‍ കേരളത്തിന് നഷ്ടപ്പെട്ട ഒരു കാവലാളിനെച്ചൊല്ലി ആശങ്കപ്പെടുന്നു. നെഞ്ചിലെ റോസാപ്പൂവായി അദ്ദേഹത്തെ ഉള്ളില്‍ പ്രതിഷ്ഠിക്കുന്നു.

വി.എസ് സിപിഎമ്മിന്‍റെ കെട്ടുറപ്പിന് ഇളക്കമുണ്ടാക്കിയെന്ന ആക്ഷേപം ശക്തമായിരുന്നു. എതിരാളികളുടെ കൈകളില്‍ അദ്ദേഹം പലപ്പോഴും കുടുങ്ങിപ്പോയി; അല്ലെങ്കില്‍ അവര്‍ അതിനെ മുതലെടുത്തു. പിണറായിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ വന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്ന് ഇത്രയും ഭദ്രമായി നിലനില്‍ക്കില്ലായിരുന്നു. "പിണറായി വിജയന്‍ സര്‍ക്കാരുകള്‍' നടപ്പിലാക്കിയ കാര്യങ്ങള്‍ കേരളത്തിന് വേറൊരു രീതിയില്‍ വളരെയേറെ പുരോഗതിയുണ്ടാക്കുന്നുണ്ട്. ഒന്നാലോചിച്ചാല്‍ രണ്ട് ഇടതുപക്ഷ സര്‍ക്കാരുകളും നടപ്പിലാക്കിയ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു കൊണ്ടുപോകുകയാണ് ഇനി ആവശ്യം. അടിസ്ഥാനവര്‍ഗ വികസന പദ്ധതികള്‍ തുടര്‍ന്നുകൊണ്ടു തന്നെ നവീന കേരളം ലോകത്തോടൊപ്പം വളരണം. അധ്വാനത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും സംയോജനത്തിലൂടെ പുതിയൊരു ശക്തി കൈവരുത്താനാകും. അങ്ങനെയെങ്കില്‍ വെള്ളം വേണം, വെളിച്ചം വേണം, വിത്തും വിളവും വേണം, ആരോഗ്യം വേണം, അഭിമാനം വേണം, നല്ല വിദ്യാലയങ്ങളും ആശുപത്രികളും വേണം, ആധുനിക മുന്തിയ വാഹനങ്ങളും റോഡുകളും പാലങ്ങളുമെല്ലാം വേണം. കേരളം കാത്തുകിടന്ന വികസനത്തിന്‍റെ നല്ല മാതൃക തന്നെയാണ് പിണറായി സര്‍ക്കാരുകളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. "വിത്തെടുത്തു കുത്തരുത്' എന്ന മുന്നറിയിപ്പ് പരസ്പരം കൈമാറാം. ഇളംതലമുറ സ്വന്തം ആരോഗ്യത്തിലും നാടിന്‍റെ ആരോഗ്യത്തിലും ഒരുപോലെ ശ്രദ്ധിക്കണം.

9447388170

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com