
പഴയ ആലുവ - മൂന്നാർ റോഡിലെ പൂയംകുട്ടി - പെരുമ്പൻകുത്ത് സ്ട്രെച്ചിന്‍റെ ഭൂപടം.
KFRI report for NATPAC, 2005
അജയൻ
കൊല്ലവർഷക്കണക്കിൽ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്നു പേരുകേട്ട, 1924ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയതാണ് അന്നത്തെ ആലുവ - മൂന്നാർ റോഡ്. കാളവണ്ടികളിൽ മൂന്നാറിലേക്കും തിരിച്ചും സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ചുവന്ന മൺപാത. നശിച്ചു പോയ റോഡ് പുനർനിർമിക്കാതെ പ്രകൃതിക്കു വിട്ടുകൊടുക്കുകയാണ് അന്നത്തെ ബ്രിട്ടിഷ് ഭരണകൂടം ചെയ്തത്. പകരം തിരുവിതാംകൂർ ഭരണാധികാരികൾ പണികഴിപ്പിച്ച പാതയാണ് ഇന്നുപയോഗിക്കുന്ന ദേശീയപാത. പഴയ റോഡ് പുനർനിർമിക്കാനുള്ള പദ്ധതി, 2005ൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ നാഷണൽ ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് റിസർച്ച് സെന്‍റർ (NATPAC) തള്ളുകയും ചെയ്തിരുന്നു.
മറവിയിലാണ്ടു പോയ പഴയ പാതയെ ഇന്ന് ആനയും കടുവയും വിഹരിക്കുന്ന കൊടുങ്കാട് വിഴുങ്ങിക്കഴിഞ്ഞു. ഇവിടെ തിരിച്ചുവന്ന ജൈവസമൃദ്ധിയെക്കുറിച്ച് KFRI രണ്ടു പതിറ്റാണ്ട് മുൻപ് തയാറാക്കിയ റിപ്പോർട്ടിലും പരാമർശിച്ചിരുന്നു. എന്നാൽ, ആ ജൈവവൈവിധ്യം ഇന്നു ഭീഷണിയിലാണ്. പഴയ റോഡ് പുനഃസൃഷ്ടിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയരുകയാണ്. അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ക്രിസ്ത്യൻ സഭയെപ്പോലും ഇതിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ടൂറിസത്തിന്‍റെ പേരിലുള്ള വികസന നാടകത്തിനു വേണ്ടി കാട് വെട്ടിത്തെളിക്കാനുള്ള പാതയാണ് പലർക്കും ഇന്ന് ഓൾഡ് മൂന്നാർ റോഡ്.
1924ലെ വെള്ളപ്പൊക്കം ഈ റോഡിനെ മേഖലയുടെ ഗതാഗത ഭൂപടത്തിൽനിന്നു പൂർണമായി മായ്ച്ചു കളഞ്ഞതാണ്. ഇതു പുനർനിർമിക്കുന്നതിനെക്കാൾ എളുപ്പമെന്നു കണ്ടാണ്, നേര്യമംഗലത്ത് പെരിയാറിനു കുറുകെ പാലം വരെ പണിത്, അടിമാലി വഴി പുതിയ പാത നിർമിക്കാൻ തിരുവിതാംകൂർ ഭരണകൂടം 1926ൽ തീരുമാനിച്ചത്. 1931ൽ പുതിയ പാത പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുകയും ചെയ്തു. ഇന്നതിന്‍റെ പേര് NH 85.
പൂയംകുട്ടി വനമേഖലയിലൂടെയാണ് പഴയ റോഡ് കടന്നുപോയിരുന്നത്. 1980കളിൽ ഇവിടെ 1000 മെഗാവാട്ട് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാൻ തീരുമാനിക്കുകയും, പിന്നീട് ശേഷി 210 മെഗാവാട്ടായി കുറയ്ക്കുകയും, എന്നിട്ടും പരിസ്ഥിതി പ്രശ്നങ്ങൾ മുൻനിർത്തി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇവിടെനിന്നുള്ള ഈറ്റ പുഴയിലൂടെ ഒഴുക്കി തട്ടേക്കാട് വഴി വെള്ളൂർ ന്യൂസ് പ്രിന്‍റ് ഫാക്റ്ററിയിലെത്തിച്ചിരുന്നു. പുതിയ റോഡുകളും പാലങ്ങളും വന്നതോടെ ഈറ്റ കൊണ്ടുപോകുന്നത് കരമാർഗമായി. പതിറ്റാണ്ടുകൾക്കിടെ മലകയറിപ്പോകാൻ റോഡുകൾ പലതായി. എന്നിട്ടും പഴയ പാത പുനർനിർമിക്കണമെന്ന മുറവിളി ചില കോണുകളിൽനിന്ന് ഇടയ്ക്കിടെ ഉയർന്നുകൊണ്ടിരുന്നു. ഇതു കണക്കിലെടുത്താണ് പരിസ്ഥിതി പഠനം നടത്താൻ കെഎഫ്ആർഐയോട് നാറ്റ്പാക് നിർദേശിച്ചത്.
പഴയ പാതയിൽ ഇന്ന് വൻമരങ്ങളും ഈറ്റക്കൂട്ടവും നിറഞ്ഞ കൊടുങ്കാടാണെന്നും, അവിടെ മനുഷ്യവാസമില്ലെന്നും, എസ്. ശങ്കറും പി. വിജയകുമാരൻ നായരും ഉൾപ്പെടെയുള്ള കെഎഫ്ആർഐ ശാസ്ത്രജ്ഞർ തയാറാക്കിയ 2005ലെ റിപ്പോർട്ടിൽ പറയുന്നു. പുറത്തുനിന്നൊരു ശല്യവുമില്ലാത്ത പൂയംകുട്ടി വനമേഖലയിലെ 400 ചതുരശ്ര കിലോമീറ്റർ വനത്തിലൂടെയാണ് ഈ പാത കടന്നുപോകേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മേഖലയിലെ അവസാന ഹരിത ശ്വാസകോശങ്ങളിലൊന്നാണ് ഇവിടം. റോഡ് പുനർനിർമാണം സംബന്ധിച്ച് പൂയംകുട്ടി - പെരുമ്പൻകുത്ത് സ്ട്രെച്ചിന് മൈനസ് 64 എന്ന സ്കോറാണ് റിപ്പോർട്ടിൽ നൽകിയിരുന്നത്. ഇതിലും വ്യക്തമായൊരു ചുവപ്പ് സിഗ്നൽ കിട്ടാനില്ല. ജൈവവൈവിധ്യം, കാടിന്‍റെ തുടർച്ച, വന്യജീവികളുടെ അധിവാസ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ ഉയർന്ന പരിസ്ഥിതി നിലവാരമുള്ള മേഖലയാണിത്. ഇരുപതു വർഷത്തിനിപ്പുറം ഇവിടത്തെ കാടിന് സാന്ദ്രത കൂടിയിട്ടുണ്ടാകാനേ തരമുള്ളൂ.
ഇപ്പോൾ റോഡ് നിർമാണമെന്ന ആവശ്യം ഉയർത്തുന്നവർക്കു പിന്നിൽ ചില അദൃശ്യ കരങ്ങളുണ്ടെന്നാണ് പിഡബ്ല്യുഡി എൻജിനീയറായി വിരമിച്ച ജോയ് കള്ളിവയലിൽ സംശയം പ്രകടിപ്പിക്കുന്നത്. അല്ലെങ്കിൽ പിന്നെ 88 വയസായൊരു വിരമിച്ച ബിഷപ്പിനെ ഇതിലേക്കു കൊണ്ടുവരേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. സാമ്രാജ്യത്വത്തിന്‍റെ സർവപ്രതാപങ്ങളുമുണ്ടായിരുന്ന ബ്രിട്ടിഷുകാർക്കു പോലും പ്രായോഗികമല്ലെന്നു തോന്നിയിട്ടാണ് പാത പുനർനിർമിക്കാതിരുന്നത്. പുതിയ കാലത്ത് മൂന്നാറിലേക്കുള്ള ഗതാഗത ബന്ധത്തിന് മറ്റു മാർഗങ്ങളുണ്ടു താനും. വികസനത്തിന്‍റെ പേരിൽ പഴയ പാത പുനർനിർമിച്ചാൽ പരിസ്ഥിതിനാശം മാത്രമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പഴയ പാത പുതുക്കിയാൽ വികസനമല്ല, പൂയംകുട്ടിയിലെ മഴക്കാടുകളുടെ നാശമാണ് ഉണ്ടാകുക. തുടർച്ച നഷ്ടപ്പെട്ട കാട്, അനാഥമായ തുരുത്തുകൾ പോലെ ചിതറിപ്പോകുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിക്കുകയല്ല, റിസോർട്ട് മാഫിയയുടെ കീശ വീർപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. പ്രകൃതിയെ പകൽ കാൽപ്പനികവത്കരിക്കുകയും രാത്രി കവർച്ച ചെയ്യുകയുമാണ് അവർ ചെയ്യുന്നത്. മൂന്നാറിലെ ജനങ്ങൾക്കു പ്രയോജനപ്പെടില്ലെന്നു മാത്രമല്ല, മേഖലയുടെ പരിസ്ഥിതി സന്തുലനം തകർക്കുന്നതായിരിക്കും റോഡ് പുനർനിർമാണം. മനുഷ്യ - വന്യമൃഗ സംഘർഷം വർധിക്കാനും ഇതിടയാക്കും.
പഴയ പാതയ്ക്ക് ചാർത്തിക്കൊടുക്കുന്ന രാജകീയ പ്രൗഢിയും അദ്ദേഹം നിരാകരിക്കുന്നു. കണ്ണൻ ദേവൻ കുന്നുകളിലേക്കും തിരിച്ചും സാധനങ്ങൾ എത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന വെറുമൊരു കാളവണ്ടിപ്പാത മാത്രമായിരുന്നു അത്, രാജപാത എന്നതൊക്കെ പൊള്ളയായ വിശേഷണം മാത്രം.