മാറുന്ന പേരും മറയ്ക്കുന്ന ചരിത്രവും

മോദിയെ സംബന്ധിച്ച് മുൻ സർക്കാരുകളുടെ പരാജയത്തിന്‍റെ തെളിവു മാത്രമായിരുന്നു പദ്ധതി. 'തൊഴിൽ അവകാശം' എന്ന ആശയത്തെ അപമാനിക്കുന്ന ശൈലി
Thozhilurapp name change

രാമ രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാർ ഏറ്റവും അവസാനം ചിറകുവെട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയുടേതാണ്.

Updated on

ജ്യോതിഷ് കുമാർ മലയാലപ്പുഴ

സൂര്യസാരഥിയായ അരുണന്‍റെ പുത്രനാണ് ജടായു എന്നു രാമായണം പറയുന്നു. രാമന്‍റെ പിതാവായ ദശരഥന്‍റെ പഴയ സുഹൃത്താണ് ജടായു. രാവണൻ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗമധ്യേ ജടായു സീതയെ രക്ഷിക്കാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്‍റെ ചിറകുകൾ അരിഞ്ഞു കളഞ്ഞു. ഈ ജടായുവിന്‍റെ അവസ്ഥയാണ് ഇന്ന് ഇന്ത്യയിലെ പല പദ്ധതികൾക്കും.

രാമ രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാർ ഏറ്റവും അവസാനം ചിറകുവെട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയുടേതാണ്. യുപിഎ ഭരണകാലത്ത് 2005ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 2009ൽ മഹാത്മാഗാന്ധിയുടെ പേര് ചേർത്തു പദ്ധതിക്കു പുതിയ നിയമനിർമാണം കൊണ്ടുവന്നു. ഗ്രാമങ്ങളിലെ ദാരിദ്ര്യം നിർമാർജനം, തൊഴിൽ തേടി നഗരങ്ങളിലേക്കുള്ള കുടിയേറ്റം തടയൽ, സ്ത്രീ ശാക്തീകരണം, സർക്കാർ ഖജനാവിലെ പണത്തിന്‍റെ ശാസ്ത്രീയമായ ക്രയവിക്രയ പ്രക്രിയ എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങൾ ആ പദ്ധതിക്ക് ഉണ്ടായിരുന്നു.

സാമ്പത്തിക വിദഗ്ധനായിരുന്ന ജീൻ ഡ്രസ്സലാണ് ഇക്കാര്യത്തിൽ ഭരണമുന്നണിയായ യുപിഎയുടെ അധ്യക്ഷ സോണിയ ഗാന്ധിക്ക് മാർഗനിർദേശം നൽകിയത്. എന്നാൽ മോദി സർക്കാർ വന്നതോടെ കഷ്ടകാലം തുടങ്ങി. തുടക്കത്തിൽ 6576 ബ്ലോക്കുകളിലുണ്ടായിരുന്ന പദ്ധതി 2500 ബ്ലോക്കുകളിലേക്കു ചുരുക്കി. ഘടനയും രൂപവും ഓരോ ബജറ്റ് കഴിയുന്തോറും മാറി. കേന്ദ്ര വിഹിതം കുറഞ്ഞു വന്നു. ബിജെപി സർക്കാരുകൾ നിയന്ത്രണങ്ങൾ ഓരോന്നായി കൊണ്ടുവരാൻ തുടങ്ങി. വേതനം വൈകി എന്നുമാത്രമല്ല തൊഴിൽ അവകാശമെന്ന സ്ഥിതി മാറി, ദാനവും കൃപ പദ്ധതിയുമായി. സാങ്കേതികതയുടെ പേരിൽ തൊഴിലാളികൾ പദ്ധതിക്ക് പുറത്താക്കുന്ന സാഹചര്യം വന്നു. ആധാർ ലിങ്ക്, എൻഎംഎംഎസ് ആപ്പ്, ഓൺലൈൻ ഹാജർ എല്ലാം നിർബന്ധമായി. ഗ്രാമീണ ഇന്ത്യയാണ്! ഇവിടെ എല്ലായിടത്തും നെറ്റ്‌വർക്ക് ഇല്ല. എല്ലാവർക്കും സ്മാർട്ട് ഫോൺ ഇല്ല. ഡിജിറ്റൽ സാക്ഷരത 50 ശതമാനത്തിൽ താഴെ.

2015 ഫെബ്രുവരി 28 ന് ലോക്സഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയത്തിന് മറുപടിയായി പ്രധാന മന്ത്രി പറഞ്ഞു- ''പക്ഷേ എന്‍റെ രാഷ്ട്രീയ ബുദ്ധി എന്നോട് പറയുന്നത്, ഈ പദ്ധതി ഒരിക്കലും റദ്ദാക്കരുത് എന്നതാണ്. കാരണം, എംജിഎൻആർഇജിഎസ് നിങ്ങളുടെ പരാജയങ്ങളുടെ ജീവിച്ചിരിക്കുന്ന സ്മാരകമാണ്. വർഷങ്ങളോളം രാജ്യം ഭരിച്ചിട്ടും ദരിദ്രർക്കായി നിങ്ങൾക്ക് നൽകാൻ കഴിഞ്ഞത് വർഷത്തിൽ ഏതാനും ദിവസങ്ങൾ കുഴി കുത്തുന്ന ജോലിയല്ലാതെ മറ്റൊന്നുമല്ല. അതിനാൽ ഈ പദ്ധതി തുടരും. ആവശ്യമുള്ള ശക്തി നൽകും, വേണ്ട മാറ്റങ്ങൾ വരുത്തും''.

തൊഴിലുറപ്പു പദ്ധതിയെ സാമൂഹിക സുരക്ഷാ പദ്ധതിയായി താൻ അംഗീകരിക്കുന്നില്ലെന്നായിരുന്നു മോദി പറഞ്ഞതിന്‍റെ അർഥം. അദ്ദേഹത്തെ സംബന്ധിച്ച് മുൻ സർക്കാരുകളുടെ പരാജയത്തിന്‍റെ തെളിവു മാത്രമായിരുന്നു പദ്ധതി. 'തൊഴിൽ അവകാശം' എന്ന ആശയത്തെ അപമാനിക്കുന്ന ശൈലി.

ഇപ്പോൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) എന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ഉറപ്പ് പദ്ധതിക്ക് വികസിത്‌ ഭാരത്, ഗ്യാരന്‍റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (വിബി - ജി റാംജി) എന്ന പുതിയ പേര് നൽകപ്പെട്ടു. ഇതിനൊപ്പം പദ്ധതിയിലെ വാർഷിക തൊഴിൽദിനങ്ങൾ 100ൽ നിന്ന് 125 ദിവസമായി വർധിപ്പിച്ചതായി സർക്കാർ അവകാശപ്പെടുന്നു. എന്നാൽ പദ്ധതിയുടെ അവകാശാധിഷ്ഠിത സ്വഭാവത്തിലോ , വേതന കണക്കുകൂട്ടലിലോ, ഫണ്ട് വിനിയോഗ ഘടനയിലോ വലിയ മാറ്റമില്ല.

എംജിഎൻആർഇജിഎ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായിരുന്നു. ഇതിൽ നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ വേതനത്തിന്‍റെ 100 ശതമാനവും കേന്ദ്രമാണ് വഹിച്ചിരുന്നത്. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനും സാധനങ്ങൾ ക്രമീകരിക്കുന്നതിനും വരുന്ന ചെലവിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണ് സംസ്ഥാന സർക്കാരുകൾ വഹിച്ചിരുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം വേതനത്തിന്‍റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം. കേന്ദ്രഭരണ പ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രം വഹിക്കും. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 10 ശതമാനം നൽകിയാൽ മതിയാകും. ബാക്കി 90 ശതമാനവും കേന്ദ്രം വഹിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പാർലമെൻറിൽ പുതിയ ബില്ല് അവതരിപ്പിച്ചുകൊണ്ടു പറഞ്ഞത് മഹാത്മാഗാന്ധിയുടെ പേര് ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട്, രാമരാജ്യമാണ് ഗാന്ധിജി വിഭാവന ചെയ്തത് എന്നാണ്.

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷം പേരുമാറ്റം ഇതാദ്യമല്ല. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിന്‍റെ (2005) പേര് പ്രധാൻ മന്ത്രി ജൻ ധൻ യോജന എന്നാക്കി 2015ൽ. നിർമൽ ഭാരത് അഭിയാൻ (2012) സ്വച്ഛ് ഭാരത് മിഷനായി. 2008 ലെ നാഷണൽ ഗേൾ ചൈൽഡ് ഡേ പദ്ധതികൾ, ബേട്ടി ബച്ചാവോ, ബെട്ടി പഠാവോ യോജനയായി. രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന), ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (അമൃത് ), മണ്ണിന്‍റെ ആരോഗ്യവും വളവും സംബന്ധിച്ച ദേശീയ പദ്ധതി (സോയിൽ ഹെൽത്ത് കാർഡ് പദ്ധതി), സ്വാവലംബൻ യോജന (അടൽ പെൻഷൻ യോജന), നാഷണൽ മാനുഫാക്ചറിങ് (മെയ്ക്ക് ഇൻ ഇന്ത്യ), രാജീവ് ആവാസ് യോജന( പ്രധാൻ മന്ത്രി ആവാസ് യോജന- അർബൻ) ഇങ്ങനെ നീളുകയാണ് ആ പട്ടിക.

പദ്ധതികൾ മാത്രമല്ല, മന്ത്രാലയങ്ങളും മാറി. മാനവ വിഭവശേഷി വികസന മന്ത്രാലയം എന്നത് വിദ്യാഭ്യാസ മന്ത്രാലയമായി മാറിയത് 2020ലാണ്. റേസ് കോഴ്‌സ് റോഡിനെ ലോക് കല്യാണ മാർഗായും രാജ്പഥിനെ കർത്തവ്യഭവനായും രാജ്ഭവനുകളെ ലോക് ഭവനുകളായും പിഎംഒയെ സേവാതീർഥ് ആയും മാറ്റി.

പുതിയ പേരുകളിൽ നിന്നു നെഹ്‌റു-ഗാന്ധി നാമങ്ങൾ നീക്കം ചെയ്യപ്പെട്ടു. അതേ സമയം ദീൻ ദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്പേയി തുടങ്ങിയ ജനസംഘ്-ബിജെപി ആശയധാരയിലെ നേതാക്കളുടെ പേരുകൾ നിരവധി പദ്ധതികളിൽ ഉൾപ്പെടുത്തി.ബോംബെ മുംബൈ ആയപ്പോൾ അവിടെ കുർളയിലെ കേന്ദ്ര സർക്കാരിന്‍റെ

ദേശീയ തൊഴിലാളി പഠന കേന്ദ്രത്തിന് ബിഎംഎസ് സ്ഥാപകൻ ദത്തോപാന്ത് തേംഗടിയുടെ പേര് ഇട്ടു.അഹമ്മദാബാദ് ഇപ്പോൾ പ്രയാഗ്‌രാജ് ആണ്. മുഗൾ സാരായ് റെയ്‌ൽവേ സ്റ്റേഷൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംക്‌ഷൻ ആയി.

രാജ്യത്തെ ആയിരം സ്ഥലങ്ങളുടെ പേരുമാറ്റം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സംഘപരിവാറുകാരനായ അനിൽ ഉപാധ്യായ എന്നയാൾ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ ഡൽഹി ഇന്ദ്രപ്രസ്ഥമായി മാറും. താജ്മഹൽ തേജോമഹാലയം ആകും.

ഇനി, സുപ്രീംകോടതിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിനെക്കുറിച്ചുകൂടി നാം അറിഞ്ഞിരിക്കണം. പങ്കജ് കുമുദ് ചന്ദ്ര പട്നായിക്ക് എന്ന സംഘ്പരിവാറുകാരനാണ് ആ കേസിലെ പരാതിക്കാരൻ. 1948 ജനുവരി 30ന് ഗാന്ധിജി വെടിയേറ്റു മരിക്കുമ്പോൾ ഘാതകൻ ഗോഡ്സെയുടെ കൈവശം ഉണ്ടായിരുന്ന തോക്ക് ബെരറ്റ എം 1934 എന്ന ഇനത്തിൽ പെട്ടതായിരുന്നു. ആകെ ഏഴ് തിരകൾ ഉണ്ടായിരുന്നതിൽ മൂന്നു വെടിയുണ്ടകൾ പുറത്തേക്ക് പോയി. നാലെണ്ണം തോക്കിൽ അവശേഷിച്ചു.എന്നാൽ രാഷ്ട്ര പിതാവ് പുതച്ചിരുന്ന ഷാളിൽ നാല് സുഷിരങ്ങൾ വന്നു. നാലാമത്തെ വെടിയുണ്ട എവിടെ നിന്നും വന്നു, അത് അന്വേഷണം നടത്തണം, അതാണ് കേസ്..!

ബിജെപി ഭരണത്തിൽ ഗാന്ധിജിയെ വധിച്ചത് ജവഹർലാൽ നെഹ്റു ചുമതലപ്പെടുത്തിയ വാടക കൊലയാളി ആണെന്നോ, അല്ലെങ്കിൽ ഏതെങ്കിലും വിദേശിയാണെന്നോ ഉള്ള കണ്ടെത്തലുകൾ നമ്മൾ പ്രതീക്ഷിച്ചിരിക്കണം.

''ഒരു ജനതയെ നശിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം, അവരുടെ സ്വന്തം ചരിത്രബോധം നിഷേധിക്കുകയും മായ്ച്ചുകളയുകയും ചെയ്യുന്നതാണ്''- ജോർജ് ഓർവെൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com