സിപിഎമ്മിന്‍റെ അടിസ്ഥാന വോട്ടും ചോർന്നു; കാരണമിതാണ്

കഴിഞ്ഞ എൽഡിഎഫ് സർക്കാർ അന്യാദൃശ്യമായ രീതിയിലാണ് മേൽപ്പറഞ്ഞവരുടെ ക്ഷേമാനുകൂല്യങ്ങളിൽ വർധനവ് വരുത്തിയത്
thomas isaac about cpm votes
Thomas IsaacThomas Isaac - file

ഡോ. എം. തോമസ് ഐസക്

(സിപിഎം കേന്ദ്ര കമ്മിറ്റി അംഗം)

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ച 33.5 ശതമാനം വോട്ട് കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിൽ ഏറ്റവും താഴ്ന്നതാണ്. എൽഡിഎഫിനു കിട്ടുന്ന വോട്ടിൽ ഒരു ഭാഗം ഫ്ലോട്ടിങ് വോട്ടാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അത്തരം വോട്ടുകൾ യുഡിഎഫിലേക്ക് മാറുന്നു. എന്നാൽ ഇത്തവണ വോട്ടിൽ ഉണ്ടായിരിക്കുന്ന കുറവ് ഇതുകൊണ്ടു മാത്രം വിശദീകരിക്കാനാവില്ല. സിപിഎമ്മിന്‍റെ അടിസ്ഥാന വോട്ടിൽ നിന്നും ചോർച്ച ഉണ്ടായിട്ടുണ്ട്. ഇതാണ് ഗൗരവമായ പ്രശ്നം.

സിപിഎമ്മിന്‍റെ അടിത്തറ എന്താണ്? കർഷകത്തൊഴിലാളികൾ, മറ്റു കൂലിവേലക്കാർ, ചെറുകിട ഉത്പാദകർ, പാവപ്പെട്ട കൃഷിക്കാർ, സംഘടിത മേഖലയിലെ തൊഴിലാളികളിലും ജീവനക്കാരിലും ഗണ്യമായ ഒരു വിഭാഗം. എൽഡിഎഫിന് ലഭിക്കുന്ന വോട്ടിന്‍റെ 70 ശതമാനത്തിലേറെ ഏറ്റവും പാവപ്പെട്ട 50 ശതമാനത്തിൽ നിന്ന് ലഭിക്കുന്നതാണ്. ഇവരുടെ വോട്ടിൽ ചോർച്ചയുണ്ടായി. എന്താണ് ഇവരുടെ അതൃപ്തിക്കു കാരണം?

കഴിഞ്ഞ എൽഡിഎഫ് സർക്കാർ അന്യാദൃശ്യമായ രീതിയിലാണ് മേൽപ്പറഞ്ഞവരുടെ ക്ഷേമാനുകൂല്യങ്ങളിൽ വർധനവ് വരുത്തിയത്. ക്ഷേമ പെൻഷനുകൾ 500 രൂപയിൽ നിന്ന് 1,600 രൂപയായും ഗുണഭോക്താക്കളുടെ എണ്ണം 32 ലക്ഷത്തിൽ നിന്ന് 62 ലക്ഷമായും ഉയർത്തി. കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം 75 ലക്ഷമാണ്. ഇവരിൽ 40 ലക്ഷം കുടുംബങ്ങൾക്ക് ക്ഷേമ പെൻഷന് അവകാശമുണ്ട്. എന്നുവച്ചാൽ ഇവരിൽ പകുതിയോളം കുടുംബങ്ങളിലെ രണ്ടു പേർക്ക് വീതം ക്ഷേമ പെൻഷനുകൾ ലഭിക്കുന്നുണ്ട്. സർക്കാരിൽ നിന്ന് നൽകുന്ന പണം ഈ കുടുംബങ്ങളുടെ വരുമാനത്തിന്‍റെ 40-50 ശതമാനം വരും. ഇത് ഇത്രയും ക്ഷേമ പെൻഷനുകളുടെ കാര്യം.

ഇതുപോലെ സ്കീം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ, വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുടങ്ങി ഗണ്യമായ വർധനവ് വരുത്തിയ ആനുകൂല്യങ്ങളുംകൂടി പരിഗണിക്കുമ്പോൾ പാവപ്പെട്ടവരുടെ കുടുംബ വരുമാനത്തിൽ ഗണനീയമായൊരു ഭാഗം സർക്കാർ ട്രാൻസ്ഫറുകളാണ്.

ഇവ തങ്ങളുടെ അവകാശമാണെന്നും കൃത്യമായി ലഭിക്കേണ്ടതാണെന്നുമുള്ള ബോധം പാവപ്പെട്ടവരിൽ സൃഷ്ടിച്ചത് ഇടതുപക്ഷത്തിന്‍റെ അഭിമാനകരമായ നേട്ടമാണ്. യുഡിഎഫിന് ഇക്കാര്യത്തിൽ അഭിമാനിക്കാൻ ഒന്നുമില്ല. 1,600 രൂപ പെൻഷനിൽ അവരുടെ സംഭാവന കേവലം 100 രൂപ മാത്രമാണ്. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെൻഷൻ, മറ്റു പലവിധ ആനുകൂല്യങ്ങളും ജീവനക്കാരുടെ ഡിഎയും കുടിശികയായപ്പോൾ അത് വലിയ അസംതൃപ്തി സൃഷ്ടിച്ചു. കയർ, കശുവണ്ടി, കൈത്തറി, മത്സ്യം തുടങ്ങിയ പരമ്പരാഗത മേഖലകളിലെ രൂക്ഷമായ പ്രതിസന്ധിയും ഇതിനു കാരണമായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രചാരണ കഥാപാത്രം ചട്ടിയുമായി പ്രതിഷേധിച്ച മറിയച്ചേടത്തി ആയിരുന്നു. കോൺഗ്രസിന്‍റെ പ്രചാരണ സൃഷ്ടിയായിരുന്നു അവർ. പക്ഷേ, ബിജെപി അവരെ ഏറ്റെടുത്തു. മോദിയോടൊപ്പം തൃശൂർ പ്രചാരണ റാലിയിൽ വേദിയിൽ സ്ഥാനം പിടിച്ചു. ഇതൊന്നു മാത്രം ഓർത്താൽ മതി സാമ്പത്തിക പ്രതിസന്ധി മൂലം പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കുടിശികയായത് എത്ര പ്രാധാന്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ ഉപയോഗിക്കപ്പെട്ടതെന്നു മനസിലാക്കാൻ.

കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം മൂലം സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക നില കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്‍റെ അവസ്ഥയുടെ നേർവിപരീതമാണ്. ഈയൊരു സാഹചര്യത്തിൽ കഴിഞ്ഞ കാലത്തേതു പോലെ തന്നെ വിവിധ വികസന മേഖലകളിൽ പദ്ധതികൾ ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കുടിശികയാകും. എല്ലാറ്റിനുമുള്ള പണം ഇല്ല. അപ്പോൾ പാവപ്പെട്ടവർക്കു നൽകുന്ന ആനുകൂല്യങ്ങളും മറ്റും നൽകുന്നതിനാണ് പ്രഥമ മുൻഗണന നൽകേണ്ടത്. അതു കഴിഞ്ഞുള്ള തുക കൊണ്ടു വേണം മറ്റു വികസന പദ്ധതികൾ ഏറ്റെടുക്കാൻ. ഇത്തരമൊരു തിരുത്തൽ സർക്കാരിന്‍റെ മുൻഗണനകളിൽ കൊണ്ടുവരേണ്ടി വരും.

Trending

No stories found.

Latest News

No stories found.