John Kuriakose and family

ജോൺ കുര്യാക്കോസും കുടുംബവും

file photo 

"കേരളം പോലെ വ്യവസായങ്ങൾക്ക് അനുയോജ്യമായ മറ്റൊരു സംസ്ഥാനമില്ല': ജോൺ കുര്യാക്കോസിന്‍റെ അശ്വമേധം - Part 5

പണിമുടക്കുകളോ യൂണിയനിസമോ തൊട്ടു തീണ്ടാത്ത സ്ഥാപനമാണ് ഡെന്‍റ് കെയർ. ഇവിടെ എൺപതു ശതമാനം ജീവനക്കാരും സ്ത്രീകളാണ്.
Published on

റീന വർഗീസ് കണ്ണിമല

നാളിതു വരെ കേരളം വ്യവസായ സൗഹൃദമാണെന്ന് കേട്ടിട്ടില്ല. അതിനൊരു അപവാദമാണ് ഡെന്‍റ് കെയർ സിഎംഡി. അദ്ദേഹം ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു-"കേരളം പോലെ വ്യവസായങ്ങൾക്ക് അനുയോജ്യമായ മറ്റൊരു സംസ്ഥാനമില്ല'

മലയാളികൾ കഠിനാധ്വാനികളും ആത്മാർഥതയുള്ളവരുമാണ്. ആ സ്വഭാവം കൊണ്ടു തന്നെ ബിസിനസുകൾ സ്ഥാപിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

പണിമുടക്കുകളോ യൂണിയനിസമോ തൊട്ടു തീണ്ടാത്ത സ്ഥാപനമാണ് ഡെന്‍റ് കെയർ. ഇവിടെ എൺപതു ശതമാനം ജീവനക്കാരും സ്ത്രീകളാണ്.

രാഷ്ട്രീയ നേതാക്കൾ ആരു തന്നെ സന്ദർശിച്ചാലും നിഷ്പക്ഷ നിലപാട് എടുക്കുന്ന ഡെന്‍റ് കെയർ സിഎംഡി. ആദ്യ കാലങ്ങളിൽ കേരളത്തിലെ വ്യവസായ മേഖല ഒട്ടും വ്യവസായ സൗഹൃദമായിരുന്നില്ലെങ്കിലും ഇപ്പോൾ കേരളത്തിന്‍റെ വ്യവസായ മന്ത്രി രാജീവ് സാറൊക്കെ വൻ പ്രോത്സാഹനമാണ് വ്യവസായികൾക്കു നൽകുന്നതെന്നു പറയുന്നു ജോൺ കുര്യാക്കോസ്.

ആഗോള തലത്തിൽ ലഭ്യമായ ഒട്ടു മിക്ക ദന്തചികിത്സാ ഉൽപന്നങ്ങളും ഡെന്‍റ് കെയർ ഇപ്പോൾ നിർമിക്കുന്നു. ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം

ഡെന്‍റൽ ലാബുകളുണ്ട്. ഏറെ മത്സരാധിഷ്ഠിതമായിട്ടും ഡെന്‍റ് കെയർ അന്താരാഷ്ട്ര തലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയതിനു  പിന്നിൽ ഉന്നത ഗുണനിലവാരം തന്നെ. അതിനുദാഹരണമാണ് ഈ കമ്പനിയ്ക്കുള്ള സർട്ടിഫിക്കേഷനുകൾ. ചുരുക്കം ചില ഡെന്‍റൽ ലാബുകൾക്കു മാത്രം ലഭിച്ചിട്ടുള്ളതും അത്യാവശ്യ ഘടകവുമായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(CDSCO) .

"സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഇന്ത്യയിൽ ആദ്യമായി നേടിയത് ഡെന്‍റ് കെയർ ആണ്. കൂടാതെ ഒന്നിലധികം ISO  സർട്ടിഫിക്കേഷനുകൾ, US FDA, FDA 510 (k) ക്ലിയറൻസുകൾ എല്ലാം ഡെന്‍റ് കെയറിനു  സ്വന്തം. ഇന്ത്യയിൽ ദന്ത ചികിത്സയിൽ ISO സർട്ടിഫിക്കേഷൻ ആദ്യം അവതരിപ്പിച്ചത് ഞങ്ങളാണ് "

അതു പറയുമ്പോൾ ജോൺ കുര്യാക്കോസിന്‍റെ മുഖത്ത് അഭിമാനം. ഇന്ന് ഡെന്‍റ് കെയറിനെ കടത്തി വെട്ടാൻ ഒരൊറ്റ സ്ഥാപനം മാത്രം- അമെരിക്കയിലെ ഗ്ലൈഡ് വെൽ.

2030 ആകുമ്പോഴേയ്ക്കും ലോകത്തിലെ ഒന്നാമത്തെ ഡെന്‍റൽ ലാബാക്കി ഡെന്‍റ് കെയറിനെ വളർത്തുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം '

വിദേശ രാജ്യങ്ങളിൽ ഡെന്‍റൽ ലാബുകൾ ഏറ്റെടുക്കുന്നതിലും ഡെന്‍റ് കെയർ ഇപ്പോൾ ശ്രദ്ധിക്കുന്നു. അതൊക്കെ നോക്കുന്നത് ജോൺ കുര്യാക്കോസിന്‍റെ രണ്ടാമത്തെ മകൻ ജോയലാണ്.മൂത്ത മകൻ ഡോ.ജോഷ്വ ഡെന്‍റ് കെയറിന്‍റെ കേരളത്തിലെ ഡയറക്റ്റർമാരിലൊരാളാണ്. ഇളയവരായ ജോബും ജോനാഥനും വിദ്യാർഥികളാണ്. എല്ലാവരും  ദന്തമേഖലയിലേയ്ക്കു തന്നെ.

വെല്ലുവിളികൾക്കു മുമ്പിൽ സംയമനത്തോടെ:

ഇന്ത്യയിലേയ്ക്ക് ആദ്യമായി ദന്തചികിത്സാ ഉൽപന്ന നിർമിതിക്കായി ഒരു കാസ്റ്റിങ് മെഷീൻ കൊണ്ടു വന്ന  ഈ ദീർഘദർശി അന്ന് അതിന് ഇറക്കുമതി തീരുവ അടയ്ക്കേണ്ടി വന്നത് 200 ശതമാനം ആണ്. കേവലം പതിനഞ്ചു ശതമാനം മാത്രമുള്ള സബ്സിഡിക്കു വേണ്ടി എറണാകുളത്തുള്ള റീജിയണൽ ഇൻഡസ്ട്രിയൽ ഓഫീസിലേയ്ക്ക് മൂവാറ്റുപുഴയിൽ നിന്നു പോകേണ്ടി വന്നത് പതിനാലു തവണ. എന്നിട്ടും അത് ലഭിച്ചില്ല. ബാങ്കിങ് ഇടപാടിലൂടെ ജർമൻ നിർമാതാവിനു നേരിട്ട് പണം അടച്ച രേഖകൾ തെളിവായിട്ടു പോലും ക്രമക്കേട് സംശയിച്ച് ഏഴെട്ടു മാസം വൈകിപ്പിക്കാനാണ് അന്നത്തെ വ്യവസായ വകുപ്പ് ശ്രമിച്ചത്. ട്രേഡ് യൂണിയൻ പ്രശ്നങ്ങളായിരുന്നു ഞങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. "എട്ടു ലക്ഷത്തിനടുത്തു വിലയുള്ള അക്കാലത്തെ ഏറ്റവും മുന്തിയ ജർമൻ കാസ്റ്റിങ് മെഷീൻ മൂവാറ്റുപുഴയെത്തിയപ്പോൾ പതിവു പോലെ നോക്കു കൂലിക്കാരെത്തി- അതിഭീമമായ തുകയാണ് ആ മെഷീൻ ഇറക്കാൻ അവർ ആവശ്യപ്പെട്ടത്. "

 തീയിൽ കുരുത്തവന് ഇതൊക്കെ എന്ത്...? ജോണും സഹോദരങ്ങളും ബന്ധുക്കളും കൂടി ആ മെഷീൻ ഇറക്കി.

നിലവിൽ 4350ൽ താഴെ ജീവനക്കാരാണ് ഡെന്‍റ് കെയറിന് ഉള്ളത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് ആവർത്തിക്കുന്ന ജോൺ കുര്യാക്കോസ് ഒരു കാര്യം ഉറപ്പിച്ചു പറയുന്നു:

"സംസ്ഥാനത്തെ സൗകര്യങ്ങളെല്ലാം എല്ലാവർക്കും ഒരുപോലെയാണ്. പല സ്വഭാവക്കാരായ മനുഷ്യരുൾപ്പെട്ട വിവിധ പ്രശ്നങ്ങളുണ്ടാകാവുന്ന ഒരേ സാഹചര്യമാണ് എല്ലാവർക്കുമുള്ളത്. 38 വർഷത്തെ എന്‍റെ ബിസിനസ് അനുഭവ പശ്ചാത്തലത്തിൽ നിന്നു കൊണ്ടു പറയട്ടെ, പ്രശ്നങ്ങളെ എങ്ങനെ നോക്കിക്കാണുന്നു, എങ്ങനെ അഭിമുഖീകരിക്കുന്നു, എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. പ്രശ്നങ്ങളെ നേരിടുന്നതിനെ കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

 "എല്ലാവരെയും സ്നേഹിക്കുക, എല്ലാ മനുഷ്യരും തുല്യരാണ് എന്ന ചിന്താഗതി വരുമ്പോൾ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.ശ്രീനാരായണ ഗുരുവും അതല്ലേ പറഞ്ഞത്..

 "ഏതാണാ ജാതി-മനുഷ്യ ജാതി, ഏതാണാ മതം-മനുഷ്യ മതം, ഏതാണാ ദൈവം- ഗോഡ് ഈസ് ലവ് ,ദൈവം സ്നേഹമാകുന്നു."

"ഞാൻ ക്രിസ്തു ഭക്തനാണ്. പക്ഷേ, ഞാൻ എല്ലാവരെയും ആദരിക്കുന്നു. ഞാൻ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു പ്രശ്നം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുമോ… ഇല്ലല്ലോ…അതാണ്. സ്നേഹമുള്ളിടത്ത് പ്രശ്നങ്ങൾ ഉണ്ടാകില്ല."

  "ആരെങ്കിലും നമ്മുടെ അടുത്ത് എന്തെങ്കിലും ആവശ്യങ്ങളുമായി വരുമ്പോൾ സംയമനത്തോടെ അവരുടെ ഭാഗത്തു നിന്നു കൂടി നമ്മൾ ചിന്തിക്കണം. അല്ലാതെ എടുത്തു ചാടി ആൾബലമോ സാമ്പത്തിക സ്വാധീനമോ ഉപയോഗിച്ച് അവരെ കേൾക്കാതെ ഒതുക്കുകയല്ല വേണ്ടത്.'

 "ഒരിക്കൽ ഇവിടെ കുറച്ച് അയൽക്കാർ ഡെന്‍റ് കെയറിൽ നിന്നുവലിയ ശബ്ദമാണ് എന്നു പറഞ്ഞ് പരാതിയുമായി ഇവിടെയെത്തി. കോവിഡിനു ശേഷമുള്ള സമയമായിരുന്നു അത്. അപ്പോൾ ഞാൻ അവരോട് കോപിക്കുകയല്ല, മറിച്ച് നമ്മുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ, അവിടെ കൊടുക്കേണ്ട അക്വിസ്റ്റിക് സിസ്റ്റം , സൗണ്ട് പ്രൂഫ് സിസ്റ്റം കൃത്യമായി വർക്ക് ചെയ്യുന്നുണ്ടോ , ഇവിടെ നിന്ന് എത്ര ഡെസിമൽ ശബ്ദം പുറത്തു പോകാൻ അനുമതിയുണ്ട് എന്നിവയെല്ലാം ടെസ്റ്റ് ചെയ്യിച്ചു. നോക്കിയപ്പോൾ ഒന്നു രണ്ട് മെഷീനുകൾക്ക്  ആ പ്രശ്നമുണ്ട്. ഞാൻ വളരെ വേഗം അത് ശരിയാക്കിച്ചു. അതോടെ അവരുടെ പ്രശ്നം തീർന്നു.'

ദൈവം കരുതലായി കൂടെയുള്ളവനെ ആർക്കാണു പരാജയപ്പെടുത്താൻ ആവുക?

"മറ്റൊരിക്കൽ 97 പേരടങ്ങുന്ന ഒരു സംഘം ജാഥയായി വന്നു. ഡെന്‍റ് കെയറിൽ നിന്ന് മലം ഒഴുക്കി വിടുന്നു എന്നതായിരുന്നു അവരുടെ പരാതി. യഥാർഥത്തിൽ നാലര കോടി മുടക്കി നമ്മള് എസ് റ്റി പി (സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്) ചെയ്തിരിക്കുന്നു.  ഇവിടെ അണ്ടർ ഗ്രൗണ്ടിലുള്ള ഞങ്ങളുടെ ക്യാന്‍റീനിലെ കൈ കഴുകുന്ന വെള്ളം പോലും ഏറ്റവും മുകളിലുള്ള എസ് റ്റി പി ടാങ്കിൽ അടിച്ചു കയറ്റി ശുദ്ധീകരിച്ച് അത് ഫ്ലഷ് ടാങ്കിൽ ഉപയോഗിക്കുന്നു. ബാക്കി വരുന്ന വെള്ളം ഡെന്‍റ് കെയറിന് എതിരെയുള്ള എന്‍റെ വീട്ടിൽ നനയ്ക്കാൻ ഉപയോഗിക്കുന്നു. ഞാൻ പത്രങ്ങളിൽ പ്രസ്താവന കൊടുത്തു. ആർക്കു വേണമെങ്കിലും ഇവിടെ വന്ന് കുത്തിപ്പൊളിച്ചു നോക്കാം. എന്‍റെ സ്ഥാപനത്തിൽ വരുന്നതിനു പകരം ഒരു മാസക്കാലം കൂടി അവരതു പറഞ്ഞു നടന്നു. പിന്നീട് ചിലർ ഇവിടെ വന്നു. ഇവിടുത്തെ സ്വീവേജ് പ്ലാന്‍റ് സിസ്റ്റം ഒക്കെ കണ്ട് അവരുടെ കണ്ണു നിറഞ്ഞു. എല്ലാ സ്ഥലങ്ങളിലുമുണ്ട് ഈ പ്രശ്നം. നമുക്കൊന്നേ ചെയ്യാനുള്ളു, എല്ലാം കൃത്യതയോടെ ക്ലിയറായി ചെയ്യുക. എല്ലാ കാര്യങ്ങളും ട്രാൻസ്പെരന്‍റ് ആയിട്ടാണ് ചെയ്യുന്നതെങ്കിൽ കുഴപ്പമുണ്ടാകില്ല.'

ഈ വിവേകമാണ് ഡെന്‍റ് കെയറിന്‍റെ വളർച്ചയുടെ വളവും പ്രകാശവും. അതാകട്ടെ ദൈവാത്മാവിനാൽ പ്രേരിതവും.

Satisfied employees

സംതൃപ്തരായ ജീവനക്കാർ 

ഫയൽ ചിത്രം

ജീവനക്കാർക്ക് കണ്ടറിഞ്ഞ് വേണ്ടതു ചെയ്യുന്ന ഡെൻറ് കെയറിൽ കയറിച്ചെന്നാൽ ഒന്നു മനസിലാകും. അവിടുത്തെ ഓരോ ജീവനക്കാരുടെയും മുഖത്ത് തെളിഞ്ഞു പ്രകാശിക്കുന്ന സംതൃപ്തിയുടെ തിളക്കം. അതിൽ നിന്നു തന്നെ ഒന്നു വ്യക്തം, സാധാരണ കമ്പനികളിലുള്ള പണിമുടക്കുകളോ യൂണിയനിസമോ ഇവിടെയില്ല.

ഒരു കാലത്ത് സ്കൂളിൽ പോകാൻ എസ് ടി പൈസയായി പത്തു പൈസ പോലും എടുക്കാനില്ലാതെ വിശന്നൊട്ടിയ വയറുമായി ആറേഴു കിലോമീറ്റർ കരഞ്ഞു നടന്ന് സ്കൂളിൽ പോയ പയ്യൻ ഇന്ന് നാലായിരത്തി മുന്നൂറ്റി ഇരുപത്തഞ്ച് കുടുംബങ്ങളുടെ പ്രകാശമാകുന്നു, ആ ജീവനക്കാർക്ക് ഓഫീസിലെത്താനും തിരികെ പോകാനും നിരവധി ബസുകൾ ഡെൻറ് കെയറിൻറേതായി ഇന്ന് മൂവാറ്റുപുഴയിലും പരിസരപ്രദേശത്തും തലങ്ങും വിലങ്ങും ഓടുന്നു .

നീ ആദ്യം ദൈവത്തിൻറെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയെല്ലാം കൂട്ടിച്ചേർക്കപ്പെടും എന്ന ബൈബിൾ വാക്യം ജോണ് അനുസ്മരിക്കുന്നു....

ഒന്നുമില്ലായ്മയിൽ നിന്ന് വലിയ സ്വപ്നം കണ്ടവൻറെ വിജയത്തിനു പിന്നിൽ ദൈവമല്ലാതെ മറ്റാരുണ്ടാവാനാണ്?

“2020 ലെ കോവിഡ് പാൻഡെമിക് സമയത്ത്, ഞങ്ങൾ ഒരു വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു, പക്ഷേ 28 കോടി രൂപയുടെ വായ്പയെടുത്ത് ഞങ്ങളുടെ ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത്നൽകുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കി“.

 തന്‍റെ ജീവനക്കാരെ സ്വന്തം കുടുംബമായി കരുതുന്ന ഒരു വ്യവസായിയുടെ വാക്കുകൾ.

“മൂവാറ്റുപുഴ ട്രാൻസ്പോർട്ട് സ്റ്റാന്‍ഡിനടുത്തായി ഒന്നര ഏക്കറോളം സ്ഥലം വാങ്ങി പുതിയ കെട്ടിടം കമ്പനിക്കായി പണിയാൻ തുടങ്ങിയപ്പോഴും തടസവുമായി ഓടിയെത്തി ചിലർ- ഞാൻ കാശു കൊടുത്തു വാങ്ങിയ സ്ഥലത്തിന്‍റെ അതിർത്തിയിൽ കയ്യാല കെട്ടാനാകില്ല, എന്‍റെ പറമ്പിലേയ്ക്ക് എന്‍റെ റോഡിലൂടെ വണ്ടി കയറ്റാനാകില്ല, ടയർ വെട്ടിപ്പൊളിക്കും എന്നൊക്കെയായിരുന്നു ഭീഷണി“.

“ഞാനവിടെയെത്തി അവരോടു പറഞ്ഞു- "നിങ്ങൾ ആദ്യം എന്നെ വെട്ടുക, അതു കഴിഞ്ഞു മതി ലോറി ഡ്രൈവറെയും ടയറും വെട്ടിപ്പൊളിക്കുന്നത്. എന്താ നിങ്ങളുടെ പ്രശ്നം? ഞാനാണ് ഈ സ്ഥലം വാങ്ങിയത്. ഇവിടെ ഞാൻ കമ്പനി പണിതുയർത്തുകയും ചെയ്യും. “

"കമ്പനിക്കായി മാർബിൾ വന്നപ്പോഴും ട്രേഡ് യൂണിയൻകാർ പ്രശ്നവുമായി എത്തി.  ഞങ്ങൾ ഉറച്ചുനിന്നു, കോടതി ഉത്തരവ് നേടി, ഒടുവിൽ ട്രേഡ് യൂണിയൻകാർ മാന്യമായ കൂലിക്ക് അത് ഇറക്കി തന്നു. ഇന്ന്  എല്ലാ ട്രേഡ് യൂണിയനുകളുമായും നല്ല ബന്ധത്തിലാണ് ഡെന്‍റ് കെയർ. '

എന്നാൽ, കർണാടക, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം താരതമ്യേന മികച്ചതാണെന്നും അദ്ദേഹം പറയുന്നു.

കൂർക്കം വലിക്കുന്നവർക്ക് ആശ്വാസമേകാനും ഡെന്‍റ് കെയർ മുന്നിലുണ്ട്. ഡ്രീം-വെന്‍റ് എന്ന ഡെന്‍റ് കെയറിന്‍റെ സ്വന്തം ഉൽപന്നം. ഈ ഉൽപന്നം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിപണിയിൽ വൻ ഡിമാന്‍റാണ് നേടിയത്. ഇന്ത്യയിൽ ആദ്യമായി കൃത്രിമ ദന്ത നിർമാണ രംഗത്ത് സെറാമിക്കിനുള്ള വിപുലമായ സാധ്യത ബ്രാൻഡഡ് ക്രൗൺ ആൻഡ് ബ്രിഡ്ജ്- ”ഡെന്‍റ് കെയർ നോവ” എന്ന പ്രോഡക്റ്റിലൂടെ അവതരിപ്പിച്ചതും ജോൺ കുര്യാക്കോസ് തന്നെ. ഡയറക്റ്റ് മെറ്റൽ ലേസർ സിന്‍ററിങ് (ഡിഎംഎൽഎസ്) എന്ന സാങ്കേതിക വിദ്യ ഇന്ത്യക്കാരെ പരിചയപ്പെടുത്തിയതും ജോൺ കുര്യാക്കോസിന്‍റെ പ്രതിബദ്ധത തന്നെ.

ജർമൻ മെഷീനുകളിൽ നിരമിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന തങ്ങളുടെ ഉപയോക്താക്കൾക്ക് യാതൊരു അസൗകര്യവും ഉണ്ടാകാതിരിക്കാൻ അഞ്ചു കോടി വില വരുന്ന അഞ്ചു ജർമൻ മെഷീനുകളാണ് അദ്ദേഹം തന്‍റെ കമ്പനിയിൽ ക്രമീകരിച്ചത്. സർവീസിനായി ജർമനിയിൽ നിന്നും സാങ്കേതിക വിദഗ്ധർ എത്താനനുള്ള കാല താമസം ഒഴിവാക്കാൻ ആയിരുന്നു ഇത്.

ജനകീയ ഉത്പന്നങ്ങളുടെ നിർമാതാവ്

നിലവിൽ ഡെന്‍റ് കെയറിന്‍റെ ജനകീയ ഉൽപന്നങ്ങളാണ് ഡെന്‍റ് കെയർ ഫ്ലക്സ്, ബിപിഎസ് ഡെഞ്ച്വർ, കാസ്റ്റ് പാർഷ്യൽ ഡെഞ്ച്വർ, ഡെന്‍റ് കെയർ അക്രിലിക് പ്ലസ്/ഇംപാക്റ്റ്/ഇൻജെക്റ്റ്/ഇൻജെക്റ്റ് പ്രോ  എന്നിവയെല്ലാം.

2014ലാണ് ഡെന്‍റ് കെയർ തങ്ങളുടെ ഉപയോക്താക്കൾക്കായി ലോഹമുക്തമായതും മനുഷ്യ ശരീരത്തിൽ വച്ച് ഏറ്റവും സുരക്ഷിതവും റേഡിയേഷൻ സാധ്യത ഒരു ശതമാനം പോലും ഉണ്ടാകാത്തതുമായ മെഡിക്കൽ ഗ്രേഡ് സിർക്കോണിയ പൗഡർ കൊണ്ടുള്ള സിർക്കോണിയ ഫലകം ഉപയോഗിക്കാൻ തുടങ്ങിയത്. അതോടെ ’ഡെന്‍റ് കെയർ സിർക്കോണിയ’ എന്ന ലോഹമുക്ത ഉൽപന്നം ഡോക്റ്റർമാരോടു ചോദിച്ചു വാങ്ങുന്ന ജനകീയ ബ്രാൻഡ് ആയി ലോകമെങ്ങും പ്രചരിച്ചു. “ഡെന്‍റ് കെയർ സിർക്കോണിയ ’ആറു തരത്തിൽ ലഭ്യമാണ് ഇന്ന്. അന്താരാഷ്ട്ര തലത്തിൽ മറ്റു പല കമ്പനികളും തങ്ങളുടെ ബ്രാൻഡിൽ ലഭ്യമായ പല സിർക്കോണിയ ബ്ലോക്കുകൾ അവതരിപ്പിച്ചെങ്കിലും ഗുണനിലവാരത്തിൽ ജോൺ കുര്യാക്കോസിന്‍റെ “ഡെന്‍റ് കെയർ സിർക്കോണിയ’  യ്ക്കു മുമ്പിൽ പരാജയപ്പെട്ടു. യഥാർഥ വ്യവസായമെന്നാൽ ഗുണമേൻമയിൽ വിട്ടുവീഴ്ചയില്ലാത്ത ഉൽപന്നങ്ങൾ ഉപയോക്താക്കൾക്കു നൽകുക എന്നതാണ് ജോൺ കുര്യാക്കോസിന്‍റെ തത്വം. അതു തന്നെയാണ് ഡെന്‍റ് കെയറിനെ ആഗോള തലത്തിൽ ജനപ്രിയമാക്കുന്നതും.

 2030 ആകുമ്പോഴേയ്ക്കും ഇന്ത്യയിൽ എമ്പാടും സാറ്റലൈറ്റ് യൂണിറ്റുകൾ, നിലവിലുള്ള ആറെണ്ണം കൂടാതെ ഇരുപത്തി നാലെണ്ണം കൂടി സ്ഥാപിക്കുക, അങ്ങനെ ഇന്ത്യക്കാരുടെ പുഞ്ചിരി കൂടുതൽ മനോഹരമാക്കുന്നതിന് വേണ്ടതെല്ലാംഅതിവേഗം സാധ്യമാക്കുക എന്നതാണ് ഒരു ലക്ഷ്യം.

 അതേ, ജോൺ കുര്യാക്കോസിന്‍റെ അശ്വമേധം തുടരുകയാണ് ...തലമുറകളിലേയ്ക്ക് ...വില്യം കോൾഗേറ്റിനെപ്പോലെ... 

(അവസാനിച്ചു)

logo
Metro Vaartha
www.metrovaartha.com