

കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ (Ashtamudi Kayal). കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു. 8 ശാഖകൾ ഉള്ള കായലായതിനാലാണ് അഷ്ടമുടി എന്ന പേര് ഈ കായലിന് വന്നത്. തേവള്ളി, കണ്ടച്ചിറ, കുരീപ്പുഴ, തെക്കുംഭാഗം, കല്ലട, മൺറോ തുരുത്ത്, പട്ടംതുരുത്ത്, നീട്ടുംതുരുത്ത് എന്നീ കായലുകളാണ് ആ എട്ടു മുടികൾ. ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു എന്നാണ് രേഖകളിലുള്ളത്.
ആ കായലിനെപ്പറ്റി പഠിച്ച് ഒരു റിപ്പോർട്ട് മാർച്ച് 17ന് കേരള നിയമസഭയിൽ ഇ.കെ. വിജയൻ അധ്യക്ഷനായ പരിസ്ഥിതി സമിതി സമർപ്പിച്ചു. അത്യന്തം പ്രധാനപ്പെട്ട ഈ റിപ്പോർട്ട് സമർപ്പിച്ചത് കേരളത്തിലെ പ്രധാന മാധ്യമങ്ങൾക്ക് വാർത്തയായതേയില്ല!തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനിൽ അഷ്ടമുടിക്കായൽ കേരളത്തിലെ 5 റംസാർ സൈറ്റുകളിൽ ഒന്നാണെന്നും ഓർക്കണം.
അഷ്ടമുടിക്കായലിലെ ഉയർന്ന മലിനീകരണ നിരക്ക് നഗരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയായതിനെ തുടർന്ന് തണ്ണീർത്തട സംരക്ഷണം സംബന്ധിച്ചും കൊല്ലം കോർപ്പറേഷനിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള ഖര- ദ്രവ മാലിന്യങ്ങൾ കൊല്ലം തോട് വഴി കായലിലേക്ക് ഒഴുക്കുന്നതിനെതിരെയും കായലിന് സമീപത്തെ വീടുകളിൽ നിന്നും ഹൗസ് ബോട്ടുകളിൽ നിന്നുമുള്ള മാലിന്യ നിക്ഷേപം, മേഖലകളിലെ വൻതോതിലുള്ള കായൽ കൈയേറ്റം, മണലൂറ്റ് എന്നിവ സംബന്ധിച്ചും ഒട്ടേറെ പരാതികളാണ് ലഭിച്ചതെന്നാണ് കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി അറിയിച്ചത്.
പരാതികൾ സമിതി വിശദമായി പരിശോധിക്കുകയും അവയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് കൊല്ലം ജില്ലാ ഭരണകൂടവുമായും പരിസ്ഥിതി വകുപ്പിലെ ഉദ്യോഗസ്ഥരുമായും തെളിവെടുപ്പ് യോഗങ്ങളിൽ വിശമായി ചർച്ച ചെയ്തു. വിവരശേഖരണവും നടത്തി. അഷ്ടമുടിക്കായലും മാലിന്യ നിക്ഷേപ പ്രദേശങ്ങളായ കെഎസ്ആർടിസി സ്റ്റാൻഡിനു മുൻഭാഗം, കുരീപ്പുഴ ഡിപ്പോ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളും സമിതി അംഗങ്ങൾ സന്ദർശിച്ചു. ഈ വിവരശേഖരണ ഫലമായി സമിതി കണ്ടെത്തിയ വസ്തുതകളുടെയും എത്തിച്ചേർന്ന നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയതാണ് റിപ്പോർട്ട്.
അഷ്ടമുടിക്കായലിന്റെ സമീപ പ്രദേശങ്ങളെ കായൽ ജലത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി വിവിധ ശ്രേണികളായി തരംതിരിക്കുകയും ഈ വിവരങ്ങൾ പ്രതിമാസം ജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്ന് സമിതി ശുപാർശ ചെയ്തു. മഴക്കാലത്തിന് മുൻപ്, മഴക്കാലം, മഴക്കാലശേഷം എന്നീ 3 കാലയളവിലെയും കായൽ ജലത്തിന്റെ ഗുണനിലവാരം വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി താരതമ്യം ചെയ്ത് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് സമിതിയുടെ മറ്റൊരു ശുപാർശ .
അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മേൽനോട്ടത്തിനുമായി അഷ്ടമുടി വെറ്റ് ലാൻഡ് മാനെജ്മെന്റ് അഥോറിറ്റി രൂപികരിക്കണമെന്നും കായൽ സംരക്ഷണ പദ്ധതികൾക്കായി വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി മാസം തോറും വിലയിരുത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. കായൽ മേഖലയിലെ സ്വാഭാവിക ആവാസ വ്യവസ്ഥക്ക് കോട്ടം വരുന്ന സാഹചര്യങ്ങൾ പരിശോധിച്ച് അവ പരിഹരിക്കുന്നതിനി ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
നമ്മുടെ ഏറ്റവും പ്രധാന പ്രശ്നം ജലസ്രോതസുകൾ കുപ്പത്തൊട്ടികളോ കക്കൂസ് മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നതിനുള്ള ഇടങ്ങളോ ആണെന്നത് പൊതുബോധമായി മാറിക്കഴിഞ്ഞു. കൈത്തോടു മുതൽ വലിയ കായൽ വരെ മാലിന്യ നിർമാർജനത്തിന് ഒരുമടിയും മറയുമില്ലാതെ ഉപയോഗിക്കുന്ന രീതി സംസ്ഥാനത്തുണ്ട്. അതുകൊണ്ടു തന്നെ ഒരു കാലത്ത് കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന പ്രധാനപ്പെട്ട തോടുകളും കായലുകളും മാലിന്യവാഹികളായി ദുർഗന്ധപൂരിതയായി ഒഴുകുന്നത് മലയാളിയെ അസ്വസ്ഥമാക്കുന്നേയില്ല!
ഗാർഹിക - അറവുശാല - ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ കായലിൽ തള്ളുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി രാത്രികാല പട്രോളിങ് ഏർപ്പെടുത്തണമെന്ന് നിയമസഭാ സമിതിയ്ക്ക് ശുപാർശ ചെയ്യേണ്ടിവന്നതിന്റെ കാരണം മറ്റൊന്നല്ല. അഷ്ടമുടിക്കായലിലേയ്ക്ക് തുറന്നുവച്ചിരിക്കുന്ന സ്വീവേജ് പൈപ്പുകൾ മാറ്റി ഈ ഭാഗങ്ങളിൽ പോർട്ടബിൾ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കണമെന്നും സമിതി നിർദേശിക്കുന്നു. സ്വന്തം വീട്ടകം മാത്രം വൃത്തിയായി സൂക്ഷിക്കുന്ന മലയാളിക്ക് കക്കൂസ് മാലിന്യംപോലും പൊതു ജല സ്രോതസിലേക്കു തുറന്നുവിടാൻ ഒരു മടിയുമില്ല!അതുകൊണ്ട് അഷ്ടമുടിക്കായലിലെ കോളിഫോം ബാക്റ്റീരിയയുടെ അളവ്, ഓക്സിജൻ ലെവൽ തുടങ്ങിയവ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനാവശ്യമായ നടപടികൾ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കണമെന്നും സമിതി അഭ്യർഥിച്ചിട്ടുണ്ട്.
ഭാരതപ്പുഴ ഭാരതപ്പൂഴിയായി മാറി എന്നായിരുന്നല്ലോ ഒരു കാലത്തെ ഏറ്റവും വലിയ വിമർശനം. കേരളത്തിലെ നദികളിലെ ഒരു നിയന്ത്രണവുമില്ലാത്ത മണലെടുപ്പ് നദികളുടെ ആസന്ന മരണത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്നത് പുതിയ കാര്യമൊന്നുമില്ല. ഇപ്പോഴും പണവും സ്വാധീനവുമുള്ളവർക്കു മുന്നിൽ നിയമം കവാത്ത് മറന്നു നിൽക്കുന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. അഷ്ടമുടിക്കായലും ശാസ്താംകോട്ട ശുദ്ധജല തടാകവും ദിവസേന ഇല്ലാതാവുന്നതും നമുക്കു മുന്നിലുള്ള സങ്കടക്കാഴ്ചയാണ്. അതിനെ വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യാം എന്ന് ഇനിയും ആലോചിക്കാൻ ഉത്തരവാദപ്പെട്ടവർക്കൊന്നും ഇതുവരെ സമയം കിട്ടിയിട്ടില്ല.
കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നത് അഷ്ടമുടിക്കായലിലാണ്. 1988 ജൂലൈ 8ന് നടന്ന ഈ ദുരന്തത്തിൽ 107 പേരാണ് മരിച്ചത്. ഈ രീതിയിൽ അഷ്ടമുടിക്കായലിനെ കൊല്ലാൻ വിട്ടാൽ അത് പെരുമണിനേക്കാൾ വലിയ ദുരന്തമായി മാറും.
"അഷ്ടമുടിക്കായൽ'എന്ന പേരിൽ കെ.പി. പിള്ള സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ സിനിമയിൽ ശ്രീകുമാരൻ തമ്പിയുടെ രചനയ്ക്ക് വി. ദക്ഷിണാമൂർത്തി ഈണമിട്ട് യേശുദാസ് പാടിയ വരികൾ:
"കാറ്റടിച്ചാൽ കലിയിളകും
അഷ്ടമുടിക്കായൽ
കാറ്റു നിന്നാൽ ഗാനം മൂളും
അഷ്ടമുടിക്കായൽ
കൈതപ്പൂ മണമലിയും
കായലിലെയോളം'
ചങ്ങമ്പുഴയുടെ "രമണ'നു ശേഷം, മലയാളത്തിൽ ഏറ്റവും വായിക്കപ്പെട്ടതും ചൊല്ലപ്പെട്ടതുമായ പ്രേമകാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന "റാണി' എഴുതിയത് അഷ്ടമുടിയുടെ പുത്രനായ തിരുനല്ലൂർ കരുണാകരനാണ്. അഷ്ടമുടിക്കായലാണ് ഈ കൃതിയുടെ പശ്ചാത്തലം.
"റാണി'യിലെ നായകൻ പറയുന്നു:
"കായലിനക്കരെ പ്പച്ചപ്പടർപ്പിലെ-
ക്കാനനമുല്ലകൾ പൂത്തു'.
അതിന് റാണിയുടെ മറുമൊഴി:
"ഓമനക്കാറ്റിനു കിക്കിളിചേർക്കുമ-
പ്പൂമണമേറ്റു ഞാൻ തോറ്റു'.
അഷ്ടമുടിക്കായലിൽ വീശുന്ന കാറ്റിന് ഇനി എന്നെങ്കിലും പൂമണമുണ്ടാവുമോ?